തൃക്കൂർ: പഞ്ചായത്തിലെ കല്ലൂർ ഭരത പാലത്തിൽ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു. പഞ്ചായത്തിലെ എട്ട് വാർഡുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്.
തൃക്കൂർ അയ്യപ്പൻകുന്ന് പ്ലാന്റിൽനിന്ന് ശുചീകരിച്ച് ഭരതയിലെ ടാങ്കിലെത്തിച്ച് വിതരണംചെയ്യുന്ന പൈപ്പാണ് പൊട്ടിയിരിക്കുന്നത്. പൈപ്പിന്റെ ജോയിന്റ് വിട്ടതോടെ വെള്ളം കുതിച്ചുയർന്ന നിലയിലാണ്. ശക്തിയായി വെള്ളം ഉയർന്നതോടെ പാലത്തിന്റെ ഒരുവശത്തെ അടിത്തട്ടിലെ മണ്ണ് ഒലിച്ചുപോയി പാലം അപകടാവസ്ഥയിലായി.
നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിലൂടെയുള്ള ഗതാഗതം പഞ്ചായത്ത് നിരോധിച്ചു. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശത്തേയ്ക്കുള്ള പൈപ്പ് പൊട്ടിയതോടെ ഇവിടേക്കുള്ള ജലവിതരണം അധികൃതർ നിർത്തിവച്ചു. ഇതോടെ നൂറുകണക്കിന് കുടുംബങ്ങളിലേക്കുള്ള കുടിവെള്ള വിതരണം തടസപ്പെട്ട നിലയിലാണ്. കാലപ്പഴക്കംചെന്ന പൈപ്പുകൾ മാറ്റിസ്ഥാപിച്ച് കുടിവെള്ള വിതരണം സുഗമാക്കാൻ വാട്ടർ അഥോറിറ്റി ഇടപെടണമെന്നും, പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : nattu visheshsam Pipe bursts bridge