Kerala
സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് തമിഴ്നാട് (CUTN) 2026 വര്‍ഷത്തെ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഗവേഷണ വിഷയങ്ങള്‍
അപ്ലൈഡ് സൈക്കോളജി, ബയോടെക്നോളജി, കെമിസ്ട്രി, കൊമേഴ്സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്സ്, എഡ്യൂക്കേഷന്‍, ഇംഗ്ലീഷ്, ജോഗ്രഫി, ജിയോളജി, ഹിന്ദി, ഹിസ്റ്ററി, ഹോര്‍ട്ടികള്‍ച്ചര്‍, ലോ, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, മെറ്റീരിയല്‍സ് സയന്‍സ്, മാത്തമാറ്റിക്സ്, മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍, മൈക്രോബയോളജി, മ്യൂസിക്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ്, ഫിസിക്സ്, സോഷ്യല്‍ വര്‍ക്ക്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, തമിഴ്, ഹിസ്റ്ററി, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, എപിഡെമിയോളൊജി ആന്‍ഡ് പബ്ലിക് ഹെല്‍ത്ത്, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മന്റ് .
യോഗ്യത
കുറഞ്ഞത് 55 % മാര്‍ക്കോടെ ബന്ധപ്പെട്ടതോ അനുബന്ധമായതോ ആയ വിഷയത്തില്‍ നേടിയ എംഫില്‍. ബിരുദം / കുറഞ്ഞത് 55 % മാര്‍ക്കോടെ ബന്ധപ്പെട്ടതോ അനുബന്ധമായതോ ആയ വിഷയത്തില്‍ നേടിയ ബിരുദാനന്തര ബിരുദം / കുറഞ്ഞത് 75 % മാര്‍ക്കോടെ ബന്ധപ്പെട്ടതോ അനുബന്ധമായതോ ആയ വിഷയത്തില്‍ നേടിയ 4 വര്‍ഷത്തെ ബാച്ചിലേഴ്സ് ബിരുദം.
b. യുജിസി നെറ്റ്/ യുജിസി-സിഎസ്ഐആര്‍ നെറ്റ്/ഗേറ്റ് തുടങ്ങിയ പരീക്ഷകളിലെ സാധുവായ സ്കോര്‍ / സിയുടിഎന്‍ നടത്തുന്ന പിഎച്ച്ഡി പ്രവേശന പരീക്ഷയിലെ (2026) സാധുവായ സ്കോര്‍.
അപേക്ഷ
അപേക്ഷകര്‍ ഓണ്‍ലൈനായി സെപ്റ്റംബര്‍ ആറിനകം അപേക്ഷിക്കണം.
അപേക്ഷാ ഫീസ്
ജനറല്‍/ഒബിസി /ഇഡബ്ല്യുഎസ് അപേക്ഷകര്‍ക്ക് 2360 രൂപയും എസ്സി / എസ്ടി/ പിഡബ്ല്യുഡി/ തേര്‍ഡ് ജെന്‍ഡര്‍ അപേക്ഷകര്‍ക്ക് 1770രൂപയും.
പ്രവേശന നടപടിക്രമം
പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്ന നെറ്റ് യോഗ്യതയില്ലാത്ത എല്ലാ അപേക്ഷകരും സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് തമിഴ്നാട് നടത്തുന്ന പിഎച്ച്ഡി പ്രോഗ്രാമിലേക്കുള്ള പൊതു പ്രവേശന പരീക്ഷയില്‍ പങ്കെടുക്കണം. സാധുവായ ഗേറ്റ് അല്ലെങ്കില്‍ സിഎസ്ഐആര്‍/യുജിസി-നെറ്റ് യോഗ്യതയുള്ള അപേക്ഷകരെ പ്രവേശന പരീക്ഷയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അക്കാദമിക് റിക്കാര്‍ഡും അഭിമുഖ പരീക്ഷയിലെ പ്രകടനവും അടിസ്ഥാനമാക്കി, പിഎച്ച്ഡി പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനായി സെലക്ഷന് കമ്മിറ്റി അപേക്ഷകരെ തെരഞ്ഞെടുക്കും.
വിശദാംശങ്ങള്‍ക്ക്: ടെലിഫോണ്‍: +919442488406
ഇ-മെയില്‍: [email protected]
വെബ്സൈറ്റ്: https://cutn.ac.in/
ലിങ്ക്: https://cutn.ac.in/admissions-phd-programmes/
Education
തിരുവനന്തപുരം: ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തുമെന്ന് ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടർ അറിയിച്ചു. ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിൽ നടത്താൻ സർക്കാർ ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ തീയതി പ്രഖ്യാപിച്ചത്.
നേരത്തെ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ പ്ലസ് ടു പരീക്ഷയോടൊപ്പം മാർച്ച് മാസത്തിൽ നടത്തിയിരുന്നത് വിദ്യാർഥികൾക്ക് ഏറെ മാനസിക സംഘർഷം ഉൾപ്പെടെയുള്ള പ്രയാസങ്ങൾക്ക് കാരണമായിരുന്നു.
ഇതേത്തുടർന്ന് ഇംപ്രൂവ്മെന്റ് പരീക്ഷ മാർച്ച് മാസത്തെ രണ്ടാം വർഷ പരീക്ഷയോടൊപ്പം നടത്തരുതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന് നിരവധി നിവേദനങ്ങൾ ലഭിച്ചിരുന്നു. ഈ നിവേദനങ്ങൾ പരിഗണിച്ച് മന്ത്രി ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിൽ നടത്താൻ നിർദേശം നൽകുകയായിരുന്നു.
തുടർന്നാണ് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവ് ഇറക്കിയത്. ഈ തീയതികളുടെ അടിസ്ഥനത്തിലുള്ള ടൈം ടേബിൾ ഉടൻ പ്രഖ്യാപിക്കും.
Kerala
പാലാ: നീറ്റ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ജൊഹാൻ ജോബ്, ബി. നീരജ്, നിവേദിത മനോജ് നായർ, മുഹമ്മദ് ഫാദിൽ, തോമസ് കുര്യൻ, മുരളീകൃഷ്ണ അശോക്, ലാറീൻ മുഹമ്മദ്, അച്ചുദ് ശൈലേന്ദർ ഉമേഷ് എന്നിവരെയും ഉന്നതവിജയം കരസ്ഥമാക്കിയ 750ലധികം വിദ്യാർഥികളെയും അനുമോദിക്കാനായി ബ്രില്ല്യന്റ് മെഡിക്കൽ വിക്ടറിഡേ ‘മെഡികൊണ്ക്വർ 2026’ പാലാ ബ്രില്ല്യന്റ് ഡയമണ്ട് ബ്ലോക്ക് ഓഡിറ്റോറിയത്തിൽ വച്ചു നടത്തി.
സീറോ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോവിക്കാ ബാവ, ജലവിഭവ ഭവനനിർമാണ വകുപ്പു മന്ത്രി മോൻസ് ജോസഫ്, നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, ഫ്രാൻസിസ് ജോർജ് എംപി, ജോസ് കെ. മാണി എംപി, നാട്ടകം സുരേഷ് എംഎൽഎ, വിനു ജോബ് എംഎൽഎ, ഡിജിപി എസ്. ശ്രീജിത്ത് ഐപിഎസ്, എസ്. ഷാനവാസ് ഐഎഎസ്, വി.ജി. വിനോദ് കുമാർ ഐപിഎസ്, ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. ഡോ. വി.പി. ജഗതി രാജ്, മുൻമന്ത്രി വി.എൻ. വാസവൻ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോർജ്, നാഷണൽ കൗണ്‍സിൽ ഓഫ് സിബിഎസ്സി സ്കൂൾ സെക്രട്ടറി ജനറൽ ഇന്ദിര രാജൻ, മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ, പാലാ ഡിവൈഎസ്പി കെ. സദൻ, മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ്, ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ വിനു വി. ജോണ്‍, ഏഷ്യാനെറ്റ് ന്യൂസ് വൈസ് പ്രസിഡന്റ് ബി.കെ. ഉണ്ണിക്കൃഷ്ണൻ, ചലച്ചിത്ര താരം മിയ ജോർജ്, കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. കുര്യൻ ചാലങ്ങാടി സിഎംഐ, തിരുവല്ല ക്രൈസ്റ്റ് സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. ജയിംസ് മുല്ലശേരി സിഎംഐ, ഏറ്റുമാനൂർ എസ്എഫ്എസ് സ്കൂൾ പ്രിൻസിപ്പൽ ഫാ. റോയി പ്ലാത്തോട്ടം, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, ജില്ലാ പഞ്ചായത്ത് മെന്പർമാരായ ജോസ്മോൻ മുണ്ടയ്ക്കൽ, നിമ്മി റ്റ്വിങ്കിൾ രാജ്, ളാലം ബ്ലോക്ക് പഞ്ചായത്ത് മെന്പർമാരായ മാത്തുക്കുട്ടി മാത്യു, ഹരിദാസ് അടമത്തറ, രണ്‍ജീത് ജി. മീനാഭവൻ, എബി പാലാ എന്നിവർ ആശംസകൾ അർപ്പിക്കുകയും വിജയികൾക്ക് സ്വർണമെഡലുകളും സ്കോളർഷിപ്പുകളും സമ്മാനിക്കുകയും ചെയ്തു.
നീറ്റ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ 720ൽ 695 മാർക്കോടെ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ജൊഹാൻ ജോബിനും 720ൽ 692 മാർക്കുമായി രണ്ടാം റാങ്ക് നേടിയ ബി. നീരജിന് 25 ലക്ഷം രൂപയുടെ സ്കോളർഷിപ്പും ഗോൾഡ് മെഡലും സമ്മാനിച്ചു. 720ൽ 686 മാർക്കുമായി മൂന്നാം റാങ്ക് നേടിയ നിവേദിത മനോജ് നായർക്ക് 10 ലക്ഷം രൂപയുടെ സ്കോളർഷിപ്പും ഗോൾഡ് മെഡലും നല്കി.
720ൽ 685 മാർക്കോടെ നാലാം റാങ്ക് നേടിയ മുഹമ്മദ് ഫാദിലിനും 720ൽ 683 മാർക്കുമായി അഞ്ചാം റാങ്ക് നേടിയ തോമസ് കുര്യന് അഞ്ചു ലക്ഷം രൂപയുടെ സ്കോളർഷിപ്പും ഗോൾഡ് മെഡലും നല്കി. 720ൽ 677 മാർക്ക് നേടി എട്ടാം റാങ്ക് കരസ്ഥമാക്കിയ മുരളീകൃഷ്ണ അശോകിനും 720ൽ 675 മാർക്കുമായി പത്താം റാങ്ക് നേടിയ ലാറിൻ മുഹമ്മദിന് ഒരു ലക്ഷംരൂപയുടെ സ്കോളർഷിപ്പും ഗോൾഡ് മെഡലും വിതരണം ചെയ്തു.
750ലധികം വിദ്യാർഥികൾക്ക് ബ്രില്ല്യന്റിന്റെ സ്നേഹോപഹാരങ്ങൾ നൽകി അനുമോദിച്ചു.ഡയറക്ടറമാരായ ജോർജ് തോമസ്, സെബാസ്റ്റ്യൻ ജി. മാത്യു, സ്റ്റീഫൻ ജോസഫ്, ബി. സന്തോഷ് കുമാർ എന്നിവർ വിജയികളെ അനുമോദിച്ചു.
Kerala
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ എയ്ഡഡ് എൻജിനിയറിംഗ് കോളജുകളിലെ ഒഴിവുള്ള ബിടെക് സീറ്റുകളിലേക്ക് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ ഒഴിവാക്കിയ വിഷയത്തിൽ ഇടപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോണ്‍.
കഴിഞ്ഞ വർഷം വരെ തൃശൂർ സർക്കാർ എൻജിനിയറിംഗ് കോളജിലാണ് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ നടത്തിയിരുന്നത്. ഇതു വഴി ഒൻപത് സർക്കാർ എൻജിനിയറിംഗ് കോളജിലും മൂന്ന് എയ്ഡഡ് കോളജിലും ഒഴിവുണ്ടായാൽ വിദ്യാർഥികൾക്ക് ഒറ്റ കേന്ദ്രത്തിൽതന്നെ പ്രവേശനം നേടാമായിരുന്നു.എന്നാൽ ഇത്തവണ ഓരോ കോളജിലും പ്രത്യേകം സ്പോട്ട് അഡ്മിഷൻ നടത്താനുള്ള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം വിദ്യാർഥികൾക്ക് തിരിച്ചടിയായി. ഇതോടെയാണ് ഇവർ മന്ത്രിയെ സമീപിച്ചത്.
13 ന് നടക്കുന്ന കേന്ദ്രീകൃത സ്പോട്ട് അഡ്മിഷനിൽ തൃശൂർ സർക്കാർ എൻജിനിയറിംഗ് കോളജിൽ പോകാതെ തന്നെ ഒൻപത് ഗവണ്മെന്റ് എൻജിനിയറിംഗ് കോളജിലും മൂന്ന് എയ്ഡഡ് കോളജിലും പ്രവേശനം നേടാൻ കഴിയുമെന്ന് മന്ത്രി റോജി.എം.ജോണ്‍ അറിയിച്ചു.
Kerala
തിരുവനന്തപുരം: മണ്ണിൽ ചവിട്ടിനിന്ന് പ്രകൃതിയെ നെഞ്ചോട് ചേർക്കുന്ന ഒരു ജനതയുടെ അതിജീവനമാണ് ലോക തദ്ദേശീയ ദിനത്തിൽ ആഘോഷിക്കുന്നതെന്ന് പട്ടികജാതി-പട്ടികവർഗ, പിന്നാക്ക ക്ഷേമമന്ത്രി കെ.എ. തുളസി. തദ്ദേശീയ ജനതയുടെ വിദ്യാഭ്യാസവും സാംസ്കാരിക ഉന്നമനവുമാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളെന്നും മന്ത്രി ലോക തദ്ദേശീയ ദിന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
ദാരിദ്ര്യവും അരക്ഷിതാവസ്ഥയും ഇല്ലാത്ത, എല്ലാവർക്കും തുല്യ അവകാശമുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കാനും ഈ മനുഷ്യരെ നെഞ്ചോട് ചേർത്തുപിടിക്കാനും ഈ ദിനാചരണത്തിൽ സാധിക്കണം.
കേരളം ഈ വർഷം ‘ജനനസുരക്ഷ ആരോഗ്യ ജീവനം’ എന്ന ലക്ഷ്യത്തോടെയാണ് തദ്ദേശീയദിനം ആചരിക്കുന്നത്. തദ്ദേശീയ ജനതയുടെ ആരോഗ്യ സംരക്ഷണത്തിൽ അവരുടെ പാരമ്പര്യ അറിവുകൾക്കും പാരമ്പര്യ വൈദ്യന്മാർക്കും വലിയ പങ്കുണ്ട്.
ആധുനിക വൈദ്യശാസ്ത്രം പോലും വിസ്മയിക്കുന്ന ഈ പാരമ്പര്യ അറിവുകളെ നാം സംരക്ഷിക്കേണ്ടതുണ്ട്. ഊരുകളിലെ ഗർഭിണികൾക്കും നവജാതശിശുക്കൾക്കും കാലാകാലങ്ങളായി താങ്ങായി നിന്നിരുന്ന പാരമ്പര്യ വൈദ്യന്മാരെ ആദരിക്കുന്നതിനൊപ്പം, ആധുനിക മെഡിക്കൽ ക്യാമ്പുകൾ, രോഗനിർണയ ക്ലിനിക്കുകൾ, ലഹരിവിരുദ്ധ പ്രചാരണങ്ങൾ, ശുചിത്വ പരിപാടികൾ എന്നിവ ഊർജിതമാക്കി ഗോത്രസമൂഹത്തെ സമ്പൂർണ ആരോഗ്യത്തിലേക്ക് നയിക്കാനുള്ള പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഓണപ്പരീക്ഷയ്ക്ക് മാറ്റമില്ല. ഈ മാസം 13ന് പരീക്ഷകൾ ആരംഭിച്ച് 20 ന് പരീക്ഷകൾ പൂർത്തിയാക്കാൻ ഇന്നലെ ചേർന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) യോഗം അംഗീകാരം നൽകി.
21 ന് ഓണാഘോഷ പരിപാടികൾ നടത്തി സ്കൂളുകൾ അടയ്ക്കും. ഹൈസ്്കൂൾ വിഭാഗത്തിലെ പരീക്ഷകൾ ഒരേ ദിവസം വരുന്നതിനാൽ നിലവിലെ ടൈംടേബിൾ പുനഃക്രമീകരിക്കാനും ധാരണയായി.
ഹയർ സെക്കൻഡറി പരീക്ഷകളിലും കെ ടെറ്റ് പരീക്ഷാ തീയതിയിലും മാറ്റമില്ല.
Kerala
കാഞ്ഞിരപ്പള്ളി: അമൽ ജ്യോതി കോളജ് ഓഫ് എൻജിനിയറിംഗിലെ ഫുഡ് ടെക്നോളജി വിഭാഗം അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ‘സ്മാർട്ട് കൃഷിയിൽനിന്ന് സുരക്ഷിത ഭക്ഷണത്തിലേക്ക്’ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തി.
പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ് ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഭക്ഷ്യസുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിൽ ശാസ്ത്ര-സാങ്കേതികവിദ്യയുടെ പങ്ക് നിർണായകമാണെന്ന് ലില്ലിക്കുട്ടി ജേക്കബ് പറഞ്ഞു.
കൃഷി, ഭക്ഷ്യസംസ്കരണം, ഭക്ഷ്യസുരക്ഷ, കൃത്രിമബുദ്ധി, നൂതന സാങ്കേതികവിദ്യ എന്നിവയെ സമന്വയിപ്പിച്ചുകൊണ്ടാണ് സെമിനാർ നടത്തിയത്. റാഡ്ടാർ ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ജോയിസ് മാത്യു കാർഷികരംഗത്ത് കൃത്രിമബുദ്ധിയും ഡിജിറ്റൽ സാങ്കേതികവിദ്യകളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ അവതരിപ്പിച്ചു.
ഫുഡ് ടെക്നോളജി വിഭാഗം മേധാവി ഡോ. സണ്ണിച്ചൻ വി. ജോർജ്, പ്രഫ. എമെരിറ്റസ് ഡോ. ജിപ്പു ജേക്കബ്, അസോസിയേറ്റ് പ്രഫ.ഡോ. അനൂപ് രാജു തുടങ്ങിയവർ പ്രസംഗിച്ചു.
അധ്യാപകരും ഗവേഷകരും വിദ്യാർഥികളും പങ്കെടുത്ത പരിപാടിയിൽ സ്മാർട്ട് കൃഷി, ഭക്ഷ്യസുരക്ഷ, കാർഷിക സംരംഭകത്വം, നൂതന സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ച് ചർച്ചയും ചോദ്യോത്തരവേളയും നടത്തി. ഫുഡ് ടെക്നോളജി അസോസിയേഷന്റെ കോ-ഓർഡിനേറ്ററായ ഡോ. നിക്കി ജോൺ, വിദ്യാർഥി കോ-ഓർഡിനേറ്റർമാരായ അക്ഷയ്, സഞ്ജന എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
Kerala
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ മന്ത്രിയുടെ ഓഫീസിൽ പരാതികളോ നിവേദനങ്ങളോ നൽകുന്നവർക്ക് ഇനി ഫയൽ നമ്പർ തേടി ബുദ്ധിമുട്ടേണ്ട.
മന്ത്രിയുടെ ഓഫീസിലെ പെറ്റീഷൻ മാനേജ്മെന്റ് സിസ്റ്റം പോർട്ടൽ വഴി വേഗത്തിൽ ട്രാക്ക് ചെയ്യാൻ കഴിയും. കൈറ്റ് വികസിപ്പിച്ചതാണ് ‘Eduflame’ എന്ന ഓൺലൈൻ പെറ്റീഷൻ മാനേജ്മെന്റ് സിസ്റ്റം പോർട്ടൽ. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു.
District News
തൊടുപുഴ: പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന എറൈസ് പദ്ധതിക്കു തുടക്കമായി. ഐടി സാങ്കേതികവിദ്യക്കു കൂടുതല്‍ പ്രാധാന്യമുള്ളതും കൈറ്റിന്റെ നേതൃത്വത്തില്‍ ഹൈസ്കൂളുകളില്‍ നടപ്പാക്കുന്നതുമായ നാലു പ്രധാന പദ്ധതികള്‍ക്കും ഇതോടെ തുടക്കം കുറിച്ചു.
അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകള്‍ ഹൈസ്കൂളുകളില്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ മാര്‍ഗരേഖ മന്ത്രി എന്‍. ഷംസുദീന്‍ പ്രകാശനം ചെയ്തു. അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകള്‍ സജ്ജമാക്കി മൈക്രോ കണ്ട്രോളര് ബോര്‍ഡുകള്‍, സെന്‍സറുകള്‍, മോട്ടോറുകള്‍ തുടങ്ങിയവയുടെ സഹായത്താല്‍ കാഴ്ചപരിമിതര്‍ക്കുള്ള സ്മാര്‍ട്ട് വാക്കിംഗ് സ്റ്റിക്ക്, പാചകവാതകചോര്‍ച്ച അറിയാനുള്ള ഗ്യാസ് ഡിറ്റക്ടര്‍, ഫെയ്സ് അംഗീകാരമുള്ള എഐ സ്മാര്‍ട്ട് ഡോര്‍ ലോക്കുകള്‍ എന്നിവയുടെ പ്രോട്ടോടൈപ്പുകള്‍ നിര്‍മിക്കുന്നതിന് സഹായകമായ എറൈസ് പദ്ധതി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍തലത്തില്‍ ഫലപ്രദമായി നടപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികളുടെ സ്വയം പഠനത്തിനും ഡിജിറ്റല്‍ ഡിവൈസ് ഇല്ലാതാക്കുന്നതിനും സജ്ജമാക്കുന്ന ഡിജിറ്റല്‍ സ്ക്വയര്‍, കുട്ടികളുടെ അക്കാദമിക ശേഷി കൃത്യമായി ട്രാക്ക് ചെയ്യാനും രക്ഷിതാക്കള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാനും പിന്നാക്കം നില്ക്കുന്ന കുട്ടികള്‍ക്ക് തിരുത്തല്‍ ബോധനം ഉറപ്പാക്കാനുമുള്ള അക്കാദമിക മോണിറ്ററിംഗ് പ്ലാറ്റ്ഫോമായ താരാപഥം, സ്കൂളുകളുടെ വിവരങ്ങളും മികവുകളും സമയബന്ധിതമായി പങ്കുവയ്ക്കുന്നതിന് വിക്കിപീഡിയ മാതൃകയില്‍ സജ്ജമാക്കിയ സ്കൂള്വിക്ക് അപ്ഡേഷന് കാമ്പയിനായ സ്കൂള്‍ വിക്കിത്തോണ്‍ എന്നീ പദ്ധതികളും സൈബര്‍ സുരക്ഷാ പ്രോട്ടോക്കോള്‍ സ്കൂളുകളില്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും നിര്‍ദേശങ്ങളും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷല്‍ സെക്രട്ടറി ഡോ. ഡി. സജിത് ബാബു, ഡയറക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ്, കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
കോട്ടയം: ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ബ്രില്യന്റ് മെഡിക്കല്‍ വിക്്ടറി ഡേ മെഡി കോണ്‍ക്വര്‍ 2026 കോഴിക്കോട്, തിരുവനന്തപുരം, പാലാ എന്നിവിടങ്ങളില്‍ ഇന്ന് സംഘടിപ്പിക്കും.
ഇന്നു രാവിലെ 8.30നു കോഴിക്കോട് ദേവഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുമോദന യോഗത്തില്‍ നീറ്റ് പരീക്ഷയിലെ കേരള ടോപ്പറായ ബി. നീരജ്, മലയാളികളില്‍ ഒന്നാമനായ ജൊഹാന്‍ ജോബ് എന്നിവര്‍ക്ക് 25 ലക്ഷം രൂപ വീതമുള്ള സ്കോളര്‍ഷിപ്പും ഗോള്‍ഡ് മെഡലും സമ്മാനിക്കും.
മികച്ച വിജയം കരസ്ഥമാക്കിയ നിവേദിത മനോജ് നായര്‍, മുഹമ്മദ് ഫാദില്‍, തോമസ് കുര്യന്, മുരളീകൃഷ്ണ അശോക്, ലാറിന് മുഹമ്മദ്, അച്ചുദ് ശൈലേന്ദര്‍ ഉമേഷ് എന്നിവര്‍ക്ക് 10 ലക്ഷം, അഞ്ചു ലക്ഷം, ഒരു ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പും ഗോള്‍ഡ് മെഡലും സമ്മാനിക്കും.
നൂറിലധികം പേര്‍ക്ക് ഗോള്‍ഡ് മെഡലുകളും 770 ലധികം പേര്‍ക്ക് പ്രത്യേക ഉപഹാരങ്ങളും സമ്മാനിക്കും. ചടങ്ങില്‍ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പോലീസ് മേധാവികള്‍, ഐഎഎസ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ ആയിരത്തിലധികം കുട്ടികളും അവരുടെ മാതാപിതാക്കളും അനുമോദന സമ്മേളനത്തില്‍ പങ്കെടുക്കും.
Leader Page
നിരന്തരമായ ചോദ്യോത്തരങ്ങളും ആരോഗ്യകരമായ അന്വേഷണാത്മകതയുമാണ് ഏതെങ്കിലും തരത്തിലുള്ള പഠനം നേടുന്നതിന് ആദ്യം വേണ്ടതെന്നു രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഓര്‍മപ്പെടുത്തിയിരുന്നു. ഏറ്റവും ദരിദ്രരായ ഗ്രാമീണരുടെ ആവശ്യങ്ങള്‍ക്ക് ഉത്തരം നല്കുന്ന തരത്തില്‍ വിദ്യാഭ്യാസം വിപ്ലവകരമായി മാറണം. സര്‍വകലാശാലാ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ജനങ്ങളുടെ യഥാര്‍ഥ സേവകരായി മാറുകയാകണം. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ ഈ ദര്‍ശനങ്ങള്‍ ഇന്ത്യക്കു മാര്ഗദര്ശകമാകേണ്ടതുണ്ട്.
ജനാധിപത്യം പ്രാവര്‍ത്തികമാകാന്‍ വേണ്ടതു ശരിയായ വിദ്യാഭ്യാസമാണെന്നു ഗാന്ധിജി ചൂണ്ടിക്കാട്ടി. നല്ല മണ്ണില്‍ വിതച്ച വിത്ത് സമൃദ്ധമായ വിളവു നല്കുന്നതുപോലെ, ഒരു ജനാധിപത്യ പദ്ധതിയില്‍, പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നിക്ഷേപിക്കുന്ന പണം ജനങ്ങള്‍ക്കു പത്തിരട്ടി വരുമാനം നല്കുന്നു. ശിക്ഷകള്‍ കുട്ടികളെ ശുദ്ധീകരിക്കുന്നില്ല; മറിച്ച് അവരെ കൂടുതല്‍ കഠിനമാക്കുന്നു- ഗാന്ധിജിയുടെ ഈ വാക്കുകള്‍ ഇക്കാലത്തു വളരെ പ്രസ്ക്തമാണ്.
ലോകത്തെ നയിച്ചൊരു ഇന്ത്യ
എണ്ണാന്‍ പഠിപ്പിച്ച ഇന്ത്യക്കാരോടു നാം വളരെയധികം കടപ്പെട്ടിരിക്കുന്നു. അവരില്ലായിരുന്നെങ്കില്‍ അര്‍ഥവത്തായ ഒരു ശാസ്ത്രീയ കണ്ടുപിടിത്തവും സാധ്യമാകുമായിരുന്നില്ല. ഇന്ത്യയുടെ ഗണിതശാസ്ത്ര മികവിനെക്കുറിച്ച് ആല്‍ബര്‍ട്ട് ഐന്സ്റ്റീന് പറഞ്ഞതാണിത്. 1921ല്‍ ഫിസിക്സിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച ഐന്സ്റ്റീന് പറഞ്ഞതുപോലെ, ലോകസംസ്കാരത്തിന് അറിവു പകരുന്നതില്‍ ഇന്ത്യക്കു ചരിത്രപരമായ പങ്കുണ്ട്. ഗണിതം, തത്വശാസ്ത്രം, ചിട്ടയായ പഠനരീതികള്‍ എന്നിവയിലെ ഇന്ത്യയുടെ അടിസ്ഥാനപരമായ സംഭാവനകള്‍ ചരിത്രകാരന്മാരും ശാസ്ത്രജ്ഞരും പണ്ഡിതരും അംഗീകരിച്ചിട്ടുണ്ട്.
മാനവചരിത്രത്തിന്റെ സുപ്രധാനമായ ഒരു കലവറയായി ഇന്ത്യയെ എഴുത്തുകാരനായ മാര്‍ക്ക് ട്വയിന് വിശേഷിപ്പിച്ചു. ജീവിതത്തിന്റെ അഗാധമായ ചോദ്യങ്ങളെ ആരാഞ്ഞറിയുകയും പ്രധാനപ്പെട്ട ബൗദ്ധിക സംഭാവനകള്‍ വികസിപ്പിക്കുകയും ചെയ്ത ഇടമായി പണ്ഡിതനായ മാക്സ് മുള്ളര്‍ ഇന്ത്യയെ അടയാളപ്പെടുത്തി. വ്യാകരണം, തത്വശാസ്ത്രം, ചെസ്, സംഖ്യാവ്യവസ്ഥ തുടങ്ങിയ മേഖലകളിലെ സംഭാവനകളിലൂടെ പാശ്ചാത്യലോകത്തെ ഇന്ത്യ സ്വാധീനിച്ചുവെന്നു ചരിത്രകാരനായ വില്‍ ഡുറാന്റും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിദ്യാര്‍ഥിപ്രക്ഷോഭം താക്കീത്
ലോകം അംഗീകരിച്ച ഇന്ത്യയുടെ വിദ്യാഭ്യാസ മികവ് സ്വതന്ത്ര ഭാരതത്തില്‍ പിന്നാക്കം പോയെന്നതാണു ദുഃഖകരം. ആഗോളമികവിന്റെ പട്ടികയിലെ ആദ്യ സ്ഥാനങ്ങളില്‍ ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനവും ഇല്ല. അഞ്ചും ആറും നൂറ്റാണ്ടുകളിലെ നളന്ദ, തക്ഷശില തുടങ്ങിയവയൊക്കെ ലോകത്തിന് അറിവു നല്കിയ കാലം മറക്കരുത്. 1857ല്‍ സ്ഥാപിച്ച മദ്രാസ്, ബോംബെ, കല്‍ക്കട്ട സര്വകലാശാലകള്ക്കുപോലും ഇംഗ്ലണ്ടിലെ ഓക്സ്ഫഡ്, കേംബ്രിജ്, അമേരിക്കയിലെ സ്റ്റാന്‍ഫോഡ്, ഹാര്‍വാഡ് തുടങ്ങിയവയുടെ തലത്തിലേക്കുയരാനായില്ല.
സര്‍ക്കാരുകളുടെ അമിത ഇടപെടലുകളും രാഷ്ട്രീയക്കളികളും ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയെ ഗുരുതര പ്രതിസന്ധിയിലെത്തിച്ചു. ഇതിന്റെ ഏറ്റവും പുതിയ പ്രതിഫലനമാണു കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ കസേര തെറിപ്പിച്ച ജെന്‍ സി പ്രക്ഷോഭം. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ വിവാദ ‘പാറ്റ’ പരാമര്ശത്തെത്തുടര്ന്നു വളര്‍ന്ന കോക്രോച്ച് ജനതാ പാര്‍ട്ടി നയിച്ച വിദ്യാര്‍ഥിപ്രക്ഷോഭം വലിയൊരു മുന്നറിയിപ്പും താക്കീതുമാണ്. ജനാധിപത്യത്തിനും വിദ്യാഭ്യാസത്തിനും യുവാക്കളുടെ ഭാവിക്കും വേണ്ടിയാണു പോരാടുന്നതെന്ന സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വാക്കുകള്‍ പ്രധാനമാണ്.
പാര്‍ലമെന്റിനെ അവഗണിക്കരുത്
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലമില്ലാതെയാണു വിദ്യാര്‍ഥികള്‍ കേന്ദ്രസര്‍ക്കാരിനെ വിറപ്പിച്ചത്. ആഴ്ചകളോളം ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നിരായുധരായി സമരം ചെയ്ത വിദ്യാര്‍ഥികളെ പ്രകോപനമില്ലാതെ ക്രൂരമായി പോലീസ് തല്ലിച്ചതച്ചതു പ്രശ്നം ഗുരുതരമാക്കി. എന്നിട്ടും വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ചു വിശദീകരണം നല്കാന് പോലീസ് ചുമതലയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തയാറായില്ല.
പാര്‍ലമെന്റില്‍ വന്നു വിശദീകരിക്കാന്‍ അമിത് ഷാ എന്തുകൊണ്ടാണ് ഭയപ്പെടുന്നതെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് ഉത്തരമില്ല. എന്തോ പ്രശ്നമുണ്ട്. വിദ്യാര്‍ഥികള്‍ക്കു നേരേ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക ഷെല്ലുകളും പെല്ലറ്റുകൊണ്ട് വെടിവയ്ക്കാനും പോലീസിന് ആരാണ് അനുമതി നല്‍കിയതെന്നു പറയാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. പോലീസ് നടപടികളുടെ ഉത്തരവാദിത്വത്തില്‍നിന്നു വകുപ്പുമന്ത്രിക്ക് ഒഴിയാനാകില്ല. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പാര്‍ലമെന്റ് മന്ദിരത്തിലെ മുറിയിലുണ്ടായിട്ടും ലോക്സഭയിലേക്കു വന്നില്ല. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ തീര്‍ത്തും തെറ്റായ സമീപനമാണിത്.
ഗോമൂത്ര വിദഗ്ധരല്ല വേണ്ടത്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും വിദ്യാഭ്യാസമന്ത്രി പ്രൾഹാദ് ജോഷിക്കും അടക്കം ശരിക്കുള്ള വലിയ പരീക്ഷയാണ് ഇപ്പോഴത്തേത്. ചോദ്യം ചോരാതെ ശരിയുത്തരം നല്കി ആ പരീക്ഷ കേന്ദ്രം പാസാകുമോ എന്നതാണു പ്രധാനം. വിദ്യാഭ്യാസ സംവിധാനം പരിഷ്കരിക്കാന്‍ നന്ദന് നിലെകനിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ സമിതിതന്നെ വിവാദത്തിലാണ്. സമിതിയംഗമായ പ്രഫ. വി. കാമകോടി ഗോമൂത്ര വിദഗ്ധനാണെന്ന പ്രിയങ്ക ഗാന്ധിയുടെ പരിഹാസത്തില്‍ പലതുമുണ്ട്. പശുത്തൊഴുത്തില്നിന്നു നേരിട്ടു ഗോമൂത്രം കുടിച്ച സന്യാസിയുടെ കടുത്ത പനി 15 മിനിറ്റുകൊണ്ടു മാറിയെന്നു പ്രസംഗിച്ചയാളാണ് കാമകോടി. ബാക്ടീരിയ, ഫംഗസ് എന്നിവയ്ക്കെതിരേ പ്രവര്‍ത്തിക്കുന്ന ഗോമൂത്രം ദഹനത്തിന് ഉത്തമമാണെന്നുകൂടി ഇയാള്‍ തട്ടിവിട്ടിരുന്നു.
പ്രിയങ്കയുടെ പരാമര്‍ശം സംഘപരിവാറിനു പൊള്ളിയതു സ്വാഭാവികം. അക്കാദമിക് വിദഗ്ധരെന്നു പറയുന്ന 215 പേര് പ്രിയങ്കയ്ക്കു കത്തെഴുതിയതു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനംകൂടി ശരിവയ്ക്കുന്നതായി. രാജ്യത്തെ ഏതാണ്ടെല്ലാ സര്‍വകലാശാലകളിലും ആര്‍എസ്എസുകാരെയും അവരുടെ സഹയാത്രികരെയും കുത്തിനിറച്ചുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം കേന്ദ്രം നിഷേധിച്ചിട്ടില്ല. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഒളിഞ്ഞും തെളിഞ്ഞും ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കാനുള്ള ശ്രമം വിദ്യാര്‍ഥികളുടെ താത്പര്യങ്ങള്‍ ഹനിക്കുന്നതാണ്.
പ്ലാസ്റ്ററല്ല, വേണ്ടത് ശസ്ത്രക്രിയ
രാഷ്ട്രീയത്തിനതീതമായി വിദ്യാഭ്യാസ മേഖലയില്‍ സമൂല പരിഷ്കരണം അനിവാര്യമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയക്കളികള്‍ അവസാനിപ്പിക്കുകയാണു മുഖ്യം. ചോദ്യപേപ്പര്‍ ചോര്‍ച്ച നിയന്ത്രിക്കാനെന്ന പേരില്‍ ലോക്സഭയും രാജ്യസഭയും ഏകപക്ഷീയമായി പാസാക്കിയ പബ്ലിക് എക്സാമിനേഷന്- പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്-2026 ബില്ലിന്റെ ഫലം കണ്ടറിയണം. രണ്ടു വര്‍ഷം മുമ്പു പാസാക്കിയ നിയമത്തിലെ ശിക്ഷ കൂട്ടിയതും മെഡിക്കല്‍ കൗൺസിലിന്റെ പരിഷ്കരിച്ച മാനദണ്ഡങ്ങളും ആശങ്കകള്‍ക്കു പരിഹാരമാകില്ല. ശസ്ത്രക്രിയ വേണ്ടിടത്തു പ്ലാസ്റ്റര്‍ ഒട്ടിക്കുന്നതുപോലെയാണു പുതിയ നിയമമെന്ന ആരോപണം നിസാരമല്ല.
നിയമഭേദഗതിയും വിദഗ്ധ സമിതിയും ഫാസ്റ്റ്ട്രാക്ക് കോടതികളും യഥാര്‍ഥ പരിഹാരങ്ങളല്ല. 2024ലെ നീറ്റ് പേപ്പര്‍ ചോര്ച്ചയ്ക്കുശേഷം പാസാക്കിയ നിയമം അനുസരിച്ച് ഒരാളെപ്പോലും ശിക്ഷിച്ചിട്ടില്ല. പരീക്ഷകളുടെ തന്നെ എണ്ണം കുറയ്ക്കുകയും തൊഴില്‍ ലഭ്യത ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്.
Education
തിരുവനന്തപുരം: 2026-27 അധ്യയനവർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കോഴ്സിനുള്ള പ്രൊവിഷണൽ പ്രവേശന പരീക്ഷാഫലം www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഓഗസ്റ്റ് രണ്ടുവരെ ഓപ്ഷനുകൾ ഓൺലൈനായി നൽകണം.
കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in 04712324396, 2560327.
Leader Page
“മനുഷ്യരാരും ഒറ്റപ്പെട്ട, സമ്പൂർണമായ ദ്വീപുകളല്ല. മറിച്ച്, പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഒരു വലിയ ഭൂഖണ്ഡത്തിന്റെ ഭാഗങ്ങളാണ്. പെരുവഴിയുടെ ഒരു അംശമാണ്. ഏതൊരു മനുഷ്യന്റെ മരണവും എന്നെ ചെറുതാക്കുന്നു. കാരണം ഞാൻ മനുഷ്യവർഗത്തിന്റെ ഭാഗമാണ്. അതുകൊണ്ട് ആർക്കുവേണ്ടിയാണ് ആ മരണമണി മുഴങ്ങുന്നതെന്ന് നീ അന്വേഷിക്കേണ്ടതില്ല, അത് നിനക്കുവേണ്ടിത്തന്നെയാണ് മുഴങ്ങുന്നത്.”
ഇംഗ്ലീഷ് കവി ജോൺ ഡണ്ണിന്റെ പ്രശസ്തമായ ഈ വരികൾ മനുഷ്യന്റെ പരസ്പര ബന്ധത്തെയും കൂട്ടായ്മയെയും കുറിക്കുന്നു. ഇതിലെ ‘ആർക്കുവേണ്ടിയാണ് മരണമണി മുഴങ്ങുന്നത്’ എന്ന വരി തന്റെ പ്രശസ്തമായ നോവലിന്റെ തലക്കെട്ടായി തെരഞ്ഞെടുത്തതിലൂടെ ഏണസ്റ്റ് ഹെമിംഗ്വേയും തന്റെ കഥയ്ക്ക് പലതരത്തിലുള്ള അർഥതലങ്ങൾ നൽകി. സ്പെയിനിലെ ഫാസിസത്തിന്റെ സാഹചര്യത്തിൽ അമേരിക്കക്കാരനായ അദ്ദേഹം എഴുതിയ ആ നോവലിലൂടെ ഫാസിസത്തിന്റെ വളർച്ച കേവലം ആ രാജ്യത്തിന്റെ മാത്രം പ്രശ്നമല്ലെന്നും അത് ആഗോള ജനാധിപത്യത്തിനുതന്നെ ഭീഷണിയാണെന്നും ഹെമിംഗ്വേ സമർഥിച്ചു.
സ്പെയിനിൽ സ്വാതന്ത്ര്യം ഇല്ലാതായാൽ അത് ലോകത്തെവിടെയുമുള്ള സ്വാതന്ത്ര്യത്തിന്റെ ഒരു അംശം ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ട് മരണമണി മുഴങ്ങുന്നത് സ്പെയിനിനുവേണ്ടിയാണ്. എന്നാൽ, അത് ബാക്കി ലോകത്തിനുവേണ്ടികൂടിയാണ് മുഴങ്ങുന്നതെന്ന് ഹെമിംഗ്വേ മുന്നറിയിപ്പ് നൽകുന്നു. അവിടെ ജനാധിപത്യം മരിച്ചാൽ അതിനോടൊപ്പം ആഗോള സ്വാതന്ത്ര്യത്തിന്റെ ഒരു അംശമാണ് ഇല്ലാതാകുന്നത് എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
പ്രതിസന്ധിയെക്കുറിച്ചുള്ള മുന്നറിയിപ്പ്
ഇന്ത്യയിൽ യുവാക്കളുടെ (പാറ്റകളുടെ) നേതൃത്വത്തിൽ ഈയിടെയുണ്ടായ പ്രക്ഷോഭം മനസിലാക്കാനും ഈ ചിന്ത പ്രയോജനപ്പെടുമെന്നു തോന്നുന്നു. മറിച്ച് സ്ഥിരീകരിക്കാത്ത ഗൂഢാലോചനാ സിദ്ധാന്തങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നതും അവർ/നമ്മൾ എന്ന ദ്വന്ദത്തിലൂടെ ഇതിനെ കാണാൻ ശ്രമിക്കുന്നതും മനോഹരമായ ഈ ജനാധിപത്യ വിജയമുഹൂർത്തത്തിന്റെയും ചുരുങ്ങിയത് ഇന്ത്യയിലെങ്കിലും ഉള്ള ജനങ്ങളുടെ തീവ്രമായ ഐക്യദാർഢ്യത്തിനുള്ള ആഗ്രഹത്തിന്റെയും പ്രാധാന്യം ഇല്ലാതാക്കും. അത് ഇന്ത്യൻ ജനാധിപത്യത്തിന് തീരാനഷ്ടമായി ഭവിക്കും.
യുവാക്കളുടെ തീർത്തും സ്വാഭാവികമായ, നൈസർഗികമായ വിദ്യാഭ്യാസ അവകാശങ്ങൾക്കുവേണ്ടിയാണ് ഈ വലിയ പ്രക്ഷോഭം വേണ്ടിവന്നത്. അത്തരമൊരു ജനാധിപത്യ പ്രക്ഷോഭത്തെ തീർത്തും ജനാധിപത്യവിരുദ്ധമായ രീതികളിലൂടെയാണ് നേരിടാൻ ശ്രമിച്ചത്. ഇതു രണ്ടും ഇന്ത്യൻ ജനാധിപത്യം എത്തിപ്പെട്ടിരിക്കുന്ന വലിയ പ്രതിസന്ധിയെക്കുറിച്ചുള്ള മുന്നറിയിപ്പാണ് നൽകുന്നത്.
പാറ്റകളുടെ സമരത്തിന്റെയും അവരുടെ ആവശ്യത്തിന്റെയും പ്രസക്തിയും അപ്രസക്തിയും അങ്ങനെയാണ് ജനങ്ങൾ മനസിലാക്കേണ്ടത് എന്നു തോന്നുന്നു. വെറും വിദ്യാഭ്യാസ അവകാശങ്ങൾക്കപ്പുറം ഭാവിയിലും ഒരു ജനാധിപത്യ ഇന്ത്യയിൽ ജീവിക്കാനുള്ള ചെറുപ്പക്കാരുടെ അവകാശസമരമായിട്ടു വേണം ഈ പ്രക്ഷോഭത്തെ കാണേണ്ടത്. അതുകൊണ്ടുതന്നെ ചെറുപ്പക്കാരുടെ അത്തരം ഒരു ആവശ്യത്തെ മനസിലാക്കാതെ പോകുന്നത് ഭരണകൂടത്തിന്റെ വളരെ അപകടകരമായ പരാജയമാകും.
അതുപോലെ, പ്രക്ഷോഭത്തെ വേണ്ടവണ്ണം പിന്തുണയ്ക്കാതെ പോകുന്നത് ഇന്ത്യയിലെ മുതിർന്നവരുടെയും മാധ്യമങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും നന്ദികേടും സ്വാർഥതയുമായി വരും. മുതിർന്നവർ ഇതുവരെ അനുഭവിച്ചുപോന്ന മഹത്തരമായ ജനാധിപത്യ സ്വാതന്ത്ര്യം അടുത്ത തലമുറയ്ക്കും ഉറപ്പാക്കുക എന്നുള്ളത് ഇന്ത്യയിലുള്ള എല്ലാ ജനാധിപത്യ വിശ്വാസികളുടെയും കടമയാണെന്നുകൂടി ഈ ‘പാറ്റാസമരം’ നമ്മെ ബോധ്യപ്പെടുത്തുന്നു.
‘രാവണൻകോട്ടയായി’ രാഷ്ട്രീയം
ഇപ്പോഴത്തെ ഇന്ത്യൻ ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നിലപാടുകളെ എതിർക്കുന്നു എന്നതിനോടൊപ്പം ഇന്ത്യയിലെ വ്യവസ്ഥാപിത രാഷ്ട്രീയ പ്രവർത്തനത്തിനെതിരേയുള്ള വലിയ പ്രതിഷേധമായിക്കൂടി വേണം ഇതിനെ കാണാൻ. ഇന്ത്യയിലെ രാഷ്ടീയ പ്രവർത്തനം കുറെ നേതാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും അവരുടെ ആജ്ഞാനുവർത്തികൾക്കും മാത്രമായി ചുരുങ്ങുന്നതും, അഴിമതി നിറഞ്ഞ തട്ടിപ്പും സൂത്രപ്പണിയും ആയി അധഃപതിക്കുന്നതുമാണ് അടുത്ത കാലത്തായി ചെറുപ്പക്കാർക്ക് കാണാൻ കഴിഞ്ഞത്. ഇന്ത്യ ഇന്ന് നേരിടുന്ന പ്രശ്നങ്ങളെ മനസിലാക്കാനോ അതിന് ലോകോത്തരമായ പരിഹാരം കാണാനോ കഴിയാത്ത കഴിവുകെട്ടവരുടെ ഒരു കൂട്ടമായി രാഷ്ട്രീയം അധഃപതിച്ചു എന്നുള്ളത് അരിശത്തോടെയും ദുഃഖത്തോടെയുമാണ് ഇന്ത്യയിലെ ചെറുപ്പക്കാർ മനസിലാക്കുന്നത്.
വിദ്യാഭ്യാസവും അറിവും ലോകോത്തര കഴിവും ഉള്ളവർക്ക് ഒരിക്കലും എത്തിപ്പെടാൻ പറ്റാത്ത ഒരു ‘രാവണൻകോട്ടയായി’ നമ്മുടെ രാഷ്ട്രീയ പാർട്ടികളും പ്രവർത്തനവും മാറി എന്നുള്ളതും ചെറുപ്പക്കാർ മനസിലാക്കുന്നു. അതുകൊണ്ടാണല്ലോ വിദേശത്ത് പഠിച്ച ദീപ്കെ എന്ന ചെറുപ്പക്കാരന് നേതൃത്വം ഏറ്റെടുക്കേണ്ടിവന്നത്. അദ്ദേഹത്തിനു ചുറ്റും നിലയുറപ്പിക്കുന്നത് അത്തരം ലോകോത്തര നിലവാരമുള്ള ചെറുപ്പക്കാരാണെന്നത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ അണികളായി മാത്രം പ്രവർത്തിക്കുന്ന, അവരെ ന്യായീകരിക്കാൻ മാത്രം പരിശ്രമിക്കുന്ന ചെറുപ്പക്കാർക്കുമുള്ള മുന്നറിയിപ്പാണ്. ആർക്കുവേണ്ടിയാണ്, എന്തിനുവേണ്ടിയാണ് ഇപ്പോഴത്തെ രാഷ്ട്രീയ പ്രവർത്തനം എന്നുള്ള വലിയ ചോദ്യവും പാറ്റകളുടെ സമരം ഉയർത്തുന്നു.
സര്‍ക്കാരും മുതിര്‍ന്ന തലമുറയും കുറ്റക്കാര്‍!
വിദ്യാഭ്യാസ അവകാശപ്രശ്നം ഹിമശൈലത്തിന്റെ വെറും അഗ്രം മാത്രമാണ്. ഇന്ത്യൻ സമ്പദ്ഘടനയുടെ പ്രശ്നങ്ങൾ, വർഗീയത, മതമൗലികവാദം, തീവ്രവാദം, തൊഴിലില്ലായ്മ, ദാരിദ്ര്യം, വിലക്കയറ്റം, അഴിമതി തുടങ്ങി എത്രയോ പ്രശ്നങ്ങൾ ഇന്ത്യ നേരിടുന്നു. പാറ്റാ സമരത്തെ ഏതാനും ചെറുപ്പക്കാരുടെ പ്രശ്നമായി മാത്രം കണ്ട് അടിച്ചൊതുക്കാൻ ശ്രമിക്കുന്ന സർക്കാരും അതിനെ അധികപ്രസംഗമായി കാണുന്ന മുതിർന്ന തലമുറയും ഒരുപോലെ കുറ്റക്കാരാകുന്നു.
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ആയുധം പെല്ലറ്റ് തുപ്പുന്ന തോക്കോ ലാത്തിയോ ടാങ്കുകളോ ആധുനിക ഉപകരണങ്ങളോ അല്ലെന്നും സംവാദവും പരസ്പര ബഹുമാനവും ആണെന്നും തിരിച്ചറിയേണ്ട മുഹൂർത്തമാണിത്. ജനാധിപത്യം എല്ലാവർക്കുംവേണ്ടിയാണെന്നും ഭരിക്കുന്ന പാർട്ടിക്ക് എല്ലാക്കാലത്തും ഭരണത്തിൽ തുടരാനുള്ള തന്ത്രങ്ങൾ മാത്രമല്ലെന്നും ബോധ്യപ്പെടേണ്ട അവസരവും.
ജനാധിപത്യം അത്തരത്തിൽ വിജയിച്ച വികസിത രാജ്യങ്ങളാണ് ഇന്ത്യക്ക് മാതൃകയാക്കേണ്ടത്. അല്ലാതെ ജനാധിപത്യത്തിന് മരണമണി മുഴക്കാൻ ശ്രമിക്കുന്ന ഇക്കാലത്തെ ഏതാനും ഏകാധിപത്യ, ഫാസിസ്റ്റ് രാജ്യങ്ങളല്ല. അങ്ങനെ നമ്മുടെ ഭരണ നേതൃത്വം ഏകാധിപത്യ രാജ്യങ്ങളെ കണ്ട് കോൾമയിർ കൊള്ളാൻ ശ്രമിക്കുന്നത് വിനാശകാലേയുള്ള വിപരീത ബുദ്ധിയായിരിക്കും. സ്നേഹിക്കയില്ല ഞങ്ങൾ ജനാധിപത്യ സംസ്കാരമില്ലാത്ത ഏത് തത്വശാസ്ത്രത്തെയും എന്നാണ് പാറ്റകൾ പറയുന്നത്. അതു കേൾക്കാൻ ശ്രമിക്കുന്നതും അതിനനുസരിച്ചു പ്രവർത്തിക്കുന്നതുമാണ് ജനാധിപത്യ മര്യാദ.
മറിച്ചുള്ള ശ്രമങ്ങളെല്ലാം അത്യന്തം അപകടകരവും ഇന്ത്യക്ക് പൊതുവായ നഷ്ടം വരുത്തിവയ്ക്കുന്നതും ആയിരിക്കും. ഭരണകൂടം ജനങ്ങളെ ഭയപ്പെടുമ്പോൾ അവിടെ സ്വാതന്ത്ര്യമുണ്ട്. ജനങ്ങൾ ഭരണകൂടത്തെ ഭയപ്പെടുമ്പോൾ അവിടെ ഏകാധിപത്യവുമുണ്ട്. ആര് പറഞ്ഞതായാലും ഇന്ത്യയുടെ ഇന്നത്തെ സാഹചര്യത്തിൽ ഇത് പ്രസക്തമാണ്. എല്ലാവർക്കുംവേണ്ടിത്തന്നെയാണ് പാറ്റകളുടെ സമരത്തിന്റെ മണി മുഴങ്ങുന്നതും.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായി പ്രൾഹാദ് ജോഷി ചുമതലയേറ്റു. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചാ വിവാദത്തെത്തുടർന്ന് കോക്രോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധം കടുപ്പിച്ചതോടെ മുൻ മന്ത്രി ധർമേന്ദ്ര പ്രധാൻ ശനിയാഴ്ച തന്റെ രാജി സമർപ്പിച്ചിരുന്നു. തുടർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു അദ്ദേഹത്തിന്റെ രാജി സ്വീകരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രൾഹാദ് ജോഷി പുതിയ മന്ത്രിയായി ചുമതലയേൽക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണ്ണവിശ്വാസത്തോടെയാണ് തനിക്ക് ഈ വലിയ ഉത്തരവാദിത്തം ഏൽപ്പിച്ചിരിക്കുന്നതെന്ന് ചുമതലയേറ്റശേഷം പ്രൾഹാദ് ജോഷി മാധ്യമങ്ങളോട് വ്യക്തമാക്കി. വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും നിലവിലെ സാഹചര്യങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച കർണാടകയിലായിരുന്ന താൻ വിവരം അറിഞ്ഞ ഉടൻ തന്നെ രാത്രിയോടെ ഡൽഹിയിൽ എത്തുകയായിരുന്നുവെന്ന് പ്രൾഹാദ് ജോഷി പറഞ്ഞു. വകുപ്പിലെ എല്ലാ വിവരങ്ങളും കൈക്കൊള്ളേണ്ട തീരുമാനങ്ങളും സംബന്ധിച്ച് കൃത്യമായ അവലോകനം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്ക് ഇതൊരു പുതിയ വകുപ്പാണെങ്കിലും, പ്രവർത്തനങ്ങൾ വേഗത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ചുമതലയേറ്റയുടൻ തന്നെ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി വിശദമായ ചർച്ചകൾ നടത്തിയതായും പ്രൾഹാദ് ജോഷി കൂട്ടിച്ചേർത്തു.
Kerala
ചങ്ങനാശേരി: എയ്ഡഡ് സ്കൂളിലെ താത്കാലിക ഒഴിവുകളിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നിര്‍ബന്ധമാക്കുന്ന പൊതുവിദ്യാഭ്യാസ ഡയറക് ടറുടെ നിര്‍ദേശം അടിയന്തരമായി പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
കേരള വിദ്യാഭ്യാസ നിയമം വകുപ്പ് 11 പ്രകാരവും അധ്യായം 14എയിലെ ചട്ടങ്ങള്‍ പ്രകാരവും എയ്ഡഡ് സ്കൂളിലെ അധ്യാപക-അനധ്യാപകര്‍ ഉള്‍പ്പെടെയുളള എല്ലാ നിയമനങ്ങളും നടത്താനുള്ള പൂര്‍ണ അധികാരം സ്കൂള്‍ മാനേജര്‍ക്ക് മാത്രമാണ്.
താത്കാലിക ഒഴിവുകള്‍ ആയാല്പോലും നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി വേണം എന്ന് നിര്‍ദേശിക്കുന്നതിലൂടെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കേരള വിദ്യാഭ്യാസ നിയമങ്ങളും ചട്ടങ്ങളും ഒരു സര്‍ക്കുലറിലൂടെ മാറ്റിമറിക്കുകയാണ് ചെയ്തിരിക്കുന്നത്.
ഹയര്‍ സെക്കന്‍ഡറി തലത്തില്‍ പ്രതേ്യക വിഷയങ്ങളില്‍ മികച്ച അക്കാദമിക് യോഗ്യതയുള്ളവരെ കണ്ടെത്തേണ്ടതുണ്ട്. പക്ഷേ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള ലിസ്റ്റില്‍ സീനിയോറിറ്റി മാത്രമാണ് ബാധകമാക്കുന്നത്.
ഇത് വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഗുണനിലവാരത്തെ ഗണ്യമായി ബാധിക്കുന്നതാണ്. കൂടാതെ പ്രസവാവധി, മെഡിക്കല്‍ ലീവ് എന്നിവ കാരണം പെട്ടെന്നുണ്ടാകുന്ന താത്കാലിക ഒഴിവുകളില്‍ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ അടിയന്തരമായി നിയമനം നടത്തേണ്ടിവരും.
എയ്ഡഡ് സ്കൂളുകളുടെ ചരിത്രം എന്തെന്ന് മനസിലാക്കാതെയാണ് ഈ നടപടി സ്വീകരിച്ചിട്ടുള്ളതെങ്കില്‍ അത് തികച്ചും വിവേചനപരം തന്നെയാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പ്രതികരിച്ചു.
Education
തിരുവനന്തപുരം: 2026 ജൂൺ- ജൂലൈ മാസം നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി സേ പരീക്ഷകളുടെ ഫലം https://results.hse. kerala.gov.in/ ൽ പ്രസിദ്ധീകരിച്ചു.
Business
കാഞ്ഞിരപ്പള്ളി: വ്യവസായവും വിദ്യാഭ്യാസവും ഏകോപിപ്പിച്ച് പോയെങ്കില്‍ മാത്രമേ തൊഴിലില്ലായ്മക്കു പരിഹാരം കാണാന്‍ സാധിക്കുകയുള്ളുവെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍.
കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജ് ഓഫ് എന്‍ജിനിയറിംഗ് സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ ആരംഭിച്ച അമല്‍ ജ്യോതി ബിസിനസ് സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ ഏറ്റവും പൊട്ടന്‍ഷ്യല്‍ ഉള്ള മേഖല വിദ്യാഭ്യാസ മേഖലയാണ്.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പരമാവധി അക്കാഡമിക് ഓട്ടോണമി ലഭ്യമാക്കി പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കേരളത്തെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി എയ്ഡഡ്, സ്വാശ്രയ മാനേജ്മെന്റുകള്‍ സര്‍ക്കാരുമായി ഒരുമിച്ച് പ്രവര്‍ത്തിക്കണം.
വിദ്യാര്‍ഥികള്‍ ആഗ്രഹിക്കുന്ന തൊഴിലവസരങ്ങള്‍ ഇവിടെ ലഭിക്കുന്നില്ല. മാറുന്ന തൊഴില്‍ സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് പുതിയ കോഴ്സുകള്‍ ഒരുക്കി വിദ്യാര്‍ഥികളെ സജ്ജരാക്കണമെന്നും മന്ത്രി പറഞ്ഞു. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു.
റോണി കെ. ബേബി എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, കോളജ് ഗവേണിംഗ് ബോഡി ചെയര്മാന് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, ഡയറക് ടര്‍ ഫാ.ഡോ. റോയി പഴയപറമ്പില്‍, അമല്‍ ജ്യോതി ബിസിനസ് സ്കൂള്‍ ഡയറക്ടര്‍ ഡോ. തോമസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനേജ്മെന്റ് വിദ്യാഭ്യാസം ലക്ഷ്യമിട്ട് ആരംഭിച്ചിരിക്കുന്ന അമൽ ജ്യോതി ബിസിനസ് സ്കൂളിൽ ഐഐഎം, ഐഐടി ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപന-ഗവേഷണ രംഗത്ത് ദീർഘകാല പ്രവർത്തനപരിചയമുള്ള അധ്യാപകരുടെ നേതൃത്വത്തിലാണ് പഠന പരിശീലന പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
Business
കൊച്ചി: പ്ലസ് ടു/ഡിഗ്രി/ മാസ്റ്റേഴ്സ് കഴിഞ്ഞവർക്ക് ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ മുൻനിര സർവകലാശാലകൾ, ഇൻസ്റ്റിറ്റ്യൂഷനുകൾ എന്നിവയിലെ പ്രതിനിധികളെ നേരിൽക്കണ്ട് ഡിപ്ലോമ, ഡിഗ്രി, ഡിഗ്രി ഡിപ്ലോമ, പിജി ഡിപ്ലോമ മാസ്റ്റേഴ്സ്, മാസ്റ്റേഴ്സ് ബൈ റിസർച്ച് തലത്തിലുള്ളതും ഈ രാജ്യങ്ങളിൽ ഉയർന്ന കരിയർ സാധ്യതയും/ ലോംഗ് ടേം സ്കിൽ ഷോട്ടേജ് ലിസ്റ്റിൽ പെടുന്നതുമായ കോഴ്സുകൾ പരിചയപ്പെടാം.
കൊച്ചി രവിപുരത്തുള്ള സാന്റമോണിക്ക ഓഫീസിൽ 29ന് രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെയാണ് കോഴ്സുകൾ പരിചയപ്പെടാനുള്ള അവസരം. പ്രവേശനം സൗജന്യമാണ്. സ്റ്റുഡന്റ് വീസ നിയമത്തിൽ വന്നിട്ടുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകളും അറിയാം. സൗജന്യ കൗൺസലിംഗ്, പ്രൊഫൈൽ അസെസ്മെന്റ്/ സ്പോട്ട് അഡ്മിഷൻ അവസരവും യോഗ്യത അടിസ്ഥാനത്തിലുള്ള 20 ശതമാനം മുതൽ 100 ശതമാനം വരെ സ്കോളർഷിപ്പുകളും നേടാനാകും.
ഇവന്റ് ദിനത്തിൽ ചേർന്നു പഠിക്കുന്ന വിദ്യാർഥികൾക്ക് ഐഇഎൽടിഎസ്/പിടിഇ കോഴ്സ് ഫീസിൽ 40 ശതമാനം കിഴിവ് ലഭിക്കും. സ്പോട്ട് അസെസ്മെന്റ്/ പ്രോസസിംഗ് ആഗ്രഹിക്കുന്നവർ പത്ത് മുതലുള്ള യോഗ്യത സർട്ടിഫിക്കറ്റുകളുടെ കോപ്പി/പാസ്പോർട്ട് കോപ്പി, രണ്ട് പാസ് പോർട്ട് സൈസ് ഫോട്ടോഗ്രാഫ് ഐഇഎൽടിഎസ്/പിടിഇ സ്കോർ ഉണ്ടെങ്കിൽ അതും കരുതണം.
ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നവർക്ക് ഈ മെയിലിൽ ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ചു എക്സ്പോയിൽ പ്രവേശിക്കാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും. വിവരങ്ങൾക്കും രജിസ്ട്രേഷനും www. santamonicaedu.in 0484 4150999, 9645222999.
Education
തിരുവനന്തപുരം: ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷമുള്ള മെറിറ്റ് വേക്കൻസിയൊടൊപ്പം പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ അധികമായി അനുവദിച്ച 120 താത്കാലിക ബാച്ചുകളിലെ സീറ്റുകളും ചേർത്തുള്ള വേക്കൻസി സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിലും സ്പോർട്സ് ക്വാട്ടയിലും പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ട്രാൻസ്ഫറിന് അപേക്ഷിക്കാം.
പ്രവേശനം നേടിയ ജില്ലയ്ക്കകത്ത് സ്കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ കാൻഡിഡേറ്റ് ലോഗിനിലെ Apply for School/ Combination Transfer ലിങ്കിലൂടെ 27നു ഉച്ചയ്ക്ക് ഒന്നുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷമുള്ള വേക്കൻസിയും മറ്റ് വിശദാംശങ്ങളും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ഓഗസ്റ്റ് ഒന്നിനു പ്രസിദ്ധീകരിക്കും. വിശദാംശങ്ങൾക്ക്: hscap.kerala.gov.in
National
ന്യൂഡൽഹി: വിദ്യാഭ്യാസമന്ത്രിയുടെ രാജി രാജ്യത്തെ പ്രതിഷേധങ്ങളുടെ ചരിത്രത്തിലെ പുതിയൊരു അധ്യായമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. സാധാരണ പ്രതികരിക്കാത്ത ആളുകൾ പോലും വിഷയത്തിൽ ഇടപെടുകയും ജനങ്ങൾ സമരം ഏറ്റെടുക്കുകയും ചെയ്ത സാഹചര്യമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
അവസാന നിമിഷം വരെ വിദ്യാഭ്യാസ രംഗം കുളംതോണ്ടിയ മന്ത്രിയെ സംരക്ഷിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹി ഒരു യുദ്ധക്കളത്തിന് സമാനമായ സാഹചര്യത്തിലാണുള്ളതെന്നും പോലീസിന്റ അതിക്രമങ്ങളിൽ ജുഡീഷൽ അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സമരത്തിലെ കോൺഗ്രസിന്റെ പങ്കിനെ കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് രാഹുൽ ഗാന്ധി സമരത്തിൽ പങ്കുചേർന്നത്. രാഹുൽ ഗാന്ധി ഇതുവരെ ജന്ദർ മന്ദറിലെ സമരവേദി സന്ദർശിച്ചിട്ടില്ലെങ്കിലും, വൈകിയാണെങ്കിലും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹം പങ്ക് വഹിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും ബേബി പറഞ്ഞു.
സിജെപിയുടെ കാര്യത്തിൽ ഇന്ന് ഓരോ കക്ഷികളും സ്വീകരിക്കുന്ന നിലപാടുകൾ നോക്കിയാണ് പിന്തുണ തീരുമാനിക്കുന്നതെന്നും നാളെ എന്തായിരിക്കും എന്ന് ഇപ്പോൾ പറയാനാകില്ലെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.
Editorial
പാവപ്പെട്ട മാതാപിതാക്കളുടെ മക്കൾ വായ്പയെടുത്തു പഠിക്കേണ്ടെന്ന് കേന്ദ്രനിയമം പറയുന്നില്ല കേട്ടോ. പക്ഷേ, അവർക്കു വായ്പ കൊടുക്കാൻ പറ്റില്ലെന്ന ബാങ്കുകളുടെ നിലപാടിൽ തെറ്റില്ലെന്ന്, നിയമം വ്യാഖ്യാനിച്ചു കോടതി പറഞ്ഞിരിക്കുന്നു. ഫലം പാവപ്പെട്ട വിദ്യാർഥികൾ, ഉള്ള കാശിനു പഠിച്ചാൽ മതി.
മാതാപിതാക്കൾക്കു ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ മക്കളുടെ വിദ്യാഭ്യാസവായ്പ ബാങ്കുകൾക്കു നിഷേധിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. മികച്ച ക്രെഡിറ്റ് സ്കോറുള്ള മറ്റൊരാളെ സഹ അപേക്ഷകനായി ഉള്‍പ്പെടുത്തി നല്കുന്ന അപേക്ഷകള്‍ ബാങ്കുകള്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേൾക്കാൻ കൊള്ളാം.
പാപ്പരായ മാതാപിതാക്കളുടെ വായ്പയ്ക്കു സഹ അപേക്ഷകരാകാൻ ആരു വരുമെന്നാണ്? നിലവിലുള്ള കേന്ദ്ര നിയമമാണ് കോടതി വ്യാഖ്യാനിച്ചത്. ആ നിയമം പരിഷ്കരിക്കാൻ സംസ്ഥാന സർക്കാരിന് ഇടപെടാം. ഇന്നലെ കുരുത്ത സിജെപിയുടെ മഹാസമരത്തെ പിന്തുണച്ചതല്ലാതെ സമീപകാലത്ത് കാര്യമായൊന്നും ചെയ്തിട്ടില്ലാത്ത വിദ്യാർഥി സംഘടനകൾക്കും ഒന്നനങ്ങാം.
മാതാപിതാക്കളുടെ സിബില്‍ സ്കോര്‍ കുറഞ്ഞതിന്റെ പേരില്‍ ബാങ്കുകള്‍ വായ്പ നിഷേധിച്ചതു ചോദ്യംചെയ്ത് വിദ്യാര്‍ഥികള്‍ നല്കിയ ഹർജികള്‍ തള്ളിയാണ് കോടതിവിധി. 2005ലെ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനീസ് (റെഗുലേഷന്) ആക്ടിന്റെ ലക്ഷ്യങ്ങള്‍ പരിഗണിച്ചാല്‍ വിദ്യാഭ്യാസവായ്പയ്ക്കുള്ള അപേക്ഷയിന്മേല് സഹ വായ്പക്കാരന്റെ ക്രെഡിറ്റ് സ്കോറോ ക്രെഡിറ്റ് റിപ്പോര്‍ട്ടോ പരിഗണിക്കരുതെന്ന് പറയാനാകില്ലെന്നാണ് ഹൈക്കോടതി വിധിച്ചത്.
വായ്പാ തിരിച്ചടവില്‍ വീഴ്ചയുണ്ടായാല്‍ ബാങ്കുകള്‍ക്കു ഗാരന്റി നല്കുന്ന വിധമാണു കേന്ദ്രസര്‍ക്കാരിന്റെ ക്രെഡിറ്റ് ഗാരന്റി ഫണ്ട് ഫോര്‍ എഡ്യുക്കേഷണല്‍ ലോണ്‍ സ്കീം തയാറാക്കിയിരിക്കുന്നത്. ഇതില്‍ വായ്പാമാനദണ്ഡങ്ങളില് ഇളവ് നിര്‍ദേശിക്കുന്നില്ല. അതുകൊണ്ട് വായ്പ നൽകാൻ ബാങ്കുകള്‍ക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിക്കാം. വിദ്യാഭ്യാസവായ്പ ഒരു അവകാശമായി ഉന്നയിക്കാനാകില്ല. ബാങ്കുകളുടെ നിലവിലുള്ള സ്കീമുകള്‍ക്കും സര്‍ക്കുലറുകള്‍ക്കും വിധേയമായി മാത്രമേ വായ്പ അനുവദിക്കാനാകൂ.
വായ്പാനയം ഹർജിക്കാര്‍ ചോദ്യം ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ ബാങ്കുകളുടെ നടപടിയില്‍ ഇടപെടാനാകില്ല. അതേസമയം, വായ്പ നിഷേധിക്കപ്പെട്ട വിദ്യാര്‍ഥികള്‍ മികച്ച ക്രെഡിറ്റ് സ്കോറുള്ള മറ്റൊരാളെ സഹ അപേക്ഷകനായി ഉള്‍പ്പെടുത്തിയാൽ ബാങ്കുകള്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കോടതിയുടെ തീരുമാനം, നിലവിലുള്ള നിയമം പാവപ്പെട്ട വിദ്യാർഥികൾക്ക് അനുകൂലമല്ലെന്ന സൂചനയാണ് നൽകുന്നത്. മാതാപിതാക്കൾക്കു ക്രെഡിറ്റ് സ്കോറില്ലെങ്കിൽ അതുള്ള മറ്റുള്ളവരെ സഹ അപേക്ഷകരാക്കാമെന്നതും ഏതാണ്ട് അപ്രായോഗികമായ കാര്യമാണ്. പാവപ്പെട്ടവരുടെ വായ്പയ്ക്ക് ബന്ധുക്കൾ പോലും ജാമ്യം നിൽക്കാൻ മടിക്കുന്നിടത്ത് ഈ വിദ്യാർഥികളുടെ സഹ അപേക്ഷകരായി ആരുണ്ടാകും? പാവപ്പെട്ട മാതാപിതാക്കൾ വർത്തമാനകാല യാഥാർഥ്യമാണ്.
അവരുടെ മക്കൾക്കു വായ്പ നിഷേധിക്കുന്നതുമൂലം ഭാവിയും പ്രതീക്ഷയില്ലാത്തതാകും. കേന്ദ്രം തിരുത്തുന്നില്ലെങ്കിൽ സംസ്ഥാന സർക്കാർ ഇടപെടണം. ഇതൊന്നും വിദ്യാർഥി സംഘടനകൾ അറിയുന്നില്ലേ? അക്രമങ്ങൾ, മാർക്ക്-വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങൾ, റാഗിംഗ് തുടങ്ങിയവയുടെ ചെളിനിലങ്ങളിൽനിന്ന് അവർ പുറത്തുവരണം.
മാതാപിതാക്കൾക്കു സാന്പത്തികയോഗ്യതയില്ലാത്തതുകൊണ്ട് മക്കളുടെ വിദ്യാഭ്യാസവായ്പയ്ക്കു നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമം പാവങ്ങൾക്കെതിരേയുള്ള പെല്ലറ്റ് ഗണ്ണാണ്. വായ്പ ഒഴിവാക്കിയിട്ട്, തിരിച്ചടവിനു ഗാരന്റി ഉറപ്പാക്കിയിട്ടെന്തു കാര്യം? പാവങ്ങളെ പാവങ്ങളായി നിലനിർത്തുന്ന മാനദണ്ഡങ്ങളെ കേന്ദ്ര വിദ്യാഭ്യാസ വായ്പാനയത്തിൽനിന്നു പുറത്താക്കാൻ സർക്കാർ വൈകരുത്. വിദ്യാഭ്യാസവായ്പയിൽ ‘പുറന്പോക്ക്’ വേണ്ട.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെച്ചൊല്ലി രാജ്യ തലസ്ഥാനത്ത് വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നതിനിടെ നിർണായക നടപടിയുമായി കേന്ദ്ര സർക്കാർ. കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ ചുമതലയിൽനിന്ന് നീക്കി. നരേഷ് പാലിനെ പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു.
വിനീത് ജോഷിയെ പഞ്ചായത്തീരാജ് മന്ത്രാലയത്തിലേക്ക് സ്ഥലംമാറ്റിയാണ് പുതിയ നിയമനം. വിദ്യാർഥി സംഘടനകളുടെയും ഉദ്യോഗാർഥികളുടെയും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ പെട്ടെന്നുള്ള നടപടി.
അതേസമയം, സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറിയായി കർണാടക കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ടി.കെ. അനിൽകുമാറിനെ നിയമിച്ചു. മുൻ സെക്രട്ടറി സർവീസിൽ നിന്ന് വിരമിച്ചതിനെ തുടർന്നാണ് ഈ നിയമനം.
District News
കോട്ടയം: വിദ്യാര്‍ഥികളെ തെരുവില്‍ വലിച്ചിഴയ്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേയും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള എംപിമാരെ ആക്രമിക്കുന്ന മോദി ഭരണകൂട ഭീകരതയ്ക്കെതിരേയും കെഎസ്യു സംസ്ഥാന വ്യാപകമായി നടത്തിയ വിദ്യാഭ്യാസ ബന്ദ് ജില്ലയില്‍ പൂര്‍ണം.
ജില്ലയിലെ ഒമ്പതു നിയോജക മണ്ഡലങ്ങളിലായി വിവിധ യൂണിറ്റ് കമ്മിറ്റികള്‍, മണ്ഡലം കമ്മിറ്റികള്‍ തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ പഠിപ്പുമുടക്ക് നടത്തിയെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് കെ.എന്‍. നൈസാം പറഞ്ഞു.
ജില്ലയില്‍ നിന്നുള്ള സംസ്ഥാന ഭാരവാഹികള്‍, ജില്ലാ ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍, യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ പ്രസിഡന്റ് കെ.എന്‍. നൈസാം അറിയിച്ചു.
Education
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഫഷണൽ ഡിഗ്രി കോഴ്സുകളിലേക്ക് 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്ക് (എംബിബിഎസ്, ബിഡിഎസ് ഉൾപ്പെടെ) പ്രവേശനത്തിനായി പുതുതായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം.
കീം 2026 മുഖേന എൻജിനിയറിംഗ്/ആർക്കിടെക്ചർ/ഫാർമസി കോഴ്സുകൾ എന്നിവയിലേതെങ്കിലും കോഴ്സുകൾക്ക് ഇതിനോടകം ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള അപേക്ഷകർക്ക് ആവശ്യമുള്ള പക്ഷം മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകൾ പ്രസ്തുത അപേക്ഷയിൽ കൂട്ടിച്ചേർക്കുന്നതിനും അവസരം ലഭ്യമാണ്.
പുതുതായി അപേക്ഷകൾ സമർപ്പിക്കുന്നതിനും, കീം 2026 ൽ ഇതിനോടകം അപേക്ഷിച്ചവർക്ക് കോഴ്സുകൾ / കാറ്റഗറി ക്ലെയിമുകൾ കൂട്ടിച്ചേർക്കുന്നതിനും 27നു രാവിലെ 11 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ സൗകര്യം ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക് www. cee.kerala.gov.in
Kerala
ന്യൂഡൽഹി: ഇന്ത്യയിലെ യുവജനങ്ങളുടെ ശബ്ദം ക്ഷമയോടെ കേൾക്കണമെന്നും ആശയവിനിമയത്തിലെ തകർച്ച ആർക്കും ഗുണം ചെയ്യില്ലെന്നും ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കർ. പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെയും യുവാക്കളുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ അനിവാര്യമാണെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഡൽഹിയിലെ ജന്തർമന്തർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ യുവാക്കൾ നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലുള്ള അദ്ദേഹത്തിന്റെ പ്രതികരണം വളരെപ്പെട്ടെന്നു തന്നെ വൈറലായി.
ചർച്ചകളുടെ അഭാവം രാജ്യത്തിന് ദോഷകരമാണ്. നിലവിലെ സങ്കീർണമായ സാഹചര്യത്തിൽ അതീവ ദുഃഖം പ്രകടിപ്പിച്ച അദ്ദേഹം യുവതലമുറയുടെ ആവശ്യങ്ങളും ആശങ്കകളും ഭരണാധികാരികൾ ക്ഷമയോടെ കേൾക്കണമെന്നും ആവശ്യപ്പെട്ടു.
അക്രമമോ പ്രതിഷേധങ്ങളോ പര്യാപ്തമല്ലെന്നും ചർച്ചകളിലൂടെയും സമാധാനപരമായ ആശയവിനിമയങ്ങളിലൂടെയും മാത്രമേ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം ഉണ്ടാകൂയെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആർട്ട് ഓഫ് ലിവിംഗ് (The Art of Living) സംഘടനയിലൂടെ യുവാക്കൾക്കിടയിലും പ്രവർത്തിക്കുന്ന ആത്മീയ നേതാവാണ് ശ്രീ ശ്രീ രവിശങ്കർ.
അദ്ദേഹത്തെ പോലുള്ളവരും വിദ്യാർഥികളുടെ പ്രക്ഷോഭത്തെ സർക്കാർ നേരിടുന്ന രീതിയെ വിമർശിച്ചു രംഗത്തുവരുന്നത് സർക്കാരിനു കൂടുതൽ സമ്മർദമാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
Education
തിരുവനന്തപുരം: സ്കോൾകേരള മുഖേനയുള്ള ഹയർസെക്കൻഡറി കോഴ്സുകളിൽ 2026-28 ബാച്ചിലേക്ക് ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ, സ്പെഷൽ കാറ്റഗറി എന്നീ വിഭാഗങ്ങളിലേക്കുള്ള ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എസ്എസ്എൽസിയിൽ ഉപരിപഠനയോഗ്യതയോ അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ കോഴ്സിൽ ഉപരിപഠന യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല.
ഇന്നുമുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. പിഴ കൂടാതെ ഓഗസ്റ്റ് 14 വരെയും, 60 രൂപ പിഴയോടെ ഓഗസ്റ്റ് 31 വരെയും ഫീസടച്ച്, www.scolekerala.org ലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ അതത് ജില്ലാ കേന്ദ്രങ്ങളിൽ നേരിട്ടോ, സ്പീഡ്/രജിസ്റ്റേർഡ് തപാൽ മാർഗമോ അയച്ചുകൊടുക്കണം. ജില്ലാ കേന്ദ്രങ്ങളുടെ മേൽവിലാസം സ്കോൾകേരള വെബ്സൈറ്റിൽ ലഭ്യമാണ്. സംസ്ഥാന ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
വിവരങ്ങൾക്ക്: 04712342950, 2342271, 2342369.
Education
തിരുവനന്തപുരം: 2026-27 അധ്യയനവർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/ എയ്ഡഡ്/ Govt Cost sharing (IHRD/CAPE)/ സ്വാശ്രയ പോളിടെക്നിക് കോളജുകളിലെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ സ്ഥാപനാടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷൻ 28 മുതൽ ഓഗസ്റ്റ് ഒന്നുവരെ അതതു സ്ഥാപനങ്ങളിൽ നടത്തും.
അപേക്ഷകർ www.polyadmission.orgയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. സ്പോട്ട് അഡ്മിഷനിൽ അപേക്ഷകന് ഏത് സ്ഥാപനത്തിലെയും ഏത് ബ്രാഞ്ചുകളിലേക്കും പുതിയ ഓപ്ഷനുകൾ നൽകാം.
നിലവിൽ ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ഇന്നു മുതൽ 28 വരെ ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കാം. നിലവിൽ ലഭ്യമായ ഒഴിവുകൾ പോളിടെക്നിക് കോളജ് അടിസ്ഥാനത്തിൽ www.polyadmission.org യിലെ Vacancy Position എന്ന ലിങ്ക് വഴി മനസിലാക്കാം.
നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും പുതുതായി അപേക്ഷ സമർപ്പിച്ചവരും ഒഴിവുകൾ ലഭ്യമായ പോളിടെക്നിക് കോളജിൽ ഹാജരാകാൻ ശ്രദ്ധിക്കണം.
Education
തിരുവനന്തപുരം: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളജ്/ സർവകലാശാലാ വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2026-27 അധ്യയനവർഷത്തിലെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് റിന്യുവൽ അപേക്ഷകൾ www.scholarships.gov.in വഴി ഓൺലൈനായി സമർപ്പിക്കാം.
റിന്യൂവൽ ചെയ്യുന്നതിനായി വാർഷിക പരീക്ഷയിൽ 50 ശതമാനം മാർക്കും 75 ശതമാനം ഹാജരും ഉണ്ടായിരിക്കണം. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 31.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ :9447096580.
Kerala
കൊച്ചി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ആംഗ്ലോ-ഇന്ത്യന്‍ എഡ്യുക്കേഷന്‍ ചെയര്‍മാനായി ബെനഡിക്ട് സിമേതി തെരഞ്ഞെടുക്കപ്പെട്ടു.
ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സെക്രട്ടറിയായി ആന്‍ഡ്രു കൊറയ, ട്രഷററായി പീറ്റര്‍ കൊറയ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികളായി മാര്‍ഷല്‍ ഡിക്കൂഞ്ഞ, ജോസഫ് ഡിസൂസ - വൈസ് ചെയര്മാന്മാര്, ഡെന്‍സില്‍ ലൂയിസ് - ജോയിന്റ് സെക്രട്ടറി എന്നിവരെയും ഭരണസമിതിയിലേക്ക് 11 അംഗങ്ങളെയും തെരഞ്ഞെടുത്തു.
Kerala
കോട്ടയം: എയ്ഡഡ് സ്കൂളുകളിലെ അധ്യാപക- അനധ്യാപക തസ്തികകളിലെ താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കണമെന്ന് വിദ്യാഭ്യാസവകുപ്പ്. പൊതുവിദ്യാഭ്യാസ വകുപ്പിലെ റീജണൽ ഡപ്യൂട്ടി ഡയറക്ടറുടെ പേരിലാണ് സർക്കുലർ പുറത്തിറങ്ങിയിരിക്കുന്നത്. RDDHSE/443/2026-A1 നമ്പരായി കഴിഞ്ഞ പതിനഞ്ചിന് ഇറക്കിയ സർക്കുലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇതു പ്രകാരം സർക്കാർ- എയ്ഡഡ് സ്കൂളുകളിൽ ഉണ്ടാകുന്ന താത്കാലിക, ദിവസവേതന ഒഴിവുകൾ സ്ഥാപനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അറിയിച്ച് നികത്താനുള്ള നടപടി സ്വീകരിക്കണം. അധ്യയന വർഷം തുടങ്ങുന്നതിനു മുന്‍പു തന്നെ ഒഴിവുകൾ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. എല്ലാ സ്കൂൾ പ്രിൻസിപ്പൽമാർക്കുമായിട്ടാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം, എയ്ഡഡ് മാനേജ്മെന്റിന്റെ നിയമനത്തിനുള്ള അധികാരത്തിന്മേലുള്ള കൈകടത്തലാണ് പുതിയ നിർദേശം എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സുപ്രീം കോടതി അടക്കം എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനത്തിനുള്ള അവകാശം അതതു മാനേജ്മെന്റുകൾക്കാണെന്നു പലവട്ടം ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ഇതിനു വിരുദ്ധമായിട്ടാണ് ഇപ്പോൾ വിദ്യാഭ്യാസവകുപ്പ് നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
നിലവിൽ മാനേജ്മെന്റുകൾ തന്നെയാണ് താത്കാലിക നിയമനങ്ങൾ നടത്തുന്നത്. ഇതിനു തടയിടാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നാണ് ആക്ഷേപം. സർക്കാരിന്റെ നിയമവിരുദ്ധ നീക്കത്തിനെതിരേ കടുത്ത പ്രതിഷേധം ഉയരുമെന്ന സൂചനകൾ പുറത്തുവന്നുകഴിഞ്ഞു.
National
ന്യൂഡൽഹി: വിദ്യാഭ്യാസ വിപ്ലവത്തിനു സമയമായെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ വിദ്യാഭ്യാസ സംവിധാനം അന്യായമായി പിടിച്ചുപറി നടത്തുന്ന ഒരു സമ്പദ്രായമായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസ് കഴിഞ്ഞ മാസം പ്രഖ്യാപിച്ച രാജ്യവ്യാപക വിദ്യാർഥി പ്രക്ഷോഭ പരിപാടിയായ ഛാത്രോൺ കീ ഗൂഞ്ചിന്റെ (വിദ്യാർഥികളുടെ പ്രതിധ്വനി) ഡെറാഡൂണിലെ അടുത്ത റാലിയിൽ താൻ പങ്കെടുക്കുമെന്നും രാഹുൽ എക്സിലൂടെ അറിയിച്ചിട്ടുണ്ട്.
അഴിമതി, അന്യായം, പക്ഷപാതം, സത്യസന്ധതയില്ലായ്മ-എന്നീ നാല് പദങ്ങളാണ് ഇന്ത്യയിലെ വിദ്യാഭ്യാസ സംവിധാനത്തെ വിശേഷിപ്പിക്കാൻ രാജ്യത്തെ വിദ്യാർഥികൾ ഉപയോഗിക്കുന്നതെന്ന് രാഹുൽ കുറിച്ചു.
അഴിമതിയാണ് ദശലക്ഷക്കണക്കിനു വിദ്യാർഥികളുടെ കഠിനാധ്വാനം ഒറ്റയടിക്കു കൊള്ളടിക്കുന്ന പേപ്പർ മാഫിയയ്ക്കു ജന്മം നൽകിയത്. കുറ്റവാളികളായ വിൽപനക്കാർക്കും ഉദ്യോഗസ്ഥർക്കും ടെൻഡറുകളും പ്രൊമോഷനും ലഭിക്കുന്നു.
ആർക്കാണ് ശിക്ഷ ലഭിക്കുന്നത്? തകർന്ന സ്വപ്നങ്ങളുമായി ഒറ്റപ്പെട്ട വിദ്യാർഥികൾക്ക്. മോദി സർക്കാരും വിദ്യാഭ്യാസ മന്ത്രാലയവും മാധ്യമങ്ങളും നിശബ്ദത പാലിക്കുന്നു -രാഹുൽ കുറിച്ചു.
Kerala
തിരുവനന്തപുരം: മികവുറ്റ ഉന്നതവിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യമാക്കുന്ന സ്ഥാപനമാണ് ഇന്ദിരാ ഗാന്ധി നാഷണൽ ഓപൺ യൂണിവേഴ്സിറ്റി (ഇഗ്നൊ). നാക് എ++ അംഗീകാരമുള്ള രാജ്യത്തെ ഓപൺ സർവകലാശാലകളിലൊന്നാണിത്.
കല, ശാസ്ത്രം, മാനേജ്മെന്റ്, കംപ്യൂട്ടർ സയൻസ് തുടങ്ങി വിവിധ മേഖലകളിലായി മുന്നൂറിലധികം പ്രോഗ്രാമുകൾ ഇഗ്നൊ നൽകുന്നു. സർട്ടിഫിക്കറ്റ് കോഴ്സ് മുതൽ ഗവേഷണതല പഠനങ്ങൾവരെ വിദ്യാർഥികളുടെ ആവശ്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുക്കാം. വർഷത്തിൽ രണ്ടുതവണ അഡ്മിഷൻ ലഭ്യമാകുന്നതിനാൽ ജോലി ചെയ്യുന്നവർക്കും പ്രവാസികൾക്കും സ്വന്തം സമയക്രമത്തിൽ പഠിക്കാൻ കഴിയും.
യുജിസി മാർഗനിർദേശങ്ങൾ പ്രകാരം ഒരേസമയം ഒന്നിലധികം കോഴ്സുകൾ പഠിക്കാനും അവസരമുണ്ട്. തിരുവനന്തപുരം ഇഗ്നൊ റീജണൽ സെന്ററിന് കീഴിലുള്ള മാർ ഈവാനിയോസ് കോളജിലെ ഇഗ്നൊ സ്റ്റഡി സെന്ററാണ് അക്കാദമിക പിന്തുണയും സേവനങ്ങളും നൽകുന്ന പ്രധാന കേന്ദ്രം.
ജൂലൈ സെഷനിലേക്കുള്ള അഡ്മിഷൻ പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾക്ക് ഇഗ്നൊ വെബ്സൈറ്റ് സന്ദർശിക്കുകയോ സ്റ്റഡി സെന്ററുമായി ബന്ധപ്പെടുകയോ ചെയ്യാമെന്നും ഇഗ്നൊ സ്റ്റഡി സെന്റർ കോ-ഓർഡിനേറ്റർ ഡോ. സുജു സി. ജോസഫ് അറിയിച്ചു.
Kerala
പത്തനംതിട്ട: സംസ്ഥാനത്തെ സ്കൂളുകളിൽ തസ്തിക നിർണയത്തിന് പ്രൊവിഷണൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്വീകാര്യമല്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്.
സ്കൂളുകളിൽ അധ്യയനം മുടങ്ങാതിരിക്കാൻ വേണ്ടി മാത്രമാണ് പ്രൊവിഷണൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നതെന്നും തസ്തിക നിർണയത്തിന് ഇതംഗീകരിക്കാനാകില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ സ്കൂളുകളിൽ പലയിടത്തും ഇക്കുറി പ്രൊവിഷണൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസ ചട്ടത്തിൽ താത്കാലിക സർട്ടിഫിക്കറ്റിനെക്കുറിച്ച് പരാമർശമില്ലാത്തതിനാൽ തസ്തിക നിർണയം അടക്കമുള്ള നടപടികൾക്ക് ഇതംഗീകരിക്കാനാകില്ലെന്നാണ് ഉത്തരവ്.
പ്രൊവിഷണൽ സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞാൽ ഫിറ്റനസ് സർട്ടിഫിക്കറ്റ് ലഭ്യമായ കെട്ടിടങ്ങൾ മാത്രമേ കുട്ടികളുടെ ക്ലാസ് മുറികൾക്കായി ഉപയോഗിക്കാൻ പാടുള്ളൂവെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.
ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ അഭാവത്തിൽ ഏതെങ്കിലും സ്കൂളിൽ തസ്തിക നിർണയം നടത്തി ഉത്തരവ് നൽകാനാകുന്നില്ലെങ്കിൽ 15 മുതൽ അധ്യാപകർക്കും ജീവനക്കാർക്കും ശന്പളം അനുവദിക്കാൻ കഴിില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
District News
തുന്പമൺ: പഠനം വ്യക്തിയെ തൊഴിൽ നേടാൻ മാത്രം സഹായിക്കുന്ന ഉപാധിയല്ലായെന്നും സമൂഹത്തിന് വെളിച്ചമാകുന്ന വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന പ്രക്രിയയാണതെന്നും മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെഫാഫിം മെത്രാപ്പോലീത്ത. തുമ്പമൺ എംജി ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച തേജസ് 26 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മത്സരങ്ങളുടെ ലോകത്ത് മുന്നേറുമ്പോഴും സത്യസന്ധതയും കരുണയും വിശ്വാസവും കൈവിടരുത്. ഇന്ന് ആദരിക്കപ്പെടുന്ന വിദ്യാർഥികൾ നാളെയുടെ സമൂഹത്തെ നയിക്കുന്നവരാണ്. അതിനാൽ വിജ്ഞാനത്തനൊപ്പം വിനയവും ഉത്തരവാദിത്വ ബോധവും വളർത്തിയെടുക്കണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. പിടിഎ പ്രസിഡന്റ് ഷിബു കെ. ഏബ്രഹാം അധ്യക്ഷത വഹിച്ചു.
മുൻ ഹെഡ്മാസ്റ്റർ കൊമ്പിയിൽ ടി. ഐ. സഖറിയായുടെ സ്മരണാർഥം വടക്കേ താഴേതിൽ കുടുംബയോഗം ഏർപ്പെടുത്തിയ എൻഡോവ്മെന്റിന്റെ ഉദ്ഘാടനവും മെത്രാപ്പോലീത്ത നിർവ്വഹിച്ചു.കുടുംബയോഗം പ്രസിഡന്റ് വി.എസ്. ഇടിക്കുള അനുസ്മരണ പ്രസംഗം നടത്തി.
വിദ്യാർഥികളുടെ പഠന സഹായത്തിനായി രൂപീകരിച്ച ആർദ്രം ചാരിറ്റി ഫണ്ടിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് കുമാർ നിർവഹിച്ചു. യോഗത്തിൽ സ്കൂൾ ലോക്കൽ മാനേജർ ഫാ. ജിജി സാമുവേൽ, മുൻ പ്രിൻസിപ്പാൾ ഡോ. മാത്യു പി. ജോർജ്, മുൻ ഹെഡ്മാസ്റ്റർ റോയി ജോൺ, പ്രിൻസിപ്പാൾ മേരി ഫിലിപ്പോസ് തരകൻ, ഹെഡ്മിസ്ട്രസ് ജോമിനി സൂസൻ ഏബ്രഹാം വിദ്യാർഥി പ്രതിനിധികളായ നിയ ജോസ്, നെയ്തൽ റിച്ച ഷിജു എന്നിവർ പ്രസംഗിച്ചു.
District News
പ്രവിത്താനം: വിദ്യാഭ്യാസത്തിനും സമൂഹത്തിന്റെ സമഗ്രവികസനത്തിനും പ്രാദേശിക സ്ഥാപനങ്ങള്‍ നല്കുന്ന സംഭാവനകള്‍ മാതൃകാപരമാണെന്നും വിദ്യാഭ്യാസത്തിലേക്കുള്ള നിക്ഷേപമാണ് സമൂഹത്തിന്റെ ഏറ്റവും വലിയ സമ്പത്തെന്നും രമേശ് പിഷാരടി എംഎല്‍എ. നവീകരിച്ച പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് പാസ്റ്ററല്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദേഹം.
ഫൊറോന വികാരിയും സ്കൂള്‍ മാനേജരുമായ ഫാ. ജോര്‍ജ് വേളൂപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. മാണി സി. കാപ്പന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെയും സെന്റ് അഗസ്റ്റിന്‍സ് എല്‍പി സ്കൂളിന്റെയും മെറിറ്റ് ഡേ ആഘോഷവും നടന്നു.
വിവിധ പൊതുപരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ച് മെറിറ്റ് അവാര്‍ഡുകളും ഉപഹാരങ്ങളും വിതരണം ചെയ്തു.
District News
കോഴിക്കോട്: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കോഴിക്കോട് മേഖലയിലെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും മക്കള്‍ക്കായി ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ-കായിക അവാര്‍ഡുകളുടെ വിതരണോദ്ഘാടനം മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂര്‍ നിര്‍വഹിച്ചു.
മത്സ്യത്തൊഴിലാളികളുടെ മക്കളുടെ ഉന്നത പഠനത്തിനുള്ള പരിശീലനങ്ങളും ധനസഹായവും ഉള്‍പ്പെടെ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ ഇന്‍ഷ്വറന്‍സ് തുക വര്‍ധിപ്പിക്കുന്നതിനും സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.
കോഴിക്കോട് സമുദ്ര ഓഡിറ്റോറിയത്തില്‍ നടന്ന "നക്ഷത്രത്തിളക്കം 2026' ചടങ്ങില്‍ അഡ്വ. കെ. ജയന്ത് എംഎല്‍എ അധ്യക്ഷനായി. മത്സ്യബോര്‍ഡ് റീജ്യണല്‍ എക്സിക്യൂട്ടീവ് പി. അബ്ദുല്‍ മജീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോഴിക്കോട് കോര്പറേഷന് ക്ഷേമകാര്യ-വികസന സ്ഥിരം സമിതി അധ്യക്ഷന്‍ വി.പി. മനോജ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ സരിത, സൗഫിയ അനീഷ്, പണ്ടാരത്തില്‍ പ്രസീന, ലൈല, ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ ചെല്‍സ സിനി, മത്സ്യബോര്‍ഡ് സെക്രട്ടറി എസ്. സന്തോഷ് കുമാര്‍, ബോര്‍ഡ് അംഗം വി.കെ. മോഹന്‍ദാസ്, കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. അനീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Kerala
കോഴിക്കോട്: ഇതര രാജ്യങ്ങളുമായി മത്സരിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കാന്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖല ശക്തീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്. പ്ലസ്വണ് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് തലക്കുളത്തൂര്‍ സിഎംഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ലോകം ഗ്ലോബല്‍ വില്ലേജായി മാറുകയും അകലം കുറയുകയും ചെയ്ത കാലത്ത് വിദ്യാഭ്യാസ രംഗത്തും അനുദിനം മാറ്റങ്ങളുണ്ടാകുന്നു. ലോകം സഞ്ചരിക്കുന്നതിനൊപ്പം നമുക്കും സഞ്ചരിക്കാനാവുകയും എല്ലാ വിദ്യാഭ്യാസ സ്വപ്നങ്ങളും സഫലീകരിക്കാനാവുകയും വേണം.
മറ്റുള്ളവരെ കേരളത്തിലേക്ക് വിദ്യാഭ്യാസത്തിനായി ആകര്‍ഷിക്കാനാവുംവിധം നമ്മുടെ വിദ്യാഭ്യാസ രീതികള്‍ പരിഷ്കരിച്ച് മുന്നോട്ടുപോകും. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ ഉള്‍പ്പെടെയുണ്ടായ നൂതന മാറ്റങ്ങള്‍ വിദ്യാഭ്യാസരംഗത്തും പ്രകടമാകേണ്ടതുണ്ടെന്നു മന്ത്രി പറഞ്ഞു.
സ്കൂളിന്റെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. വിദ്യാ ബാലകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
National
ന്യൂഡൽഹി: രാജ്യത്തു ഗുണമേന്മയുള്ളതും ചെലവ് കുറഞ്ഞതുമായ ഫാർമസി വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും ഈ മേഖലയുടെ നിയന്ത്രണത്തിനും ദേശീയ ഫാർമസി കമ്മീഷൻ രൂപീകരിക്കാൻ നിർദേശിച്ചു കേന്ദ്രസർക്കാർ.
നിലവിലുള്ള 1948ലെ ഫാർമസി നിയമത്തിനു പകരമായി കേന്ദ്ര ആരോഗ്യമന്ത്രാലയം തയാറാക്കിയ ‘നാഷണൽ ഫാർമസി കമ്മീഷൻ ബില്ല് 2026ന്റെ പുതുക്കിയ കരടിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ആധുനിക വൈദ്യശാസ്ത്രം, ഇന്ത്യൻ ചികിത്സാരീതികൾ, ഹോമിയോപ്പതി തുടങ്ങിയ മേഖലകളിലെ ഫാർമസി പ്രൊഫഷണലുകളെ അത്യാധുനിക ഫാർമസ്യൂട്ടിക്കൽ-ലൈഫ് സയൻസ് ഗവേഷണങ്ങൾ സ്വീകരിക്കാൻ പ്രാപ്തരാക്കുകയാണ് പുതിയ ബില്ലുകൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്മീഷനിൽ ഒരു ചെയർപേഴ്സണും 15 എക്സ്-ഒഫീഷ്യോ അംഗങ്ങളും 13 പാർട്ട് ടൈം അംഗങ്ങളും ഉണ്ടായിരിക്കും. കുറഞ്ഞത് 20 വർഷത്തെ പ്രവൃത്തിപരിചയവും അതിൽ പത്തു വർഷം ഫാർമസി മേഖലയിൽ നേതൃസ്ഥാനവും വഹിച്ചിട്ടുള്ള രജിസ്ട്രേഡ് ഫാർമസിസ്റ്റുകളെയാണ് ചെയർപേഴ്സൺ സ്ഥാനത്തേക്കു നിയമിക്കുക.
ഫാർമസി സ്ഥാപനങ്ങൾ, ഗവേഷണം, പ്രൊഫഷണലുകൾ എന്നിവയെ നിയന്ത്രിക്കാനും പരമാവധി ട്യൂഷൻ ഫീസ് നിശ്ചയിക്കാനുമുള്ള അധികാരം കമ്മീഷന് ഉണ്ടായിരിക്കും. കൂടാതെ, ഫാർമസി പ്രാക്ടീസ് ചെയ്യുന്നതിനുള്ള ലൈസൻസ് നൽകുന്നതിനും പിജി പ്രവേശനത്തിനുമുള്ള മാനദണ്ഡമായി നാഷണൽ എക്സിറ്റ് ടെസ്റ്റ് (ഫാർമസി) ഈ ബില്ലിലൂടെ കൊണ്ടുവരാനും സർക്കാർ ശ്രമിക്കുന്നു. നിയമം പ്രാബല്യത്തിൽ വന്ന് അഞ്ചു വർഷത്തിനുള്ളിൽ ഇതു നടപ്പാകും.
Education
തൃശൂർ: കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ കീഴിൽ മണ്ണുത്തി ഡോണ്‍ബോസ്കോ കോളജിൽ നടന്നുകൊണ്ടിരിക്കുന്ന ബിഎ ക്രിസ്ത്യൻ സ്റ്റഡീസിൽ ആദ്യ ബാച്ച് വിജയകരമായി പുറത്തിറങ്ങി. കേരളത്തിൽ ഇദംപ്രഥമമായാണ് ക്രിസ്ത്യൻ പഠനശാഖയിലും ദൈവശാസ്ത്രത്തിലും ബിരുദപഠനം നടക്കുന്നത്.
ദൈവശാസ്ത്ര വിഷയങ്ങളോടൊപ്പംതന്നെ മാനേജ്മെന്റ് സ്റ്റഡീസ്, ഭാരതസംസ്കാരം, കേരള നവോത്ഥാനം, വിമൻ സ്റ്റഡീസ്, മാനസികാരോഗ്യം, പരിസ്ഥിതി ആധ്യാത്മികത തുടങ്ങിയവയും പഠനവിഷയങ്ങളാണ്. ഈ ബിരുദത്തിനുശേഷം എംഎസ്ഡബ്ല്യു, ഇംഗ്ലീഷ് സാഹിത്യം, സാന്പത്തികശാസ്ത്രം, ചരിത്രം, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ് തുടങ്ങിയ മാനവികവിഷയങ്ങളിൽ ബിരുദാനന്തര പഠനത്തിനും വിദ്യാർഥികൾക്ക് അവസരം ലഭിക്കും. സാമൂഹ്യശാസ്ത്രത്തിൽ ബിഎഡ് പഠനത്തിനും ബിഎ ക്രിസ്ത്യൻ സ്റ്റഡീസ് യോഗ്യത നൽകുന്നു. കൗണ്‍സലിംഗ് മേഖലയിലും അധ്യാപനരംഗത്തും ജോലി ആഗ്രഹിക്കുന്നവർക്ക് ഈ ഡിഗ്രി കോഴ്സ് ഏറെ അഭികാമ്യമാണെന്നു കാലിക്കട്ട് യൂണിവേഴ്സിറ്റി ക്രിസ്ത്യൻ ചെയർ ഡയറക്ടർ ഫാ. ഡോ. പോൾ പുളിക്കൻ അറിയിച്ചു. പിഎസ്സി പരീക്ഷയിൽ പങ്കെടുക്കുന്നതിന് അടിസ്ഥാനയോഗ്യതയായി ഈ ഡിഗ്രി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ബിഎ ക്രിസ്ത്യൻ സ്റ്റഡീസ് വിജയകരമായി പൂർത്തിയാക്കുന്നവർക്കു കരിയർ പ്ലേസ്മെന്റിന് തൃശൂർ അതിരൂപതയുടെ സമുദായ-യുവജന ശക്തീകരണസംരംഭമായ ഏദൻ എംപവർമെന്റ് ഇനിഷ്യേറ്റീവ് അവസരമൊരുക്കും. അർഹരായവർക്കു ഡിഗ്രി പഠനത്തിനു കാലിക്കട്ട് യൂണിവേഴ്സിറ്റി ക്രിസ്ത്യൻ ചെയർ സ്കോളർഷിപ്പ് നൽകും.
പ്രായപരിധി തടസമല്ല എന്നതാണ് ഈ കോഴ്സിന്റെ സവിശേഷത. ഉന്നതപഠനം ആഗ്രഹിക്കുന്ന യുവജനങ്ങൾക്കും പഠനം ഒരിക്കൽ മുടങ്ങി വീണ്ടും പഠനരംഗത്തേക്കു മടങ്ങിയെത്താൻ ആഗ്രഹിക്കുന്നവർക്കും വീട്ടമ്മമാർക്കും ഈ കോഴ്സ് ഡിഗ്രി പഠനത്തിന് അവസരം ഒരുക്കുന്നു. വിശുദ്ധ ഗ്രന്ഥത്തെയും ദൈവശാസ്ത്രത്തെയും കൂടുതൽ ആഴത്തിൽ മനസിലാക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും ഈ കോഴ്സിൽ പ്രവേശനം നേടാം. സമർപ്പിതരംഗത്തു പരിശീലനം നൽകുന്നവർക്കും ഈ കോഴ്സ് ഏറെ ഉപകാരപ്രദമാണ്. താത്പര്യമുള്ളവർ എത്രയും വേഗം ഡോണ്‍ ബോസ്കോ കോളജ് അധികൃതരെ സമീപിക്കണം.
Education
തിരുവനന്തപുരം: കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കൾക്ക് നൽകിവരുന്ന എസ്എസ്എൽസി സ്കോളർഷിപ്പ്/ പഠന സഹായത്തിന് ജൂലൈ ഒന്നു മുതൽ ഓഗസ്റ്റ് ഒന്നു വരെ അപേക്ഷിക്കാം.
ബോർഡിൽ നിന്നും ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്/ ധനസഹായം നൽകിവരുന്ന വിവിധ കോഴ്സുകൾ ജൂൺ 1 മുതൽ ആരംഭിക്കുന്നില്ലെങ്കിൽ 2026 അധ്യയന വർഷത്തിൽ കോഴ്സ് തുടങ്ങിയ ദിവസം മുതൽ 45 ദിവസം വരെ അപേക്ഷ സ്വീകരിക്കും.
ഏതെങ്കിലും കോഴ്സുകൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെങ്കിൽ പത്രങ്ങളിൽ അറിയിപ്പു നൽകുന്ന തീയതി മുതൽ 45 ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം.
Education
തിരുവനന്തപുരം: ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം എൻഎസ്ക്യൂഎഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള ഒന്നാംവർഷ ഏകജാലക പ്രവേശനത്തിനായുള്ള രണ്ടാം അലോട്ട്മെന്റ് https://admission. vhseportal.kerala.gov.in ൽ നാളെ മുതൽ ലഭ്യമാകും.
രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്വേഡും നൽകി ലോഗിൻ ചെയ്ത് Allotment Result ലിങ്കിലൂടെ അപേക്ഷകർക്ക് അലോട്ടമെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനു കഴിയും.
23നു വൈകുന്നേരം നാലുവരെ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള സ്കൂളുകളിൽ പ്രവേശനം നേടാം.
Education
കൊച്ചി: ട്രാൻസ്ഡിസിപ്ലിനറി വിദ്യാഭ്യാസം മുൻനിർത്തി പ്രവർത്തിക്കുന്ന വേൾഡ് പീസ് യൂണിവേഴ്സിറ്റിയുടെ (എംഐടി-ഡബ്ല്യുപിയു) പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു.
കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ബാച്ച്ലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (ഓണേഴ്സ്), ഇന്റഗ്രേറ്റഡ് പ്രൊഡക്ട് ഡിസൈൻ, കമ്യൂണിക്കേഷൻ ഡിസൈൻ, സൈക്കോളജി (ഓണേഴ്സ്) തുടങ്ങിയ കോഴ്സുകളിലേക്കാണു പ്രവേശനം.
ഉന്നത നിലവാരത്തിലുള്ള പ്രഫഷണൽ വിദ്യാഭ്യാസത്തെ സമാധാന പഠനങ്ങളുടെ തത്വങ്ങളുമായി സമന്വയിപ്പിച്ചു നൽകുന്ന ലോകത്തിലെ ആദ്യത്തെ സർവകലാശാലകളിൽ ഒന്നാണ് എംഐടി -ഡബ്ല്യുപിയു എന്ന് അസോസിയേറ്റ് പ്രഫസർമാരായ ഡോ. വാണിശ്രീ രാമനാഥൻ, ഡോ. ഗൗതം ബാപട്ട് എന്നിവർ അറിയിച്ചു.
Education
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2026-27 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ കോഴ്സിന്റെ പ്രവേശനത്തിന് 28നു നടത്തുന്ന പരീക്ഷയുടെ ഹാൾ ടിക്കറ്റ് www.lbscentre.kerala.gov.in മുഖേന അപേക്ഷാർഥികളുടെ ലോഗിൻ വഴി ഡൗൺലോഡ് ചെയ്യാം. കൂടുതൽവിവരങ്ങൾക്ക്: 04712324396, 2560327.
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളജുകളിലേക്ക് 2026-27 അധ്യയനവർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സിന്റെ പ്രവേശനത്തിന് 28 നു നടത്തുന്ന പ്രവേശനപരീക്ഷയുടെ ഹാൾ ടിക്കറ്റ് www.lbscentre.kerala.gov.in മുഖേന അപേക്ഷാർഥികളുടെ ലോഗിൻ വഴി ഡൗൺലോഡ് ചെയ്യാം. കൂടുതൽവിവരങ്ങൾക്ക്: 04712324396, 2560327.
Kerala
തിരുവനന്തപുരം: പിഎം ശ്രീയില്‍ മന്ത്രിസഭാ ഉപസമിതി എല്ലാ വശങ്ങളും പരിശോധിച്ചശേഷം തുടര്‍ നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി തീരുമാനം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീയില്‍ ഒപ്പിട്ട് ഈ പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ തീരുമാനിച്ച ഉപസമിതി പദ്ധതിയുടെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി തീരുമാനം അറിയിക്കും. ഒപ്പിട്ട കരാറിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് കത്ത് വന്നിട്ടുണ്ട്. പിഎം ശ്രീ എന്ന് പറഞ്ഞല്ല ഫണ്ട് തന്നത്. പിഎം ശ്രീ ഒപ്പുവയ്ക്കാത്തത് കൊണ്ട് കേന്ദ്രം എസ്എസ്കെ ഫണ്ട് തടഞ്ഞുവച്ചു. പദ്ധതിയില്‍ ഒപ്പിട്ട് നാലാം നാള് ഫണ്ട് അനുവദിച്ചു. 99 കോടി ആ ഇനത്തില്‍ വന്നു.
പിഎം ശ്രീ ഫണ്ട് ആണെന്ന് ആരും പറഞ്ഞില്ല. സ്കൂളുകളുടെ തെരഞ്ഞെടുപ്പാണ് അടുത്തഘട്ടം. ആ കാര്യങ്ങളെ സംബന്ധിച്ച് ഉപസമിതിയുടെ തീരുമാനത്തിനുശേഷം തീരുമാനമെടുക്കും. ഒപ്പിട്ടവര്‍ ഉണ്ടാക്കിയ പ്രതിസന്ധിയെ കുറിച്ചാണ് പറഞ്ഞതെന്നും ഷംസുദ്ദീൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ലെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും എസ്എസ്കെ ഫണ്ട് വാങ്ങുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചതെന്നും ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
പിഎം ശ്രീ നടപ്പാക്കുന്നതിന് വേണ്ടി സ്കൂളുകളുടെ പട്ടിക കൊടുക്കണമായിരുന്നു. അത് എൽഡിഎഫ് സർക്കാർ കൊടുത്തിട്ടില്ല. മുഖ്യമന്ത്രി കാര്യം മനസിലാക്കാതെയാണ് സംസാരിക്കുന്നതെന്നും ശിവൻകുട്ടി വിമര്‍ശിച്ചു.
പിഎം ശ്രീ ഫണ്ട് വാങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞുവെങ്കിൽ അത് വസ്തുതാ വിരുദ്ധമാണ്. മന്ത്രിസഭ ഉപസമിതി വരുന്നതിൽ തെറ്റില്ല. പിഎം ശ്രീ ഭാഗമാകില്ലെന്ന് കാട്ടി ആദ്യം കത്ത് നൽകിയിരുന്നു. പിന്നീട് മന്ത്രിസഭ കൂടി നടപടികൾ മരവിപ്പിക്കാൻ കഴിഞ്ഞ സർക്കാർ കത്ത് നൽകിയിരുന്നു. ഇത് സർക്കാർ രേഖയായി നിലവിലുണ്ട്.
മറിച്ചുള്ള മുഖ്യമന്ത്രിയുടെ വാദങ്ങൾ വാസ്തവവിരുദ്ധമാണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ വെല്ലുവിളിക്കുകയാണെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
Education
തിരുവനന്തപുരം: എൻജിനിയറിംഗ്/സയൻസ് സ്ട്രീമുകളിൽ ഇക്കൊല്ലം ഡിഗ്രി പ്രവേശനം നേടാൻ ഉദ്ദേശിക്കുന്ന വിദ്യാർഥികൾക്ക് ഐസിഫോസ് പൈതൺ പ്രോഗ്രാമിംഗിലും സ്വതന്ത്ര സോഫ്റ്റ്വേറിലും ഹാർഡ് വെയറിലും ആറു ദിവസം നീണ്ടുനിൽക്കുന്ന ബ്രിഡ്ജ് കോഴ്സ് നടത്തുന്നു.
ജൂൺ 29 മുതൽ ജൂലൈ നാലുവരെ ഓഫ്ലൈൻ മോഡിലാണ് കോഴ്സ് സംഘടിപ്പിക്കുന്നത്. കാര്യവട്ടം സ്പോർട്സ് ഹബ്ബിലെ ഐസിഫോസിൽ രാവിലെ 10 മുതൽ 5 വരെയാണു കോഴ്സ് നടക്കുക. 30 സീറ്റുകളാണുള്ളത്. 4000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.
അപേക്ഷിക്കേണ്ട അവസാന തീയതി 26. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: https://icfoss.in/event-details/225. ഫോൺ: +91 7356610110, +91 471 2413012 / 13 / 14, +91 9400225962.
Education
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിലും സ്വാശ്രയ കോളജുകളിലും നടത്തുന്ന എംഎസ്സി(എംഎൽടി) കോഴ്സിലേക്കുള്ള പ്രവേശനത്തിന് 30 വരെ അപേക്ഷിക്കാം. പ്രോസ്പെക്ടസ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്നോ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് അംഗീകരിച്ച ബിഎസ്സി(എംഎൽടി) കോഴ്സ് 55 ശതമാനത്തിൽ കുറയാതെയുള്ള മാർക്കോടെ പാസായവർക്ക് ഈ കോഴ്സിന് അപേക്ഷിക്കാം.
സാധാരണ അപേക്ഷകർക്ക് 40 ഉം സർവീസ് ക്വോട്ടയിലുള്ള അപേക്ഷകർക്ക് 49 വയസുമാണ് പ്രായപരിധി. എംഎസ്സി (എംഎൽടി) കോഴ്സിന് അപേക്ഷിക്കുന്നതിന് www. lbscentre.kerala.gov.in ലൂടെ ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1200 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 600 രൂപയുമാണ്. അപേക്ഷകർക്ക് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴി 28 വരെ അപേക്ഷാഫീസ് ഒടുക്കാം.
സർവീസ് േക്വാട്ടയിൽ അപേക്ഷിക്കുന്നവർ അപേക്ഷാഫീസ് സർക്കാർ ട്രഷറിയിൽ ‘0210-03-105-99’ എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ ആണ് ഒടുക്കേണ്ടത്. തിരുവനന്തപുരത്തു നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക്ലിസ്റ്റിൽ നിന്നുമാണ് ഈ കോഴ്സിലേക്കുള്ള പ്രവേശനം നടത്തുന്നത്.
സർവീസ് േക്വാട്ടയിൽ അപേക്ഷിക്കുന്നവരും പ്രവേശന പരീക്ഷ എഴുതേണ്ടതാണ്. പ്രവേശന പരീക്ഷയുടെ തീയതി പിന്നീട് പ്രസിദ്ധീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.
Education
കോട്ടയം: കോട്ടയം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സെന്റ് എഫ്രേം എക്യുമെനിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ടു വര്‍ഷത്തെ എംഎ സുറിയാനി കോഴ്സിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.
ബിരുദത്തിന് 45% ത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി 30.
ഫോണ്‍: 0481-2564333, 9744018269, 7306126840. ഇ-മെയില്‍: [email protected].
Kerala
തിരുവനന്തപുരം: ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്കു കളർ ഡ്രസ് അനുവദിക്കുന്നതു പരിഗണനയിൽ ആണെന്ന വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദീന്റെ നിലപാടിനെ എതിർത്ത് കെഎസ്യു രംഗത്ത്. ഇതു കുട്ടികൾക്കിടയിൽ വേർതിരിവിനു കാരണമാകുമെന്നും നടപ്പാക്കാൻ പാടില്ലെന്നും കെഎസ്യു നേതൃത്വം മന്ത്രിക്കു നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വിദ്യാർഥികൾക്കിടയിലെ സാമൂഹിക സാമ്പത്തിക വ്യത്യാസങ്ങൾ വേർതിരിച്ചറിയാൻ ഇതു കാരണമാകുമെന്നാണ് കെഎസ്യുവിന്റെ പ്രധാന പരാതി. എല്ലാവരും തുല്യരെന്ന സ്വയംബോധമാണ് യൂണിഫോമുകൾ വിദ്യാർഥികൾക്കു നൽകുന്നത്.
അത് ഇല്ലാതാക്കുന്നതാണ് പുതിയ നീക്കം. കളർ ഡ്രസ് അനുവദിക്കുന്നതു സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ബുദ്ധിമുട്ടിലാക്കും. ഇത് അവരുടെ മാനസികാരോഗ്യത്തെയും ബാധിക്കും. തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു കെഎസ്യു സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യനാണ് മന്ത്രിക്കു നിവേദനം നൽകിയത്.
ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് എന്ന ആശയം ആകർഷകമാണെന്നും നടപ്പാക്കാൻ ശ്രമിക്കുമെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ നേരത്തെ പറഞ്ഞിരുന്നത്. ബാക്ക്ബെഞ്ച് രീതി ഒഴിവാക്കുമെന്നും ആർത്തവ അവധി പോസിറ്റീവ് ആയി കാണണമെന്നും ഭ്രഷ്ട് കൽപ്പിച്ചിരുന്നത് പഴയ കാലമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആർത്തവ ദിവസങ്ങളിൽ കടുത്ത ശാരീരിക പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി കുട്ടികളുണ്ട്. അതുകൊണ്ടു തന്നെ ഇളവ് നൽകുക എന്നതു മാത്രമാണ് കാണുന്നത്. ആരെയും മാറ്റി നിർത്താൻ ഉദ്ദേശിച്ചല്ല തീരുമാനമെന്നും തീരുമാനം വിവാദമായ സാഹചര്യത്തിൽ മന്ത്രി സൂചിപ്പിച്ചു.
Kerala
കോട്ടയം: യുവതലമുറയെ കേരളത്തിൽത്തന്നെ നിൽക്കാൻ പ്രേരിപ്പിക്കുന്ന വിദ്യാഭ്യാസ സംവിധാനവും ജീവിതസാഹചര്യങ്ങളും ഒരുക്കേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ.
എവിടെ എന്തു പഠിക്കണമെന്നത് അവരവരുടെ തീരുമാനമാണെങ്കിൽപോലും അവരെ ഇവിടെ നിൽക്കാൻ ആകർഷിക്കുന്ന വിദ്യാഭ്യാസ സംവിധാനങ്ങളും ജീവിത സാഹചര്യങ്ങളും ഒരുക്കുക സർക്കാരിന്റെ ഉത്തരവാദിത്വമാണ്. അതിനായി പല തലങ്ങളിൽ ചർച്ച നടത്തി സാധ്യമായ ഇടപെടലുകൾ നടത്തും.
◄ എന്തൊക്കെ മാറ്റങ്ങളുണ്ടാകണം?
കാലവും ലോകവും മാറുന്നതനുസരിച്ച് വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ ഉണ്ടാകുന്നില്ലെന്നതാണ് പ്രധാന കാര്യം. തൊഴിലധിഷ്ഠിത സൗകര്യങ്ങളും കോഴ്സുകളും തുടങ്ങണം. നിലവിലുള്ള സ്ഥാപനങ്ങളെ ശക്തീകരിക്കണം. ഒപ്പം ആധുനികീകരിക്കണം. വിദേശരാജ്യങ്ങളിൽനിന്നും വിദ്യാർഥികളെ ഇവിടേക്ക് ആകർഷിക്കാൻ പറ്റുന്ന ഇക്കോ സിസ്റ്റം നടപ്പാക്കണം. ഇതിന് മുൻഗണന നൽകും.
അതിവേഗത്തിലാണ് കാലത്തിന്റെ മാറ്റവും വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളും. ആ മാറ്റത്തിന്റെ മുഖം നമ്മുടെ സിസ്റ്റത്തിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല.
◄ സർക്കാരിന് എന്തു ചെയ്യാനാകും?
പരമാവധി സൗകര്യമായ ഇൻഫ്രാസ്ട്രക്ചറും മാനവശേഷിയുമുണ്ട്. മികച്ച അധ്യാപകരും അനധ്യാപകരുമുണ്ട്. ഇവിടെ നിലവാരം ഉറപ്പാക്കപ്പെടണം. അക്കാദമിക് ക്വാളിറ്റി ഇനിയുമേറെ ഇംപ്രൂവ് ചെയ്യണം. കൂടുതൽ മികച്ച ഫാക്കൽറ്റിയെ കണ്ടെത്തണം. ഇതിനായി നമ്മുടെ സിസ്റ്റം അടിമുടി മാറണം.
◄ കാലഹരണപ്പെട്ട കോഴ്സുകൾ?
കോഴ്സുകളുടെ രീതിയും ഭാവവും ഇവിടെയും വിദേശത്തും മാറിവരികയാണ്. പരന്പാരാഗതമായി ഡിമാന്‍ഡുണ്ടായിരുന്ന കോഴ്സുകളോടു പോലും ഇക്കാലത്തെ വിദ്യാർഥികൾ താത്പര്യം കാണിക്കുന്നില്ല.ചില കോഴ്സുകൾക്ക് നിരവധി കോളജുകളിൽ അനേകം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. അതേ കോളജിൽതന്നെ പുതുതായി തുടങ്ങിയ കോഴ്സുകളിൽ വിദ്യാർഥികളുണ്ട്.
◄ ഓട്ടോണമസ് കോളജുകളുടെ സാധ്യത?
അക്കാദമിക് ഓട്ടോണമി കൂടുതലായി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. സർക്കാരിന്റെ പൂർണ നിയന്ത്രണത്തിൽ മാറ്റങ്ങൾ പൂർണമായും കൊണ്ടുവരാൻ സാധിച്ചെന്നു വരില്ല. നിലവിലെ മാനദണ്ഡങ്ങൾക്കനുസരിച്ച് സ്ഥാപനങ്ങളെ ശക്തീകരിക്കും.
അതിനർഥം അവരെ കയറൂരി വിടുക എന്നതല്ല. സർക്കാർ നിയന്ത്രണ സംവിധാനങ്ങൾ ഉണ്ടാകും. നമ്മുടെ സർവകലാശാലകളെയും കലാലയങ്ങളെയും യുദ്ധക്കളമാക്കി മാറ്റുക എന്ന ഉദ്ദേശ്യം സർക്കാരിനില്ല.
വിദേശ സർവകലാശാലകളുടെ കാര്യത്തിൽ നയപരമായ തീരുമാനമുണ്ടാകണം. ഞാൻ കേരളത്തിലും പുറത്തും പഠിച്ച വ്യക്തിയാണ് ഇതിന്റെ എക്സ്പോഷർ എനിക്ക് കൃതമായി അറിയാം.
◄ വിദ്യാഭ്യാസരംഗത്തെ ക്രൈസ്തവ സംഭാവന?
കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ഒട്ടേറെ സംഭാവനകൾ നൽകാൻ ക്രൈസ്തവ സഭകൾക്ക് സാധിച്ചിട്ടുണ്ട്. ഞാൻ ക്രൈസ്തവ സഭാ സ്ഥാപനങ്ങളിലാണ് പഠിച്ചുവളർന്നത്.
ഇതര സമുദായ മാനേജുമെന്റുകളും നല്ല രീതിയിൽ സംഭാവനകൾ നൽകുന്നു. ഇത്തരം സ്ഥാപനങ്ങൾക്ക് എല്ലാ തരത്തിലും സഹായസഹകരണവും പിന്തുണയും ഉറപ്പാക്കുകയാണ് സർക്കാർ നയം.
◄ ഉപരിപഠനത്തിന് സഹായം?
യുഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞിരിക്കുന്ന ഇന്ദിരാ ഗാരന്റിയിൽ ഒന്ന് കോളജ് വിദ്യാർഥികൾക്ക് പ്രതിമാസം ആയിരം രൂപ വീതം ഫെലോഷിപ്പാണ്. അതിനെക്കുറിച്ചുള്ള പഠനം നടത്തുകയാണ്.
അവർക്ക് ഇൻസെന്റീവ് എന്ന നിലയിലാണ് നൽകാൻ ഉദ്ദേശിക്കുന്നത്. ഒത്തിരിയേറെ പേറ്റന്റുകൾ നമ്മുടെ വിദ്യാർഥികൾ സ്വന്തമാക്കിയിട്ടുണ്ട്. അത് നമ്മുടെ നാടിന്റെ വളർച്ചയ്ക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ഗവണ്മെന്റ് ഗൗരവമായി ചിന്തിക്കുന്നുണ്ട്. നഴ്സിംഗ് മേഖലയിൽ കേരളത്തിൽ പഠിക്കാൻ വേണ്ടത്ര സൗകര്യം ഒരുക്കുക എന്നതാണ് പ്രധാനപ്പെട്ടത്.
Kerala
തിരുവനന്തപുരം: അടുത്ത അധ്യായന വര്‍ഷത്തേയ്ക്കുളള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്. ജില്ലാ ഹബ്ബുകളിലേക്കുളള നീക്കം പുരോഗമിക്കുകയാണെന്നും ഈ മാസം 30ന് മുന്‍പായി സ്കൂളുകളില്‍ പുസ്തകം എത്തുമെന്നും മന്ത്രി വ്യക്തമാക്കി.
പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റുകളുടെ കുറവുണ്ട് എന്നത് യാഥാര്‍ഥ്യമാണെന്ന് ഷംസുദ്ദീന് പറഞ്ഞു. മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് അടക്കം നടത്തിയിട്ട് അലോട്ട്മെന്റ് ആരംഭിക്കുമെന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് വിളിച്ചിട്ടുണ്ട്. ഇന്നുതന്നെ പ്രവേശന നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പിഎം ശ്രീ പദ്ധതിയോട് രാഷ്ട്രീയപരമായി എതിര്‍പ്പുണ്ടെന്നും വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഇന്നത്തെ യോഗത്തില്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. "പദ്ധതി എംഒയുവില്‍ ഒപ്പിട്ടത് എല്‍ഡിഎഫ് സര്‍ക്കാരാണ്. പദ്ധതി മരവിപ്പിച്ചതുകൊണ്ട് മാത്രം ഒപ്പിട്ടത് നില്‍ക്കുമോ എന്ന് പരിശോധിക്കണം. ഫണ്ട് സ്വീകരിച്ച് തുടങ്ങിയതും സങ്കീര്‍ണതയാണ്. ഇതിനായി വിശദമായ നിയമോപദേശം തേടും.
ഫെഡറല്‍ സംവിധാനമുളള രാജ്യമാണ് നമ്മുടേത്. ഫണ്ട് നല്കാന് ഞങ്ങള്‍ പറയുന്നത് അനുസരിക്കണം എന്ന് പറയുന്നത് ഫെഡറല്‍ സംവിധാനത്തിന് എതിരാണ്. പിഎം ശ്രീ സ്കീമിനോടും യുഡിഎഫിന് വിയോജിപ്പുണ്ട്. തീരുമാനമെടുക്കേണ്ടത് യുഡിഎഫില്‍ ചര്‍ച്ച ചെയ്ത ശേഷമാണ്. മുഖ്യമന്ത്രിയാകും അത് സംബന്ധിച്ച തീരുമാനം അറിയിക്കുക'- എന്‍ ഷംസുദ്ദീന് പറഞ്ഞു.
Leader Page
കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ, സാമൂഹിക സാഹചര്യത്തിൽ പുതിയ സർക്കാരിൽനിന്ന് കത്തോലിക്കാ കോൺഗ്രസ് പ്രതീക്ഷിക്കുന്നത് ജനകീയവും നീതിപൂർവകവും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതുമായ ഭരണമാണ്. അതിൽ പ്രത്യേകിച്ച് വനവും വിദ്യാഭ്യാസവും കർഷകസമൂഹത്തിനും കേരളത്തിന്റെ ഭാവിക്കും അതീവ പ്രാധാന്യമുള്ള മേഖലകളാണ്.
1. വനംവകുപ്പ്: മലയോരത്തെ ജനങ്ങളുടെ വേദന അറിയുന്ന, കഴിവുള്ള മന്ത്രി വേണം വനംവകുപ്പ് ഭരിക്കുവാൻ
മലയോര മേഖലയിലെ കർഷകരും കുടിയേറ്റ ജനങ്ങളും ഇന്ന് വലിയ ആശങ്കകളിലൂടെ കടന്നുപോകുകയാണ്. ജനവിരുദ്ധവും കാലഹരണപ്പെട്ടതുമായ വനനിയമങ്ങൾ, ബഫർസോൺ പ്രശ്നങ്ങൾ, വന്യമൃഗശല്യം, പട്ടയഭൂമിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ എന്നിവ ജനങ്ങളുടെ ജീവിതത്തെത്തന്നെ മാരകമായി ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഞങ്ങളുടെ കാഴ്ചപ്പാടിൽ പരിസ്ഥിതി സംരക്ഷണവും മനുഷ്യജീവിത സംരക്ഷണവും ഒരുപോലെ പ്രധാനമാണ്. വനസംരക്ഷണം മനുഷ്യവിരുദ്ധമോ കർഷകവിരുദ്ധമോ ആകരുത്. പ്രകൃതിയും മനുഷ്യനും ഒരുമിച്ച് നിലനിൽക്കുന്ന സമതുലിത സമീപനമാണ് ആവശ്യം.
അതിനാൽ മലനാട്ടിലെ ജനങ്ങളുടെ ജീവിത യാഥാർഥ്യങ്ങൾ അറിയുന്ന, കർഷകസമൂഹത്തിന്റെ വേദന മനസിലാക്കുന്ന ഒരാൾ വനംവകുപ്പ് കൈകാര്യം ചെയ്യുന്നത് ജനങ്ങളിൽ ആത്മവിശ്വാസം ഉണ്ടാക്കും. കർഷകസമൂഹവുമായി അടുത്ത ബന്ധമുള്ള കേരള കോൺഗ്രസ് പോലുള്ള പാർട്ടികൾക്ക് ഈ വിഷയത്തിൽ കൂടുതൽ സഹാനുഭൂതിയോടെയുള്ള ഇടപെടൽ നടത്താൻ സാധിക്കുമെന്ന അഭിപ്രായവും പൊതുസമൂഹത്തിലുണ്ട്. എന്നാൽ പാർട്ടി എന്നതിലുപരി ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും ധൈര്യത്തോടെ ഇടപെടാനും കഴിയുന്ന വ്യക്തിയാണ് പ്രധാനമെന്ന് കർഷകജനത വിശ്വസിക്കുന്നു.
2. വിദ്യാഭ്യാസ വകുപ്പ്: ദൂരക്കാഴ്ചയോടുകൂടിയ പരിഷ്കാരങ്ങൾ അനിവാര്യമാണ്.
കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ക്രൈസ്തവ സമൂഹത്തിന്റെ സംഭാവന അതുല്യമാണ്. അതിനാൽ വിദ്യാഭ്യാസ മേഖലയിലെ ജനാധിപത്യ സ്വഭാവവും ന്യൂനപക്ഷാവകാശങ്ങളും സംരക്ഷിക്കപ്പെടണം എന്നതാണ് കത്തോലിക്കാ കോൺഗ്രസിന്റെ ആവശ്യം.
വിദേശ സർവകലാശാലകൾക്ക് കേരളത്തിൽ കാമ്പസുകൾ ആരംഭിക്കാൻ അവസരം നൽകണമെന്ന ആവശ്യം ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ട വിഷയമാണ്. ശരിയായ നിയന്ത്രണങ്ങളോടും നിലവാരം പുലർത്തുമെന്ന ഉറപ്പോടുംകൂടി ഇത് നടപ്പിലാക്കിയാൽ: വിദ്യാർഥികളുടെ വിദേശപലായനം കുറയും, ആഗോള നിലവാരത്തിലുള്ള പഠനസൗകര്യങ്ങൾ കേരളത്തിൽ ലഭ്യമാകും, ഗവേഷണ സംസ്കാരം വളരും, തൊഴിൽ അവസരങ്ങൾ വർധിക്കും, കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല കൂടുതൽ ശക്തമാകും.
വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നത് പരിചയസമ്പന്നനും വിദ്യാഭ്യാസരംഗത്തെക്കുറിച്ച് ക്രാന്തദർശനവുമുള്ള നേതാവായിരിക്കണം എന്ന അഭിപ്രായം ശക്തമാണ്. ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താനും എല്ലാവരെയും ഉൾക്കൊള്ളാനും കഴിയുന്ന വ്യക്തി ഈ വകുപ്പ് കൈകാര്യം ചെയ്യണമെന്നാണ് പൊതുസമൂഹത്തിന്റെ പൊതുവിലുള്ള അഭിപ്രായം എന്നത് സ്പഷ്ടമാണ്. വിദ്യാഭ്യാസ മന്ത്രിസ്ഥാനം കോൺഗ്രസ് പാർട്ടി ഏറ്റെടുക്കുന്നതാണ് പല കാരണങ്ങളാൽ ഉചിതം.
ഉപസംഹാരം
ജനങ്ങളുടെ ജീവിതസുരക്ഷ, കർഷകരുടെ അവകാശങ്ങൾ, വിദ്യാഭ്യാസ സ്വാതന്ത്ര്യം, സാമൂഹ്യനീതി, കുടുംബങ്ങളുടെ ഭാവി എന്നിവ സംരക്ഷിക്കപ്പെടുന്ന ഭരണമാണ് കത്തോലിക്ക കോൺഗ്രസ് പുതിയ സർക്കാരിൽനിന്ന് ആഗ്രഹിക്കുന്നത്. വികസനവും മനുഷ്യരോടുള്ള കരുതലും ഒരുമിക്കുന്ന ഭരണമാണ് കേരളത്തിന് ഇന്ന് ഏറ്റവും ആവശ്യമുള്ളത് എന്നതുകൊണ്ടാണ് ഭരണമാറ്റത്തിനുവേണ്ടി ജനം വിധി എഴുതിയിരിക്കുന്നത് എന്നത് മറക്കരുത്.
Kerala
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07 ശതമാനമാണ് വിജയം. 30,516 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഫലം പ്രഖ്യാപിച്ചത്.
4,17,497 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. അതില്‍ 4,14,290 പേര് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.
2,105 സ്കൂളുകൾക്കാണ് നൂറുശതമാനം വിജയം ലഭിച്ചത്. ഇതിൽ 767 സർക്കാർ സ്കൂളുകളും 930 എയ്ഡഡ് സ്കൂളുകളും 408 അണ് എയ്ഡഡ് സ്കൂളുകളും ഉൾപ്പെടുന്നു.
അതേസമയം, ലക്ഷദ്വീപില്‍ 97.67 ശതമാണ് വിജയശതമാനം. ഗൾഫ് മേഖലയിലെ എല്ലാ കുട്ടികളും വിജയിച്ചു.
വൈകുന്നേരം 3.30 മുതൽ താഴെപ്പറയുന്ന വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.
https://pareekshabhavan.kerala.gov.in
https://kbpe.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://prd.kerala.gov.in
https://results.kerala.gov.in
https://examresults.kerala.gov.in
https://results.kite.kerala.gov.in
International
പാരീസ്: അഫ്ഗാനിസ്ഥാനിൽ ഏതാനും വർഷങ്ങളായി പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടുന്നുവെന്നും ഇതു ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും യൂണിസെഫ്.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്ത്രീ തൊഴിലിനും മേലുള്ള നിരന്തരമായ നിയന്ത്രണങ്ങൾ കാരണം 2030 ആകുമ്പോഴേക്കും അഫ്ഗാനിസ്ഥാന് 20,000 വനിതാ അധ്യാപകരെയും 5,400 ആരോഗ്യ പ്രവർത്തകരെയും നഷ്ടപ്പെടുമെന്നും യൂണിസെഫിന്റെ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
2021നുശേഷം പത്തു ലക്ഷം പെൺകുട്ടികൾക്കാണു വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത്. 2030 ആകുന്പോഴേയ്ക്കും ഇതു 20 ലക്ഷമായി ഉയരും. 2023 നും 2025 നും ഇടയിൽ പൊതുഭരണത്തിലെ സ്ത്രീകളുടെ പങ്കാളിത്തം 21% ൽനിന്ന് 17.7% ആയി കുറഞ്ഞുവെന്നും സംഘടന കണ്ടെത്തി.
സ്കൂളുകളിലും ആശുപത്രികളിലും യോഗ്യതയുള്ള വനിതാ പ്രൊഫഷണലുകളുടെ എണ്ണത്തിലെ കുറവ് ഭാവി അവസരങ്ങൾക്കു വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിച്ചിട്ടുള്ളതും അവർക്ക് ഒഴിച്ചുകൂടാനാകാത്തതുമായ രണ്ടു മേഖലകളായ അധ്യാപന, ആരോഗ്യ സേവനങ്ങളിൽനിന്ന് ഒഴിവാക്കുന്നത് കുഞ്ഞുങ്ങളെ ദോഷകരമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നു.
പ്രത്യേകമായ സാമൂഹിക പശ്ചാത്തലത്തിൽ സ്ത്രീ ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിലെ കുറവ് മാതൃ, നവജാതശിശു, ശിശു ആരോഗ്യ സേവനങ്ങളെ ഗുരുതരമായി ബാധിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
2021 സെപ്റ്റംബറിൽ പെൺകുട്ടികൾക്ക് സെക്കൻഡറി വിദ്യാഭ്യാസം വിലക്കിയതുമുതൽ ലോകത്തിലെ ഏറ്റവും കുറഞ്ഞ സ്ത്രീ സാക്ഷരതാ നിരക്കുള്ള രാജ്യമായി അഫ്ഗാനിസ്ഥാൻ മാറുകയാണ്.
Kerala
ആലപ്പുഴ: വരുന്ന അധ്യായന വർഷത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ തയാറെടുപ്പുകളുമായി വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നടപടികൾ നിർണായക ഘട്ടത്തിലേക്ക് കടന്നു.
ഈ മാസം പകുതിയോടുകൂടി സംസ്ഥാനവ്യാപകമായി സ്കൂളുകളിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. മേയ് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി ജൂണിൽ സുരക്ഷിതമായ അധ്യായനം ഉറപ്പാക്കുകയാണ് ലക്ഷ്യം.
സ്കൂൾ പരിസരങ്ങളിൽ പാമ്പുകളുടെ സാന്നിധ്യം പൂർണമായും ഒഴിവാക്കുന്നതിൽ ഇത്തവണ വിട്ടുവീഴ്ചയുണ്ടാകില്ല. കാടുവെട്ടിത്തെളിക്കൽ, മാലിന്യ നിർമാർജ്ജനം, എലികളുടെ താവളങ്ങൾ നശിപ്പിക്കൽ എന്നിവയിലൂടെ സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കണം.
വനംവകുപ്പിന്റെ സർപ്പ മൊബൈൽ ആപ്ലിക്കേഷൻ പ്രയോജനപ്പെടുത്താൻ അധ്യാപകർക്ക് പ്രത്യേക അവബോധവും നൽകിവരുന്നു. പാമ്പ് ഭീഷണി ഒഴിവാക്കാൻ നടപടി സ്വീകരിക്കാത്ത വിദ്യാലയങ്ങൾക്ക് ഇത്തവണ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
തദ്ദേശ സ്വയംഭരണം, വനം, ആരോഗ്യം, കെഎസ്ഇബി, ഫയർ ഫോഴ്സ് എന്നീ വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്ക് ശേഷമേ അന്തിമ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകൂ.
സ്കൂൾ പരിസരത്തെ ട്രാൻസ്ഫോർമറുകൾക്ക് ചുറ്റും സുരക്ഷാ വേലി നിർബന്ധമാണ്. കെഎസ്ഇബിയോ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റോ ഇത് പരിശോധിച്ച് ഉറപ്പുവരുത്തണം.
പാമ്പുകടി ഉൾപ്പെടെയുള്ള അത്യാഹിതങ്ങൾ നേരിടാൻ സിപിആർ അടക്കമുള്ള പ്രഥമശുശ്രൂഷാ പരിശീലനം ഒരു സ്കൂളിൽ രണ്ട് ജീവനക്കാർക്കെങ്കിലും ഉറപ്പാക്കണം.
കെട്ടിടങ്ങളുടെ ബലം, ചുറ്റുമതിലിന്റെ സുരക്ഷ, മൈതാനങ്ങളിലെ കുഴികൾ നികത്തൽ, അപകടകരമായ മരച്ചില്ലകൾ വെട്ടിമാറ്റൽ എന്നിവ പരിശോധനയുടെ പ്രധാന പരിധിയിൽ വരും. സ്കൂൾ തലത്തിൽ പ്രധാനാധ്യാപകൻ, പിടിഎ പ്രതിനിധി, വാർഡ് മെമ്പർ എന്നിവരടങ്ങുന്ന സബ് കമ്മിറ്റികളെയാണ് ഏകോപന ചുമതല ഏൽപ്പിച്ചിരിക്കുന്നത്.
കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്ത വിദ്യാലയങ്ങളുടെ പ്രവർത്തനം തടസപ്പെട്ടേക്കാം. മേയ് അവസാനത്തോടെ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും സുരക്ഷാസജ്ജമാണെന്ന് ഉറപ്പുവരുത്താൻ വിദ്യാഭ്യാസ വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണമായും ഒഴിവാക്കണമെന്ന് വിദ്യാഭ്യാമന്ത്രി വി. ശിവൻകുട്ടി. കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം മാർച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതൽ മേയ് മാസം വരെ കുട്ടികൾക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണ്. ഇത് കൃത്യമായി പാലിക്കപ്പെടേണ്ടതുണ്ടെന്നും ചട്ടവിരുദ്ധമായി ക്ലാസുകൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചുട്ടുപൊള്ളുന്ന വേനൽചൂട് കണക്കിലെടുത്ത് തൊഴിലാളികൾക്ക് ഉൾപ്പെടെ സർക്കാർ പുതുക്കിയ തൊഴിൽ സമയക്രമം നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ, കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നത് അവരുടെ മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ്.
കഠിനമായ ചൂടിൽ സ്കൂളുകളിലെ പഠന അന്തരീക്ഷം കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ബാലാവകാശ കമ്മീഷന്റെയും കോടതികളുടെയും മുൻ ഉത്തരവുകൾ പ്രകാരം കുട്ടികളുടെ അവധിക്കാലം തടസപ്പെടുത്താൻ ആർക്കും അവകാശമില്ല.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് പുറമെ സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി എല്ലാ സ്ട്രീമുകളിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളും ഈ നിർദ്ദേശം പാലിക്കാൻ ബാധ്യസ്ഥരാണ്. അവധിക്കാല ക്ലാസുകൾ കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉന്മേഷത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ യാതൊരു കാരണവശാലും സ്പെഷൽ ക്ലാസുകൾ അനുവദിക്കില്ലെന്നും ഇത് ലംഘിക്കുന്ന വിദ്യാലയങ്ങളെ നിരീക്ഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Kerala
കോട്ടയം: എഫ്സിആര്‍എ താല്കാലികമായി മരവിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കണ്കെട്ട് വിദ്യയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
വിദേശപണം രാജ്യത്തേക്ക് എത്തുമ്പോള്‍ അതിനു കണക്കുകള്‍ വേണം. അതിന് നിലവില്‍ വ്യവസ്ഥയുണ്ട്. ന്യൂനപക്ഷങ്ങളും ചില എന്‍ജിഒകളും നടത്തുന്ന പലസ്ഥാപനങ്ങളെയും ലക്ഷ്യംവച്ചാണു കേന്ദ്രത്തിന്റെ പുതിയ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സ്ഥാപനങ്ങള്‍ക്കുനേരെ എന്തെങ്കിലും സംശയം ഉയര്‍ത്തി അവയുടെ സ്വത്ത് പിടിച്ചെടുക്കുകയാണ് എഫ്സിആര്‍എയിലൂടെ ലക്ഷ്യമാക്കുന്നത്. ഇത് നികൃഷ്ടമാണ്. ഭയപ്പെടുത്തിയും സ്വാധീനം ചെലുത്തിയും ന്യൂനപക്ഷ വിഭാഗങ്ങളെ വരുതിയില്‍ കൊണ്ടുവരാനുള്ള ഈ നീക്കം യാദൃശ്ചികമല്ല.
ബിജെപിയെ നയിക്കുന്നത് ആര്‍എസ്എസ് ആണ്. പേര് കൊണ്ട് ഹിന്ദുത്വം അവകാശപ്പെടുന്നവരെ നയിക്കുന്നത് ഫാസിസ്റ്റ് നയങ്ങളാണ്. അത്തരക്കാര്‍ എന്ത് ചെയ്യുമ്പോഴും പ്രത്യേക ലക്ഷ്യമുണ്ടാകും. ഈ ന്യൂനപക്ഷ വേട്ടയ്ക്കു പിന്നിലും ക്രിസ്ത്യാനികളെയും മുസ്ലിംകളെയും ഇന്ത്യയുടെ ശത്രുക്കളായി കാണുന്ന ആ ഐഡിയോളജി തന്നെയാണ് മോദിയെ നയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നതിന് എല്‍ഡിഎഫിന് ആശങ്കയില്ല. അക്കാര്യത്തില്‍ എല്‍ഡിഎഫിന് കര്‍ശനമായ നിലപാടുണ്ട്. അത് എല്ലാവര്ക്കും അറിയാം. ശബരിമലയില്‍ മാത്രമല്ല, ഏതൊരു ക്ഷേത്രങ്ങളിലെയും സ്വത്ത് ആര് കവര്‍ന്നാലും ഒരു ദാക്ഷിണ്യവും പാടില്ല. അവര്‍ ശിക്ഷിക്കപ്പെടണം.
District News
തൃക്കരിപ്പൂർ: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസി റിസർച്ച് സെന്ററിൽ ഫാർമസി വിദ്യാഭ്യാസ ദിനാചരണവും ആധുനിക ഔഷധ നിർമാണ മേഖലയിൽ നിർമിത ബുദ്ധിയുടെ സ്വാധീനവുമായി ബന്ധപ്പെട്ട് ദേശീയ സെമിനാറും നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രജീഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എം. പരിധാവി അധ്യക്ഷത വഹിച്ചു.
മാനേജ്മെന്റ് പ്രതിനിധികളായ സി.എച്ച്. അബ്ദുൾ റഹീം, ടി.വി. ചന്ദ്രദാസ്, വൈസ് പ്രിൻസിപ്പൽ ഡോ. കെ.വി. അരുൺ കുമാർ, ഡോ. വി. സത്യ, ഡോ. പ്രിയ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. വിവിധ സെഷനുകളിലായി ഡോ. മഹാദേവൻ, ഡോ. ബി. ഗീത, ഡോ. കെ.എൻ. കൃഷ്ണ എന്നിവർ വിഷയാവതരണം നടത്തി.
Kerala
കോട്ടയം: ഭിന്നശേഷി സംവരണ വിഷയത്തില്‍ അധ്യാപകര്‍ക്കുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. എന്‍എസ്എസിനു അനുകൂലമായ വിധി എല്ലാവര്ക്കും ബാധകമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോടതിവിധിയില്‍ മാനേജ്മെന്റ് വേണ്ടവിധം കേസ് ശ്രദ്ധിച്ചില്ലെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി അധ്യാപക സംഘടനകളുടെയും മാനേജുമെന്റിന്റെയും പ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു. കേസ് കോടതിയിലേക്ക് പോയ സാഹചര്യത്തില്‍ എന്‍എസ്എസിനു അനുകൂലമായ വിധി എല്ലാവര്ക്കും ബാധകമാക്കാന്‍ മാനേജ്മെന്റും അധ്യാപകരും കോടതിയില്‍ കക്ഷിചേരുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വേണ്ടരീതിയില്‍ ശ്രദ്ധചെലുത്തുവാന്‍ മാനേജ്മെന്റുകള്‍ ശ്രമിച്ചില്ല.
സംസ്ഥാനത്ത് ഹൈക്കോടതിയുടെ ഉത്തരവാണ് നാലുശതമാനം ഭിന്നശേഷിക്കാര്‍ക്കു നിയമനം നടത്തിയതിനുശേഷമേ എയ്ഡഡ് മാനേജ്മെന്റ് ഓപ്പണ്‍ വേക്കന്‍സിയില്‍ നടത്താവു എന്നുള്ളത്. കോടതി വിധിപറഞ്ഞ അവസരത്തില്‍ ആര്‍ക്കൊക്കെയാണു മുന്‍ഗണ കൊടുക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. ഓരോ പരിമിധിയിലുള്ളവരെ സംബന്ധിച്ചും വ്യക്തമാക്കിയിട്ടുണ്ട്.
കോടതി പറഞ്ഞതുപോലെയുള്ള സീനിയോരിറ്റിയുള്ള അധ്യാപകരെ ലഭിക്കുന്നില്ലെന്ന മാനേജ്മെന്റ് പറയുന്നതു ശരിയാണ്. ഭിന്നശേഷിക്കാരായ അധ്യാപകരെ കിട്ടാതെ വന്നാല്‍ ഒരു വര്‍ഷക്കാലം കാത്തിരിക്കാനാണു കോടതി പറഞ്ഞിരിക്കുന്നത്. ഒരു വര്‍ഷം താല്കാലികമായി അധ്യാപകരെ നിയമിക്കുന്നതിനുള്ള അവകാശം ഉണ്ടായിരിക്കും. ഈ അധ്യാപകര്‍ക്കു അനുകുല്യങ്ങള്‍ നല്‍കും. ഇതു ഗവണ്മെന്റ് എടുത്ത തീരുമാനമല്ലെന്നും മന്ത്രി പറഞ്ഞു.
കോര്‍പറേറ്റ് മാനേജ്മെന്റും സിംഗിള്‍ മാനേജ്മെന്റും ഈ കേസ് വേണ്ടവിധം ശ്രദ്ധിച്ചില്ല. കോടതിവിധി വന്നതോടെ ഭിന്നശേഷിക്കാര്‍ക്കു നിയമനം കൊടുക്കാതെ പറ്റില്ല. അതിനുശേഷമാണ് എന്‍എസ്എസ് സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഈ പരാതിയില്‍ ഗവണ്മെന്റ് അനുകൂലമായ നിലപാട് സ്വീകരിച്ചു. അതിനുശേഷം സര്‍ക്കാര്‍ നിയമോപദേശം തേടി. നിരവധി കേസുകള്‍ ഉള്ളതിനാല്‍ ഇതു എന്‍എസ്എസിനു മാത്രം ബാധതകമാണെന്ന് നിയമോപദേശം വന്നിരുന്നു.
അതിനുശേഷം മുഖ്യമന്ത്രി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ത്തു പറഞ്ഞു. എന്‍എസ്എസിന്റെ വിധി മറ്റു മാനേജ്മെന്റുകള്‍ക്കും ബാധകമാക്കാന്‍ അഫഡവിറ്റ് നല്കാന് ആവശ്യപ്പെട്ടു. ഇതിനുസരിച്ചു അഫിയവിറ്റ് ഫയൽ ചെയ്തപ്പോള്‍ 400 അധ്യാപകരും 10 താഴെയുള്ള മാനേജ്മെന്റും തങ്ങളുടെ ഭഗം കൂടി കേട്ടതിനുശേഷം അന്തിമതീരുമാനം എടുക്കാവുമെന്ന് പറഞ്ഞ് എസ്എല്‍പി ഫയല്‍ ചെയ്തു. തുടര്‍ന്നു സുപ്രീം കോടതി രണ്ടു തവണ കേസ് മാറ്റിവച്ചിരിക്കുകയാണ്.
താമസിക്കാതെ തന്നെ വിഷയത്തിനു പരിഹാരം കാണണമെന്ന് സുപ്രീം കോടതിയില്‍ വാദിക്കുന്നവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥനത്തെ അഡ്വക്കേറ്റ് ജനറലിനോടും നിയമപദേശം വാങ്ങിയിട്ടുണ്ട്. ഇവരെ എങ്ങനെ സഹായിക്കാന്‍ കഴിയുമെന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. സര്‍ക്കാര്‍ തുറന്ന മനസോടെയാണ് ഇക്കാര്യത്തെ കാണുന്നത്. എല്ലാവരും ഒരുമിച്ചു നിന്നിരുന്നെങ്കിലും മാനേജ്മെന്റുകളുടെ ബുദ്ധിമുട്ട് കോടതിയെ ബോധ്യപ്പെടുത്താമായിരുന്നുവെന്നും ശിവന്‍കുട്ടി പറഞ്ഞു.
District News
കോഴിക്കോട്: വിദ്യാഭ്യാസത്തിനൊപ്പം വിമർശനാത്മക ചിന്തകൾ കൂടി പകർന്നുനൽകി ചോദ്യങ്ങൾ ചോദിക്കാൻ കുട്ടികളെ പ്രാപ്തരാക്കണമെന്ന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ.
പുതിയങ്ങാടി ഗവ. മാപ്പിള യുപി സ്കൂളിനായി പ്രിസം പദ്ധതിയിൽ നിർമിച്ച കെട്ടിടം നാടിന് സമർപ്പിക്കുകയായിരുന്നു സ്പീക്കർ. കായിക വിനോദത്തിനായി സ്കൂളുകളിൽ ടർഫ് കോർട്ടുകൾ നിർമിക്കാൻ രക്ഷാകർതൃ സമിതികൾ മുന്നിട്ടിറങ്ങണമെന്നും വായനക്കായി പ്രത്യേക ഇടങ്ങൾ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
നാലാംക്ലാസ് വിദ്യാർഥി മുഹമ്മദ് ഫാദി രചിച്ച കവിതാസമാഹാരം ‘മധുമൊഴികൾ’ സ്പീക്കർ പ്രകാശനം ചെയ്തു. ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. എ. പ്രദീപ്കുമാർ എംഎൽഎ ആയിരിക്കെ അനുവദിച്ച 2.54 കോടി രൂപയും തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയുടെ ആസ്തി വികസനഫണ്ടിൽനിന്നുള്ള 59 ലക്ഷം രൂപയും ചെലവിട്ടാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്.
District News
തിരുവനന്തപുരം: പട്ടം എസ്യുടി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയുടെ നഴ്സിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ "സ്മോൾ സ്റ്റെപ്സ്, ബിഗ് ഇമ്പാക്ട് - കണ്ട്രോൾ ഓഫ് ഇൻഫെക്ഷൻ' എന്ന വിഷയത്തിൽ ആശുപത്രി കോൺഫറൻസ് ഹാളിൽ തുടർ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. എസ്യുടി ആശുപത്രിയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കേണൽ രാജീവ് മണ്ണാളി പരിപാടി ഉദ്ഘാടനം ചെയ്തു.
ഇൻഫെക്്ഷൻ കണ്ട്രോൾ വിഭാഗം മേധാവി ഡോ. ഷരീഖ് അധ്യക്ഷത വഹിച്ചു. നഴ്സിംഗ് സൂപ്രണ്ട് റെയ്ച്ചലമ്മ ജേക്കബ് ഡാനിയേൽ സിഎൻഇയുടെ ലക്ഷ്യം വ്യക്തമാക്കി. എസ്യുടി ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. രാജശേഖരൻ നായർ ഡോ. എം. ഉണ്ണികൃഷ്ണൻ, പ്രഫ. എൽ. നിർമല, ചീഫ് ലെയ്സൺ ഓഫീസർ രാധാകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു. ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് പി. ശ്രീവത്സ, നഴ്സിംഗ് സൂപ്പർവൈസർമാർ, ജോ ലോറൻസ്, ഡിപ്പാർട്ട്മെന്റ് മാനേജർമാർ, തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ നിന്നുള്ള നഴ്സുമാർ എന്നിവരുൾപ്പെടെ ഇരുനൂറിലധികം പേർ പരിപാടിയിൽ പങ്കെടുത്തു.