മന്ത്രി കെ.എ. തുളസി.
തിരുവനന്തപുരം: മണ്ണിൽ ചവിട്ടിനിന്ന് പ്രകൃതിയെ നെഞ്ചോട് ചേർക്കുന്ന ഒരു ജനതയുടെ അതിജീവനമാണ് ലോക തദ്ദേശീയ ദിനത്തിൽ ആഘോഷിക്കുന്നതെന്ന് പട്ടികജാതി-പട്ടികവർഗ, പിന്നാക്ക ക്ഷേമമന്ത്രി കെ.എ. തുളസി. തദ്ദേശീയ ജനതയുടെ വിദ്യാഭ്യാസവും സാംസ്കാരിക ഉന്നമനവുമാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളെന്നും മന്ത്രി ലോക തദ്ദേശീയ ദിന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
ദാരിദ്ര്യവും അരക്ഷിതാവസ്ഥയും ഇല്ലാത്ത, എല്ലാവർക്കും തുല്യ അവകാശമുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കാനും ഈ മനുഷ്യരെ നെഞ്ചോട് ചേർത്തുപിടിക്കാനും ഈ ദിനാചരണത്തിൽ സാധിക്കണം.
കേരളം ഈ വർഷം ‘ജനനസുരക്ഷ ആരോഗ്യ ജീവനം’ എന്ന ലക്ഷ്യത്തോടെയാണ് തദ്ദേശീയദിനം ആചരിക്കുന്നത്. തദ്ദേശീയ ജനതയുടെ ആരോഗ്യ സംരക്ഷണത്തിൽ അവരുടെ പാരമ്പര്യ അറിവുകൾക്കും പാരമ്പര്യ വൈദ്യന്മാർക്കും വലിയ പങ്കുണ്ട്.
ആധുനിക വൈദ്യശാസ്ത്രം പോലും വിസ്മയിക്കുന്ന ഈ പാരമ്പര്യ അറിവുകളെ നാം സംരക്ഷിക്കേണ്ടതുണ്ട്. ഊരുകളിലെ ഗർഭിണികൾക്കും നവജാതശിശുക്കൾക്കും കാലാകാലങ്ങളായി താങ്ങായി നിന്നിരുന്ന പാരമ്പര്യ വൈദ്യന്മാരെ ആദരിക്കുന്നതിനൊപ്പം, ആധുനിക മെഡിക്കൽ ക്യാമ്പുകൾ, രോഗനിർണയ ക്ലിനിക്കുകൾ, ലഹരിവിരുദ്ധ പ്രചാരണങ്ങൾ, ശുചിത്വ പരിപാടികൾ എന്നിവ ഊർജിതമാക്കി ഗോത്രസമൂഹത്തെ സമ്പൂർണ ആരോഗ്യത്തിലേക്ക് നയിക്കാനുള്ള പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Tags : KATulsi Education Cultural Advancement Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash