സത്യദീപം സാഹിത്യപുരസ്കാരം ടി. പദ്മനാഭനു മുഖ്യമന്ത്രി വി.ഡി. സതീശൻ സമർപ്പിക്കുന്നു.
കൊച്ചി: സത്യദീപത്തിന്റെ ശതാബ്ദി ചരിത്ര മുഹൂർത്തമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നിലപാടുകൾ സ്വാതന്ത്ര്യത്തോടെ പറയാൻ സത്യദീപത്തിന് ആയെന്നും മുഖ്യമന്ത്രി പറഞ്ഞു. സത്യദീപം വാരികയുടെ ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനവും കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിന്റെ പേരിലുള്ള സത്യദീപം സാഹിത്യപുരസ്കാര സമർപ്പണവും കലൂർ റിന്യൂവൽ സെന്ററിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സാഹിത്യപുരസ്കാരം,(ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും ) സാഹിത്യകാരൻ ടി. പദ്മനാഭനു മുഖ്യമന്ത്രി സമർപ്പിച്ചു. സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ പൊതുമണ്ഡലങ്ങളിൽ ക്രൈസ്തവ സംസ്കാരം തിളക്കം മായാതെ തലമുറകളിലേക്കു പകരാൻ സത്യദീപം പോലുള്ള പ്രസിദ്ധീകരണങ്ങൾക്കായെന്ന് അദ്ദേഹം പറഞ്ഞു.
ജസ്റ്റീസ് കുര്യൻ ജോസഫ് ആമുഖ പ്രഭാഷണം നടത്തി. മന്ത്രി റോജി എം. ജോൺ, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ടി.ജെ. വിനോദ്, മനോജ് മൂത്തേടൻ, അതിരൂപത വികാരി ജനറാൾ ഫാ. ഡോ. ജിമ്മി പൂച്ചക്കാട്ട്, പ്രഫ. എം. തോമസ് മാത്യു, സത്യദീപം ചീഫ് എഡിറ്റർ ഫാ. മാർട്ടിൻ എടയന്ത്രത്ത്, വിയാനി പ്രിന്റിംഗ്സ് ഡയറക്ടർ ഫാ. ജസ്റ്റിൻ കൈപ്രമ്പാടൻ, എം.ജി. അരിസ്റ്റോട്ടിൽ, പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. ഡോ. കുര്യക്കോസ് മുണ്ടാടൻ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഷൈജു ആന്റണി എന്നിവർ പ്രസംഗിച്ചു.
ഒരു പുരോഹിതന്റെ വാക്കുകളാണ് ലഭിച്ച ഏറ്റവും വലിയ പുരസ്കാരം: ടി. പദ്മനാഭൻ
ആത്മാവിന്റെ വിശുദ്ധമായ പ്രാർഥനകളാണ് അങ്ങയുടെ കഥകൾ എന്ന ഒരു ക്രൈസ്തവ പുരോഹിതന്റെ വാക്കുകളാണ് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ പുരസ്കാരമെന്ന് എഴുത്തുകാരൻ ടി. പദ്മനാഭൻ.
ലക്ഷങ്ങളുടെ പുരസ്കാരങ്ങൾ പലവട്ടം വേണ്ടെന്നുവച്ചിട്ടുണ്ട്. അതിനേക്കാൾ ഏറെ വിലപ്പെട്ടതാണ് ആ പുരോഹിതന്റെ വാക്കുകൾ എന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നു.
വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ എന്ന നോവലിലുള്ള ബിഷപ്പിന്റെ കഥാപാത്രമാണ് എന്നിൽ ക്രിസ്തുദർശനം ആദ്യം രൂപപ്പെടുത്തിയതെന്നും ടി. പദ്മനാഭൻ പറഞ്ഞു. സത്യദീപം സാഹിത്യപുരസ്കാരം സ്വീകരിച്ച ശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
Tags : Satyadeepam CentenaryCelebrations Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash