പ്രതീകാത്മക ചിത്രം
മുംബൈ: ആഗോള സ്മാർട്ട്ഫോൺ വിപണി കടുത്ത മന്ദഗതിയിലൂടെ കടന്നുപോകുമ്പോഴും, വിലകൂടിയ പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് ആവശ്യക്കാർ ഏറുന്നതായി റിപ്പോർട്ട്.
2026ന്റെ ആദ്യ പകുതിയിൽ ആഗോള സ്മാർട്ട്ഫോൺ വില്പനയുടെ 29 ശതമാനവും 50,000 രൂപയ്ക്ക് മുകളിൽ വിലയുള്ള പ്രീമിയം ഫോണുകളാണെന്ന് പ്രമുഖ റിസർച്ച് സ്ഥാപനമായ കൗണ്ടർപോയിന്റ് വ്യക്തമാക്കി. മുൻ വർഷമിത് 25 ശതമാനമായിരുന്നു.
മെമ്മറി ചിപ്പുകളുടെ വില വർധിച്ചതും ഉത്പാദന ചെലവ് ഉയർന്നതും കാരണം വിപണിയിൽ മൊത്തത്തിലുള്ള ഫോൺ വില്പന കുറയുകയും ആളുകൾ പുതിയ ഫോണുകൾ വാങ്ങുന്നത് നീട്ടിവയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രീമിയം വിപണി ഈ മികച്ച വളർച്ച കൈവരിച്ചിരിക്കുന്നത്.
റിപ്പോർട്ട് അനുസരിച്ച്, വിപണിയിലെ ഈ മാറ്റത്തിനു കാരണം ഉപയോക്താക്കളുടെ താത്പര്യം മാത്രമല്ല, സ്മാർട്ട്ഫോൺ വ്യവസായത്തിലെ സാമ്പത്തിക വ്യതിയാനങ്ങൾ കൂടിയാണ്. മുൻ വർഷങ്ങളിൽ ഉപയോക്താക്കൾ സ്വയം ഉയർന്ന ഫോണുകളിലേക്കു മാറിയതാണ് പ്രീമിയം വിപണി വളരാൻ കാരണമായതെങ്കിൽ, ഇത്തവണ മെമ്മറി ചിപ്പുകളുടെ വിലയിലുണ്ടായ വർധനവാണ് പ്രധാന ഘടകമായത്. ഈ വിലക്കയറ്റം കുറഞ്ഞ വിലയിലുള്ള ഫോണുകളെയാണ് കൂടുതൽ ബാധിച്ചത്.
എന്നാൽ ഉയർന്ന ലാഭവിഹിതമുള്ളതിനാൽ പ്രീമിയം ഫോൺ നിർമാതാക്കൾക്ക് ഈ പ്രതിസന്ധിയെ എളുപ്പത്തിൽ മറികടക്കാൻ സാധിച്ചു. കൂടാതെ, സാധാരണ ആൻഡ്രോയിഡ് ഫോണുകളുടെ വില ഉയർന്നതോടെ, കുറച്ചുകൂടി തുക നൽകിയാൽ പ്രീമിയം ഫോണുകളോ പഴയ ഫ്ലാഗ്ഷിപ്പ് മോഡലുകളോ ലഭിക്കുമെന്ന സാഹചര്യം വന്നതും ഉപഭോക്താക്കളെ പ്രീമിയം വിഭാഗത്തിലേക്ക് ആകർഷിച്ചു.
പ്രീമിയം വിപണിയുടെ 84 ശതമാനവും ആപ്പിളും സാംസംഗും ചേർന്നാണ് കൈയാളുന്നത്. ഈ വിഭാഗത്തിൽ ആപ്പിൾ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, ഗാലക്സി S26 സീരീസ് വൈകി പുറത്തിറക്കിയിട്ടും സാംസങ് തങ്ങളുടെ സ്ഥാനം ശക്തമാക്കി.
അതേസമയം, ഫൈൻഡ് X9 സീരീസിലൂടെ ഓപ്പോ 69 ശതമാനം വാർഷിക വളർച്ച നേടി പ്രീമിയം വിഭാഗത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന ബ്രാൻഡായപ്പോൾ വിവോ 20 ശതമാനം വളർച്ച രേഖപ്പെടുത്തി.
ഉയർന്ന വിലയുള്ള ഫോണുകൾ ജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കാൻ കമ്പനികൾ അവതരിപ്പിച്ച 30 മാസത്തെ പലിശരഹിത ഇഎംഐ, ട്രേഡ്-ഇൻ ഓഫറുകൾ, ഗാലക്സി ഫോറെവർ പോലെയുള്ള അപ്ഗ്രേഡ് പദ്ധതികൾ എന്നിവയും ഈ വളർച്ചയ്ക്കു വലിയ പിന്തുണ നൽകി.
Tags : PremiumSmartPhones RecordSale Business