ഇന്ത്യയിലെ യുഎസ് സ്ഥാനപതി സെർജിയോ ഗോർ കൊച്ചിയിൽ മുഖ്യമന്ത്രി വി. ഡി. സതീശനുമായി
കൊച്ചി: ആരോഗ്യക്ഷേമം, ആയുർവേദ ടൂറിസം എന്നീ മേഖലകളിലെ കേരളത്തിന്റെ മികവ് ഉപയോഗപ്പെടുത്തി അമേരിക്കയിൽനിന്ന് കൂടുതൽ വിനോദസഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ കഴിയുമെന്ന് ഇന്ത്യയിലെ യുഎസ് സ്ഥാനപതി സെർജിയോ ഗോർ.
മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൊച്ചിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാംസ്കാരികം, വിദ്യാഭ്യാസം, സാമ്പത്തികം, ജനങ്ങൾ തമ്മിലുള്ള പരസ്പരബന്ധം എന്നിവ മെച്ചപ്പെടുത്തുന്നതിനായി കേരളത്തിലെയും അമേരിക്കയിലെയും പ്രധാന നഗരങ്ങളെ കോർത്തിണക്കി സിസ്റ്റർ സിറ്റീസ് മാതൃകയിലുള്ള പങ്കാളിത്തസാധ്യതകൾ പരിശോധിക്കും. അമേരിക്കൻ കമ്പനികൾക്കു കേരളത്തിലെ നിക്ഷേപാവസരങ്ങൾ പരിചയപ്പെടുത്തുന്നതിന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉന്നതവിദ്യാഭ്യാസം, ടൂറിസം, സംസ്കാരം, നിക്ഷേപം, തീരദേശ-തുറമുഖ വികസനം തുടങ്ങിയ മേഖലകളിൽ കേരളവും അമേരിക്കയും തമ്മിലുള്ള പരസ്പര സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
കേരളത്തിലെയും അമേരിക്കയിലെയും സർവകലാശാലകളും ഗവേഷണസ്ഥാപനങ്ങളും തമ്മിലുള്ള സംയുക്ത ഗവേഷണം, അധ്യാപക-വിദ്യാർഥി ആശയവിനിമയം, നൂതന സാങ്കേതികവിദ്യ എന്നിവയിലെ പങ്കാളിത്തസാധ്യതകൾ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തന്റെ ആദ്യ കേരളസന്ദർശനമാണിതെന്ന് യുഎസ് സ്ഥാനപതി പറഞ്ഞു. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയും ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നു.
Tags : AmericanTourists Kerala USAmbassador Reach SergioGore