ആസ്റ്റർ
കൊച്ചി: ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് ജൂൺ 30ന് അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ ആദ്യപാദ പ്രവർത്തനഫലങ്ങൾ പുറത്തുവിട്ടു. ലയനത്തിനുശേഷമുള്ള കമ്പനിയുടെ ആദ്യ സാമ്പത്തിക റിപ്പോർട്ടാണിത്.
വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 20 ശതമാനം വർധിച്ച് 2,597 കോടി രൂപയായി. പ്രവർത്തനലാഭം 30 ശതമാനം വളർച്ചയോടെ 576 കോടി രൂപയിലെത്തി. ലാഭവിഹിതം 170 ബിപിഎസ് വർധിച്ച് 22.2 ശതമാനമായി.
കാസർഗോഡ് ആശുപത്രി പ്രവർത്തനം തുടങ്ങി ഒമ്പതാം മാസത്തിൽത്തന്നെ പ്രവർത്തന ലാഭത്തിലെത്തിയെന്ന നേട്ടവും ഇക്കാലയളവിലുണ്ടായി.
ആസ്റ്റർ, കെയർ, കിംസ് ഇന്ത്യ, എവർകെയർ എന്നീ നാല് മുൻനിര ബ്രാൻഡുകളെ ഒരൊറ്റ ശൃംഖലയ്ക്കു കീഴിൽ കൊണ്ടുവരുന്നതിലൂടെ 28 നഗരങ്ങളിലായി 10,800ലധികം കിടക്കകളുള്ള പ്ലാറ്റ്ഫോമായി തങ്ങൾ മാറിയെന്ന് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
വരും വർഷങ്ങളിൽ കിടക്കകളുടെ എണ്ണം 15,000ത്തിൽ എത്തിക്കാനാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.