പ്രതീകാത്മക ചിത്രം
കൊച്ചി: സംസ്ഥാനത്തു സാധാരണക്കാരെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് മ്യൂള്‍ അക്കൗണ്ട് തട്ടിപ്പ് വീണ്ടും സജീവമാകുന്നു. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ സുരക്ഷാനിര്‍ദേശങ്ങളുമായി പോലീസ് രംഗത്തെത്തി.
ബാങ്ക് അക്കൗണ്ടുകള്‍ ഒരാളുടെ സ്വകാര്യതയാണെന്നും അത് ദുരുപയോഗം ചെയ്യാതെ വിവേകത്തോടും സുരക്ഷിതമായും ഉപയോഗിക്കണമെന്നുമാണ് പോലീസിന്റെ മുന്നറിയിപ്പ്.
പോലീസിന്റെ നിര്‍ദേശങ്ങള്‍
മറ്റൊരാളുടെ ഉപയോഗത്തിനായി സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് നല്‍കുകയോ മറ്റുള്ളവരുടെ പണം അക്കൗണ്ടില്‍ സ്വീകരിക്കുകയോ കൈമാറ്റം ചെയ്യുകയോ അരുത്.
സ്വന്തം അക്കൗണ്ട് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ അപരിചിതരുമായി പങ്കുവയ്ക്കരുത്.
അനധികൃതമായി അക്കൗണ്ടില്‍ പണം ലഭിച്ചാല്‍ ഉടന്‍തന്നെ ബാങ്കിനെയും പോലീസിനെയും രേഖാമൂലം വിവരം അറിയിക്കുക. ഇത്തരത്തില്‍ ലഭിക്കുന്ന പണം പിന്‍വലിക്കുകയോ മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റുകയോ ചെയ്യരുത്.
ഓണ്‍ലൈന്‍ തട്ടിപ്പിനിരയായാല്‍ ഉടന്‍തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്കോ www.cybercrime.gov.in എന്ന പോര്‍ട്ടലിലേക്കോ ബന്ധപ്പെടുക.
എന്താണ് മ്യൂള്‍ അക്കൗണ്ടുകള്‍
സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍ വ്യക്തികളുടെ അറിവോടുകൂടിയോ അല്ലാതെയോ ഉപയോഗിക്കുന്ന വാടക ബാങ്ക് അക്കൗണ്ടുകളാണ് മ്യൂള്‍ അക്കൗണ്ടുകള്‍.
Tags : MuleAccount fooled PoliceAdvice Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash