Business
കോതമംഗലം: റംബുട്ടാന്റെ വിലയിടിവ് കർഷകരെ പ്രതിസന്ധിയിലാക്കി. വിപണിയിൽ കച്ചവടക്കാർ കുറഞ്ഞതും കാലാവസ്ഥാമാറ്റം ഗുണനിലവാരത്തെ ബാധിച്ചതുമാണ് വിലയിടിവിനു കാരണം.
നേരത്തേ റബറിനുണ്ടായ വിലയിടിവും ടാപ്പിംഗ് തൊഴിലാളികളുടെ അഭാവവും മൂലം കർഷകർ വ്യാപകമായി തോട്ടങ്ങൾ വെട്ടിമാറ്റി റംബുട്ടാൻ കൃഷി ചെയ്യാൻ തുടങ്ങിയിരുന്നു. സ്ഥലപരിമിതിയുള്ളവരും വീട്ടുമുറ്റത്ത് ഒന്നും രണ്ടും റംബുട്ടാൻ കൃഷി ചെയ്തു. ഇതോടെ ആഭ്യന്തരവിപണിയിൽ ഇതു സുലഭമായി. ഉത്പാദനത്തിനൊത്ത് ആവശ്യക്കാർ ഇല്ലാതായതും ഇതര സംസ്ഥാനങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും കയറ്റുമതി കാര്യമായി ഇല്ലാത്തതും ഡിമാൻഡ് കുറയാനിടയാക്കിയിട്ടുണ്ട്.
പഴങ്ങൾ വിളവെടുത്താൽ കൂടുതൽ ദിവസം കളർ മാറാതെയും കേടുകൂടാതെയും സൂക്ഷിക്കാനുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയും പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
മുൻകാലങ്ങളിൽ റമ്പൂട്ടാൻ കായ്ച്ചുതുടങ്ങി സീസൺ ആരംഭിക്കുമ്പോൾത്തന്നെ കച്ചവടക്കാർ എത്തി വിലയുറപ്പിച്ച് അഡ്വാൻസ് നൽകി ചെടികളിൽ വലയിട്ട് സംരക്ഷിച്ച് യഥാസമയം പഴങ്ങൾ പറിച്ചുപോകുന്നത് പതിവായിരുന്നു. ഇക്കുറി ഇത്തരം കച്ചവടക്കാർ നന്നേ കുറവാണെന്ന് കർഷകർ പറയുന്നു
നിലവിൽ വിപണിയിൽ കിലോയ്ക്ക്180 മുതൽ 350 രൂപ വരെയാണു ചില്ലറ വില്പന വില. എന്നാൽ കൃഷിക്കാർക്ക് 80-100 രൂപ മാത്രമേ കിട്ടുന്നുള്ളൂ.
റംബുട്ടാൻ കർഷകരുടെ പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനസർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. കർഷകരെ സഹായിക്കാനും ന്യായവില ഉറപ്പാക്കാനും ഹോർട്ടികോർപ്, വിഎഫ്പിസികെ തുടങ്ങിയ സർക്കാർ ഏജൻസികൾ വഴി റംബുട്ടാൻ സംഭരിക്കാൻ തയാറാകണമെന്നാണ് കർഷകരുടെ ആവശ്യം.
മൂല്യവർധിത ഉത്പന്നങ്ങളിലേക്കു നീങ്ങാൻ കൃഷിക്കാർക്ക് ആവശ്യമായ സാമ്പത്തികസഹായവും പരിശീലനവും നൽകണം. പഴങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ നൂതന സാങ്കേതികവിദ്യകൾ സർക്കാർ തലത്തിൽ ലഭ്യമാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
Kerala
കൊച്ചി: റമ്പൂട്ടാന്‍ വിലയിടിവിനെ തുടര്‍ന്ന് കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആവശ്യം. ഇക്കുറി വിപണിയില്‍ റമ്പൂട്ടാന്‍ കച്ചവടക്കാര്‍ കുറഞ്ഞതും കാലാവസ്ഥ പ്രശ്നവുമാണ് വിലയിടിവിന് കാരണമായത്.
റബറിന് ഉണ്ടായ വിലയിടിവും ടാപ്പിംഗ് തൊഴിലാളികളുടെ അഭാവത്തെയും തുടര്‍ന്ന് കര്‍ഷകര്‍ വ്യാപകമായി റബര്‍ വെട്ടിമാറ്റി റമ്പൂട്ടാന്‍ കൃഷി ചെയ്യുകയായിരുന്നു. സ്ഥല പരിമിതിയുള്ളവരും വീട്ടുമുറ്റത്ത് ഒന്നും രണ്ടും റമ്പൂട്ടാന്‍ കൃഷി ചെയ്തു. ഇതോടെ ആഭ്യന്തര വിപണിയില്‍ റമ്പൂട്ടാന്‍ പഴത്തിന്റെ ആവശ്യക്കാര്‍ തന്നെ കുറയുകയും മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാത്തതും ഡിമാൻഡ് കുറയാനിടയാക്കി.
പഴങ്ങള്‍ പറിച്ച് കഴിഞ്ഞ് കൂടുതല്‍ ദിവസം കളര്‍ മാറാതെയും കേടുകൂടാതെയും സൂക്ഷിക്കുവാനുള്ള സൗകര്യക്കുറവും പ്രതിസന്ധിക്ക് ആക്കം കൂട്ടി. മുന്‍കാലങ്ങളില്‍ റമ്പൂട്ടാന്‍ കായ്ച്ച് തുടങ്ങി സീസണ് ആരംഭിക്കുമ്പോള്‍ തന്നെ കച്ചവടക്കാര്‍ എത്തി വിലയുറപ്പിച്ച് അഡ്വാന്‍സ് നല്കി, ചെടികളില്‍ വലയിട്ട് സംരക്ഷിച്ച് യഥാസമയം പഴങ്ങള്‍ പറിച്ച് പോകുന്നത് പതിവായിരുന്നു. എന്നാല്‍ ഇക്കുറി അത്തരം കച്ചവടക്കാര്‍ കുറവാണ്.
സാഹചര്യം കണക്കിലെടുത്ത് കര്‍ഷകരെ സഹായിക്കാന്‍ ഹോര്‍ട്ടികോര്‍പ്, വിഎഫ്പിസികെ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി റമ്പൂട്ടാന്‍ സംഭരിക്കാന്‍ തയാറായാലേ പ്രതിസന്ധിക്ക് പരിഹാരമാകുകയുള്ളു എന്നാണ് കര്‍ഷകരുടെ ആവശ്യം. നിലവില്‍ വിപണിയില്‍ കിലോയ്ക്ക് ഏകദേശം 180 മുതല്‍ 350 രൂപ വരെയാണ് ചില്ലറ വില്‍പ്പന. എന്നാല്‍ കൃഷിക്കാര്‍ക്ക് 80-100 രൂപ മാത്രമെ കിട്ടുന്നുള്ളു.
സര്‍ക്കാര്‍ തലത്തില്‍ റംമ്പൂട്ടാന് സംഭരണം നടത്തിയാല്‍ വിലയിടിവ് ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിയും. വിളവെടുപ്പ് സീസണ് ആരംഭിച്ചിട്ടും വ്യാപാരികള്‍ എത്താത്തതും മറ്റു സംസ്ഥാനങ്ങളിലെ വിപണി തകര്‍ച്ചയും മഴയും കര്‍ഷകര്‍ക്ക് കനത്ത നഷ്ടമുണ്ടാക്കുന്നു. ഹോര്‍ട്ടികോര്‍പ്, വിഎഫ്പിസികെ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ ഇടപെടുകയും നേരിട്ട് സംഭരിക്കുകയും ചെയ്താല്‍ കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാം.
മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉല്പ്പാദിപ്പിക്കുവാന് കൃഷിക്കാര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായവും ആവശ്യമായ പരിശീലനവും നല്‍കണം. പഴങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ നൂതന സാങ്കേതികവിദ്യകള്‍ സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാക്കുന്നതും കര്‍ഷകര്‍ക്ക് സഹായകമാകും.
Kerala
തിരുവനന്തപുരം: പിആര്‍എസ് വായ്പ തിരിച്ചടവിലെ കാലതാമസം നെല്‍ കര്‍ഷകരുടെ സിബില്‍ സ്കോറിനെ ബാധിക്കുന്നത് ഒഴിവാക്കാന്‍ സപ്ളൈകോയുടേയും ബാങ്ക് കണ്‍സോര്‍ഷ്യത്തിന്റേയും പിആര്‍എസ് വായ്പാ വിവരങ്ങള്‍ ലഭ്യമാക്കുന്ന വെബ് സീരിസ് ഇന്റഗ്രേഷന്‍ പോര്‍ട്ടലില്‍ സാങ്കേതിക മാറ്റങ്ങള്‍ വരുത്തുമെന്ന് മന്ത്രി അനൂപ് ജേക്കബ് നിയമസഭയില്‍ അറിയിച്ചു.
ഔട്ട് ടേം റേഷ്യോ (ഒടിആര്‍) നടപടികള്‍ പൂര്‍ത്തിയാക്കാത്ത സ്വകാര്യ മില്ലുകള്ക്കെതിരേ പരിശോധിച്ചു നടപടിയെടുക്കും.
സ്വകാര്യമില്ലുകളെ ആശ്രയിക്കുന്നതു കുറയ്ക്കാന്‍ സപ്ലൈകോ സ്വന്തമായി മില്‍ തുടങ്ങുന്നതിന്റെ സാധ്യതകളും സാഹചര്യങ്ങളും പരിശോധിക്കും. ഫലപ്രദമായ റിവോള്‍വിംഗ് ഫണ്ട് പദ്ധതി മുന്നോട്ടുവയ്ക്കാന്‍ സപ്ലൈകോയോട് ആവശ്യപ്പെട്ടുണ്ട്.
നെല്ലിന്റെ വില കാലതാമസമില്ലാതെ ലഭ്യമാക്കാന്‍ ബാങ്കുകള്‍ മുഖേന നല്കുന്ന പാഡി രസീത് ഷീറ്റ് (പിആര്‍എസ്) വായ്പയുടെ തിരിച്ചടവിനു കാലതാമസമുണ്ടാകുമ്പോള്‍ കര്‍ഷകര്‍ക്ക് ബാധ്യതയാകാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും അംഗങ്ങളുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.
നെൽ കർഷകർക്കു അക്കൗണ്ടിലേക്കു നേരിട്ടു തുക കൈമാറുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തും
തിരുവനന്തപുരം: നെൽ കർഷകരിൽ നിന്നും നെല്ലു സംഭരിച്ച ശേഷം പരമാവധി കുറഞ്ഞ സമയത്തിനുള്ളിൽ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടു തുക കൈമാറുന്നതിനുള്ള സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നു മന്ത്രി അനൂപ് ജേക്കബ് നിയമസഭയിൽ പറഞ്ഞു.
Leader Page
റബര്‍ കര്‍ഷകന്‍കൂടിയാണ് ഇന്ന് റബര്‍ ബോര്‍ഡിന്റെ ചെയര്‍മാനായി ചുമതലയേൽക്കുന്ന എൻ. ഹരി. അതിനാൽതന്നെ റബര്‍ കര്‍ഷകര്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ക്ക് പരിഹാരം കാണുമെന്നുള്ള അദ്ദേഹത്തിന്റെ വാക്കുകളിൽ കർഷകർക്കു പ്രതീക്ഷയുണ്ട്. മുമ്പ് ബോർഡിൽ അംഗമായിരുന്ന കാലത്ത് ഹരിയുടെ ഇടപെടലിലാണ് ലാറ്റക്സില്‍നിന്ന് ഷീറ്റിലേക്ക് കർഷകരെ തിരിച്ചു കൊണ്ടുവരാന്‍ കിലോഗ്രാമിന് ഒരു രൂപ സഹായം ലഭ്യമാക്കിയതും ടയര്‍ കമ്പനികളെ ചരക്കെടുപ്പിക്കാന് ബോര്‍ഡ് ഇടപെട്ടതും. ഇന്നു രാവിലെ 11.45നു കോട്ടയത്തെ റബര്‍ ബോര്‍ഡ് ആസ്ഥാനത്ത് ചുമതലയേറ്റെടുക്കുന്ന എന്‍. ഹരി ദീപികയുമായി സംസാരിച്ചപ്പോള്‍...
റബര്‍ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കും
റബര്‍ ബോര്‍ഡ് ഭരണചുമതലയുള്ള സ്ഥാപനം മാത്രമല്ല; ട്രെയിനിംഗ്, റിസര്‍ച്ച് രംഗങ്ങളിലും ഏറെ സംഭാവനകള്‍ നടത്തേണ്ട സ്ഥാപനമാണ്. കേരളത്തില്‍ ഇനിയും കൃഷി ചെയ്യാതെ കിടക്കുന്ന തോട്ടങ്ങളുണ്ട്. ഇതുസംബന്ധിച്ച് ഡാറ്റാ ബാങ്ക് തയാറാക്കും. അവിടെ കൃഷി വര്‍ധിപ്പിക്കാന്‍ പദ്ധതി തയാറാക്കും. റബര്‍ കൃഷിയുടെയും കര്‍ഷകരുടെയും വ്യാപനവും വികസനവും ലക്ഷ്യമിട്ടുള്ള സമയബന്ധിതമായ പദ്ധതികള്‍ മനസിലുണ്ട്. വേഗത്തില്‍ നടപ്പാക്കാവുന്ന പദ്ധതികളല്ല ഇവയൊന്നും. റബര്‍ ബോര്‍ഡ് അംഗമെന്ന നിലയില്‍ കര്‍ഷകസമൂഹത്തിന്റെ പ്രശ്നങ്ങള്‍ നേരിട്ടറിയാന്‍ കഴിഞ്ഞിട്ടുണ്ട്. കര്‍ഷക സമൂഹത്തെ ചേര്‍ത്തുപിടിച്ച് ജീവിതഭദ്രതയും വിലസ്ഥിരതയും ഉറപ്പാക്കാനുള്ള പദ്ധതികള്‍ക്കാണ് ബോര്‍ഡ് എന്നും മുന്‍ഗണന നല്‍കിയിട്ടുള്ളത്. നൂതന സാങ്കേതിക വിദ്യകളിലൂടെ കൃഷിയും വിപണനവും എങ്ങനെ മെച്ചപ്പെടുത്താമെന്നതു സംബന്ധിച്ചു കര്‍ഷകരും റബര്‍ ഉത്പാദക സംഘങ്ങളും വിദഗ്ധരുമായി ചര്‍ച്ച നടത്തും.
യുവജനങ്ങളെ റബര്‍ കൃഷിയുടെ ഭാഗമാക്കും
നാട്ടിലെ യുവജനങ്ങളെ റബര്‍ കൃഷിയുടെ ഭാഗമാക്കുകയെന്ന ദൗത്യം മുന്നിലുണ്ട്. റബര്‍ ഉപയോഗിച്ചു വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനും അതുമായി മുന്നോട്ടു പോകാനും കഴിയും. ബലൂണുകള്‍, കളിപ്പാട്ടങ്ങള്‍, കൈയുറകള്‍ അങ്ങനെ നിരധി മേഖലകളിലാണ് സാധ്യത. മെഡിക്കല്‍ സര്‍ജിക്കല്‍ മേഖലയില്‍ സാധ്യതയാണ് റബര്‍ ഉത്പന്നങ്ങള്‍ക്കുള്ളത്. ഇത്തരം തദ്ദേശീയമായ സംരംഭങ്ങളിലേക്ക് യുവാക്കള്‍ക്ക് പ്രോത്സാഹനം നല്‍കാനും ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സഹായിക്കാനും കഴിയും. റബര്‍ തടി സംസ്കരിച്ചു വീട്ടുപകരണങ്ങളടക്കം നിർമിക്കുന്നതിനുള്ള പദ്ധതികള്‍ കൂടുതല്‍ വ്യാപകമാക്കുകയും ലക്ഷ്യമിടുന്നു. റബര്‍ അധിഷ്ഠിത വ്യവസായങ്ങളും വളര്‍ന്നുവരണം. അനുകൂലമല്ലാത്ത സാഹചര്യം കാരണം പല വ്യവസായങ്ങളും സംസ്ഥാനത്തിനു പുറത്തേക്കു മാറിയിട്ടുണ്ട്. അവരെക്കൂടി കേരളത്തിലേക്കു കൊണ്ടുവരാൻ പരിശ്രമിക്കണം. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന റബര്‍ ഉത്പാദകസംഘങ്ങളുണ്ട്. അവരുടെ സേവനംകൂടി പ്രയോജനപ്പെടുത്തും. റബര്‍ കര്‍ഷകരിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കും. റബര്‍തടി സംസ്കരിക്കുന്ന പദ്ധതികള്‍ നടപ്പാക്കും. റബറധിഷ്ഠിത വ്യവസായങ്ങള്‍ കേരളത്തിലേക്കു മടക്കിക്കൊണ്ടുവരാനുള്ള പ്രവര്‍ത്തനം നടത്തും. റബര്‍ ഉത്പന്നങ്ങളുടെ വിപണനരംഗത്തും ഇടപെടലുണ്ടാകും.
റബര്‍ ഉത്പാദക സംഘങ്ങളെ (ആര്‍പിഎസ്) കരുത്തുള്ളതാക്കും
ആഭ്യന്തര വ്യവസായത്തിനും വിനിയോഗത്തിനുമായി 11 ലക്ഷം ടണ്‍ റബറാണ് ആവശ്യമായി വരുന്നത്. ഇവിടെ ഉത്പാദിപ്പിക്കുന്നത് എട്ട് ലക്ഷം ടണ്‍ സ്വാഭാവിക റബര്‍ മാത്രമാണ്. സ്വാഭാവികമായും റബര്‍ ഇറക്കുമതി ഒരു പരിധിവരെ വ്യവസായങ്ങള്‍ക്ക് ആവശ്യമായി വരും. റബര്‍ കര്‍ഷക താത്പര്യങ്ങളെ ബലികഴിക്കുന്ന സമീപനം കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. സാധ്യമായതില്‍ ഏറ്റവും ഉയര്‍ന്ന ഇറക്കുമതിച്ചുങ്കമാണ് നിലവിലുള്ളത്. ഒരു കിലോയ്ക്ക് ഏതാണ്ട് 25 ശതമാനം. റബര്‍ കര്‍ഷകരുടെ നട്ടെല്ലായ റബര്‍ ഉത്പാദക സംഘങ്ങളെ (ആര്‍പിഎസ്) കരുത്തുള്ളതാക്കുക ഒരു പോംവഴിയാണ്. നിലവില്‍ റബര്‍ ബോര്‍ഡ് പദ്ധതികളുടെ നടത്തിപ്പില്‍ നിര്‍ണായക പങ്കാണ് സംഘങ്ങള്‍ വഹിക്കുന്നത്. ഇത്തരം സംഘങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തും. പുകപ്പുര നിര്‍മാണം, കൃഷി വ്യാപനം, യന്ത്രങ്ങള്‍, സാങ്കേതിക ഉപദേശം ഇവയെല്ലാം നിലവില്‍ ബോര്‍ഡ് നല്‍കുന്നുണ്ട്. റബര്‍ കര്‍ഷകരുടെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സഹായം, ഭവനങ്ങളുടെ നവീകരണത്തിനുള്ള പദ്ധതി, വിള ഇന്‍ഷ്വറന്‍സ് ഇങ്ങനെയുള്ള പദ്ധതികളും ബോര്‍ഡ് വളരെ ഫലപ്രദമായി നടപ്പാക്കുന്നുണ്ട്.
ആശ്വാസകരമായ വില ലഭിക്കുന്ന സാഹചര്യം
കർഷകര്‍ക്ക് കൃഷി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും വില സ്വഭാവികമായി ഉയരുന്നതിനുള്ള ഒട്ടനവധി കര്‍മപദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ചു ബോര്‍ഡ് നടപ്പാക്കുന്നത്. അവയെല്ലാം ശരിയായ ദിശയില്‍ മുന്നോട്ടുപോകുകയാണ്. റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസകരമായ വില ലഭിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നത് ഈ പ്രവര്‍ത്തനങ്ങളുടെ പ്രത്യക്ഷത്തിലുള്ള പ്രതിഫലനമാണ്.
റബര്‍ ബോര്‍ഡ് ചെയര്‍മാനായി ഇന്നു ചുമതലയേറ്റെടുക്കുന്ന എന്‍. ഹരി ദീപികയ്ക്ക് നൽകിയ അഭിമുഖം
റബര്‍ വില സ്ഥിരതാ ഫണ്ടിനായി കാലാകാലങ്ങളില്‍ ഇടതു, വലതു മുന്നണികള്‍ മുറവിളി കൂട്ടുന്നതും അധികാരത്തിലെത്തുമ്പോള്‍ വാക്കു പാലിക്കാതെ മാറുന്നതും പതിവ് ദൃശ്യമാണ്. വിലസ്ഥിരതാ ഫണ്ടിലേക്ക് നീക്കിവയ്ക്കുന്ന പണം പലപ്പോഴും നാമമാത്രമായി മാത്രമേ ചെലവഴിക്കേണ്ടി വരാറുള്ളൂ. സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങു വിലയേക്കാള്‍ ഉയര്‍ന്നാണ് വിപണി വില എന്നതാണ് ഇതിനു കാരണം. ഇപ്പോഴും അതേ അവസ്ഥയാണ് മാര്‍ക്കറ്റിലുള്ളത്. 270 രൂപ വരെ ഒരു കിലോ റബറിന് ലഭിക്കാവുന്ന സാഹചര്യം നിലവിലുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ പ്രഖ്യാപിച്ച 250 രൂപ താങ്ങുവില നടപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന് ഖജനാവില്‍നിന്ന് ഒരു ചില്ലിക്കാശ് പോലും ചെലവഴിക്കേണ്ടിവരില്ല.
ടാപ്പ് ചെയ്യാത്ത തോട്ടങ്ങള്‍ ഉപയോഗപ്രദമാക്കും
ഇന്ത്യയില്‍ ആഭ്യന്തര റബറില്‍ 72 ശതമാനം കേരളത്തിന്റെ സംഭാവനയാണ്. നിരവധി തോട്ടങ്ങള്‍ ടാപ്പ് ചെയ്യപ്പെടാതെ കിടക്കുന്നു. റബര്‍ ടാപ്പര്‍മാരെ കിട്ടാനില്ലാത്തതും ഭൂഉടമകള്‍ വിദേശത്തേക്ക് കൂടിയേറിയതും പ്രായംചെന്ന മരങ്ങള്‍ വെട്ടിമാറ്റാത്തതുമൊക്കെ തോട്ടങ്ങള്‍ ടാപ്പ് ചെയ്യാതെ ശുന്യമാകുന്നതിനു കാരണങ്ങളാണ്. കേരളത്തില്‍ ടാപ്പ് ചെയ്യാതെ കിടക്കുന്നത് രണ്ടര ലക്ഷം ഏക്കറിലധികം ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇത്തരം തോട്ടങ്ങള്‍ വീണ്ടും ഉപയോഗപ്രദമാക്കുന്നതിനും സജീവമാക്കുന്നതിനുള്ള നടപടികളാണ് ആലോചിക്കുന്നത്. ടാപ്പ് ചെയ്യപ്പെടാതെ കിടക്കുന്ന തോട്ടങ്ങള്‍ പുനരുദ്ധരിക്കാന്‍ പദ്ധതി തയാറാക്കുന്നതിനു മുന്‍ഗണന നല്‍കും. റബര്‍ തോട്ടങ്ങള്‍ അനാഥമാകുന്ന രീതിയിലുള്ള അവസ്ഥ ഒഴിവാക്കുന്ന വ്യക്തമായ കര്‍മപദ്ധതിക്ക് രൂപം നല്കാന് കഴിയുമെന്നാണു പ്രതീക്ഷ.
കൃഷിവ്യാപനത്തിനു സബ്സിഡി
റബര്‍ കൃഷിക്കായി ഹെക്ടറിന് 45,000 രൂപ വരെ കേന്ദ്രസര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ലോകബാങ്ക് സഹായത്തോടെ റബര്‍ കൃഷി വ്യാപനത്തിനായി കേര എന്നൊരു പദ്ധതി നടപ്പാക്കുന്നുണ്ട്. ഇപ്പോള്‍ ആറു ജില്ലകളില്‍ മാത്രമാണു പദ്ധതി പൂര്ത്തിയായിട്ടുള്ളതെന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാന സര്‍ക്കാരുമായി ഏതെല്ലാം മേഖലകളിൽ പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്ന് പരിശോധിക്കും. ത്രിപുര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മാതൃകാപരമായ പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. റബര്‍ ബോര്‍ഡിനു വലിയ പ്രാധാന്യവും പരിഗണനയുമാണ് ലഭിക്കുന്നത്.
District News
മാന്ദാമംഗലത്തുകൃഷിയിടങ്ങൾ തകർത്തു
തൃശൂർ: മാന്ദാമംഗലത്തു കഴിഞ്ഞദിവസം കാട്ടാനയിറങ്ങി കൃഷി വ്യാപകമായി നശിപ്പിച്ചു. വനംവകുപ്പ് ഓഫീസിന്റെ തൊട്ടടുത്തുവരെ കാട്ടാനയെത്തി.
കർഷകരുടെ വാഴ, റബർ, കുലയ്ക്കാറായ തെങ്ങുകൾ ഉൾപ്പെടെ ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശമാണ് ഉണ്ടാക്കിയത്. വൈനിലം മേരിയുടെ കൃഷിയിടത്തിലെ 40 തെങ്ങ്, താഴത്തേടത്ത് മത്തായിയുടെ 150 റബർ, മലമേൽ ആന്റണിയുടെ വാഴ, റബർ, കുന്നമ്മത്ത് ശ്രീനിയുടെ കുലയ്ക്കാറായ തെങ്ങുകൾ, ഈന്തംതോട്ടിൽ ജോസിന്റെ വാഴ, കുഴുപ്പുള്ളിൽ മേരിയുടെ തെങ്ങ്, വാഴ, വാട്ടപ്പിള്ളി ബോസിന്റെ റബർ, കൊല്ലംപറന്പിൽ അനീഷിന്റെ വാഴ, കാഞ്ഞിരത്തൂട്ടിൽ രവിയുടെ തെങ്ങ്, കുഴുക്കാട്ടിൽ വിഷ്ണു ജയന്റെ റബർ എന്നിവ നശിപ്പിച്ചു.
കാട്ടിൽനിന്നു കൃഷിത്തോട്ടത്തിലേക്ക് ആനത്താര വരെ ഉണ്ടായിട്ടുണ്ടെന്നു കർഷകർ പരാതിപ്പെടുന്നു. കർഷകസംഘം ഒല്ലൂർ ഏരിയ കമ്മിറ്റി നേതാക്കൾ സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി.
വെള്ളക്കാരിത്തടത്തും
കാട്ടാനക്കൂട്ടം,
മൂന്നുലക്ഷത്തിന്റെ
പാവൽകൃഷി നശിപ്പിച്ചു
മലയോര മേഖലയായ വെള്ളക്കാരിത്തടത്തിൽ കാട്ടാനകൾ കൂട്ടമായി എത്തി കൃഷി നശിപ്പിച്ചു. വെള്ളക്കാരിത്തടം തറയിൽ സുബ്രന്റെ കൃഷിയിടത്തിലാണ് ആനക്കൂട്ടം നാശമുണ്ടാക്കിയത്.
തിങ്കളാഴ്ച രാത്രി പതിനൊന്നോടെ ഏഴ് ആനകളുടെ കൂട്ടമെത്തി മൂന്നേക്കർ പാവൽകൃഷി പൂർണമായി നശിപ്പിക്കുകയായിരുന്നു. മൂന്നുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. വിളവെടുപ്പിനു പാകമായ പാവൽചെടികൾ പന്തലോടെ തകർത്തു.
നാട്ടുകാർ പടക്കംപൊട്ടിച്ചും ബഹളംവച്ചും ആനകളെ തുരത്താൻ ശ്രമിച്ചെങ്കിലും ആനക്കൂട്ടം പിൻമാറിയില്ല. പുലർച്ചെ മൂന്നോടെയാണ് ആനകൾ കാടുകയറിയത്.
ബാങ്കിൽനിന്നു വായ്പയെടുത്താണ് കൃഷി ഇറക്കിയതെന്നു സുബ്രൻ പറഞ്ഞു. ഒരാഴ്ചകഴിഞ്ഞ് വിളവെടുക്കാനിരുന്നതാണ്. ഇപ്പോൾ എല്ലാം നശിച്ചു. എങ്ങനെ മുന്നോട്ടുപോകുമെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മേഖലയിൽ കാട്ടാനശല്യം നിത്യസംഭവമായി മാറി. കുട്ടികളെ സ്കൂളിൽ വിടാനും രാത്രി പുറത്തിറങ്ങാനും ഭയക്കുകയാണ് നാട്ടുകാർ.
നടപടിയില്ല , വലഞ്ഞ് മലയോരവാസികൾ
യോഗം ചേരുന്നതല്ലാതെ വന്യമൃഗശല്യത്തിൽ നടപടി ഉണ്ടാകുന്നില്ലെന്നു നാട്ടുകാർ പറയുന്നു. ആനശല്യത്തിനു ശാശ്വതപരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ല. സർക്കാർ അടിയന്തര നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നു കർഷക സംഘം അറിയിച്ചു.
ട്രഞ്ച് കീറി ആനയുടെ വരവ് തടയണം, ആനത്താരകൾ അടച്ച് സോളാർ ഫെൻസിംഗ് സ്ഥാപിക്കണം, കർഷകർക്കു പൂർണ നഷ്ടപരിഹാരം ഒരാഴ്ചയ്ക്കകം നൽകണം, മാന്ദാമംഗലത്തു റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ സ്ഥിരമായി വിന്യസിക്കണം, രാത്രികാല വനംവകുപ്പ് പട്രോളിംഗ് ശക്തിപ്പെടുത്തണം എന്നിവയാണ് കർഷകരുടെ ആവശ്യങ്ങൾ.
Kerala
ആലപ്പുഴ: കുട്ടനാട്ടിൽ രണ്ടാം കൃഷിക്കായി നിലങ്ങൾ ഒരുക്കി കർഷകർ കാത്തിരിക്കുകയാണെങ്കിലും വിതയ്ക്കാനുള്ള വിത്തു മാത്രം എത്തിയില്ല. ഏക്കറിന് 40 കിലോ എന്ന കണക്കിൽ പഞ്ചായത്തും സർക്കാരും ചേർന്ന് സൗജന്യമായാണ് കർഷകർക്ക് നെൽ വിത്ത് നൽകുന്നത്. ഉമ ഇനത്തിൽപ്പെട്ട നെല്ലിന്റെ ഡി വൺ എന്ന വിത്തും പൗർണമി എന്ന വിത്തുമാണ് രണ്ടാം കൃഷിക്കായി കർഷകർ ഉപയോഗിക്കുന്നത്.
കാർഷിക സർവകലാശാലയുടെ കണക്കു പ്രകാരം ഏക്കറിന് 40 കിലോ നെൽവിത്ത് മതിയെന്നാണെങ്കിലും 60 കിലോ വിത്തുണ്ടെങ്കിലേ ഒരേക്കർ വിതയ്ക്കാനാവൂ എന്നാണ് കർഷകർ പറയുന്നത്. സർക്കാർ നൽകുന്നത് കൂടാതെ ഏക്കറിന് 20 കിലോയോളം വിത്ത് കിലോയ്ക്ക് 40- 42 രൂപ കണക്കിൽ സ്വകാര്യ ഏജൻസികളിൽ നിന്നാണ് കർഷകർ വാങ്ങുന്നത്.
കർഷകർക്ക് വിത്ത് നൽകാൻ സർക്കാർ ചില ഏജൻസികളെയാണ് ചുമതലപ്പെടുത്തുന്നത്. നെൽവിത്തെത്തിക്കാൻ വാഹനസൗകര്യം ലഭിക്കാത്തതാണ് താമസം വരുന്നതെന്നാണ് കൃഷിഭവന്റെ ഭാഷ്യം. 15നെങ്കിലും വിത്ത് ലഭിച്ചാലേ 30ന് രണ്ടാം കൃഷി വിതയ്ക്കാനാവൂ. ലഭിക്കുന്ന വിത്ത് 10 -18 മണിക്കൂർ വരെ വെള്ളത്തിൽ മുക്കിയിടും. തുടർന്ന് 36- 40 മണിക്കൂർ കരയ്ക്ക് ഉണങ്ങാൻ വയ്ക്കും. അതിനുശേഷം ചാക്ക് പൊട്ടിച്ച് ആവി കളഞ്ഞ് നല്ല വെള്ളത്തിൽ മുക്കി തോർന്നു കഴിഞ്ഞാണ് മുളപൊട്ടിയ വിത്ത് കണ്ടത്തിൽ വിതയ്ക്കുന്നത്.
നെടുമുടി, ചമ്പക്കുളം, കൈനകരി, പുന്നപ്ര തെക്ക്, വടക്ക്, അമ്പലപ്പുഴ തെക്ക്, വടക്ക് എന്നിവിടങ്ങളിലെ 150ലധികം പാടശേഖരങ്ങളിലായി 27, 000 ഏക്കറിലാണ് കുട്ടനാട്ടിൽ രണ്ടാം കൃഷി നടക്കുന്നത്.
ഇതിൽ 5000 ഏക്കറിൽ നെൽകൃഷി, 36 പാടശേഖരങ്ങളുള്ള നെടുമുടി കൃഷിഭവന് കീഴിലാണ് രണ്ടാം കൃഷി ഏറ്റവും അധികമുള്ളത്. സമയത്ത് വിതച്ചില്ലെങ്കിൽ രണ്ടു കൃഷി നടക്കുന്ന പാടശേഖരങ്ങളിൽ അടുത്തതായി പുഞ്ചകൃഷിയുടെ കൃഷിപ്പണികളും വിതയും താമസിക്കും.
രണ്ടാം കൃഷിക്കായി പാടം ഒരുക്കുമ്പോൾ മഴയുള്ളതിനാൽ പാടശേഖരങ്ങളിൽ പുളിരസം കൂടുതലായിരിക്കും. ഇത് നീക്കാൻ നീറ്റു കക്കയാണ് കർഷകർ ആവശ്യപ്പെടുന്നതെങ്കിലും സൗജന്യ നിരക്കിൽ ലഭിക്കുന്നത് ഡോളോമൈറ്റാണ്. ഇതു മാറ്റി നീറ്റുകക്കയാക്കിയാലേ വിളവ് വർധിക്കൂ എന്നാണ് കർഷകർ പറയുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങളിൽ കൃഷിമന്ത്രിയുടെ അടിയന്തരശ്രദ്ധ പതിഞ്ഞില്ലെങ്കിൽ കുട്ടനാട്ടിൽ രണ്ടാം കൃഷിയുടെ വിത നീണ്ടുപോകാനാണ് സാധ്യത.
District News
കുരുവിക്കൂട്: തളിർ എലിക്കുളം നാട്ടുചന്തയുടെ കർഷകസംഗമം നാളെ രാവിലെ 10ന് കുരുവിക്കൂട് നാട്ടുചന്തയിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്തംഗം ജയദീപ് പാറയ്ക്കൽ മുഖ്യപ്രഭാഷണവും കൃഷി ഓഫീസർ നിത്യ കൃഷ്ണേന്ദു പദ്ധതി വിശദീകരണവും നടത്തും.
കർഷക സൗഹൃദസദസ്, കർഷക പ്രതിഭകൾക്ക് ആദരം, കാർഷികാനുഭവങ്ങളുടെ പങ്കുവയ്ക്കൽ, പച്ചക്കറി കൃഷി അറിയേണ്ടവ എന്ന വിഷയത്തിൽ കാർഷിക പഠനപരിപാടി എന്നിവയുണ്ടായിരിക്കും. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് മേൽത്തരം പ്രിയങ്ക ഇനം പാവൽ, ലോല വള്ളിപ്പയർ, അർക്ക അനാമിക വെണ്ട, പാലക് ചീര എന്നിവയുടെ വിത്തുകളും കൃഷിരീതികൾ വിവരിക്കുന്ന ലഘുലേഖകളും പച്ചക്കറിത്തൈകളും സൗജന്യമായി നൽകും. ഫോൺ: 9446924840, 9447348069.
District News
കുരുവിക്കൂട്: തളിർ എലിക്കുളം നാട്ടുചന്തയുടെ കർഷകസംഗമം നാളെ രാവിലെ 10ന് കുരുവിക്കൂട് നാട്ടുചന്തയിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്തംഗം ജയദീപ് പാറയ്ക്കൽ മുഖ്യപ്രഭാഷണവും കൃഷി ഓഫീസർ നിത്യ കൃഷ്ണേന്ദു പദ്ധതി വിശദീകരണവും നടത്തും.
പഞ്ചായത്തംഗങ്ങളായ ആൻസി ജയിംസ് ജീരകത്തിൽ, ജോഷി കെ. ആന്റണി കുഴിക്കാട്ടുതാഴെ, സൂര്യാമോൾ, അസി. കൃഷി ഓഫീസർമാരായ എ.ജെ. അലക്സ് റോയ്, പി.എസ്. പ്രജീഷ് ചെറുവള്ളി, നാട്ടുചന്ത ഭാരവാഹികളായ വി.എസ്. സെബാസ്റ്റ്യൻ വെച്ചൂർ, വിത്സൻ മാത്യൂ പാമ്പൂരിക്കൽ, രാജു അമ്പലത്തറ, ഔസേപ്പച്ചൻ ഞാറയ്ക്കൽ, മോഹനകുമാർ കുന്നപ്പള്ളിക്കരോട്ട്, പി.കെ. ശശിധരൻ പാമ്പാടിയാത്ത്, ജോസ് പി. കുര്യൻ പഴേപറമ്പിൽ, ടോണി ജോർജ് പന്തലാടിക്കൽ, പത്മിനി ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ, ജോർജുകുട്ടി പനച്ചിക്കൽ, പി.എസ്. സാബു തുടങ്ങിയവർ പ്രസംഗിക്കും.
കർഷക സൗഹൃദസദസ്, കർഷക പ്രതിഭകൾക്ക് ആദരം, കാർഷികാനുഭവങ്ങളുടെ പങ്കുവയ്ക്കൽ, പച്ചക്കറി കൃഷി അറിയേണ്ടവ എന്ന വിഷയത്തിൽ കാർഷിക പഠനപരിപാടി എന്നിവയുണ്ടായിരിക്കും.
പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് മേൽത്തരം പ്രിയങ്ക ഇനം പാവൽ, ലോല വള്ളിപ്പയർ, അർക്ക അനാമിക വെണ്ട, പാലക് ചീര എന്നിവയുടെ വിത്തുകളും കൃഷിരീതികൾ വിവരിക്കുന്ന ലഘുലേഖകളും പച്ചക്കറിത്തൈകളും സൗജന്യമായി നൽകും. ഫോൺ: 9446924840, 9447348069.
District News
നെന്മാറ: കാലവർഷം ശക്തിപ്രാപിച്ച് പ്രദേശത്ത് മതിയായ മഴ ലഭിച്ചതോടെ നെന്മാറ, അയിലൂർ കൃഷിഭവനുകളുടെ പരിധിയിലുള്ള വിവിധ പാടശേഖരങ്ങളിൽ നടീൽ പണികൾ സജീവമായി.
പ്രദേശത്തെ കയ്പഞ്ചേരി, കണ്ണിയമംഗലം, തോണിക്കടവ് എന്നിവ ഉൾപ്പെടെയുള്ള പാടശേഖരങ്ങളിലാണ് നിലവിൽ വ്യാപകമായി നടീൽ നടക്കുന്നത്. മഴ ലഭിച്ചതോടെ കർഷകരിൽ പ്രതീക്ഷയും ആത്മവിശ്വാസവും വർധിച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷങ്ങളിൽ മഴക്കുറവും കാലാവസ്ഥാ വ്യതിയാനവും മൂലം കൃഷി പ്രതിസന്ധിയിലായിരുന്നെങ്കിലും ഇത്തവണ കാലവർഷത്തിന്റെ അനുഗ്രഹം കർഷകർക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം തൊഴിലാളി ക്ഷാമം ഇത്തവണയും തുടരുകയാണ്.
ഇതുമൂലം നടീൽ ജോലികൾ പൂർത്തിയാക്കുന്നതിനായി ഇതര സംസ്ഥാന തൊഴിലാളികളെയാണ് കർഷകർ പ്രധാനമായും ആശ്രയിക്കുന്നത്.
അയിലൂർ, കയ്പഞ്ചേരി, കണ്ണിയമംഗലം പാടശേഖരങ്ങളിൽ കഴിഞ്ഞ ദിവസം നടീൽ ജോലികൾക്കെത്തിയത് പശ്ചിമബംഗാളിൽ നിന്നുള്ള സ്ത്രീകളും പുരുഷന്മാരും ഉൾപ്പെട്ട തൊഴിലാളി സംഘമാണ്. പാടങ്ങളിൽ ഞാറ് പറിച്ചുനടുന്ന ജോലികൾ ഇവരുടെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്.
Leader Page
ബജറ്റിൽ കർഷകർക്കും യുവകർഷകർക്കും പ്രത്യേക പരിഗണന അനിവാര്യമാണ്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെയും ഭക്ഷ്യസുരക്ഷയുടെയും അടിത്തറ കർഷകരാണ്.
നാടിന്റെ നട്ടെല്ലായ കർഷകരെ സംരക്ഷിക്കുകയും അവരുടെ ജീവിതനിലവാരം ഉയർത്തുകയും ചെയ്യുന്നത് ഒരു സാമൂഹിക ബാധ്യത മാത്രമല്ല, കേരള സംസ്ഥാനത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള അനിവാര്യമായ നിക്ഷേപവുമാണ്.
കൃഷി മേഖല നശിക്കാതിരിക്കണമെങ്കിൽ വരാനിരിക്കുന്ന ബജറ്റിൽ താഴെപ്പറയുന്ന കാര്യങ്ങൾക്ക് പ്രത്യേക പരിഗണന നൽകേണ്ടതാണ്:
Kerala
തിരുവനന്തപുരം: നെല്ല് സംഭരണത്തിനും കൃഷി വകുപ്പുമായും ബന്ധപ്പെട്ട മറ്റു പദ്ധതികളിലും കർഷകർക്കു നൽകേണ്ട കുടിശിക തുക ഉടൻ നൽകാൻ നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. പാലക്കാട്ട് ഇനി സപ്ലൈകോ നേരിട്ടു സംഭരണം നടത്തുമെന്നും നിയമസഭാ മന്ദിരത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
ലോക പരിസ്ഥിതി ദിനമായ നാളെ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് കൃഷി വകുപ്പ് വിപുലമായ പരിപാടികൾ നടത്തും. സെക്രട്ടേറിയറ്റിൽ വെള്ളിയാഴ്ച രാവിലെ 10ന് നടക്കുന്ന വൃക്ഷത്തൈ നടീൽ ചടങ്ങ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്ത് പരിസ്ഥിതി ദിന സന്ദേശം നൽകും. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഫലവൃക്ഷത്തൈകൾ നട്ടുകൊണ്ടുള്ള പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു തെരഞ്ഞെടുത്ത അഞ്ചു കുട്ടിക്കർഷകരെ ചടങ്ങിൽ മുഖ്യമന്ത്രി ആദരിക്കും. ഫലവൃക്ഷ തൈയും പച്ചക്കറി വിത്തുകളുമടങ്ങുന്ന പ്രത്യേക ഹരിത കിറ്റ് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നുണ്ട്.
"ഓണത്തിന് ഒരുക്കാം വിളവിന്റെ വിസ്മയം' എന്ന പേരിൽ നടപ്പാക്കുന്ന ഓണക്കാലത്ത് ആവശ്യമായ വിഷരഹിത പച്ചക്കറികളും പൂക്കളും ലഭ്യമാക്കാനുള്ള പദ്ധതി സെക്രട്ടേറിയറ്റിൽ തയാറാക്കുന്ന മാതൃക പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി നിർവഹിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലും "കതിര്' എന്ന പേരിൽ പ്രകൃതി കൃഷി ക്ലബ്ബുകൾ തുടങ്ങും.
പരിസ്ഥിതി സംരക്ഷണം, കൃഷി എന്നിവ കൂടാതെ ഹോട്ടികൾച്ചർ തെറാപ്പി പോലുള്ള ആധുനികരീതികളും ഈ ക്ലബ്ബുകളിൽ നടപ്പാക്കും ഈ ക്ലബ്ബുകൾ എല്ലാം കൃഷിവകുപ്പിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്താണ് പ്രവർത്തിക്കുക. കൃഷിയിൽ താത്പര്യമുള്ള 20 മുതൽ 25 വരെ വിദ്യാർഥികളെ ഉൾപ്പെടുത്തിയാണ് ഓരോ വിദ്യാലയത്തിലും ക്ലബ്ബ് രൂപീകരിക്കുന്നത്.
ജനപ്രതിനിധികൾ, പഞ്ചായത്ത്, പിടിഎ എന്നിവർ അടങ്ങുന്ന ഒരു കമ്മിറ്റിയും രൂപീകരിക്കും. സംസ്ഥാനത്തെ 2500 സ്കൂളുകളിൽ ആദ്യഘട്ടത്തിൽ കാർഷിക ക്ലബ്ബുകൾ രൂപീകരിക്കുന്നതിനും സ്കൂളുകളിൽ പച്ചക്കറിത്തോട്ടം നിർമിക്കുന്നതിനുമായി ഓരോ വിദ്യാലയത്തിനും പരമാവധി 10,000 രൂപ വീതം നൽകാൻ രണ്ടരക്കോടി രൂപ പ്രത്യേക ഫണ്ടായി അനുവദിച്ചിട്ടുണ്ട്.
Business
സംസ്ഥാനത്തെ ലക്ഷക്കണക്കിനു വരുന്ന നാളികേര കർഷകരെ ഞെട്ടിച്ച് ഉത്പന്ന വിലയിൽ വൻ തകർച്ച. എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് ഇക്കുറി കാലവർഷം ദുർബലമാകാൻ സാധ്യത, ഉയർന്ന പകൽ താപനിലയിൽ പിടിച്ചു നിൽക്കാൻ ഏലത്തോട്ടങ്ങൾ ഇതിനകംതന്നെ ക്ലേശിക്കുന്നു, അടുത്ത സീസണിലെ ഏലം ഉത്പാദനത്തെ ബാധിക്കുമെന്ന ആശങ്കയിൽ ഒരു വിഭാഗം കർഷകർ. ഉത്തരേന്ത്യൻ കറിമസാല വ്യവസായികൾ കുരുമുളക് വില ഉയർത്തി ശേഖരിച്ചു. പ്രതികൂല കാലാവസ്ഥയിൽ തായ്ലൻഡിൽ റബർ ഉത്പാദനം ചുരുങ്ങിയത് അവരുടെ കയറ്റുമതിക്കു കാലതാമസം സൃഷ്ടിക്കാൻ സാധ്യത, വാങ്ങലുകാർ നിരക്ക് ഉയർത്തി.
കേരളത്തിലെ ലക്ഷക്കണക്കിനു വരുന്ന നാളികേര കർഷക കുടുംബങ്ങളെ കണ്ണീരിലാക്കും വിധം ഉത്പന്ന വില നിത്യേന ഇടിയുന്നു. പ്രതിസന്ധിക്കിടയിൽ പല ആവർത്തി കൊപ്ര തിരിച്ചുവരവിനു ശ്രമം നടത്തിയെങ്കിലും വെളിച്ചെണ്ണയ്ക്ക് പ്രാദേശിക ആവശ്യം ചുരുങ്ങിയത് കണക്കുകൂട്ടലുകൾ തകിടംമറിച്ചു. മാസാരംഭ ഡിമാൻഡ് പ്രതീക്ഷിച്ച് കരുത്തിവച്ച വെളിച്ചെണ്ണ വിറ്റുമാറാൻ മില്ലുകാർ പരക്കംപാഞ്ഞു. സാധാരണ കാലവർഷം അടുക്കുന്ന അവസരങ്ങളിൽ തേങ്ങവെട്ട് സ്തംഭിക്കുന്നത് വിലക്കയറ്റത്തിന് അവസരം ഒരുക്കാറുണ്ട്. എന്നാൽ, ഇക്കുറി ആ പ്രതീക്ഷയ്ക്കും മങ്ങലേറ്റു.
കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ റിക്കാർഡ് വിലയിൽ നിന്നും വെളിച്ചെണ്ണ വില ഇതിനകം 30 ശതമാനത്തിൽ അധികം ഇടിഞ്ഞു. 2025 മധ്യം ലിറ്ററിനു 393 രൂപ വരെ ഉയർന്ന എണ്ണ വില നിലവിൽ 235ലേക്ക് താഴ്ന്നു. കൊപ്ര വില കിലോ 259 രൂപയിൽ നിന്ന് 138 രൂപയായി. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നാളികേര ഉത്പാദനം ഉയർന്നതിനൊപ്പം വിപണിയിൽ ചരക്ക് വരവ് ശക്തിയാർജിച്ചതും തിരിച്ചടിയായി. 2024ലെ വരൾച്ചയുടെ ഫലമായി കഴിഞ്ഞ വർഷം നാളികേര ഉത്പാദനം കുറഞ്ഞതാണ് അന്ന് റിക്കാർഡ് വിലക്കയറ്റത്തിന് അവസരമൊരുക്കിയത്.
ഇതിനിടയിൽ കയറ്റുമതി വിപണിയിൽ സമീപ മാസങ്ങളിൽ ഡിമാൻഡ് ദുർബലമായതും പ്രതിസന്ധി രൂക്ഷമാക്കി. ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് നേരിട്ട തടസങ്ങൾ വിദേശ വാങ്ങലുകാരെ പിന്നാക്കം വലിച്ച് ആഭ്യന്തര വിപണിയെ കൂടുതൽ സമ്മർദത്തിലാക്കി.
വർഷാരംഭം രാജ്യാന്തര വിപണിയിൽ ഇന്ത്യൻ വെളിച്ചെണ്ണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ ടണ്ണിനു 4164 ഡോളർ വരെ കയറി, ലോക വിപണിയിൽ വെളിച്ചെണ്ണയ്ക്ക് രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ നിരക്കും ഇതായിരുന്നു. ഭക്ഷ്യസംസ്കരണ, സൗന്ദര്യവർധക വ്യവസായങ്ങളിൽനിന്നുള്ള സ്ഥിരമായ ഡിമാൻഡ് വെളിച്ചെണ്ണയ്ക്ക് താങ്ങു പകരുന്നുണ്ട്. കൊച്ചിയിൽ എണ്ണ വില 24,500 രൂപയിൽനിന്നും വാരാന്ത്യം 23,600ലേക്ക് ഇടിഞ്ഞു. കൊപ്ര 14,600 രൂപയിൽനിന്നും 13,800 രൂപയായി. തമിഴ്നാട്ടിൽ കൊപ്രയ്ക്കു വൻകിട മില്ലുകാരിൽ നിന്നുള്ള ആവശ്യം ചുരുങ്ങിയതോടെ നിരക്ക് ക്വിന്റലിന് 13,600 രൂപയിൽ നിന്ന് 12,350 രൂപയായി.
ഏലത്തിനു ഭീഷണിയായി കാലാവസ്ഥ
കാലവർഷം കേരളത്തിന്റെ പാടിവാതുക്കൽ എത്തി ഒളിഞ്ഞുനോട്ടം നടത്തിയത് രാത്രി മഴയ്ക്ക് അവസരം ഒരുക്കിയെങ്കിലും പകൽ അനുഭവപ്പെടുന്ന ഉയർന്ന താപനില ഏലത്തോട്ടങ്ങളെ പ്രതിസന്ധിലാക്കുന്നു. അന്തരീക്ഷ താപനില ഉയർന്നതിനെ പ്രതിരോധിക്കാൻ ശരങ്ങൾക്കാകുന്നില്ലെന്നാണ് ഹൈറേഞ്ചിലെ കർഷകരുടെ വിലയിരുത്തൽ. ഈ നില ഒരാഴ്ച കൂടി തുടർന്നാൽ അടുത്ത സീസണിൽ വിളവ് ചുരുങ്ങാം. അതേസമയം, പിന്നിട്ട സീസണിൽ ബംപർ വിളവിനിടയിൽ ഉയർന്ന വില ഉറപ്പുവരുത്താനായത് കർഷകരുടെ വരുമാനം ഉയർത്തി. എന്നാൽ, വളം, കീടനാശിനി വില വർധന മൂലം പലരും വാങ്ങൽ കുറച്ചത് ഉത്പാദനത്തിൽ പ്രതിഫലിക്കും.
ആഭ്യന്തര, അന്താരാഷ്ട്ര വിപണിയിൽ നിന്നും ഇന്ത്യൻ ഏലത്തിന് ഡിമാൻഡ് തുടരുന്നു. ഗ്വാട്ടിമാലയിൽ ഉത്പാദനം അമ്പത് ശതമാനം കുറഞ്ഞത് നമ്മുടെ ചരക്കിന് ആവശ്യം വർധിപ്പിച്ചു. ഓഗസ്റ്റിലെ ഉത്സവകാല ആവശ്യങ്ങൾ മുന്നിൽ കണ്ട് ഉത്തരേന്ത്യൻ വ്യാപാരികളും വ്യവസായികളും ചരക്ക് സംഭരിക്കുന്നുണ്ട്. ഇതിനിടയിൽ ജൂൺ-ജൂലൈയിൽ ഉത്പാദനത്തിൽ കുറവ് സംഭവിച്ചാൽ നിരക്ക് ഉയർത്തി ചരക്ക് ശേഖരിക്കാൻ വാങ്ങലുകാർ ഉത്സാഹിക്കും. അതേസമയം, വരവ് ഉയർന്നാൽ താത്കാലികമായി ശരാശരി ഇനങ്ങൾക്കു കിലോ രണ്ടായിരം രൂപയിൽ താങ്ങ് പ്രതീക്ഷിക്കാം. വാരാന്ത്യം ശരാശരി ഇനങ്ങൾ കിലോ 2660 വരെ ഉയർന്നു.
കുരുമുളക് വരവ് കുറവ്
അന്തർസംസ്ഥാന വ്യാപാരികൾക്ക് കുരുമുളകിനായി വീണ്ടും കർഷകരുടെ പുറകെ. അവരുടെ ഡിമാൻഡിന് അനുസൃതമായി ചരക്ക് വില്പനയ്ക്ക് എത്താത്തത് വാങ്ങലുകാരെ അസ്വസ്ഥരാക്കുന്നു. വൻകിട കർഷകരും തോട്ടങ്ങളും ഉത്സവവേളയിലെ ഉയർന്ന വില പ്രതീക്ഷിച്ച് ചരക്ക് പിടിക്കുന്നത് ഉത്തരേന്ത്യൻ വ്യവസായികളെ പിരിമുറുക്കത്തിലാക്കി. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 70,400 രൂപയിലും ഗാർബിൾഡ് 72,400 രൂപയിലുമാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 7750 ഡോളർ.
റബറിൽ പ്രതീക്ഷ
തായ്ലൻഡിൽ മഴ വീണ്ടും വില്ലനായതോടെ റബർ ടാപ്പിംഗിൽ നിന്നു വിട്ടുനിൽക്കാൻ ഉത്പാദകർ നിർബന്ധിതരായി. കാലാവസ്ഥ തെളിഞ്ഞാൽ ഉത്പാദകർ തോട്ടങ്ങളിൽ സജീവമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ടയർ മേഖല. ഇതിനിടയിൽ ഷീറ്റ് ലഭ്യത കുറഞ്ഞത് വ്യവസായികളെയും അവിടത്തെ കയറ്റുമതിക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കി. ബാങ്കോക്കിൽ റബർ വില കിലോ 279 രൂപയിൽനിന്നും 282 രൂപയിലേക്ക് കയറി. രാജ്യാന്തര വില 300 ഡോളറിലേക്ക് മുന്നേറിയത് യൂറോപ്യൻ വ്യവസായികളെ പുതിയ വാങ്ങലുകളിൽ നിന്നും പിൻതിരിപ്പിച്ചു. ഏതാണ്ട് ഈ അവസരത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞത് കൃത്രിമ റബർ വിലയും കുറയാൻ ഇടയാക്കി.
ജപ്പാൻ ഒസാക്കയിൽ റബർ വില കിലോ 406 യെന്നിൽ നീങ്ങിയ ഘട്ടത്തിൽ വിനിമയ വിപണിയിൽ ഡോളറിനു മുന്നിൽ യെന്നിന്റെ മൂല്യം ഇടിഞ്ഞത് വിദേശ നിക്ഷേപകരെ റബറിലേക്ക് ആകർഷിച്ചു. വാങ്ങൽ താത്പര്യം ഉയർന്നതോടെ നിരക്ക് 424 യെൻ വരെ കയറി. ഡെയ്ലി ചാർട്ടിൽ ബുള്ളിഷ് ട്രെൻഡ് നിലനിർത്തുന്ന റബറിന് 400 യെന്നിൽ ശക്തമായ താങ്ങ് പ്രതീക്ഷിക്കാം. റബർ ഉത്പാദനം ഉയരുന്നത് സംബന്ധിച്ച് തായ് മാർക്കറ്റിൽ നിന്നും റിപ്പോർട്ടുകൾ പുറത്തുവരും വരെ മികവ് നിലനിർത്താം.
സംസ്ഥാനത്തെ കർഷകർ തോട്ടങ്ങളിൽ റെയിൻ ഗാർഡ് ഒരുക്കുന്ന തിരക്കിലാണ്. മഴയ്ക്കിടയിലും വെട്ടുമായി മുന്നേറാനുള്ള നീക്കങ്ങൾക്കിടയിൽ അവർക്ക് ആത്മവിശ്വാസം നൽകുന്നത് റബറിന്റെ ഉയർന്ന വില ഒന്ന് മാത്രമാണ്. ടയർ നിർമാതാക്കൾ നാലാം ഗ്രേഡ് റബർ വില 24,500 രൂപയിൽനിന്നും 26,200ലേക്ക് ഉയർത്തി. അഞ്ചാം ഗ്രേഡ് 24,500 രൂപയിൽ നിന്ന് 25,600 രൂപയായി.
Business
ആഗോള റബർ ഉത്പാദകരെ രോമാഞ്ചം കൊള്ളിച്ച് ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ റബർ 424 യെന്നിലെ പ്രതിരോധം തകർത്ത് 430 യെൻ വരെ മുന്നേറി, അപ്രതീക്ഷിത കുതിപ്പിനിടയിൽ ഒരു വിഭാഗം ലാഭമെടുപ്പിലേക്ക് ചുവടു മാറ്റുന്നതു സാങ്കേതിക തിരുത്തലിന് ഇടയാക്കാം.
അനുകൂല കാലാവസ്ഥയിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ചെറുകിട കർഷകർ റബർ വെട്ട് പുനരാരംഭിച്ചു. ഇറക്കുമതി രാജ്യങ്ങളിൽ കുരുമുളക് സ്റ്റോക്ക് ചുരുങ്ങി, മധ്യപൂർവേഷ്യ വഴിയുള്ള കപ്പൽ ഗതാഗത തടസങ്ങൾ വാങ്ങലുകാരെ സമ്മർദത്തിലാക്കി. വെളിച്ചെണ്ണ പിടിച്ചുനിൽക്കാൻ ക്ലേശിക്കുന്നു. ഉത്പാദകരുടെ ചെറുത്തുനിൽപ്പ് കൊപ്രയ്ക്ക് താങ്ങായി. കൊക്കോ ഉത്പാദനം നേരത്തേ കണക്കുകൂട്ടിയതിലും ഉയരുമെന്ന ഐവറി കോസ്റ്റിന്റെ വെളിപ്പെടുത്തൽ ചോക്ലേറ്റ് വ്യവസായികളുടെ മുഖത്ത് പുഞ്ചിരി വിടർത്തി, ഉത്പന്നവിലയിൽ ഇടിവ്.
റബറിനു മുന്നേറ്റം; കേരളം ടാപ്പിംഗിലേക്ക്
ഏഷ്യൻ റബർ അവധിവ്യാപാരരംഗം കരുത്ത് നിലനിർത്തുന്നു. ഒക്ടോബറിൽ ഉടലെടുത്ത് ബുൾ റാലിയിൽ ജപ്പാൻ ഒസാക്കയിൽ റബർ വില കിലോ 306 യെന്നിൽനിന്നും ഇതിനകം 430 യെൻ വരെ കയറി. ഇതിനിടയിൽ 340ലെയും 360ലെയും പ്രതിരോധങ്ങൾ വിപണി തകർത്താണു മികവിലേക്ക് ചുവടു വച്ചത്. 2011 രേഖപ്പെടുത്തിയ തലത്തിലേക്ക് ഉത്പന്നവില കയറി.
ജപ്പാൻ ഒസാക്കയിൽ റബറിനു കഴിഞ്ഞ വാരം സൂചിപ്പിച്ച കിലോ 424 യെന്നിലെ പ്രതിരോധം തകർത്ത് 430 വരെ സഞ്ചരിച്ചു. വിപണി സാങ്കേതിമായി ഓവർ ബോട്ട് മേഖലയിൽ പ്രവേശിച്ചതോടെ ഒരു വിഭാഗം ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് ഉത്സാഹിച്ചതു കണ്ട് ഊഹക്കച്ചവടക്കാർ ഉയർന്ന റേഞ്ചിൽ പുതിയ വില്പനയ്ക്കും അവസരം പ്രയോജനപ്പെടുത്തി. വാരാന്ത്യം 413ലെ സപ്പോർട്ട് നിലനിർത്തിയെങ്കിലും ഈ താങ്ങ് കൈമോശം വന്നാൽ 393ലേക്ക് തിരുത്തലിനു ശ്രമം നടത്താം. അതേസമയം, ജപ്പാനിൽ റബർ മുന്നോറിയാൽ 436 യെന്നിൽ പ്രതിരോധമുണ്ട്.
കനത്ത മഴയിൽ തായ്ലൻഡിലെ ഒട്ടുമിക്ക റബർ ഉത്പാദക മേഖലകളിലും ടാപ്പിംഗിന് അവസരം ലഭിക്കാതെ കർഷകർ വിട്ടുനിന്നു. കാലാവസ്ഥ തെളിഞ്ഞാൽ ഉത്പാദകർ വീണ്ടും തോട്ടങ്ങളിലേക്ക് തിരിയുമെന്നു മനസിലാക്കി ഇറക്കുമതിരാജ്യങ്ങൾ പുതിയ കരാറുകൾക്ക് തയാറായില്ല. ഇതിനിടയിൽ ബാങ്കോക്കിൽ റബർ കിലോ 288 രൂപയിൽനിന്നും വാരാന്ത്യം 280ലേക്ക് താഴ്ന്നു.
വരണ്ട കാലാവസ്ഥയ്ക്ക് അവധി നൽകി തെക്കുപടിഞ്ഞാറൻ കാലവർഷം കേരള തീരം ലക്ഷ്യമാക്കി സഞ്ചരിക്കുന്നു. നിക്കോബാർ ദ്വീപസമൂഹങ്ങളിൽ മഴമേഘങ്ങളെത്തിയത് കാർഷിക മേഖലയ്ക്ക് പ്രതീക്ഷ പകരുന്നു. സംസ്ഥാനത്തെ കർഷകർ തോട്ടങ്ങളിൽ ആവശ്യമായ വളപ്രയോഗങ്ങൾക്ക് തിരക്കിട്ട നീക്കങ്ങൾ ഇതിനകംതന്നെ ആരംഭിച്ചു. അതേസമയം, വളങ്ങളുടെ വില മുൻ വർഷത്തെ അപേക്ഷിച്ച് ഉയർന്നത് ഉത്പാദകർക്ക് കനത്ത സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കും.
ടയർ കമ്പനികൾ നാലാം ഗ്രേഡ് റബർ വില കിലോ 260 രൂപയിൽനിന്നും 265 വരെ ഉയർത്തിയെങ്കിലും ശനിയാഴ്ച വില 263 രൂപയിലാണ്. ഈ നിരക്കിലും വില്പനക്കാരില്ലെന്നാണു വ്യാപാരികളുടെ പക്ഷം. അഞ്ചാം ഗ്രേഡ് 255 രൂപയിൽ നിന്ന് 259 രൂപയായി. ഒട്ടുപാൽ 160 രൂപയിലും ലാറ്റക്സ് 155 രൂപയിലും സ്റ്റെഡിയാണ്.
കുരുമുളക് ലഭ്യതയിൽ കുറവ്
ആഗോള വിപണിയിൽ കുരുമുളക് ലഭ്യത പ്രതീക്ഷയിലും കുറഞ്ഞത് യൂറോപ്യൻ രാജ്യങ്ങളിലെ വാങ്ങലുകാരെ സമ്മർദത്തിലാക്കുന്നു. വിയറ്റ്നാം മുളകിനെയാണ് ഈ വർഷം കൂടുതലായി ആശ്രയിച്ചത്. പശ്ചിമേഷ്യ വഴിയുള്ള കപ്പൽ ഗതാഗതത്തിലെ തടസങ്ങളും യുദ്ധാന്തരീക്ഷത്തിൽ ചരക്കുകൂലി ഇനത്തിൽ വരുത്തിയ മാറ്റങ്ങളും മൂലം രണ്ട് മാസമായി പല വൻകിട ബയർമാരും ഇറക്കുമതിയിൽനിന്നും അല്പം വിട്ടുനിൽക്കുകയാണ്.
പല ബഹുരാഷ്ട്ര കന്പനികളുടെയും കരുതൽ ശേഖരത്തിൽ കുരുമുളകിന്റെ അളവ് ചുരുങ്ങുന്നതായാണു രഹസ്യവിവരം. എന്നാൽ, ഇതു സംബന്ധിച്ച് സൂചനകളൊന്നും അവർ ഇനിയും പുറത്തു വിട്ടിട്ടില്ല. ക്രിസ്മസ് വരെയുള്ള ആവശ്യങ്ങൾക്കുള്ള ചരക്ക് സംഭരണ സമയമാണെങ്കിലും ആഗോള ചരക്ക് ക്ഷാമം മുൻനിര ഇറക്കുമതി രാജ്യങ്ങളുടെ കണക്കുകൂട്ടലുകൾ പാടേ തെറ്റിച്ചു.
വിയറ്റ്നാമിലും ഇന്തോനേഷ്യയിലും കാര്യമായ വില്പനക്കാരില്ല. ജൂലൈയോടെ അവരുടെ നിരക്ക് ടണ്ണിന് 500 മുതൽ 1000 ഡോളർ വരെ കുതിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില ക്വിന്റലിന് 72,800 രൂപ കയറിയ ശേഷം വാരാന്ത്യം 72,700ലാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 7700 ഡോളർ.
പ്രതിസന്ധിയൊഴിയാതെ നാളികേരോത്പന്ന വിപണി
നാളികേരോത്്പന്ന വിപണി പ്രതിസന്ധിയിൽ. വെളിച്ചെണ്ണയ്ക്കു പ്രാദേശിക ആവശ്യം കുറഞ്ഞതിനാൽ കൈവശമുള്ള എണ്ണ വിറ്റുമാറാൻ ഒരു വശത്ത് വൻകിട മില്ലുകൾ പരക്കം പായുന്നു. പച്ചത്തേങ്ങയും കൊപ്രയും വില്പനയ്ക്ക് ഇറക്കുന്നതിൽ വൻകിട തോട്ടങ്ങൾ വരുത്തിയ നിയന്ത്രണം ഒരു പരിധി വരെ വിപണിക്ക് താങ്ങായി. കാങ്കയത്ത് കൊപ്ര 13,550 രൂപയായി താഴ്ന്നു. വെളിച്ചെണ്ണ ക്വിന്റലിന് 20,350 രൂപ. കൊച്ചിയിൽ എണ്ണ വില 25,500 രൂപയിൽ നിന്നും. 24,600 രൂപയായി. ഒറ്റ ആഴ്ചയിൽ 900 രൂപ ഇടിഞ്ഞു. അതേസമയം, കൊപ്ര 14,700ൽ പിടിച്ചുനിന്നു.
കൊക്കോവിലയിൽ ചാഞ്ചാട്ടം
രാജ്യാന്തര കൊക്കോവില കരുത്തു നേടുന്നതിനിടയിൽ മുൻനിര ഉത്പാദക രാജ്യമായ ഐവറി കോസ്റ്റിൽനിന്നും നടപ്പ് സീസണിലെ ഉത്പാദനം സംബന്ധിച്ച് പുതിയ വിവരം പുറത്ത് വന്നത് വിപണിയെ ഞെട്ടിച്ചു.
ന്യൂയോർക്കിൽ കൊക്കോ ടണ്ണിന് 4433 ഡോളറിൽനിന്നും 4795 വരെ ഉയർന്നു. എൽ നിനോ കാലാവസ്ഥാ പ്രതിഭാസം മൂലം പശ്ചിമ ആഫ്രിക്കയിൽ അടുത്ത സീസണിൽ ഉത്പാദനം കുറയുമെന്ന വിലയിരുത്തലാണ് ഉത്പന്നവില കുതിച്ചുകയറാൻ ഇടയാക്കിയത്. എന്നാൽ, നടപ്പ് സീസണിലെ വിളവ് സംബന്ധിച്ച ഐവറി കോസ്റ്റിൽനിന്നുള്ള വിവരം പുറത്തുവന്നതോടെ കൊക്കോ വില വാരാന്ത്യം 4058 ഡോളറിലേക്ക് ഇടിഞ്ഞു.
Business
കൊച്ചി: മില്‍മ എറണാകുളം മേഖലാ യൂണിയന് സംഘങ്ങളില്‍നിന്നു സംഭരിക്കുന്ന ഓരോ ലിറ്റര്‍ പാലിനും രണ്ടുരൂപ വീതം പ്രോത്സാഹന വിലയായി അധികം നല്‍കും.
ഇന്നലെ മുതല്‍ 31 വരെ വരെ സംഭരിക്കുന്ന പാലിനാണ് അധിക വില നൽകുകയെന്ന് ചെയര്മാന് സി.എന്‍. വൽസലന് പിള്ള അറിയിച്ചു.
എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ ആയിരത്തിലധികം പ്രാഥമിക ക്ഷീരസംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
District News
പുൽപ്പള്ളി: കുടിയേറ്റമേഖലയിലെ വനാതിർത്തി പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമായതോടെ കർഷകർ കടുത്ത പ്രതിസന്ധിയിൽ.
വേനൽമഴ ലഭിച്ചതോടെ കൃഷിയിടങ്ങളിൽ പച്ചപ്പ് പടർന്നു. ഇതോടെ മേഖലയിലെ വനാതിർത്തി ഗ്രാമങ്ങൾ കാട്ടാന ഭീതിയിയിലാണ്. കർണാടകയിലെ ബന്ദിപ്പുര, നാഗർഹോള വനമേഖലയിൽ നിന്നും കബനിനദി കടന്നെത്തുന്ന കാട്ടാനകൾക്ക് പുറമെ വയനാട് വന്യജീവി സങ്കേതത്തിലെ ചെതലയം കുറിച്ചാട് റേഞ്ചിലെ വനമേഖലയിൽ നിന്ന് ട്രഞ്ചും ഫെൻസിംഗും തകർത്താണ് സന്ധ്യമയങ്ങുന്നതോടെ കാട്ടാനകൾ കൃഷിയിടങ്ങളിലിറങ്ങി വ്യപകമായി കൃഷികൾ നശിപ്പിക്കുന്നത്.
മേഖലയിലെ കണ്ടാമല, വേലിയന്പം, കുറിച്ചിപ്പറ്റ, പാക്കം, ദാസനക്കര, ചേകാടി, സീതാമണ്ട്, മരക്കടവ്, കൃഗന്നൂർ, കൊളവള്ളി, ചാമപ്പാറ, മൂഴിമല, മരക്കടവ് തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാന ശല്യം ഏറെയും. പകൽ സമയങ്ങളിൽ പോലും കൃഷിയിടങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം പുൽപ്പള്ളി പഞ്ചായത്തിലെ വേലിയന്പത്ത് കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി വിളകൾ നശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി മേഖലയിൽ കാട്ടാനക്കൂട്ടം വ്യാപകമായ കൃഷി നാശം വരുത്തുന്നുണ്ട്.
വനാതിർത്തി തിരിക്കുന്ന പാളക്കൊല്ലി ഭാഗത്ത് സ്ഥാപിച്ചിരുന്ന ഗേറ്റ് തകർന്നിട്ട് വർഷങ്ങളായി. അത് റിപ്പയർ ചെയത് ആന ഇറങ്ങുന്നതിൽ നിന്ന് സംരക്ഷണം നൽകാൻ വനം വകുപ്പ് തയാറാകുന്നില്ല.
ഇടിഞ്ഞ ട്രഞ്ചുകൾ റിപ്പയർ ചെയ്യാത്തതാണ് വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങി വ്യാപകമായ കൃഷി നഷ്ടം ഉണ്ടാക്കുന്നതിന് കാരണം. സർക്കാർ തലത്തിൽ കാട്ടാന ശല്യത്തെ പ്രതിരോധിക്കാൻ നിരവധി പദ്ധതികൾ തയാറാക്കുന്നുണ്ടെങ്കിലും വനാതിർത്തി പ്രദേശത്തെ കർഷകർക്ക് ഒരു പ്രയോജനവുമില്ലാന്നാണ് കർഷകരുടെ പരാതി. അടിയന്തരമായി വനാതിർത്തി മേഖലയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്നാണ് കർഷകരുടെ ആവശ്യം.
Business
കോതമംഗലം: ചക്കയ്ക്ക് നാട്ടിലും മറുനാട്ടിലും ആവശ്യക്കാരേറെയെങ്കിലും ഉത്പാദകരായ കർഷകരിലേക്ക് ഡിമാൻഡനുസരിച്ചുള്ള നേട്ടമെത്തുന്നില്ല. മൊത്തവില്പനക്കാരും ഇടനിലക്കാരും ചക്കവിപണിയിൽ ലാഭമുണ്ടാക്കുമ്പോൾ, കർഷകനു കിട്ടുന്നതു തുച്ഛമായ വരുമാനം.
ഇടിയൻ ചക്ക(ഇടിഞ്ചക്ക) ഒന്നിന് 70 രൂപ വരെ നേരത്തേ കർഷകനു ലഭിച്ചിരുന്നു. ഇപ്പോൾ അഞ്ചു മുതൽ 10 വരെ കിലോഗ്രാം വരെ തൂക്കമുള്ള മൂക്കാത്ത ചക്ക ഒന്നിന് കിട്ടുന്നത് 25 - 30 രൂപ മാത്രമാണെന്നു കർഷകർ പറയുന്നു. മഴ പെയ്തു തുടങ്ങിയാൽ വില ഇനിയും കുറയും.
കർഷകരിൽനിന്ന് 25 - 30 രൂപയ്ക്കു കച്ചവടക്കാർ വാങ്ങുന്ന ചക്ക ചെറുവണ്ടികളിൽ പത്തോ പതിനഞ്ചോ കിലോമീറ്റർ എത്തിച്ച് മൊത്തക്കച്ചവടക്കാരനു നൽകുമ്പോൾ കിലോയ്ക്കു 50 രൂപ മുതൽ മുകളിലേക്കാണു വില ഉയരുന്നത്. ഇതു കേടാകാതെ പായ്ക്കു ചെയ്ത് വലിയ ചരക്കുലോറികളിൽ ഇതര സംസ്ഥാനങ്ങളിലെ ഭക്ഷ്യ സംസ്കരണ ഫാക്ടറികളിലേക്കും ഉത്പാദന യൂണിറ്റുകളിലേക്കും വിദേശ വിപണികളിലേക്കുമെത്തുമ്പോഴേക്കും ഡിമാൻഡും വിലയും വീണ്ടും ഉയരും.
ഇടിഞ്ചക്കയ്ക്കും മൂപ്പു കുറഞ്ഞ ചക്കയ്ക്കുമാണ് ഇതര സംസ്ഥാന വിപണികളിലും ഫാക്ടറികളിലും ഡിമാൻഡ് കൂടുതലുള്ളത്.
ചക്ക ഉത്പാദിപ്പിക്കുന്ന കർഷകർക്കു ന്യായവില ഉറപ്പുവരുത്താൻ തദ്ദേശ സ്ഥാപനങ്ങളോടനുബന്ധിച്ചു മൂല്യവർധിത ഉത്പാദന യൂണിറ്റുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. ചക്കയ്ക്കു പുറമേ, കപ്പ, ഏത്തയ്ക്ക എന്നിവയിലും പ്രാദേശികമായി മൂല്യവർധിത ഉത്പാദന യൂണിറ്റുകൾ തുടങ്ങിയാൽ ഇടനിലക്കാരുടെയും വൻകിട കച്ചവടക്കാരുടെയും ചൂഷണം നിയന്ത്രിക്കാനാകും. കർഷകർക്ക് ഉത്പന്നങ്ങൾക്കു ന്യായമായ വില ലഭിക്കാനും ഒപ്പം തൊഴിലവസരം വർധിക്കാനും ഇതു സഹായകമാകുമെന്നാണു വിലയിരുത്തൽ.
ഗ്യാസ് ക്ഷാമം ചക്കയ്ക്കും തിരിച്ചടി
മൂത്ത ചക്ക ആഭ്യന്തര, ഇതര സംസ്ഥാന വിപണികളിലേക്കെത്തുന്നത് ഏറിയ പങ്കും വൈവിധ്യമാർന്ന ചിപ്സ് ഉണ്ടാക്കുന്നതിനാണ്. നാട്ടിൻപുറങ്ങളിൽ നിന്നു കയറ്റിവിടുന്ന ചക്കയിൽ ഒരു ഭാഗം മൂല്യവർധിത ഉത്പന്നങ്ങളായി ഇവിടത്തെ വിപണികളിലേക്കു തിരിച്ചെത്തുന്നുമുണ്ട്. അധിക വിലകൊടുത്ത് ഇതു വാങ്ങാൻ നഗരങ്ങളിലും ഗ്രാമങ്ങളിലും ആവശ്യക്കാരേറെ.
പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ ചക്ക വറുത്തു വില്പന നടത്തുന്നവർ പലയിടത്തും കൂട്ടത്തോടെ പിന്മാറി. ചക്കയുടെ വിവിധ ഇനം ചിപ്സുകൾക്ക് വില കൂടിയിട്ടുമുണ്ട്.
ചിപ്സ് വിപണി ക്ഷീണിച്ചതോടെ മൂത്തു പാകമായ ചക്ക ശേഖരിക്കാൻ വരുന്ന കച്ചവടക്കാരുടെ എണ്ണം കുറഞ്ഞെന്നു കർഷകർ ചൂണ്ടിക്കാട്ടുന്നു. പഴുത്ത ചക്കയ്ക്ക് വിപണിയിൽ ആവശ്യക്കാർ കുറവാണ്.
Kerala
കണ്ണൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി പുറത്തിറക്കിയ പ്രകടനപത്രിക കേരളത്തിലെ മലയോര കർഷകരെ കുടിയിറക്കാനും ഭൂമി പിടിച്ചെടുക്കാനുമുള്ള പദ്ധതിയായി വിവാദമായപ്പോൾ ആ ഭാഗം ഒഴിവാക്കി കർഷകരെ കബളിപ്പിക്കാനുള്ള ശ്രമമാണു നടത്തിയതെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആരോപിച്ചു. ജനരോഷം ഭയന്നാണു പ്രകടനപത്രിക തിരുത്താൻ എൽഡിഎഫ് തയാറായത്.
വനാതിർത്തികളിൽ വിയർപ്പൊഴുക്കി പൊന്നുവിളയിക്കുന്ന കർഷകന്റെ നെഞ്ചിൽ ആണിയടിക്കുന്ന നിർദേശങ്ങളാണു പ്രകടനപത്രികയിലുടനീളം ഉണ്ടായിരുന്നത്. ഗാഡ്ഗിലും കസ്തൂരിരംഗനും തള്ളിക്കളഞ്ഞ മലയോര ജനതയുടെ മേൽ പരിസ്ഥിതി ദുർബല ചെരിവുകൾ എന്ന പേരിൽ പുതിയ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാനാണ് എൽഡിഎഫിന്റെ ശ്രമം.
ടൈഗർ റിസർവുകളിൽ മാത്രം നിലവിലുള്ള കോർ സോൺ, ബഫർ സോൺ നിബന്ധനകൾ കേരളത്തിലെ എല്ലാ വനമേഖലകളിലേക്കും വ്യാപിപ്പിക്കുമെന്ന ആദ്യ പ്രഖ്യാപനം ജനദ്രോഹപരമാണ്. ഇത് വനാതിർത്തിയിലെ സാധാരണക്കാരുടെയും ആദിവാസികളുടെയും ജീവിതം നരകതുല്യമാക്കും.
വൻകിട വിദേശ ഏജൻസികളിൽനിന്നു കാർബൺ ഫണ്ട് കൈക്കലാക്കാൻ കർഷകന്റെ ഭൂമി വനമാക്കി മാറ്റാനുള്ള നീക്കമായിരുന്നോ നടത്തിയതെന്ന് ഇടതുപക്ഷം വ്യക്തമാക്കണം. മണ്ണിൽ പണിയെടുക്കുന്നവന്റെ അവകാശം കവർന്നെടുക്കുന്ന ഇത്തരം ചതിക്കുഴികളെ കോൺഗ്രസ് ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
എൽഡിഎഫ് ഭരണം കേരളത്തെ കര്‍ഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനമായി മാറ്റിയെന്ന് സണ്ണി ജോസഫ് പറഞ്ഞു. കര്‍ഷകരുടെ രക്തക്കറ പുരണ്ട സര്‍ക്കാരാണിത്.
വൈക്കത്ത് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ തൂങ്ങിമരിച്ച ചെല്ലപ്പന് അതില്‍ ഒടുവിലത്തേതാണെന്നും എൽഡിഎഫിന്റെ രാഷ്ട്രീയ വേട്ടയാടലുകള്‍ക്ക് ഇരയായതിനെത്തുടര്‍ന്നാണ് ചെല്ലപ്പന് ആത്മഹത്യ ചെയ്തെന്നും അദ്ദേഹം ആരോപിച്ചു.
എൽഡിഎഫിൽനിന്നു നടപടി ഉണ്ടായപ്പോള്‍ ചെല്ലപ്പന് കൃഷിമന്ത്രിയെയും ആഭ്യന്തരവകുപ്പിനെയും സമീപിച്ചിരുന്നെങ്കിലും നീതി ലഭിച്ചില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടമായ കര്‍ഷക വിരുദ്ധ നയങ്ങളാണ് ചെല്ലപ്പന്റെ ജീവനെടുത്തത്.
മണ്ണില്‍ പണിയെടുത്ത കര്‍ഷകന്റെ ആത്മാഭിമാനത്തെയാണ് പിണറായി ഭരണകൂടം ചവിട്ടിമെതിച്ചത്. ചെല്ലപ്പന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് കേരളീയ ജനത മാപ്പുനല്‍കില്ല. ഈ സര്‍ക്കാരിനെതിരായ കര്‍ഷക രോഷം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
Kerala
കോട്ടയം: ചുവരുകളില്‍ സ്ഥാനാര്‍ഥികളുടെ വലിയ എഴുത്തുകളും തെരഞ്ഞെടുപ്പ് അടയാളങ്ങളും. വഴിയരങ്ങളില് നമ്മെ നയിക്കേണ്ടവരുടെ ചിരിക്കുന്ന മുഖങ്ങള്‍, കാതടിപ്പിക്കുന്ന ശബ്ദത്തില്‍ പ്രചാരണ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്നു.
മീനച്ചൂടില്‍ തെരെഞ്ഞെടുപ്പിന്റെ ആരവവും ആവേശവുമാണ് എവിടെയും. പക്ഷേ അപ്പര്‍ കുട്ടനാട്ടിലെ നെല്‍ കര്‍ഷകരില്‍ തെരഞ്ഞെടുപ്പ് ആവേശം എത്തിയിട്ടില്ല. അവരുടെ ചങ്കില് തീയാണ്.
മീനച്ചൂടിനെ വെല്ലുന്ന ചൂടും. വായ്പയെടുത്തും കടം വാങ്ങിയും കിട്ടിയ പൈസ ഉപയോഗിച്ച് വിതച്ച് നട്ടുവളര്‍ത്തിയെടുത്ത നെല്ചെടികള് കൊയ്തെടുത്തിട്ട് ആഴ്ചകല്‍ പിന്നിട്ടു. സംഭരിക്കാന്‍ ഇതുവരെ മില്ലുകാര്‍ എത്തിയിട്ടില്ല. കത്തിക്കാളുന്ന വേനല്‍ചൂടിനു ശേഷം ഇടിയോടു കൂടി വേനല്‍ മഴയെത്തും.
പാടത്ത് കൊയ്തു കൂട്ടിയ നെല്ലു മുഴുവന്‍ നനയും. കുമരകം, തിരുവാര്‍പ്പ്, അയ്മനം, ആര്‍പ്പൂക്കര, കല്ലറ, വൈക്കം, കുറിച്ചി, നാട്ടകം, പായിപ്പാട് തുടങ്ങി ജില്ലയുള്‍പ്പെടുന്ന അപ്പര്‍കുട്ടനാട് മേഖലയിലെ നെല്‍കര്‍ഷകര്‍ക്ക് ഇത്തവണ കണ്ണീര്കൊയ്ത്താണ്.
ഈ കണ്ണീര്കൊയ്ത്തിന് പരിഹാരം കാണാന്‍ ജനവിധി തേടുന്നവര്‍ക്ക് കഴിയണമെന്നും അങ്ങനെയുള്ളവര്‍ക്കാണ് വോട്ടെന്നും നെല്‍കര്‍ഷകര്‍ ഒന്നടങ്കം പറയുന്നു. കുമരകം മങ്കുഴി പാടം ഇടവട്ടം, മൂലേപ്പാടം വല്ലകേരി, പത്തുപങ്ക്, വടക്കേ മൂലേപാടം, വെച്ചൂര്‍ പൂവത്തിങ്കരി, പൊന്നുരുക്കുംപാറ, വലിയപുതുക്കര കല്ലറ നീണ്ടൂര്‍ പാടശേഖരങ്ങള്‍ എന്നിവിടങ്ങളിലാണ് പുഞ്ചകൃഷിയുടെ ഏറ്റവും വലിയ വിളവെടുപ്പ് നടക്കുന്ന പാടശേഖരങ്ങള്‍.
120 ദിവസം പാടത്തു പണിയെടുത്ത് ഉണ്ടാക്കിയ വിളവാണ്. പലരും പാട്ടത്തിനെടുത്ത സ്ഥലത്താണ് കൃഷി ചെയ്യുന്നത്. വേറെ തൊഴില്‍ അറിയുന്നവരോ അതിനു പോകുന്നവരോ അല്ല ഞങ്ങള്‍. അപ്പോള്‍ അധ്വാനത്തിനു കൃത്യസമയത്ത് പ്രതിഫലം കിട്ടേണ്ടത് അത്യാവശ്യമേല്ലേ? നീണ്ടൂരിലെ കര്‍ഷകരിലൊരാളായ തോമസുകുട്ടിയുടേതാണ് ചോദ്യം.
കൃഷിഭവനുകള്‍ ശക്തമായ തീരുമാനങ്ങളെടുക്കുകയും നടപ്പിലാക്കുകയും ചെയ്യണം. നെല്ല് സംഭരിക്കാന്‍ സ്ഥലമില്ലെന്നു പറയുന്നു. അതിനുള്ള സൗകര്യം ഒരുക്കേണ്ടത് കൃഷിഭവനാണ്. നെല്ല് ക്വിന്റലിന് അഞ്ചു രൂപയുടെ അധിക കിഴിവാണ് മില്ലുടമകള്‍ ആവശ്യപ്പെട്ടത്. ഇത് നല്‍കാതിരുന്നതോടെയാണ് മില്ലുടമകള്‍ സംഭരണത്തില്‍ നിന്നും പിന്മാറിയതെന്നും കുമരകത്തെ നെല്‍കര്‍ഷകര്‍ പറയുന്നു.
2005 ലെ നിയമം കര്‍ശനമായി പാലിക്കാന്‍ കൃഷിഭവനുകള്‍ തയാറാകണം. ഇത്തവണ വിത്തു മോശമായിരുന്നു. അതുകൊണ്ടു തന്നെ വിളവും മോശമായിരുന്നു. നല്ല വിത്തു കണ്ടെത്തി തരണം. എങ്കിലെ വിളവും നന്നാകൂ.
ഓരോ തെരഞ്ഞെടുപ്പു കാലത്തും വാഗ്ദാനങ്ങള്‍ക്കൊന്നും കുറവുണ്ടായിട്ടില്ല. അവയൊക്കെ പാലിക്കപ്പെട്ടിരുന്നുവെങ്കില്‍ കൃഷിയും ചെയ്ത് വിളവെടുപ്പും കഴിഞ്ഞ് ഇങ്ങനെ ആശങ്കയോടെ കഴിയേണ്ടി വരില്ലായിരുന്നുവെന്നാണ് ചങ്ങനാശേരി മൂക്കാട്ടുവാക്ക, താമരച്ചാല്‍ പ്രദേശത്തെ കര്‍ഷകര്‍ പറയുന്നത്.
മഴ ശക്തമായാല്‍ നെല്ല് നനഞ്ഞു പോകും. കിളിര്‍ക്കാനും തുടങ്ങും. കര്‍ഷകരുടെ അധ്വാനവും വെറുതെയാകും. കിടങ്ങൂര്‍ ഒരു നെല്ല് സംഭരണ കേന്ദ്രം വരുമെന്ന് പറയുന്നുണ്ട്. അത് എത്രയും വേഗം വന്നാല്‍ അത്രയും നല്ലതെന്നും കര്‍ഷകര്‍ പറയുന്നു. നെല്ലു സംഭരണം വൈകുന്നതിനെതിരെ ഇന്നു പാഡി ഓഫീസിനു മുമ്പില്‍ സമരം നടത്തുമെന്നും കര്‍ഷകര്‍ പറഞ്ഞു.
District News
ഓമല്ലൂർ: കാർഷിക സംസ്കാരത്തിന്റെ തനിമ നിലനിർത്തുന്ന ഓമല്ലൂർ വയൽവാണിഭത്തിലേക്ക് വിത്തിനങ്ങളും കാർഷിക വിളകളും വാങ്ങാൻ കർഷകരുടെ തിരക്ക്. നിത്യോപയോഗ സാധനങ്ങൾ, ചെടികൾ തുടങ്ങിയവയും വയൽ വാണിഭത്തിൽ വില്പനയ്ക്കുണ്ട്.
മെച്ചപ്പെട്ട വിത്തിനങ്ങൾ ലഭിക്കുമെന്നതാണ് ഓമല്ലൂർ വയൽവാണിഭത്തെ വ്യത്യസ്തമാക്കുന്നത്. ചേന, കാച്ചിൽ, മധുരക്കിഴങ്ങ്, ചേന്പ് തുടങ്ങിയവയുടെ വിത്തിനങ്ങളും വിളകളും വാങ്ങാനാണ് കർഷകർ പ്രധാനമായും എത്തുന്നത്. വിവിധയിനങ്ങളിലുള്ള കാച്ചിലുകൾ, ശീമച്ചേന്പ്, ഇഞ്ചി തുടങ്ങിയവയുടെ വിത്തിനങ്ങൾ കൂടുതലായുണ്ട്. ഇതിനൊപ്പം ഏത്തവാഴ, പച്ചക്കറി വിത്തുകൾ, തൈകൾ എന്നിവയും ലഭ്യമാണ്. ചെടികൾ, ചെടിച്ചട്ടികൾ, ഫലവൃക്ഷത്തൈകൾ എന്നിവയുമായി വിവിധ നേഴ്സറികളും വയൽ വാണിഭത്തിനെത്തിയിട്ടുണ്ട്.
കാർഷിക വിളകൾക്കൊപ്പം കാർഷികോപകരണങ്ങളും ലഭിക്കും. തൂന്പ, കൂന്താലി, മൺവെട്ടി, വെട്ടുകത്തി എന്നിവയുടെ ശേഖരവുമുണ്ട്. അടുക്കളയിൽ നിന്ന് അന്യംനിന്നുപോകുന്ന മൺചട്ടി, ചിരട്ടത്തവി, മൺകലം, കൂജ, അരകല്ല്, നാഴി, ചങ്ങഴി, ഈറ്റമുറം, നെൽപ്പറ എന്നിവയുടെ ശേഖരവുമുണ്ട്. പുതുതലമുറയ്ക്ക് കേട്ടുകേഴ്വി മാത്രമായ ഗൃഹോപകരണങ്ങളുടെ ശേഖരമാണ് ഓമല്ലൂരിലെത്തിയിരിക്കുന്നത്. മീനം ഒന്നിന് ആരംഭിച്ച് ഒരുമാസത്തോളം നീളുന്നതാണ് ഓമല്ലൂർ വയൽവാണിഭം. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള കച്ചവടക്കാർ ഓമല്ലൂരിലെത്താറുണ്ട്.
കാർഷിക വിളകളുടെ വിപുലമായ ശേഖരമുള്ളതിനാൽ മൊത്തക്കച്ചവടക്കാർ ന്യായവില നൽകി വാങ്ങുന്നതും കർഷകർക്കു പ്രയോജനകരമാണ്. ഉണക്കക്കപ്പ ഉൾപ്പെടെയുള്ളവയും വില്പനയ്ക്കുണ്ട്. സമീപജില്ലകളിൽ നിന്നുപോലും ആളുകൾ ഉത്പന്നങ്ങൾ വാങ്ങാനായി ഓമല്ലൂരിലേക്ക് എത്താറുണ്ട്.
കന്നുകാലി പ്രദർശനത്തോടെയായിരുന്നു ഇത്തവണയും വാണിഭം ആരംഭിച്ചത്. ചരിത്രമുറങ്ങുന്ന ഓമല്ലൂർ വയലിൽ ആയിരുന്നു കന്നുകാലി പ്രദർശനം. കാളയും കാളവണ്ടിയും കുതിരയും പുലികളിയുമെല്ലാം അണിനിരന്ന ഘോഷയാത്രയും ഉദ്ഘാടന ദിവസം നടന്നു.
ആറ് നൂറ്റാണ്ടിന്റെ പ്രൗഢഗംഭീരമായ പാരന്പര്യമാണ് ഓമല്ലൂർ വയൽ വാണിഭത്തിനുള്ളത്. പണ്ട് കൊല്ലം വെളിയനല്ലൂരിലെ തെക്കേ പാടത്തുനിന്ന് കുറ്റിയുമായിവിരണ്ടോടിയ കാളക്കൂറ്റൻ വന്നു നിന്നത് ഓമല്ലൂർ വയലിലായിരുന്നു.
ഓമല്ലൂരിലെ ഈ കർഷകൻ കാളക്കൂറ്റനെ കുറ്റിയോടു കൂടി ഓമല്ലൂരിൽ വയലിൽ ബന്ധിച്ചു. പിറ്റേന്ന് കാളക്കൂറ്റനെ കാണാനും വില പറയാനും ധാരാളം പേർ ഓമല്ലൂർ വയലിൽ സംഗമിച്ചു. കാളയെ പിടിച്ചുകെട്ടിയകുറ്റി വളർന്ന് പാലമരമായി രൂപാന്തരപ്പെട്ടുവെന്ന് ചരിത്രം. പിന്നീട് മീനം മാസം ഒന്നിന് കർഷകർ ഇതേ പാലമരച്ചുവട്ടിൽ തങ്ങളുടെ കാളയും പോത്തുമായി എത്തുകയും വില്പന ആരംഭിക്കുകയും ചെയ്തു. പിൽക്കാലത്ത് ഇത് ഓമല്ലൂരിലെ കാർഷികമേളയായി മാറിയെന്നതാണ് ചരിത്രം.
District News
നെടുങ്കണ്ടം: കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ മികച്ച ഏലം കര്‍ഷകര്‍ക്ക് സ്പൈസസ് ബോര്‍ഡ് നല്കുന്ന അവാര്‍ഡുകള്‍ ചെയര്‍പേഴ്സണ്‍ അഡ്വ. സംഗീത വിശ്വനാഥന് നെടുങ്കണ്ടത്ത് വിതരണം ചെയ്തു. 2023 മുതല്‍ 2026 വരെ മൂന്ന് വര്‍ഷ കാലയളവിലെ അവാര്‍ഡുകളാണ് വിതരണം ചെയ്തത്.
2023-24 വര്‍ഷത്തില്‍ തമിഴ്നാട് ബോഡിനായ്ക്കനൂര്‍ സ്വദേശി എസ്. മാധവനാണ് ഒന്നാം സമ്മാനം. തേനി സ്വദേശി ജെ.ബി. മുരുഗേശന്‍, ഉടുമ്പഞ്ചോല സ്വദേശിനി ടെസി എഫ്. ഉമ്മന്‍ എന്നിവര്‍ രണ്ടാം സമ്മാനം നേടി. 2024-25 വര്‍ഷത്തില്‍ തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശി സി. തമിഴ് വേടന് ഒന്നാം സമ്മാനവും ഡിണ്ടിഗല്‍ സ്വദേശി ആര്. മുത്തുപ്പാണ്ടി, ഇടുക്കി സ്വദേശിനി സി.കെ. രാധ എന്നിവര്‍ രണ്ടാം സമ്മാനവും കരസ്ഥമാക്കി.
2025-26 വര്‍ഷത്തില്‍ പുറ്റടി സ്വദേശി പയസ് ജോസഫിനാണ് ഒന്നാം സമ്മാനം. മുരിക്കുംതൊട്ടി സ്വദേശി തങ്കച്ചന്, ഉടുമ്പന്‍ചോല സ്വദേശിനി എസ്. പൂര്‍വിഷ എന്നിവര്‍ രണ്ടാം സമ്മാനം കരസ്ഥമാക്കി.
വിജയികള്‍ക്ക് യഥാക്രമം 1,00,000 രൂപ, 50,000 രൂപ കാഷ് പ്രൈസുകള്ക്കു പുറമേ പ്രശസ്തിപത്രവും സമ്മാനിച്ചു.
ചടങ്ങില്‍ സ്പൈസസ് ബോര്‍ഡ് വികസനവിഭാഗം ഡയറക്ടര്‍ ധര്‍മേന്ദ്ര ദാസ്, ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ. എ.ബി. രമശ്രീ, കാര്‍ഷിക സര്‍വകലാശാല മുന്‍ പ്രഫസര്‍ ഡോ. മുരുഗന്, സ്പൈസസ് ബോര്‍ഡ് മുന്‍ വൈസ് ചെയര്മാന് സ്റ്റാനി പോത്തന്, ഏലം കര്‍ഷകര്‍, ഉത്പാദകസംഘം പ്രതിനിധികള്‍, പാമ്പാടുംപാറ ഏലം ഗവേഷണകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍, ഐസിആര്‍ഐ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
കൂരാച്ചുണ്ട്: പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ ബിന്ദു കുര്യൻ ആനിക്കാട്ടിന്റെ നേതൃത്വത്തിൽ വാർഡിലെ മികച്ച ജൈവ പച്ചക്കറി കർഷകരായ കൊച്ചുവീട്ടിൽ ഷാജു - ദീപ ദമ്പതികളെ അനുമോദിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശേരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബിന്ദു കുര്യൻ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് മെമ്പർ ജോയി കുര്യൻ മുട്ടുംമുഖത്ത് മുഖ്യാതിഥിയായി.
പഞ്ചായത്ത് സ്ഥിരം സമിതിയംഗങ്ങളായ ബിന്ദുമോൾ തോമസ്, ചെയർമാൻ ചെറിയാൻ ജോസഫ്, ഡാർളി ഏബ്രാഹാം, യുഡിഎഫ് ചെയർമാൻ ജോസ് വെളിയത്ത്, വാർഡ് കൺവീനർ തോമസ് ആനിക്കാട്ട്, സെലിൻ കൊച്ചുവീട്ടിൽ, ചന്ദ്രൻ നന്ദലത്ത് എന്നിവർ പ്രസംഗിച്ചു.ജോസ് കോട്ടക്കുന്നേൽ, ബിനു വെള്ളാരംകാലായിൽ, ദേവസ്യ കൊച്ചുവീട്ടിൽ, സുദർശൻ എന്നിവർ നേതൃത്വം നൽകി.
Kerala
ചമ്പക്കുളം: കൃഷിയില്ലാത്ത അവസരത്തിൽ പാടശേഖരത്തിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നിയന്ത്രിത പമ്പിംഗിന് ബജറ്റിൽ തുക വകയിരുത്തി നീലംപേരൂർ പഞ്ചായത്ത് മാതൃകകാട്ടി. നിയന്ത്രിത പമ്പിംഗിന് ദുരന്തനിവാരണ ഫണ്ട് അനുവദിച്ച സർക്കാർ നടപടിയോട് പ്രാദേശിക ഭരണകൂടത്തിന്റെ സഹകരണം കൂടി ഉണ്ടാകുന്നതോടെ പൊതുജനങ്ങളുടെ ദുരിതങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണു നാട്ടുകാർ.
മുൻവർഷങ്ങളിൽ അധികാരികളുടെ വാക്കുകേട്ട് ദുരിതനിവാരണത്തിനുവേണ്ടി പമ്പിംഗ് നടത്തി കടക്കെണിയിലായ അനുഭവങ്ങളുള്ളതിനാൽ കുട്ടനാട്ടിലെ പലപാടശേഖരസമിതികളും നിയന്ത്രിത പമ്പിംഗിന്റെ കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. നെൽക്കൃഷിക്കുവേണ്ടിയുള്ള പന്പിംഗിനു മാത്രമാണ് സബ്ഡിഡിയും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിരുന്നത്. ഈ അവസ്ഥയ്ക്കാണ് 2025 ഡിസംബർ 31 ലെ മന്ത്രിസഭാ യോഗതീരുമാനത്തോടെ മാറ്റം പ്രതീക്ഷിക്കുന്നത്.
ദുരന്തനിവാരണ ഫണ്ടിൽ നിന്നും വെള്ളക്കെട്ട് ദുരിത നിവാരണത്തിനായുള്ള നിയന്ത്രിത പമ്പിംഗിന് ഫണ്ട് അനുവദിക്കാൻ ആലപ്പുഴ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള തീരുമാനമാണ് മന്ത്രിസഭ എടുത്തിട്ടുള്ളത്. കൂടാതെ സംസ്ഥാന സർക്കാരിന്റെ ബജറ്റ് പ്രസംഗത്തിലും കുട്ടനാട് വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതേ സമയം പല പാടശേഖരങ്ങളിലും ഇതേവരെ സ്ഥിരം വൈദ്യുതികണക്ഷൻ പോലും സജ്ജമാക്കിയിട്ടില്ലെന്നത് പദ്ധതിനടത്തിപ്പിനു പ്രതിസന്ധി സൃഷ്ടിക്കുമോയെന്ന ആശങ്കയും നിലവിലുണ്ട്. പാടശേഖരങ്ങളിലെ ഒരു മോട്ടോർതറയിലെങ്കിലും സ്ഥിരം വൈദ്യുതി കണക്ഷൻ നൽകാനും, പരമ്പരാഗത പെട്ടിയും പറയ്ക്കും പകരമായി പ്രളയദിനങ്ങളിലെ പമ്പിംഗിന് കൂടുതൽ അനുയോജ്യമായ സബ്മെഴ്സിബിൾ പമ്പ് സ്ഥാപിക്കാനും നടപടികളുണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ജനപ്രതിനിധികളടക്കം സമർപ്പിച്ചിരുന്ന അപേക്ഷകളിൽ അന്വേഷണം നടത്തി ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർ 2025 നവംബർ രണ്ടിനുസമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കിയാൽ പാടശേഖരപ്രദേശങ്ങളിലെ ആവർത്തിക്കുകയും നീണ്ടുനിൽക്കുകയും ചെയ്യാറുള്ള വെള്ളക്കെട്ടുദുരിതങ്ങൾക്കു പരിഹാരമാകുമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
ബുധനാഴ്ച അവതരിപ്പിച്ച നീലംപേരൂർ ഗ്രാമപഞ്ചായത്ത് ബജറ്റിൽ വെള്ളപ്പൊക്ക നിയന്ത്രണ പ്രവർത്തനങ്ങൾക്കായി നിയന്ത്രിത പമ്പിംഗിനും, ഇടത്തോടുകൾ നവീകരിക്കുന്നതിനുമായി 40 ലക്ഷം രൂപയാണ് 2026-2027 സാമ്പത്തിക വർഷത്തെ ബജറ്റിൽ വകകൊള്ളിച്ചിരിക്കുന്നത്.
കളിസ്ഥലം നിർമ്മാണത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി 10 ലക്ഷവും നെൽകർഷക ക്ഷേമത്തിനായി 21 ലക്ഷം രൂപയുടെ പദ്ധതികളും വിഭാവനം ചെയ്തിരിക്കുന്നതോടൊപ്പം മുല്ലപ്പൂ കൃഷിക്കായി ആറ് ലക്ഷവും തെരുവ് നായ സംരക്ഷണ എബിസി പദ്ധതിക്കായി 2 ലക്ഷവും 50,000 രൂപ നായകളുടെ കുത്തിവയ്പിനായും സ്ത്രീകൾക്ക് യോഗ പരിശീലനം പിഎസ്സി കോച്ചിംഗ് എന്നിവയ്ക്കായി 1.5 ലക്ഷവും, നീലംപേരൂർ സബ് സെന്റർ കേന്ദ്രീകരിച്ച് ഡോക്ടറുടേയും ഫാർമസിസ്റ്റിന്റേയും സേവനത്തിനായി 10 ലക്ഷം രൂപയും നീക്കിവയ്ക്കുമ്പോൾ പാർപ്പിട പദ്ധതിക്കായി 4.40 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.
Kerala
പേരാവൂർ: തെരഞ്ഞെടുക്കപ്പെട്ട കർഷകരും കർഷക സംഘടനാ പ്രതിനിധികളും പേരാവൂർ തൊണ്ടിയിൽ നടന്ന രാഹുൽ ഗാന്ധിയുടെ കർഷകസംവാദത്തിൽ അവതരിപ്പിച്ചത് മലയോര മേഖലയിൽ കർഷകരുടെ നിലനില്പിന്റെ നീറുന്ന പ്രശ്നങ്ങളായിരുന്നു. വന്യമൃഗശല്യം മുതൽ വിലത്തകർച്ചവരെ നിവേദനങ്ങളും പരാതികളുമായി ഉയർന്നുവന്നു.
സര്‍ക്കാര്‍ ആനുകൂല്യം സമയബന്ധിതമായി ലഭിക്കാത്തിനെത്തുടര്ന്നുള്ള കടബാധ്യത കാരണം ആത്മഹത്യ ചെയ്ത മികച്ച പച്ചക്കറി കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം നേടിയ ഏലിയാസ് അമ്പാട്ടിന്റെ ഭാര്യ ലൈസമ്മ ഏലിയാസ്, സംസ്ഥാനത്ത് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയെ സംബന്ധിച്ച കുറിപ്പ് രാഹുല്‍ ഗാന്ധിക്ക് പരാതിയായി എഴുതി നല്കി.
തുടര്‍ന്ന് രാഹുല്‍ ഗാന്ധി അവരെ വേദിയിലേക്കു ക്ഷണിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ജനിതക വൈകല്യം നേരിടുന്ന യുവകര്‍ഷകനും മികച്ച കുട്ടിക്കര്‍ഷകനുള്ള പേരാവൂര്‍ പഞ്ചായത്തിന്റെ അവാര്‍ഡ് ജേതാവുമായ സ്കൂള്‍ വിദ്യാർഥി അംബരീഷിനെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു.
ഇന്ത്യയുടെ അടിത്തറ കാർഷികമേഖല
അടിത്തറയില്ലാതെ മേൽക്കൂര നിർമിക്കാൻ സാധിക്കില്ല. കാർഷികമേഖലയാണ് ഇന്ത്യയുടെ അടിത്തറ. അടിത്തറ നിർമിക്കുന്നവർക്ക് യാതൊരു ബഹുമാനവും സംരക്ഷണവും ലഭിക്കുന്നില്ല. എല്ലാ ദിവസവും ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും ഭക്ഷണം തരുന്ന കർഷകരെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല.
രാജ്യം മുഴുവനുമുള്ള കർഷകർക്ക് പരാതികളുണ്ട്, പ്രശ്നങ്ങളുണ്ട്. വിളകൾ സൂക്ഷിക്കുന്നതിന് ശീതീകരിച്ച സംവിധാനമില്ല. താങ്ങുവില ലഭിക്കുന്നില്ല. കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം ഉൾപ്പെടുന്ന പ്രകടനപത്രിക തയാറാക്കുന്നുണ്ട്. അടുത്ത യുഡിഎഫ് സർക്കാർ വരുമ്പോൾ അടിത്തറ കർഷകരാണ് എന്നത് ഓർമയുണ്ടാകും. കർഷകർ പ്രശ്നങ്ങളുമായി എത്തിയാൽ അതു പരിഹരിക്കപ്പെടും. അവരുടെ ആവശ്യങ്ങൾ ലളിതമാണ്. വന്യമൃഗശല്യത്തിൽനിന്ന് കേരളത്തിലെ ജനങ്ങളെ രക്ഷിക്കുന്നതിന് നടപടിയുണ്ടാകും. അതിനായി മനുഷ്യസാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും രാഹുൽ പറഞ്ഞു.
കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി കോൺഗ്രസ് ദേശീയതലത്തിൽ നടത്തി വരുന്ന പ്രക്ഷോഭങ്ങളുടെ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി പേരാവൂരിൽ കർഷകരുമായി നേരിട്ട് സംവദിക്കാ നെത്തിയത്.
ഇന്നലെ, രാവിലെ പത്തോടെ രാഹുൽ ഗാന്ധിയെ കാണാൻ പേരാവൂർ തൊണ്ടിയിലെ പാരിഷ് ഹാളിന്റെ പരിസരത്തേക്ക് ആളുകൾ എത്തിത്തുടങ്ങിയിരുന്നു. പേരാവൂർ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും ഇരിട്ടി നഗരസഭയിലും ഉള്ള തെരഞ്ഞെടുക്കപ്പെട്ട കർഷകരെയും കർഷകസംഘടനാ പ്രതിനിധികളെയും മാത്രമാണു ഹാളിനുള്ളിൽ പ്രവേശിപ്പിച്ചത്. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധി റോഡ് മാർഗമാണ് 12.10 ഓടെ പേരാവൂരിൽ എത്തിയത്.
അരമണിക്കൂറോളം കർഷകരുമായി സംവാദം നടത്തി. തുടർന്നായിരുന്നു രാഹുലിന്റെ പ്രസംഗം. ഇതിനുശേഷം ഉരുൾപൊട്ടലിനിരകളായവർക്ക് കോൺഗ്രസ് നിർമിച്ചുനൽകുന്ന വീടുകളുടെ ശിലാസ്ഥാപനം നിർവഹിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഹെലികോപ്റ്ററിൽ രാഹുൽ ഗാന്ധി വയനാട്ടിലേക്ക് പോയി.
എംപിമാരായ കെ.സി. വേണുഗോപാൽ, കെ. സുധാകരൻ, ഷാഫി പറന്പിൽ, എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ദീപാദാസ് മുൻഷി, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സോണി സെബാസ്റ്റ്യൻ, പി.ടി. മാത്യു, വി.എ. നാരായണൻ, ചന്ദ്രൻ തില്ലങ്കേരി, അബ്ദുൾ കരീം ചേലേരി, പേരാവൂർ സെന്റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടനപള്ളി ആർച്ച്പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി എന്നിവരും ജനപ്രതിനിധികളും വൈദികരും കർഷകരും സംവാദസദസിൽ സന്നിഹിതരായിരുന്നു.
Leader Page
വർഷത്തിൽ 25 ദശലക്ഷം ടണ്ണോളം ഭക്ഷ്യ എണ്ണ ഇന്ത്യക്ക് ആവശ്യമാണ്. ഇതിന്റെ 55 ശതമാനത്തോളം ഇറക്കുമതിയാണ്. ഭക്ഷ്യ എണ്ണ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി ദേശീയ ഭക്ഷ്യഎണ്ണ മിഷനും എണ്ണപ്പന മിഷനുമെല്ലാം കേന്ദ്രം നടപ്പാക്കിവരുന്നുണ്ട്. അമേരിക്കയിൽനിന്നുമുള്ള സോയ എണ്ണ ഇറക്കുമതി ഈ ശ്രമങ്ങളെ പരാജയപ്പെടുത്തും.
ചൈനയുമായുള്ള വ്യാപാരയുദ്ധത്തെത്തുടർന്ന് അമേരിക്കയുടെ സോയാബീൻ കയറ്റുമതി വിപണി വൻ തകർച്ചയെ നേരിട്ടു. 2022ൽ അമേരിക്ക 34.4 ബില്യൺ ഡോളറിന്റെ സോയാബീൻ കയറ്റുമതി ചെയ്തിരുന്നത് 2024ൽ 24.5 ബില്യൺ ഡോളറായി ഇടിഞ്ഞു. ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ ബദൽ വിപണി കണ്ടെത്താനാണ് അമേരിക്കയുടെ ശ്രമം.
മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി 130 ലക്ഷം ഹെക്ടറിൽ ഇന്ത്യയിൽ സോയാ പയർ കൃഷി ചെയ്യുന്നുണ്ട്. 95 ലക്ഷം കർഷകരാണ് സോയാ പയർ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നത്. ഇപ്പോൾതന്നെ രാജ്യത്തെ ലക്ഷക്കണക്കിന് സോയാ പയർ കർഷകർ ആത്മഹത്യാ മുനമ്പിലാണ്. ഒരു ക്വിന്റൽ സോയാ പയറിന് 5,328 രൂപയാണ് കേന്ദ്ര സർക്കാർ നിശ്ചയിച്ച താങ്ങുവില. വിപണി വില 4,000 രൂപയ്ക്കടുത്ത് മാത്രവും. ഇന്ത്യ-അമേരിക്കൻ വ്യാപാര കരാർ പ്രഖ്യാപനം വന്ന് ഒരാഴ്ചയ്ക്കുള്ളിൽ മധ്യപ്രദേശ് വിപണിയിൽ സോയാ പയറിന്റെ വില വീണ്ടും ഏഴ് ശതമാനം ഇടിഞ്ഞു. അമേരിക്കയിലെ വൻകിട സോയാ പയർ കർഷകർക്ക് ബദൽ വിപണി കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാരം ചുമക്കേണ്ടി വരുന്നത് ഇന്ത്യയിലെ പാവപ്പെട്ട സോയാ കർഷകരാണ്. കരാർ നിലവിൽ വന്നാൽ ഉത്പാദനച്ചെലവിലും 30 ശതമാനം കുറച്ച് വിപണി വില ലഭിക്കുന്ന ഇന്ത്യൻ സോയാ കർഷകർ വീണ്ടും വൻ നഷ്ടം സഹിക്കേണ്ടിവരും. പരുത്തി ഇറക്കുമതി പരുത്തി കർഷകരെയും പ്രതിസന്ധിയിലാക്കും.
ആപ്പിൾ കർഷകർക്കും കുരുക്ക്
ഇന്ത്യൻ കൃഷിയിലെ മൊത്തം മൂല്യവർധനയുടെ 33 ശതമാനവും ഹോർട്ടികൾച്ചർ മേഖലയുടെ സംഭാവനയാണ്. 2024-25ൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ള ഹോർട്ടികൾച്ചർ മേഖലയുടെ ഉത്പാദനം 362.08 ദശലക്ഷം ടണ്ണായിരുന്നു. ചരിത്രത്തിൽ ആദ്യമായി ഇത് 329.68 ദശലക്ഷം ടൺ എന്ന ഭക്ഷ്യധാന്യ ഉത്പാദനത്തെ മറികടന്നു. മൃഗസംരക്ഷണം, മത്സ്യം വളർത്തൽ എന്നിവയ്ക്കൊപ്പം ഹോർട്ടികൾച്ചർ മേഖലകൂടി ചേർന്നാന്ന് രാജ്യത്തെ ഉയർന്ന നിരക്കിലുള്ള കാർഷികവളർച്ചാ നിരക്കിനെ നിലനിർത്തുന്നത്. 2026-27ലെ ബജറ്റിൽ ഈ മേഖലകളുടെ വികസനത്തിന് സവിശേഷ പദ്ധതികൾ കേന്ദ്രം പ്രഖ്യാപിച്ചു.
അമേരിക്കയ്ക്ക് പഴവർഗങ്ങൾ, അണ്ടിപ്പരിപ്പുകൾ തുടങ്ങിയവയുടെ വിപണി തുറന്നുകൊടുക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യൻ കാർഷിക മേഖലയുടെ വളർച്ചയ്ക്കുതന്നെ തിരിച്ചടിയാകും. ഹോർട്ടികൾച്ചർ വൈവിധ്യവത്കരണത്തിന് 350 കോടി രൂപയുടെ പദ്ധതി ബജറ്റ് പ്രഖ്യാപിച്ചിരുന്നു. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ വാൽനട്ട്, പൈൻ നട്സ് തുടങ്ങിയ അണ്ടിപ്പരിപ്പ് വൃക്ഷവിളകളുടെ അതിസാന്ദ്രതാ കൃഷിയും സംസ്കരണവും പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റ് പ്രഖ്യാപനമുണ്ടായിരുന്നു. അമേരിക്കയിൽനിന്നുമുള്ള അണ്ടിപ്പരിപ്പ് ഇറക്കുമതി, പ്രത്യേകിച്ച് ബദാം, പിസ്ത എന്നിവയുടെ ഇറക്കുമതി കഴിഞ്ഞ വർഷം 34 ശതമാനം വർധിച്ചു. 2025 നവംബറോടെ ഇത് 130 കോടി ഡോളറിലെത്തി. വൃക്ഷങ്ങളിൽനിന്നു വിളവെടുക്കുന്ന അണ്ടിപ്പരിപ്പുകളുടെ തീരുവ കുറച്ചുള്ള ഇറക്കുമതി ഹിമാലയൻ മേഖലയിലെ കർഷകരെ തകർക്കും. കാഷ്മീരിൽ മാത്രം ഏഴ് ലക്ഷം കർഷകരാണ് വാൽനട്ട് കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നത്.
നേരത്തേ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ആപ്പിളിന് 50 ശതമാനം ഇറക്കുമതിത്തീരുവ ചുമത്തിയിരുന്നു. ന്യൂസിലൻഡുമായി ഒപ്പുവച്ച ഉഭയകക്ഷി വ്യാപരക്കരാറിൽ ആ രാജ്യത്തിന് ആപ്പിൾ ഇറക്കുമതിക്ക് തീരുവ 20 ശതമാനമായി കുറച്ചു. യൂറോപ്യൻ യൂണിയനുമായി ഒപ്പുവച്ച കരാറിൽ ആപ്പിളിന്റെ ഇറക്കുമതിത്തീരുവ 25 ശതമാനമാണ്. ഈ രാജ്യങ്ങളിൽനിന്ന് നിശ്ചിത ക്വോട്ട ഇറക്കുമതിക്കാണ് കുറഞ്ഞ തീരുവ അനുവദിച്ചിരിക്കുന്നത്. ഇതേ മാതൃകയിൽ അമേരിക്കൻ ആപ്പിളിനും കുറഞ്ഞ തീരുവനിരക്കിൽ ക്വോട്ട നിശ്ചയിച്ച് ഇറക്കുമതി അനുവദിക്കാനാണ് നീക്കം. ആപ്പിളിന്റെ ലോകത്തെ ഏഴാമത്തെ ഏറ്റവും വലിയ ഉത്പാദകരാജ്യമാണ് ഇന്ത്യ. 25 ലക്ഷം ടൺ ആപ്പിളിനാണ് രാജ്യത്ത് ഒരു വർഷം ആവശ്യം.
ആഭ്യന്തര ഉത്പാദനം 21 ലക്ഷം ടണ്ണും. ജമ്മു കാഷ്മീരാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ആപ്പിൾ ഉത്പാദിപ്പിക്കുന്നത്. 12,000 കോടി രൂപയാണ് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിൽ ആപ്പിളിന്റെ സംഭാവന. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ കർഷകർക്കും ആപ്പിൾ കൃഷി നിർണായകമാണ്. കാലാവസ്ഥാ വ്യതിയാനം ഇപ്പോൾതന്നെ ഈ സംസ്ഥാനങ്ങളിലെ ആപ്പിൾ കൃഷിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 2001നു ശേഷം ഇന്ത്യയിലേക്കുള്ള വിദേശ ആപ്പിളിന്റെ ഇറക്കുമതി 30 ഇരട്ടി കണ്ട് കൂടി. തീരുവ കുറച്ചുള്ള അമേരിക്കൻ ആപ്പിളിന്റെ ഇറക്കുമതി ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന പ്രീമിയം ആപ്പിളിന്റെ വിപണി തകർക്കും.
തീരുവേതര ഇളവുകളും നിർണായകം
ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്റെ ഭാഗമായി ഭക്ഷ്യ-കാർഷിക ഉത്പന്നങ്ങളുടെ ഇറക്കുമതികളെക്കുറിച്ചുള്ള അമേരിക്കയുടെ ദീർഘകാല തീരുവേതര ആശങ്കകൾ ഇന്ത്യ പരിഹരിക്കും. കരാർ പ്രാബല്യത്തിൽ വന്നതിനുശേഷം ആറ് മാസത്തിനുള്ളിൽ, ചില പ്രത്യേക മേഖലകളിലെ അമേരിക്കൻ കയറ്റുമതിക്ക് അമേരിക്ക വികസിപ്പിച്ച മാനദണ്ഡങ്ങളോ അന്താരാഷ്ട്ര മാനദണ്ഡങ്ങളോ അംഗീകരിക്കുന്നതിൽ തീരുമാനമെടുക്കാനും ഇന്ത്യ സമ്മതിച്ചിട്ടുണ്ട്. ശുചീകരണവും സസ്യ ശുചീകരണവും സംബന്ധിച്ച (സാനിറ്ററി ആൻഡ് ഫൈറ്റോ സാനിറ്ററി മെഷേഴ്സ്) അമേരിക്കൻ സർട്ടിഫിക്കേഷനുകൾ തുല്യമായി അംഗീകരിക്കപ്പെട്ടാൽ, ഭക്ഷ്യസുരക്ഷ, കീടനാശിനി അവശിഷ്ടങ്ങൾ, ലേബലിംഗ് തുടങ്ങിയവയിൽ പരിശോധന നടത്താൻ ഇന്ത്യൻ റെഗുലേറ്റർമാർക്ക് വിവേചനാധികാരം നഷ്ടപ്പെടും. എന്നാൽ, തിരിച്ച് ഇന്ത്യൻ മാനദണ്ഡങ്ങൾ തത്തുല്യമായി അംഗീകരിക്കാൻ അമേരിക്കയ്ക്ക് താത്പര്യമില്ല. ഇറക്കുമതി ചെയ്യുന്ന പാലുത്പന്നങ്ങൾ മൃഗങ്ങളുടെ ആന്തരിക അവയവങ്ങളോ രക്തമോ ഭക്ഷണമായി നൽകാത്ത പശുക്കളിൽനിന്നായിരിക്കണം എന്ന സർട്ടിഫിക്കറ്റ് അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിക്ക് നിർബന്ധമാണ്.
മതപരവും സാംസ്കാരികവുമായ കാരണങ്ങളാലാണ് ഇത്. ജനിതക പരിവർത്തനം വരുത്തിയ ഭക്ഷ്യവിളകൾക്ക് ഇന്ത്യയിൽ അനുവാദമില്ല. ഇതെല്ലാം തീരുവേതര നിയന്ത്രണങ്ങളായാണ് അമേരിക്ക കണക്കാക്കുന്നത്. ഇക്കാര്യങ്ങളിലെല്ലാം കരാറിന്റെ ഭാഗമായി ഭാവിയിൽ അമേരിക്കയ്ക്ക് അനുകൂലമായ തീരുമാനമെടുക്കാൻ ഇന്ത്യ നിർബന്ധിതമായേക്കാം. വിതരണശൃംഖലകളിലെ സഹകരണവും മൂന്നാം രാജ്യങ്ങളുടെ വിപണി ഇതര നയങ്ങളോടുള്ള പ്രതികരണങ്ങളും ഉൾപ്പെടെ കൂടുതൽ അടുപ്പമുള്ള ‘സാമ്പത്തികസുരക്ഷാ വിന്യാസം’ സാധ്യമാക്കുന്നതിന് ഇന്ത്യയെയും അമേരിക്കയെയും കരാർ പ്രതിജ്ഞാബദ്ധമാക്കുന്നു. ഇത് രാസവളം ഇറക്കുമതി ഉൾപ്പെടെ ചൈനയിൽനിന്നും റഷ്യയിൽനിന്നുമുള്ള കൃഷി അനുബന്ധ വ്യാപാരത്തെ ഭാവിയിൽ ദോഷകരമായി ബാധിച്ചേക്കാം.
തുല്യതയില്ലാത്ത മത്സരം
കൃഷിഭൂമിയുടെ വിസ്തൃതിയിലോ സർക്കാർ നൽകുന്ന സബ്സിഡിയിലോ അമേരിക്കൻ കർഷകരും ഇന്ത്യൻ കർഷകരുമായി ഒരു താരതമ്യവുമില്ല. നേരിട്ടുള്ള സഹായധനമായി അമേരിക്കൻ കൃഷിക്ക് ഒരു വർഷം നൽകുന്ന സബ്സിഡി 3.5 ലക്ഷം കോടി രൂപയാണ്. വിള ഇൻഷുറൻസ് സബ്സിഡികൾ, ദുരന്തനിവാരണത്തിന്റെ ഭാഗമായ സഹായധനം എന്നിവയെല്ലാം ഇതിനു പുറമെയാണ്. യുഎസ് ഗവൺമെന്റ് അക്കൗണ്ടബിലിറ്റി ഓഫീസിന്റെ കണക്കുകൾ പ്രകാരം ഒരു വർഷം ഒരു അമേരിക്കൻ കർഷകന് 26 ലക്ഷം രൂപ സബ്സിഡിയായി ലഭിക്കുന്നു. 2025 ഡിസംബറിൽ ഫാർമേഴ്സ് ബ്രിഡ്ജ് അസിസ്റ്റന്റ്സ് പ്രോഗ്രാം എന്ന പേരിൽ 1,200 കോടി ഡോളറിന്റെ പ്രത്യേക സഹായപദ്ധതി ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കൻ കർഷകർ നഷ്ടത്തിലാണെന്ന പേരിലാണ് ഓരോ വിളയ്ക്കും ഏക്കർ അടിസ്ഥാനത്തിൽ ഒറ്റത്തവണ സഹായമായി നൽകാൻ ട്രംപ് ഈ സബ്സിഡി പ്രഖ്യാപിച്ചത്.
ഇന്ത്യയിലെ 14.6 കോടി കർഷകരിൽ 86.2 ശതമാനം പേരും രണ്ടു ഹെക്ടറിൽ താഴെ മാത്രം കൃഷിഭൂമിയുള്ള ചെറുകിട-നാമമാത്ര കർഷകരാണ്. ഇന്ത്യയിലെ ഒരു പാവപ്പെട്ട കർഷകന് സർക്കാർ സബ്സിഡിയായി നേരിട്ട് അക്കൗണ്ടിൽ ലഭിക്കുന്നത് പിഎം കിസാൻ സമ്മാൻ നിധി പ്രകാരമുള്ള കേവലം 6,000 രൂപയുടെ വാർഷിക സാമ്പത്തിക സഹായം മാത്രമാണ്. കോർപറേറ്റുകൾ നിയന്ത്രിക്കുന്ന അമേരിക്കൻ കൃഷിയുമായി ഇന്ത്യയിലെ പാവപ്പെട്ട കർഷകന് ഒരു വിധത്തിലും മത്സരിക്കാനാവില്ല.
(അവസാനിച്ചു)
Kerala
കൊച്ചി: പാട്ടത്തിനെടുത്ത പാടങ്ങളിൽ വായ്പയെടുത്ത് ആരംഭിച്ച ചെമ്മീന്‍കൃഷി അപ്രതീക്ഷിതമായെത്തിയ വൈറസ് വിഴുങ്ങിയതിന്റെ സങ്കടത്തിൽ ചെമ്മീന്‍ കര്‍ഷകര്‍. മധ്യകേരളത്തിലെ തീരങ്ങളോടുചേര്ന്നുള്ള ചെമ്മീന്‍ കെട്ടുകളിലാണ് വൈറ്റ് സ്പോട്ട് സിന്‍ഡ്രോം വൈറസ് (വെള്ളക്കുത്ത്) വ്യാപിച്ച് ചെമ്മീനുകള്‍ ചത്തൊടുങ്ങുന്നത്.
ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ചെമ്മീന്കെട്ടുകളിലാണ് വൈറസ് വ്യാപനം രൂക്ഷമായിട്ടുള്ളത്. മൂന്നു ജില്ലകളിലായി 10,000 ഏക്കറിലധികം പാടശേഖരത്ത് ചെമ്മീന്കെട്ടുകളൊരുക്കിയാണ് കൃഷി. 80 ശതമാനം ചെമ്മീന്‍കെട്ടുകളിലും വൈറസ് ബാധയുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.
ചെമ്മീനുകള്‍ ചത്തൊടുങ്ങുന്നത് ചെമ്മീന്‍കെട്ടുകളിലെ ഉത്പാദനത്തില്‍ വലിയ കുറവുണ്ടാക്കി. 100 കിലോ ചെമ്മീന്‍ വിളവെടുത്തിരുന്ന കെട്ടുകളില്‍ ഇപ്പോഴിത് 20-30 കിലോയിലേക്ക് താഴ്ന്നു. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണു കെട്ടുകളില്‍ കൃഷിയുടെ സീസണ്.
പൊക്കാളി കൃഷിയുടെ സമയക്രമത്തെ ആധാരമാക്കിയാണ് മധ്യകേരളത്തിലെ ചെമ്മീന്‍കൃഷി അധികവും നടക്കുന്നത്. ചെമ്മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പരിപാലിച്ചു വളര്‍ത്തി വിളവെടുക്കാന്‍ ഒരുങ്ങുന്ന ഘട്ടത്തിലുള്ള വൈറസ് വ്യാപനം കൃഷിക്കാരെ കനത്ത സാമ്പത്തിക നഷ്ടത്തിലേക്കാണു തള്ളിയിടുന്നത്.
കാര, നീരന്‍ ഇനങ്ങളിലെ ചെമ്മീനുകള്‍ ഈ സമയത്ത് വലിയ അളവില്‍ വിളവെടുത്തിരുന്നതാണ്. ഇക്കുറി ഉത്പാദനത്തോത് പകുതിയില്‍ താഴെയായെന്ന് കൃഷിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ചെമ്മീനുകളിലെ വൈറസ് ബാധ നേരത്തേയും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയും വ്യാപകമായി നഷ്ടമുണ്ടാകുന്നത് ആദ്യമാണെന്ന് കേരള അക്വാ ഫാര്‍മേഴ്സ് ഫെഡറേഷന് (കാഫ്) ജനറല്‍ സെക്രട്ടറി കെ.എക്സ്. സെബാസ്റ്റ്യന്‍ പറഞ്ഞു.
രോഗം ബാധിച്ച ചെമ്മീനുകളെ പൂര്‍ണമായി മാറ്റി പുതിയ കുഞ്ഞുങ്ങളെ നിക്ഷേപിച്ച കര്‍ഷകര്‍ക്ക് കെട്ടുകളുടെ ലൈസന്‍സ് കാലാവധിയും പ്രതിസന്ധിയാകുകയാണ്. രണ്ടാമതു നിക്ഷേപിച്ച ചെമ്മീന്‍കുഞ്ഞുങ്ങള്‍ വിളവെടുപ്പിനു പാകപ്പെടാന്‍ ഏപ്രില്‍-മേയ് മാസങ്ങളാകും. ഫിഷറീസ് വകുപ്പിന്റെ ലൈസന്‍സ് കാലാവധി മാര്‍ച്ചില്‍ അവസാനിക്കും. ലൈസന്‍സ് കാലാവധി രണ്ടു മാസംകൂടി നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് ഫിഷറിസ് മന്ത്രിക്കു കാഫ് ഭാരവാഹികള്‍ നിവേദനം നല്‍കിയിട്ടുണ്ട്.
വൈറ്റ് സ്പോട്ട് സിന്‍ഡ്രോം വൈറസ്
ചെമ്മീനുകളെ ബാധിക്കുന്ന ഗുരുതര വൈറസുകളിലൊന്നാണിത്. തലഭാഗത്തും കവചത്തിലും വെളുത്തപാടുകള്‍ ഉണ്ടാകുന്നതാണു പ്രധാന ലക്ഷണം. വേഗത്തില്‍ പടരുന്ന വൈറസാണിത്. വൈറസ് ബാധിച്ച ചെമ്മീനുകള്‍ ഭക്ഷണം സ്വീകരിക്കാന്‍ മടിക്കും. രോഗം പിടിപെട്ട ചെമ്മീനുകള്‍ മൂന്നുമുതല്‍ പത്തു വരെ ദിവസത്തിനുള്ളില്‍ ചത്തുപൊങ്ങുകയാണു പതിവ്.
Kerala
പാലക്കാട്: വല്ലാത്ത തൊന്തരവായി മാറിയിട്ടുണ്ട് പന്നിക്കൂട്ടങ്ങൾ. പാടത്തും പറന്പിലും റോഡിലുമെല്ലാം ഇവ ചീറിപ്പായുന്പോൾ ശ്വാസമടക്കിനിൽക്കാനേ തരമുള്ളൂ. ശ്രദ്ധ തെല്ലൊന്നുപാളിയാൽ ആശുപത്രിക്കിടക്കയിലായിരിക്കും നമ്മൾ. പന്നികളെ തുരത്താൻ വഴികളേറെ പരീക്ഷിച്ച കർഷകരും പൊതുജനങ്ങളും വല്ലാത്ത പൊല്ലാപ്പാണു നേരിടുന്നത്.
ഇനി പുതിയ പരീക്ഷണമാണ്. പാലക്കാട് ജില്ലയുടെ കിഴക്കൻമേഖലയിൽ വൈറലാകുന്നൊരു പരീക്ഷണം. മൂക്കത്തു വിരൽവച്ചുപോകുന്ന പരീക്ഷണം. ചെറിയൊരു ട്വിസ്റ്റുണ്ട്- മൂക്കത്ത് വിരൽവച്ചാൽമാത്രം പോരാ. മൂക്ക് അമർത്തിപ്പിടിച്ചാലേ രക്ഷയുള്ളൂ.
തമിഴ്നാട്ടിലെ കർഷകർ പരീക്ഷിച്ച മുട്ടകൊണ്ടുള്ള കൂടോത്രമാണിത്. അതാണു പാലക്കാട്ടും ചെയ്തുതുടങ്ങിയിട്ടുള്ളത്. മൂന്നു മുട്ടയെടുത്ത് ഒരുപാത്രത്തിൽ നല്ലതുപോലെ അടിച്ചുടയ്ക്കുക- ഓംലറ്റുണ്ടാക്കാൻ ചെയ്യുന്നപോലെ. പിന്നീട് മറ്റൊരു പാത്രത്തിൽ പത്തുലിറ്റർ വെള്ളമെടുക്കുക. വെള്ളത്തിൽ മുട്ടമിശ്രിതം കലക്കിയശേഷം ഏഴുനാൾ മാറ്റിവയ്ക്കുക. മാറ്റിവച്ചില്ലെങ്കിൽ കുടുംബക്കാർ തന്നെ പ്രശ്നമുണ്ടാക്കിയേക്കാം!
എട്ടാംനാൾ പന്നിശല്യമുള്ള ഇടങ്ങളിൽ തളിക്കുക. ചിരട്ടയിലാക്കി പലയിടത്തും വയ്ക്കാം. പിന്നീട് പന്നികളുടെ പൊടിപോലും കാണില്ലെന്ന് ഈ വിദ്യ ഉപയോഗിച്ചവർ പറയുന്നു. അത്രയേറെ ദുർഗന്ധപൂരിതമായിരിക്കും പ്രദേശം. പന്നികളാകട്ടെ കടന്നുവന്ന വഴിപോലും മറന്നുപോകും.
പലയിടത്തും ഈ മുട്ടവിദ്യ വിജയകരമെന്നു കർഷകർ പറയുന്നു. ഇനി ഷൂട്ടർമാരെ കാത്തിരിക്കേണ്ട, മുട്ടവിദ്യ പരീക്ഷിച്ചുനോക്കാം. പരീക്ഷണങ്ങളിൽ വിശ്വാസമില്ലാത്ത അധികാരികളിൽ ചിലർ കളിയാക്കിക്കൊണ്ട് മൂക്കത്തു വിരൽവയ്ക്കുന്പോൾ കർഷകർ പറയുന്നു- സ്വന്തം മൂക്കുപൊത്താൻ അധികാരികളുടെ അനുവാദം വേണ്ടല്ലോ...
National
ന്യൂഡല്‍ഹി: രാജ്യത്തുടനീളം 8.48 കോടി കര്‍ഷക തിരിച്ചറിയല്‍ കാര്‍ഡുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാന് രാജ്യസഭയിൽ അറിയിച്ചു.
ദേശീയ വിള ഇന്‍ഷ്വറന്‍സ് പോര്‍ട്ടലുമായി രണ്ട് കോടി 90 ലക്ഷം കര്‍ഷകരെ ബന്ധിപ്പിച്ചിട്ടുണ്ടെന്നും 2026-27ഓടെ 11 കോടി കര്‍ഷക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും കേന്ദ്രമന്ത്രി ഉപരിസഭയെ അറിയിച്ചിട്ടുണ്ട്.
ഓരോ കര്ഷകപദ്ധതിക്കുവേണ്ടിയും കര്‍ഷകര്‍ വീണ്ടും വീണ്ടും പരിശോധനയ്ക്ക് വിധേയമാകുന്ന ബുദ്ധിമുട്ട് കര്‍ഷക തിരിച്ചറിയല്‍ കാര്‍ഡുകള്‍ വഴി ഒഴിവാക്കാന്‍ കഴിയുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.
കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ ലഭ്യമാക്കുന്ന പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ കീഴില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകര്‍ക്ക് കര്‍ഷക ഐഡി വേണമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. എന്നാല്‍ നേരത്തേ മുതലേ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്കും കര്‍ഷക രജിസ്ട്രേഷന് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ലാത്ത സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കും തത്കാലം കര്‍ഷക ഐഡി ആവശ്യമില്ല.
പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ അടുത്ത ഗഡു ഫെബ്രുവരിക്കും മാര്‍ച്ചിനുമിടയില്‍ കര്‍ഷകര്‍ക്ക് ലഭിക്കും. പിഎം കിസാന്‍ പദ്ധതിക്കു കീഴില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന കര്‍ഷകര്‍ ഇ-കെവൈസി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് പിഎം-കിസാന്‍ ആപ്പും ആധാര്‍ ഫേസ് ആര്‍ഡി ആപ്പും ഡൗണ്‍ലോഡ് ചെയ്തു കര്‍ഷകര്‍ക്ക് സ്വയം ഇ-കെവൈസി പൂര്‍ത്തീകരിക്കാന്‍ കഴിയും.
ആപ്പില്‍ നിങ്ങളുടെ പിഎം-കിസാന്‍ രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പര്‍ ടൈപ് ചെയ്തു ബെനഫിഷറി സ്റ്റാറ്റസ് പേജ് തുറക്കുക. അതില്‍ ഇ-കെവൈസി സ്റ്റാറ്റസ് "നോ'ആണെങ്കില്‍ മാത്രം ആധാര്‍ കാര്‍ഡ് നമ്പര്‍ ടൈപ് ചെയ്തു, നിങ്ങളുടെ മുഖം സ്കാന്‍ ചെയ്യാനുള്ള അനുമതി നല്കി ഇ-കെവൈസി നടപടി പൂര്‍ത്തിയാക്കാം.
Kerala
പൊടിമറ്റം (കാഞ്ഞിരപ്പള്ളി): കാര്‍ഷിക സംസ്കാരം നമ്മുടെ നാടിന്റെയും സംസ്കാരത്തിന്റെയും അഭിവാജ്യ ഭാഗമാണെന്നു ബോധ്യപ്പെടുത്തുന്നതിലും കര്ഷകന് അഭിമാന ബോധം ഉണ്ടാക്കുന്നതിലും ഇന്‍ഫാം നടത്തിയത് വലിയ പ്രയത്നമാണെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
ഇന്‍ഫാം രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന കിസാന്‍ കാര്‍ണിവല്‍-കൈക്കോട്ടും ചിലങ്കയും പരിപാടിയില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍. കര്ഷകത്തൊഴിലാളികള്ക്കുവരെ പെന്‍ഷനും ആനുകൂല്യങ്ങളും ലഭിക്കുന്ന കാലഘട്ടത്തില്‍ കര്ഷകന് ഇവയൊന്നും അവകാശമായി കിട്ടിയിട്ടില്ല.
കര്‍ഷകര്‍ പണിയായുധങ്ങളുമായി നടത്തിയ പോരാട്ടമാണ് വികസനത്തിനു വഴിതുറന്നത്. റബര്‍, കാപ്പി കൃഷിയിലൊക്കെ കുറേക്കൂടി അംഗീകാരം കൊടുക്കുകയും പ്രോത്സാഹനം കൊടുക്കുകയും ചെയ്തിരുന്നെങ്കില്‍ കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് കുറേക്കൂടി വളരുമായിരുന്നുവെന്ന് മേജർ ആർച്ച്ബിഷപ് പറഞ്ഞു. കേരളം ഒട്ടേറെ വളര്‍ന്നെങ്കിലും സ്വന്തം ആഹാരത്തിനായി മറ്റുള്ളവരുടെ മുമ്പില്‍ കൈ നീട്ടേണ്ട ഗതികേടിലാണു പലപ്പോഴും. കാര്‍ഷിക സംസ്കാരം കുറേക്കൂടി കാത്തുസൂക്ഷിക്കാന്‍ സഭ മുന്നോട്ടു വന്നതിന്റെ തിരുശേഷിപ്പാണ് ഇന്‍ഫാമെന്നും മാര്‍ റാഫേല്‍ കൂട്ടിച്ചേര്‍ത്തു.
സമ്മേളനം പിഎസി ചെയര്മാന് കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു. ഇന്‍ഫാം ദേശീയ രക്ഷാധികാരിയായ താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി.
രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫാം മുന്‍ ദേശീയ രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കലിനെ മേജര്‍ ആര്‍ച്ച്ബിഷപ് ആദരിച്ചു. ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ ആമുഖപ്രസംഗം നടത്തി.
ആന്റോ ആന്റണി എംപി, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, ഇന്‍ഫാം നാഷണല്‍ സെക്രട്ടറി മാത്യു മാമ്പറമ്പില്‍, കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ജോയിന്റ് ഡയറക്ടര്‍ ഫാ. ആല്ബിന് പുല്‍ത്തകിടിയേല്‍, സെക്രട്ടറി തോമസുകുട്ടി വാരണത്ത് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് അരുണാചല്‍പ്രദേശ്, തമിഴ്നാട്, ഗോവ ഗുജറാത്ത്, ആന്ധ്രപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള ഇന്‍ഫാം കലാകാരന്മാരുടെ കലാ സാംസ്കാരിക പരിപാടികള്‍ നടന്നു.
Kerala
പൊടിമറ്റം (കാഞ്ഞിരപ്പള്ളി): കഴിഞ്ഞ കാല് നൂറ്റാണ്ടുകാലം മധ്യകേരളത്തിലെയും മലയോര മേഖലയിലെയും കര്‍ഷകജീവിതത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിവരുന്ന പ്രസ്ഥാനമാണ് ഇന്‍ഫാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്‍ഫാം രജതജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ ഇന്‍ഫാമിനു സാധിച്ചു.
സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇന്‍ഫാം നല്കുന്ന നിര്‍ദേശങ്ങള്‍ കാര്‍ഷിക നയരൂപീകരണത്തില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. കാര്‍ഷികപ്രശ്നങ്ങളുമായി ബന്ധപ്പെട്ടോ കര്‍ഷകരെ ബാധിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടോ ഏതെങ്കിലും തരത്തിലുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഇന്‍ഫാമിനെപ്പോലുള്ള പ്രസ്ഥാനങ്ങള്‍ നല്കുമ്പോള് അത് അതീവ ഗൗരവത്തോടെ പരിഗണിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജാതിമത ചിന്തകള്‍ക്കതീതമായി കര്‍ഷകരെ സംഘടിപ്പിക്കുകയും അവരുടെ ജീവിതം സുരക്ഷിതമാക്കുകയും ചെയ്യുക എന്നതാണ് ഇന്‍ഫാം മുന്നോട്ടു വച്ചിട്ടുള്ള ആദര്‍ശം.
പഞ്ചവത്സര പദ്ധതിയെന്ന നിലയില്‍ ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ കാര്‍ഷികോത്പന്നങ്ങളുടെ വിപണനത്തിനും മൂല്യവര്‍ധനയ്ക്കും സഹായിക്കുന്ന പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചു. അദ്ദേഹം പ്രഖ്യാപിച്ച കാര്യങ്ങള്‍ എല്ലാ അര്‍ഥത്തിലും പ്രായോഗികമാക്കാന്‍ കഴിയുന്ന ഒന്നാണ്.
പച്ചക്കറി കൃഷിയില്‍ വലിയ മാറ്റം ഇപ്പോള്‍തന്നെ ഉണ്ടാക്കാന്‍ കഴിഞ്ഞു. ഇന്‍ഫാമിന്റെ പഞ്ചവത്സര പദ്ധതികൂടി വരുമ്പോള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയും. നമ്മുടെ നാട് പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ ഇന്‍ഫാം മാതൃകാപരമായ ഇടപെടലുകള്‍ നടത്തി.
കോവിഡ്, ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ഇന്‍ഫാം നടത്തിയ പ്രവര്‍ത്തനം വലുതാണ്. മതനിരപേക്ഷതയും വികസനവും കൈകോര്‍ക്കുന്ന നവകേരള നിര്‍മാണത്തില്‍ ഇന്‍ഫാമിനെപ്പോലുള്ള കര്‍ഷക സംഘടനകളുടെ സേവനം വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്‍ഫാം രജതജൂബിലി സമാപന സമ്മേളനത്തില്‍ ഇന്‍ഫാം സംഘടനാംഗങ്ങളെ ഒരുമിച്ചു ചേര്‍ത്ത് ആവിഷ്കരിച്ച പച്ചപ്പൊലിമ എന്ന പഞ്ചവത്സര പദ്ധതി രേഖയുടെ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയന് നിർവഹിച്ചു.
District News
ഈരാറ്റുപേട്ട: വന്യജീവിപ്രശ്നം കർഷകരുടേതു മാത്രമല്ലെന്നും സത്യഗ്രഹത്തെ മുഴുവൻ ജനങ്ങളും പിന്തുണയ്ക്കണമെന്നും വെള്ളരിക്കുണ്ട് കർഷകസ്വരാജ് സത്യഗ്രഹ സമിതി ചെയർമാൻ സണ്ണി പൈകട.
ഈരാറ്റുപേട്ടയിൽ നടന്നുവരുന്ന കർഷകസ്വരാജ് സത്യഗ്രത്തിന്റെ മൂന്നാം ദിവസം വെള്ളരിക്കുണ്ട് കർഷകസ്വരാജ് സത്യഗ്രഹികളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സായാഹ്ന സത്യഗ്രഹം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്കറിയ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേൽ അധ്യക്ഷത വഹിച്ചു. ബിനോയി മങ്കത്താനം, ഒ.ഡി. കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.
Business
ന്യൂഡൽഹി: അടുത്തയാഴ്ച യാഥാർഥ്യമാകുന്ന ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തുന്ന തീരുവ ഭീഷണി അടക്കമുള്ള വെല്ലുവിളികൾക്കും സമ്മർദങ്ങൾക്കുമുള്ള ഇന്ത്യയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും മറുപടിയാകും. കഴിഞ്ഞ ഫെബ്രുവരിയിൽ ചർച്ചകൾ ആരംഭിച്ച ഇന്ത്യ- അമേരിക്ക സ്വതന്ത്ര വ്യാപാര കരാർ വഴിമുട്ടി നിൽക്കുകയുമാണ്.
ഇന്ത്യക്കെതിരായ തീരുവ മുതൽ ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള ട്രംപിന്റെ നടപടികളാണ് ഇന്ത്യ- ഇയു കരാർ വേഗത്തിലാക്കിയത്. ഇന്ത്യയിൽനിന്നുള്ള എല്ലാ ഇറക്കുമതികൾക്കും 50 ശതമാനം തീരുവ ചുമത്തുകയും യൂറോപ്യൻ യൂണിയൻ ഇറക്കുമതികൾക്ക് 20 ശതമാനം അടിസ്ഥാന തീരുവ ചുമത്തുകയും ചെയ്തിരുന്നു.
ചൈനയുടെ വെല്ലുവിളിയും പ്രധാന ഘടകമായിരുന്നു. ഉത്പാദനമേഖലകളിലെ ചൈനയുടെ ആധിപത്യത്തെക്കുറിച്ച് ഇയു കൂടുതൽ ആശങ്കാകുലരാണ്. ചൈനീസ് എതിരാളികളുമായി മത്സരിക്കുക ഇന്ത്യക്കും യൂറോപ്യൻ യൂണിയനും പ്രയാസമാണ്.
ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ വരുന്ന സ്വതന്ത്ര വ്യാപാര കരാർ വൻകിട വ്യവസായങ്ങൾക്ക് കരുത്തേകും. എന്നാൽ കൃഷി, പാൽ ഉത്പന്നങ്ങൾ തുടങ്ങിയവയിൽ ഇന്ത്യക്കു ഭീഷണിയുണ്ട്. കേരളത്തിലെ കർഷകർക്ക് പ്രത്യേകിച്ചു ക്ഷീര കർഷകർക്ക് കരാർ തിരിച്ചടിയാകുമോയെന്ന ആശങ്കയുണ്ട്.
യൂറോപ്യൻ രാജ്യങ്ങളിലെ പാൽ, ചോക്ലേറ്റ് ഉത്പന്നങ്ങളും അനിയന്ത്രിതമായി ഇന്ത്യൻ വിപണികളിലേക്ക് ഒഴുകിയാൽ ഇന്ത്യയിലെ കൊക്കോ, ക്ഷീര കർഷകർക്ക് ആരു സംരക്ഷണം നൽകുമെന്നതിൽ വ്യക്തതയില്ല. ലോകത്തിലെതന്നെ ഏറ്റവും മികച്ച പാൽ, ചോക്ലേറ്റ്, ബിസ്കറ്റ് നിർമാതാക്കൾ യൂറോപ്യൻ രാജ്യങ്ങളാണ്.
എന്നാൽ ഫാർമസ്യൂട്ടിക്കൽസ്, എൻജിനിയറിംഗ് സാധനങ്ങൾ, ഓട്ടോമോട്ടീവ് ഘടകങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലെ കയറ്റുമതി വർധിപ്പിക്കുന്നത് ഇന്ത്യക്കു നേട്ടമാകും. അമേരിക്കൻ തീരുവ ബാധിച്ച തുണിത്തരങ്ങൾ, ആഭരണങ്ങൾ, തുകൽ വസ്തുക്കൾ തുടങ്ങിയവയ്ക്ക് 27 വികസിത രാജ്യങ്ങളിൽ ബദൽ വിപണി തുറക്കും. നിലവിൽ ബംഗ്ലാദേശി തുണിത്തരങ്ങൾക്ക് പൂജ്യം തീരുവയുള്ളപ്പോൾ ഇന്ത്യൻ തുണിത്തരങ്ങൾക്ക് ഇയുവിൽ പത്തു ശതമാനം തീരുവയുണ്ട്. കരാർ നടപ്പായാൽ ഇന്ത്യക്കും തീരുവയില്ലാതാകും.
ഇന്ത്യൻ ഐടി, സേവന കയറ്റുമതിക്കും വിദഗ്ധ പ്രഫഷണലുകളുടെ കുടിയേറ്റത്തിനും കരാർ സഹായകമാകും. അമേരിക്കയെ ആശ്രയിക്കുന്നത് കുറയുകയും ചെയ്യും. സോളാർ അടക്കം പുനരുപയോഗ ഊർജഘടകങ്ങൾ പോലുള്ള ഇന്ത്യൻ വ്യവസായങ്ങൾക്കും അനുകൂല വിപണി ലഭിക്കും.
വിമാനം, ഓട്ടോമൊബൈൽസ്, ഇലക്ട്രിക്കൽ മെഷിനറികൾ, പാനീയങ്ങൾ, കെമിക്കൽസ് തുടങ്ങിയവയുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതിയാണ് യൂറോപ്യൻ യൂണിയന്റെ ലക്ഷ്യം. വിമാനഭാഗങ്ങൾ, വജ്രങ്ങൾ, ആഡംബരവസ്തുക്കൾ തുടങ്ങിയ ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ പുതിയ വിപണി കണ്ടെത്താനാകും.
ഇന്ത്യയിലേക്കുള്ള ഇറക്കുമതിയുടെ തീരുവ ഇല്ലാതാകുകയോ തീർത്തും കുറയുകയോ ചെയ്യുന്നതോടെ വിദേശമദ്യവും വൈനുകളും മുതൽ ആഡംബര കാറുകൾ വരെയുള്ളവയിൽ യൂറോപ്യൻ യൂണിയന് കാര്യമായ നേട്ടമുണ്ടാകും.
Leader Page
കേരള കർഷക ക്ഷേമനിധി ബോർഡിന്റെ കാലാവധി ജൂൺ 30ന് അവസാനിക്കുകയാണ്. കടുത്ത നിരാശയോടെയാണ് പടിയിറക്കം. സംസ്ഥാനത്തെ കർഷകരുടെ ക്ഷേമത്തിനുവേണ്ടി നയാപൈസ ചെലവഴിക്കാൻ ബോർഡിനു കഴിഞ്ഞിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ ഇനി ഒരു പ്രവർത്തനവും നടത്താൻ കഴിയുമെന്ന പ്രതീക്ഷ ബോർഡംഗങ്ങൾക്കുമില്ല. കഴിഞ്ഞദിവസം ചേർന്ന ബോർഡ് യോഗത്തിൽ അംഗങ്ങൾ പരസ്പരം നിരാശ പങ്കുവച്ചാണ് പിരിഞ്ഞത്.
സംസ്ഥാനത്ത് കാർഷികവൃത്തികൊണ്ട് ഉപജീവനം കഴിക്കുന്ന കർഷകന്റെ ക്ഷേമം, പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങൾ നൽകൽ, യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനുള്ള തുടർ പ്രവർത്തനങ്ങൾ എന്നിവയാണ് ബോർഡിന്റെ ലക്ഷ്യം. 2019 ഡിസംബർ 20നു നിലവിൽ വന്ന കേരള കർഷക ക്ഷേമനിധി ആക്ടിന്റെ തുടർപ്രവർത്തനമായാണ് 2020 ഒക്ടോബർ 14ന് കേരള കർഷക ക്ഷേമനിധി ബോർഡ് രൂപീകരിച്ച് ഉത്തരവായത്. ഒക്ടോബർ 15നുതന്നെ ചെയർമാനും ബോർഡ് അംഗങ്ങളും ചുമതലയേറ്റു. തൃശൂർ ചെന്പൂക്കാവ് കേന്ദ്രീകരിച്ച് ക്ഷേമനിധി ബോർഡ് ഓഫീസ് 2021 ഫെബ്രുവരി 21ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
2021 ഡിസംബർ ഒന്നു മുതൽ കർഷകരെ ക്ഷേമനിധിയിലേക്ക് അംഗങ്ങളാക്കിത്തുടങ്ങി. അഞ്ചു സെന്റിൽ കുറയാതെയും 15 ഏക്കറിൽ കൂടാതെയും കൃഷി ചെയ്യുകയും വാർഷിക വരുമാനം അഞ്ചു ലക്ഷത്തിൽ കൂടാതെയുമുള്ള ഏതൊരാൾക്കും പദ്ധതിയിൽ അംഗമാകാൻ വ്യവസ്ഥയുണ്ടായി. ഒരു വർഷത്തിനിടെ 20 ലക്ഷത്തോളം പേരെ അംഗങ്ങളാക്കാമെന്നു ലക്ഷ്യമിട്ട പദ്ധതിയിൽ അഞ്ചുവർഷംകൊണ്ട് 12,022 പേർ മാത്രമാണ് അംഗത്വമെടുത്തത്. കർഷകർ രജിസ്ട്രേഷൻ ഫീസായി 100 രൂപ നൽകണം. രജിസ്റ്റർ ചെയ്ത കർഷകന് 250 രൂപ വീതം സർക്കാർ നിക്ഷേപമായി നൽകണമെന്നുണ്ടായിരുന്നു. അതും ലഭിച്ചില്ല.
ബോർഡിന്റെ പ്രവർത്തനങ്ങളിലേക്ക് ചട്ടങ്ങൾ തയാറാക്കി നൽകിയത് സർക്കാർ അംഗീകരിച്ചു. എന്നാൽ, പദ്ധതി അംഗീകരിച്ചില്ല. കർഷക പെൻഷൻ, കുടുംബ പെൻഷൻ, അനാരോഗ്യ ആനുകൂല്യം, അവശതാ ആനുകൂല്യം, ചികിത്സാ സഹായം, പ്രസവാനുകൂല്യം, വിവാഹ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, ഒറ്റത്തവണ ആനുകൂല്യം, മരണാനന്തര ആനുകൂല്യം എന്നിവ പദ്ധതിയിൽ ചട്ടപ്രകാരം അംഗമാകുന്ന കർഷകർക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, അംഗത്വമെടുത്ത ഒരാൾക്കുപോലും ഒരു ആനുകൂല്യവും ലഭ്യമാക്കാനായില്ല. രജിസ്ട്രേഷനിൽനിന്നുള്ള വരുമാനമല്ലാതെ ബോർഡിനു മറ്റു വരുമാനങ്ങളുണ്ടായില്ല. പ്രവർത്തന മൂലധനമായി സർക്കാർ ഫണ്ട് നൽകിയതുമില്ല. ഫണ്ട് കണ്ടെത്താനുള്ള മാർഗങ്ങളെക്കുറിച്ച് നിർദേശങ്ങളുണ്ടായെങ്കിലും ഇതു സംബന്ധമായ ഉത്തരവുകളുമുണ്ടായില്ല.
കേരള കാർഷിക സർവകലാശാലാ മുൻ വൈസ് ചാൻസലർ കൂടിയായ ഡോ. പി. രാജേന്ദ്രൻ ചെയർമാനായ ബോർഡിൽ ഭരണ, പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ അംഗങ്ങളായുണ്ട്. അഞ്ചുവർഷത്തിനിടെ 17 തവണ ബോർഡ് യോഗം ചേർന്നു. സിഇഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും ഡെപ്യൂട്ടേഷനിൽ ക്ഷേമനിധി ബോർഡിലേക്കു നിയമിച്ചിരുന്നു. ഉദ്യോഗസ്ഥരുൾപ്പെടെ 22 പേരാണ് ഡയറക്ടർ ബോർഡിലുള്ളത്. ഓഫീസ് ചെലവിനും ജീവനക്കാരുടെ ശന്പളത്തിനും ചെയർമാന്റെ യാത്രയ്ക്കുമുള്ള പണം സർക്കാർ നൽകി. എന്നാൽ, കർഷകക്ഷേമത്തിനായി ഒരു നടപടിയും ബോർഡ് മുഖേന നടപ്പാക്കിയില്ല.
ബോർഡ് യോഗങ്ങൾ ചേർന്ന് ഓരോ തവണയും പദ്ധതി അംഗീകാരത്തിനായി സർക്കാരിലേക്ക് കത്തെഴുതി. 2022 നവംബർ 28ന് കർഷക ക്ഷേമനിധി പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈൻ യോഗം ചേർന്നു. മന്ത്രിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിന്റെ തുടർച്ചയായി പദ്ധതിരേഖകൾ പുതുക്കി സർക്കാരിനു സമർപ്പിച്ചതാണ്.
കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും ബോർഡ് അംഗവുമായ അഡ്വ. സുരേഷ് കോശിയുടെ അഭിപ്രായത്തിൽ, കർഷക ക്ഷേമനിധി ബോർഡ് വെറും തട്ടിപ്പായിരുന്നു. ഗവർണറുടെ നയപ്രഖ്യാപന വേളയിൽ ബോർഡിനെ സംബന്ധിച്ചു നടത്തിയ വീരവാദങ്ങൾ പൊള്ളയാണെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു വർഷത്തിനിടെ യോഗങ്ങൾ ചേർന്നതല്ലാതെ യാതൊരു തീരുമാനവും നടപ്പാക്കാനായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Kerala
കോട്ടയം: ലോകബാങ്കിന്റെ സഹകരണത്തോടെ സംസ്ഥാന കാര്‍ഷിക-കര്‍ഷകക്ഷേമ വകുപ്പും വ്യവസായവകുപ്പും ചേര്‍ന്ന് നടപ്പിലാക്കുന്ന കേരളാ കാലാവസ്ഥാ അതിജീവന കാര്‍ഷിക മൂല്യ വര്‍ധക വിപണന ശൃംഖല നവീകരണ പദ്ധതി (കേര) സഹായത്തിന് റബര്‍ കര്‍ഷകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
കുറഞ്ഞത് 25 സെന്റില്‍ കൃഷി ചെയ്യണം. രണ്ട് ഹെക്ടറിലേക്ക് വരെ സഹായം ലഭിക്കും. അപേക്ഷകര്‍ റബര്‍ ബോര്‍ഡ് നല്കുന്ന പരിശീലനത്തില്‍ നിര്‍ബന്ധമായി പങ്കെടുക്കണം. അപേക്ഷിക്കുന്ന ഭൂമി സ്വകാര്യ ഉടമസ്ഥയിലുളളതായിരിക്കണം.
പാടശേഖരങ്ങള്‍ പദ്ധതിക്ക് അര്‍ഹമല്ല. റബര്‍ ബോര്‍ഡ് സര്‍ട്ടിഫൈഡ് നഴ്സറികളില്‍നിന്ന് റബര്‍ ബോര്‍ഡ് നിര്‍ദേശിക്കുന്ന ഇനം തൈകള്‍ നടണം. ഒരു ഹെക്ടറിന് 75,000 രൂപ സഹായം ലഭിക്കും. ആദ്യഗഡു 55,000 രൂപ.
രണ്ടാം ഗഡു ഒരു വര്‍ഷം പൂര്‍ത്തിയായ തൈകളുടെ വളര്‍ച്ച വിലയിരുത്തിയശേഷം ശേഷിക്കുന്ന 20,000 രൂപ. ആധാറുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ കൈമാറും. ആധാര്‍ കാര്‍ഡ്, പ്ലോട്ടിന്റെ സ്കെച്ച്, റബര്‍ തൈ വാങ്ങിയ ബില്‍, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, ഭൂമിയുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ വേണം.
ജില്ലയില്‍ ഈ വര്‍ഷം റബര്‍ നടുന്നവര്‍ക്കും കഴിഞ്ഞ ജൂണ്‍ -ജൂലൈ മാസങ്ങളില്‍ പുനര്‍നടീല്‍ ചെയ്തവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 9633280760.
Kerala
കോതമംഗലം: ഏത്തക്കായ വില കുത്തനേ ഇടിഞ്ഞതോടെ കർഷകർ കൃഷിയിൽനിന്ന് പിന്തിരിയുന്നു. മെച്ചപ്പെട്ട വരുമാനം പ്രതീക്ഷിച്ച് ഏത്തവാഴ കൃഷി ചെയ്ത നിരവധി കർഷകർ വിലയിടിവുമൂലം പ്രതിസന്ധിയിലാണ്.
സ്ഥലം പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷിയിലിറങ്ങിയവരാണ് നഷ്ടത്തിൽ നട്ടംതിരിയുന്നത്. മുൻ വർഷങ്ങളിൽ ലഭിച്ചിരുന്ന വിലയിൽനിന്നു വളരെ കുറഞ്ഞ വിലയാണ് ഏത്തക്കായ്ക്ക് വിപണിയിൽ ലഭിക്കുന്നത്. നാടൻ ഏത്തക്കായുടെ വില ഇടിക്കാനായി ഇതരസംസ്ഥാന ലോബികളടക്കം രംഗത്തുണ്ട്.
കർഷകവിപണികളിൽ ഒരു കിലോ ഏത്തക്കായ്ക്ക് പരമാവധി 25 - 30 രൂപയാണു ലഭിക്കുന്നത്. കർഷകവിപണികളിൽ 20 രൂപ മുതലാണു ലേലം തുടങ്ങുന്നത്. ഏത്തപ്പഴം കിലോയ്ക്ക് 30 രൂപ മുതൽ ലഭ്യമാണ്. 100 രൂപയ്ക്ക് മൂന്നു കിലോഗ്രാം വിൽക്കുന്നവരുമുണ്ട്. ചിലയിടങ്ങളിൽ നാടൻ ഏത്തപ്പഴം കിലോഗ്രാമിന് 40 രൂപവരെ ചില്ലറ വില്പന നടക്കുന്നുമുണ്ട്.
ഉത്പാദനച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ കിലോഗ്രാമിന് 40-45 രൂപയ്ക്കു മുകളിലെങ്കിലും വില കിട്ടണം. മുൻവർഷങ്ങളിൽനിന്നു വ്യത്യസ്തമായി ഇക്കുറി കൃഷി കൂടുതലുള്ളതായും പറയുന്നു. നാടൻ ഏത്തക്കുലയുടെ വരവ് കൂടിയതും വിലയിടിവിന് ഇടയാക്കിയിട്ടുണ്ട്. കർണാടകയിലും തമിഴ്നാട്ടിലും മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി ഏത്തവാഴകൃഷി കൂടിയിട്ടുണ്ട്. ഇതു കേരളവിപണിയിലേക്ക് എത്തുന്നതും വിലയിടിവിനു കാരണമാകുന്നതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
തറവിലയിൽ കാര്യമില്ലെന്ന് കർഷകർ
കഴിഞ്ഞവർഷം 85 രൂപവരെ കർഷകർക്കു ലഭിച്ചിരുന്നു. ഉത്പാദനച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ വില ഇടിയുന്നത് കർഷകർക്കു തിരിച്ചടിയാണ്. അതുകൊണ്ടുതന്നെ പുതുകൃഷിയിൽനിന്ന് ചെറുകിട കർഷകർ ഉൾവലിയുകയാണെന്ന് ഏത്തവാഴ വിത്ത് വിൽക്കുന്ന വ്യാപാരികൾ പറയുന്നു. ഈ സീസണിന്റെ തുടക്കത്തിൽ അത്യാവശ്യം വില ലഭിച്ചിരുന്നുവെങ്കിലും കുറഞ്ഞ വിലയ്ക്കു പുറമേനിന്ന് ഏത്തക്കുല എത്തിത്തുടങ്ങിയതോടെ വിപണിയിൽ നാടൻ കുലയ്ക്ക് ഡിമാൻഡില്ലാതായി.
ഏത്തക്കുലയ്ക്ക് 30 രൂപ തറവില നിശ്ചയിച്ചിട്ടുണ്ടെങ്കിലും കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. മൂല്യവർധിത ഉത്പന്ന നിർമാണത്തിനും ചെറുകിട കർഷകർക്കു സൗകര്യങ്ങളില്ല. ഇക്കാരണത്താൽ കിട്ടുന്ന വിലയ്ക്കു വിൽക്കാതെ തരമില്ലെന്നായി. വിലയിടിവ് കാരണം ഏത്തവാഴ കൃഷിയോടുള്ള താത്പര്യവും കുറഞ്ഞുതുടങ്ങി.
കാട്ടാനയുടെയും കുരങ്ങിന്റെയും വിവിധയിനം പക്ഷികളുടെയും വവ്വാലിന്റെയും ശല്യം കാരണം ഏറെ ബുദ്ധിമുട്ടുന്ന മലയോരകർഷകർ വളരെ കഷ്ടപ്പെട്ടാണു വാഴക്കൃഷിയെ സംരക്ഷിച്ചുവരുന്നത്. ഇതിനിടയിൽ കനത്ത കാറ്റും മഴയും ഉൾപ്പെടെയുള്ള കാലാവസ്ഥാകെടുതിയും പ്രതിസന്ധിയുണ്ടാക്കാറുണ്ട്. വിള ഇൻഷ്വറൻസുകൾ എടുക്കാറുണ്ടെങ്കിലും യഥാർഥനഷ്ടത്തിനു പരിഹാരമാകാറില്ല.
തൊഴിലാളികളുടെ അഭാവവും കൂലി, വളം, കീടനാശിനി എന്നിവയുടെ വിലവർധനയും ഉത്പാദനച്ചെലവ് കൂട്ടി. തദ്ദേശസ്ഥാപനങ്ങളോ കൃഷിവകുപ്പോ ഇടപെട്ട് ഉയർന്ന വിലയ്ക്ക് ഏത്തക്കായ് സംഭരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റി കയറ്റുമതിസാധ്യതകൾ ഉൾപ്പെടെ പ്രയോജനപ്പെടുത്തി വിപണനം നടത്തണം.
District News
മാനന്തവാടി: കൊയിലേരിയിൽ സപ്ലൈകോയുടെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് ആശങ്ക.
ഉണക്കി സൂക്ഷിച്ച നെല്ല് തുറന്ന സ്ഥലത്ത് ദിവസങ്ങളോളം സൂക്ഷിക്കേണ്ടി വരുന്നതിനാൽ ഈർപ്പം തട്ടുന്നതായാണ് പരാതിയുയരുന്നത്. നെല്ല് സംഭരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
ജലസേചന സൗകര്യം ഉള്ളതിനാൽ വർഷത്തിൽ പുഞ്ചയും നഞ്ചയും കൃഷിയിറക്കുന്ന വിശാലമായ പാടശേഖരങ്ങളിലൊന്നാണ് കൊയിലേരി. സപ്ലൈകോയുടെ നെല്ല് സംഭരണം കർഷകർക്ക് ഇവിടെ ആശ്വാസകരമാണ്. എന്നാൽ ഇത്തവണ സംഭരണം സമയബന്ധിതമായി പൂർത്തിയാകാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കൊയ്ത്തിനുശേഷം വാഹനത്തിന് എത്താവുന്ന വിധത്തിൽ വഴിയരികിലാണ് നെല്ല് ചാക്കുകളിൽ സൂക്ഷിച്ചിരിക്കുന്നത്.
സപ്ലൈകോ അധികൃതർ നെല്ലെടുക്കാൻ എത്തുന്പോൾ നെല്ല് ഈർപ്പം തട്ടിയ അവസ്ഥയിലാകും. ഈർപ്പത്തിന്റെ സാന്നിധ്യമുള്ളതിനാൽ നെല്ലെടുക്കാനാകില്ലെന്നും വീണ്ടും ഉണക്കണമെന്നുമാണ് അധികൃതർ ആവശ്യപ്പെടുന്നത്.
ഇത് അധികച്ചെലവിന് ഇടയാക്കുന്നതായാണ് കർഷകർ പറയുന്നത്. പ്രദേശവാസിയായ സന്തോഷ് അഞ്ച് ഏക്കറിൽ കൃഷി ഇറക്കിയിരുന്നു. വിളവെടുത്ത് 230 ചാക്കുകളിൽ സൂക്ഷിച്ച 140 കിന്റൽ നെല്ല് വീണ്ടും പുറത്തെടുത്ത് ഉണക്കാനിടേണ്ടി വന്നതായി ഇദ്ദേഹം പറഞ്ഞു. സപ്ലൈകോ നെല്ല് സംഭരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് ആവശ്യമുയരുന്നത്.
Business
കഴിഞ്ഞ ഏതാനും മാസമായി നാളികേര ഉത്പാദനം വർധിച്ചുവരുന്നത് ദക്ഷിണേന്ത്യയിലെ കർഷർക്കിടയിൽ വിലയിടിവ് ആശങ്കൾക്കു കാരണമാകുന്നു.
ഉത്പാദനം വർധിക്കുന്നതോടെ നാളികേരത്തിന്റെ വിലയിടിയുമോ എന്ന ആശങ്കയിലാണ് കർഷകർ. സെപ്റ്റംബറിൽ ചില്ലറവിൽപ്പനയിൽ നാളികേരവില കിലോയ്ക്ക് 90 രൂപവരെയെത്തിയതാണ്. പിന്നീടിത് ഇടിഞ്ഞ് ജനുവരി ആദ്യയആഴ്ച 55 മുതൽ 60 രൂപ വരെയെത്തി. വരും മാസങ്ങളിൽ നാളികേര ഉത്പാദനം ഗണ്യമായി ഉയരുമെന്നാണ് കോക്കനട്ട് ഡെവലപ്മെന്റ് ബോർഡ് (സിഡിബി) അഭിപ്രായപ്പെട്ടത്. നാളികേരത്തിന്റെ ഉത്പാദനത്തിലുണ്ടാകുന്ന വർധന വിലത്തകർച്ചയ്ക്കു കാരണമാകുമോയെന്ന ആശങ്കയിലാണ് കർഷകർ.
കർഷകരുടെ അഭിപ്രായത്തിൽ, കഴിഞ്ഞ രണ്ടുമാസമായി നാളികേര വില താഴുകയാണ്. ശബരിമല സീസണിൽ നാളികേരത്തിനുണ്ടായ ആവശ്യകതയാണ് വിലത്തകർച്ച രൂക്ഷമാക്കാതെ സഹായിച്ചത്. ശബരിമല തീർഥാടനം ഈ മാസം 20ന് അവസാനിക്കുന്നതോടെ വില ഇനിയും കുറയുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എന്നാൽ, ശിവരാത്രി വരെ നാളികേര ആവശ്യകത ഉണ്ടാകുമെന്നാണ് സിഡിബി പറയുന്നത്.
യൂറോപ്പിൽ ആവശ്യം വർധിക്കുന്നു
അതേസമയം, വ്യാവസായിക മേഖലയിൽ നാളികേരോത്പന്നങ്ങളുടെ വർധിച്ചുവരുന്ന ആവശ്യകത കർഷകർക്ക് ആശ്വാസം നൽകുന്നു. ചിരട്ടയിൽനിന്നുള്ള ആക്ടിവേറ്റഡ് കാർബണ്‍, ഡെസികേറ്റഡ് കോക്കനട്ട്, തേങ്ങാപ്പാൽ എന്നിവയുടെ കയറ്റുമതി വർധിച്ചുവരുകയാണ്. ഇന്ത്യൻ തേങ്ങയ്ക്ക് യൂറോപ്പ് ഒരു പ്രധാന വിപണിയായി വളർന്നുവരുന്നതും ആശ്വാസം നൽകുന്നു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ നാളികേരോത്പന്നങ്ങളുടെ ആവശ്യകതയിൽ യൂറോപ്പിൽ ശ്രദ്ധേയമായ മുന്നേറ്റം നടന്നിട്ടുണ്ട്. ആഹാരത്തിനു മാത്രമായി ഉപയോഗിക്കുന്നതു കൂടാതെ സൗന്ദര്യവർധക വസ്തുക്കൾ, പേഴ്സണൽ കെയർ പ്രോഡക്ട്സ്, മരുന്നുകൾ എന്നിവയിലും തേങ്ങയുടെ ഉപയോഗം വർധിച്ചു.
യൂറോപ്യൻ അടുക്കളകളിൽ പാചകത്തിലും ബേക്കിംഗിനും വറുക്കുന്നതിനും സാധാരണ ഉപയോഗിക്കുന്ന എണ്ണകൾക്കു പകരമായി വെളിച്ചെണ്ണ വലിയ പ്രചാരം നേടിയിട്ടുണ്ട്. തേങ്ങയുടെ ആരോഗ്യഗുണങ്ങളും ഉയർന്ന സ്മോക്ക് പോയിന്റുമാണ് യൂറോപ്പിൽ വെളിച്ചെണ്ണയ്ക്കു പ്രചാരം നൽകുന്നത്. കൂടാതെ, ഇതിന്റെ ഈർപ്പം നിലനിർത്താനുള്ള കഴിവ് ചർമസംരക്ഷണത്തിനും കേശസംരക്ഷണത്തിലും ഉപയോഗിക്കുന്ന ഉത്പന്നങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത വസ്തുവാക്കി മാറ്റി.
2029 ആകുന്പോഴേക്കും യൂറോപ്പിലെ നാളികേരോത്പന്ന വിപണി ഏകദേശം രണ്ടു ബില്യണ്‍ ഡോളർ വളർച്ച കൈവരിക്കുമെന്നാണു പ്രതീക്ഷ. സസ്യാഹാര ശീലങ്ങൾ, വീഗൻ, ഫ്ളെക്സിറ്റേറിയൻ ആഹാരശീലങ്ങളിലേക്ക് ആളുകൾ തിരിയുന്നതാണ് ഈ വളർച്ചയ്ക്കു കാരണം.
യൂറോപ്യൻ വിപണിയിൽ നാളികേരോത്പന്നങ്ങളുടെ ആവശ്യകത വർധിക്കുന്നത് പ്രതീക്ഷ നൽകുന്നതാണ്. പാലുത്പന്നങ്ങൾക്കു പകരം തേങ്ങാപ്പാൽ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. മാലിന്യമുക്തവും പ്രകൃതിദത്തമായി ലയിച്ചുചേരുന്നതും ആരോഗ്യപരവുമായ ഉത്പന്നങ്ങളെക്കുറിച്ച് ഉപഭോക്താക്കൾ ബോധവാന്മാരായി. വിലയേക്കാൾ ഗുണമേന്മയ്ക്കു മുൻഗണന നല്കുന്ന ഇത്തരം ഉപഭോക്താക്കൾക്കിടയിൽ ഇന്ത്യൻ നാളികേരോത്പന്നങ്ങൾക്ക് യൂറോപ്പിൽ വലിയ ആവശ്യകതയുണ്ട്. കൂടാതെ, ഇന്ത്യയിൽനിന്നുള്ള ആക്ടിവേറ്റഡ് കാർബണിന് (ചിരട്ടക്കരിക്ക്) യുഎസിൽ വലിയ ആവശ്യകതയാണുള്ളതെന്ന് ഒരു സിഡിബി ഉദ്യോഗസ്ഥൻ പറയുന്നു.
കയറ്റുമതി ഉയരുന്നു
ഇന്ത്യൻ സ്ഥാപനങ്ങൾ 2025-26 സാന്പത്തികവർഷത്തിലെ ആദ്യ ഏഴുമാസം 3793 കോടി രൂപയുടെ നാളികേരോത്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. ഈ വർഷം ആകെ 6000 കോടി രൂപയ്ക്കു മുകളിലുള്ള കയറ്റുമതി പ്രതീക്ഷിക്കുന്നുണ്ട്. ഈ കണക്കാണെങ്കിൽ കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനം കൂടുതലായിരിക്കും.
ഉത്പാദനം കൂടും
2024ൽ എൽനിനോ മൂലമുണ്ടായ കഠിനമായ ഉഷ്ണതരംഗവും വരൾച്ചയും മറ്റ് ഘടകങ്ങളും ദക്ഷിണേഷ്യയിലെ നാളികേരോത്പാദനത്തിൽ വൻതോതിൽ ഇടിവുണ്ടാക്കി. ഇത് വിപണിയിൽ നാളികേര ദൗർലഭ്യമുണ്ടാക്കുകയും ചെയ്തു. 2025ൽ സെപ്റ്റംബറിൽ നാളികേരം വില കിലോയ്ക്ക് 90 രൂപയിലെത്തുകയും വെളിച്ചെണ്ണവില എക്കാലത്തെയും ഉയർന്ന വിലയിലെത്തുകയും ചെയ്തു. എന്നാൽ, നാളികേരോത്പാദനം സാധാരണ നിലയിലെത്തിയതോടെ തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില താഴുകയും ചെയ്തു.
വരുന്ന മാസങ്ങളിൽ നാളികേരോത്പാദനം ഉയർന്നാൽ വിലത്തകർച്ചയുണ്ടാകുമോയെന്ന ആശങ്കയിലാണ് കർഷകർ. എന്നാൽ, ഈ ആശങ്ക അനാവശ്യമാണെന്നാണ് സിഡിബി ഉദ്യോഗസ്ഥൻ പറഞ്ഞത്.
രാജ്യത്ത് ഉത്പാദിപ്പിക്കുന്ന 60 ശതമാനം നാളികേരവും വ്യവസായ സ്ഥാപനങ്ങളാണ് സംഭരിക്കുന്നത്. കയറ്റുമതി വിപണിയിൽ ഇന്ത്യയുടെ മൂല്യവർധിത ഉത്പന്നങ്ങളുടെ ആവശ്യകത വർധിക്കുന്നുമുണ്ട്. തമിഴ്നാട്ടിലെ ചില സ്ഥാപനങ്ങൾ ഇന്തോനേഷ്യയിൽനിന്ന് കൊപ്ര ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും അത് ഇന്ത്യൻ വിപണിയെ ബാധിക്കുന്നില്ല. സർക്കാർ നിയമപ്രകാരം എത്ര അളവ് കൊപ്രയാണോ ഇറക്കുമതി ചെയ്യുന്നത് അത്ര അളവ് മൂല്യവർധിത ഉത്പന്നങ്ങൾ തിരികെ കയറ്റുമതി ചെയ്യേണ്ടതുണ്ട്- സിഡിബി ഉദ്യോഗസ്ഥൻ പറഞ്ഞു.
സെപ്റ്റംബറിൽ തമിഴ്നാട്ടിൽ കൊപ്ര സംഭരണവില കിലോയ്ക്ക് 285 രൂപ ആയിരുന്നിടത്ത് ജനുവരിയിൽ ഇടിഞ്ഞ് 164 രൂപയിലെത്തിയെന്ന് കേരഫെഡ് മാനേജിംഗ് ഡയറക്ടർ സാജു കെ. സുരേന്ദ്രൻ പറഞ്ഞു. കേരഫെഡ് സംസ്ഥാനത്തുനിന്ന് നേരിട്ടു തേങ്ങ സംഭരിക്കുന്നില്ല. പകരം കുറ്റ്യാടി, ചെറുപുഴ, നീലേശ്വരം എന്നിവിടങ്ങളിൽനിന്ന് വിപണിവിലയേക്കാൾ രണ്ടു രൂപ കൂടുതൽ നല്‍കിയാണ് നാളികേരം സംഭരിക്കുന്നത്. വർഷം മുഴുവനുമുള്ള ശരാശരി സംഭരണ നിരക്കിന്റെ അടിസ്ഥാനത്തിലാണ് കേരഫെഡ് വെളിച്ചെണ്ണയുടെ വിപണി വില നിശ്ചയിക്കുന്നത്.
District News
നിലന്പൂർ: മൂലേപ്പാടത്ത് കർഷകരുടെ ഉറക്കംകെടുത്തി കാട്ടാനകൾ. രാത്രിയോടെ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. കണ്ണാടത്ത് മോഹന്റെ നേന്ത്രവാഴ തോട്ടത്തിലാണ് കാട്ടാന വ്യാപകമായി കൃഷി നാശം വിതച്ചത്. രാത്രിയോടെ പന്തീരായിരം വനമേഖലയിൽ നിന്നെത്തുന്ന കാട്ടാനക്കൂട്ടം മൂലേപ്പാടം - തറമുറ്റം ഭാഗങ്ങളിലെ നിരവധി കുടുംബങ്ങൾക്ക് ഭീഷണിയാണ്.\
ഒരു മാസത്തിലേറെയായി കാട്ടാനശല്യം പതിവാണ്. രാത്രികാലങ്ങളിൽ നിലന്പൂർ - നായാടംപൊയിൽ റൂട്ടിലുള്ള യാത്രക്കാരും കാട്ടാനശല്യം കാരണം ആശങ്കയിലാണ്. കാട്ടാനകൾ കൃഷി നശിപ്പിക്കുന്പോൾ നഷ്ടപരിഹാരം പോലും നൽകാൻ വനം വകുപ്പ് തയാറാകാത്തതിൽ നിരാശയിലാണ് കർഷകർ
District News
സുൽത്താൻ ബത്തേരി: കൊട്ടടയ്ക്കക്കും പൈങ്ങയ്ക്കും വിപണിയിൽ ഉയർന്ന വിലയിൽ വ്യാപാരം തുടരുന്പോഴും ജില്ലയിലെ അടയ്ക്ക കർഷകർക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ല.
രോഗബാധയും മഹാളി, മഞ്ഞളിപ്പ് രോഗങ്ങൾ വ്യാപകമായതിനെത്തുടർന്ന് ജില്ലയിലെ നിരവധി കമുക് തോട്ടങ്ങൾ ഇതിനകം തന്നെ അപ്രത്യക്ഷമായിരിക്കുകയാണ്.
നാമമാത്രമായി അവശേഷിക്കുന്ന തോട്ടങ്ങളിൽ പോലും ഈ വർഷം അടയ്ക്ക ഉത്പാദനം വളരെ കുറവാണെന്ന് കർഷകർ പറയുന്നു. വിളവ് കുറഞ്ഞതിനാൽ പാട്ടത്തിനെടുത്ത് അടയ്ക്ക പറിക്കുന്ന പലരും കനത്ത സാന്പത്തിക നഷ്ടത്തിലാണ്. ഉയർന്ന വിപണിവില ഉണ്ടായിട്ടും ആവശ്യത്തിന് വിളവ് ലഭിക്കാത്തതാണ് കർഷകരെ വലയ്ക്കുന്നത്.
കഴിഞ്ഞ കുറേ വർഷങ്ങളായി കാലാവസ്ഥയിലെ വ്യതിയാനം, അമിതമഴ, നീണ്ട ഈർപ്പം എന്നിവയാണ് മഞ്ഞളിപ്പ് രോഗം ശക്തമാകാൻ പ്രധാന കാരണങ്ങളായി കർഷകർ ചൂണ്ടിക്കാട്ടുന്നത്.
രോഗം പിടിപെട്ട കമുകുകൾ പെട്ടെന്ന് ഉണങ്ങി നശിക്കുകയാണ്. രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനുമായി ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്ത പക്ഷം ഏതാനും വർഷങ്ങൾക്കുള്ളിൽ ജില്ലയിൽ അടയ്ക്ക കൃഷി ഇല്ലാതാകമെന്നും കർഷകർ ആശങ്കപ്പെടുന്നു. കൃഷിവകുപ്പും അധികാരികളും അടിയന്തരമായി ഇടപെട്ട് രോഗനിയന്ത്രണ മാർഗങ്ങൾ ശക്തിപ്പെടുത്തണമെന്നും നഷ്ടം നേരിടുന്ന കർഷകർക്ക് സാന്പത്തിക സഹായവും ഇൻഷ്വറൻസ് പരിരക്ഷയും ഉറപ്പാക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു.
Kerala
കോട്ടയം: സപ്ലൈകോയുടെ ചുമതലയില്‍ സഹകരണസംഘങ്ങള്‍ വഴി നെല്ല് സംഭരിക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനമെന്ന് കര്‍ഷകര്‍. മുന്‍പ് രണ്ടു തവണ പരീക്ഷിച്ച് പരാജയപ്പെട്ട ഈ സംഭരണ രീതി കുറ്റമറ്റതായി നടത്താനുള്ള സാഹചര്യം ഇപ്പോഴുമില്ല.
വേണ്ടിടത്തോളം സഹകരണ സ്ഥാപനങ്ങളില്ലെന്നതും പലതും സാമ്പത്തിക ഞെരുക്കത്തിലാണെന്നതുമാണ് പ്രധാന പ്രശ്നം. സംഭരിക്കുന്ന നെല്ല് സൂക്ഷിക്കാനുള്ള ഗോഡൗണുകളും അത് കുത്തി അരിയാക്കാനുമുള്ള മില്ലുകളും മിക്ക ജില്ലകളിലുമില്ല. ആകെ വിളയുന്ന നെല്ലിന്റെ അഞ്ചിലൊന്നുപോലും സംഭരിക്കാനുള്ള ഗോഡൗണ്‍ സംവിധാനം സംസ്ഥാനത്ത് നിലവിലില്ല.
തകഴിയിലും വെച്ചൂരിലും പ്രവര്‍ത്തനരഹിതമായിക്കിടക്കുന്ന വന്‍കിട മില്ലുകള്‍ വീണ്ടും തുറക്കാനോ കിടങ്ങൂരിലെ പുതിയ മില്ലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനോ സാധിച്ചിട്ടില്ല. സമയബന്ധിതമായി യന്ത്രങ്ങള്‍ എത്തിച്ച് കൊയ്ത്ത് പൂര്‍ത്തിയാക്കുകയെന്നതും മറ്റൊരു പരിമിതിയാണ്. പിആര്‍എസ് അധിഷ്ഠിത ബാങ്ക് വായ്പകളെ ആശ്രയിക്കുന്നത് ഒഴിവാക്കി സംഭരണത്തിന് ശേഷം കാലതാമസമില്ലാതെ നെല്ലിന്റെ വില കര്ഷകന് നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം.
ഒരുമ വേണം
വരമ്പത്ത് വേതനം എന്ന സാഹചര്യം പ്രായോഗികമായി നടപ്പാകണമെങ്കില്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് പണവും നെല്ല് സംഭരണത്തിന് സംവിധാനവും സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഒരുമയും ആവശ്യമാണ്. മാത്രവുമല്ല സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് വേണ്ടത്ര ഫണ്ട് മുന്‍കൂര്‍ നല്‍കുകയും വേണം. നിലവില്‍ സപ്ലൈകോവഴി സ്വകാര്യ മില്ലുകാര്‍ നെല്ല് കൊണ്ടുപോകുമ്പോള്‍ നേരിടുന്ന ചൂഷണം അവസാനിക്കുമെന്നാണ് അവകാശവാദം. എന്നാല്‍ ഇത് ഇലക്ഷന് മുന്നില്‍ കണ്ടുള്ള അപ്രായോഗിക നീക്കമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പുതിയ സംവിധാനത്തില്‍ കേരള ബാങ്കിനെ ഉള്‍പ്പെടുത്തിയത് സഹകരണ ബാങ്കുകളെ സഹായിക്കാന്‍ വേണ്ടിയാണെന്ന് പറയുന്നു. എന്നാല്‍ കേരള ബാങ്ക് നെല്ല് സംഭരണത്തിനുള്ള തുക ലോണായി അനുവദിച്ചാല്‍ അത് കേരളബാങ്കിന്റെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കും.
എവിടെ സൂക്ഷിക്കും?
കേരള ബാങ്കു വഴി സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് തീരുമാനമെങ്കിലും സംഭരിക്കുന്ന നെല്ല് എവിടെ സൂക്ഷിക്കുമെന്നതില്‍ വ്യക്തത വന്നിട്ടല്ല. അരിക്കമ്പനികള്‍ വഴി സംഭരണം നടത്താനാണ് തീരുമാനമെങ്കില്‍ അവര്‍ പദ്ധതിയോട് സഹകരിക്കാനിടയില്ല. കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന നെല്ല് കുത്തി മറിച്ചു വിറ്റു കിട്ടുന്ന ലാഭത്തിനു പുറമെ പൊടിയരി, ഉമി, തവിട് തുടങ്ങിയവയും മില്ലുകാരുടെ വരുമാനമായിരുന്നു.
നോഡല്‍ സംഘം
ജില്ലാ, താലൂക്ക് തലങ്ങളില്‍ സഹകരണ സംഘങ്ങളുടെയും പാടശേഖര സമിതികളുടെയും കര്‍ഷകരുടെയും ഓഹരി പങ്കാളിത്തത്തില്‍ നോഡല്‍ സഹകരണ സംഘം രൂപീകരിക്കാനാണ് നീക്കം. നോഡല്‍ സംഘങ്ങളുടെ ഉടമസ്ഥതയിലുള്ള മില്ലുകളിലോ വാടകയ്ക്കെടുക്കുന്ന മില്ലുകളിലോ സ്വകാര്യ മില്ലുകള്‍ വഴിയോ നെല്ല് സംസ്കരണം നടത്തുമെന്ന് പറയുന്നു. നെല്ല് സംഭരണം, തുക വിതരണം എന്നിവയുടെ നിരീക്ഷണത്തിന് ഡിജിറ്റല്‍ പോര്‍ട്ടല്‍ സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനമുണ്ട്. അടുത്ത കൊയ്ത്ത് തുടങ്ങാന്‍ രണ്ടര മാസം മാത്രം ശേഷിക്കേ ഇത്രയും സംവിധാനമൊരുക്കുക എളുപ്പമല്ല.
Kerala
തിരുവനന്തപുരം: സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ എട്ടിനു തിരുവനന്തപുരം ജില്ലയിലെ കർഷകരുടെ അപേക്ഷ സംബന്ധിച്ച സിറ്റിംഗ് നേരിട്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ കർഷകരുടെ അപേക്ഷ സംബന്ധിച്ച സിറ്റിംഗ് ഓൺലൈനായും നടത്തും.
ആനയറ വേൾഡ് മാർക്കറ്റ് കാമ്പസിലെ കർഷക കടാശ്വാസ കമ്മീഷൻ ഓഫീസിൽ നടത്തുന്ന സിറ്റിംഗിൽ ചെയർമാൻ ജസ്റ്റീസ് (റിട്ട.) കെ. ഏബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും.
രാവിലെ 9ന് ആരംഭിക്കുന്ന സിറ്റിംഗിൽ പങ്കെടുക്കുന്നതിന് ഹിയറിംഗ് നോട്ടീസ് ലഭിച്ചവർ മതിയായ രേഖകൾ സഹിതം ഹാജരാകണം.
Business
ന്യൂഡൽഹി: ലോകത്തിൽ ഏറ്റവും കൂടുതൽ അരി ഉത്പാദിപ്പിക്കുന്ന രാജ്യമെന്ന ഖ്യാതി ഇന്ത്യ സ്വന്തമാക്കി. ഈ വർഷം ചൈനയെ മറികടന്നാണ് ഇന്ത്യ ഒന്നാമതെത്തിയത്. കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്ത്യയുടെ അരി കയറ്റുമതി ഏകദേശം ഇരട്ടിയായി. ഈ സാന്പത്തിക വർഷം 20 മെട്രിക് ടണ്‍ അരിയാണ് രാജ്യം കയറ്റുമതി ചെയ്തത്.
അരിയുടെ ഉത്പാദനത്തിലും കയറ്റുമതിയിലും രാജ്യം മുന്നിലെത്തിയെങ്കിലും നെൽ കർഷകർക്ക് ആഘോഷിക്കാനുള്ള അവസ്ഥയല്ല ഉള്ളത്.
കർഷകർ, സർക്കാർ ഉദ്യോഗസ്ഥർ, കാർഷിക ശാസ്ത്രജ്ഞർ എന്നിവരുമായി നടത്തിയ അഭിമുഖങ്ങളും ഭൂഗർഭജല കണക്കുകളുടെ അവലോകനവും വലിയൊരു ആശങ്കയാണ് പങ്കുവയ്ക്കുന്നത്. നെൽകൃഷിക്ക് വളരെയേറെ ജലം ആവശ്യമാണ്. ഈ ആവശ്യത്തിനുള്ള ജലം ഇല്ലെന്ന കാര്യമാണ് ഇവർ പങ്കുവയ്ക്കുന്നത്. നെൽക്കൃഷി ഇപ്പോൾതന്നെ ഇന്ത്യയിൽ നിലവിൽ കുറഞ്ഞുകൊണ്ടിരിക്കുന്ന ഭൂഗർഭജല സ്രോതസുകളെ അമിതമായി ചൂഷണം ചെയ്യുന്നു. ഇതിനാൽ കൂടുതൽ ആഴത്തിലുള്ള കുഴൽക്കിണറുകൾ കുഴിക്കുന്നതിനും വൻ തോതിൽ കടമെടുക്കുന്നതിനും കർഷകരെ നിർബന്ധിതരാക്കുന്നു.
വൻതോതിൽ നെല്ലുത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ കാർഷികമേഖലകളിൽ ഏകദേശം ഒരു ദശാബ്ദം മുന്‍പ് 30 അടി താഴ്ചയിൽ ഭൂഗർഭജലം ലഭ്യമായിരുന്നുവെന്ന് കർഷകരും കൃഷി-ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ, കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഭൂഗർഭജലത്തിന്റെ അളവ് അതിവേഗമാണ് താഴ്ന്നു. ഇപ്പോൾ കുഴൽക്കിണറുകൾ 80 അടി മുതൽ 200 അടി വരെ താഴ്ത്തേണ്ടിയും വരുന്നുവെന്ന് കർഷകർ പറയുന്നു. കർഷകരുടെ വാക്കുകളെ ശരിവയ്ക്കുന്നതാണ് സർക്കാർ കണക്കുകളും പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ പഠനങ്ങളും.
അതേസമയം, നെൽകൃഷിക്ക് പ്രോത്സാഹനം നൽകുന്ന സർക്കാർ സബ്സിഡികൾ, കുറഞ്ഞ അളവിൽ മാത്രം ജലം ആവശ്യമായ കൃഷിയിലേക്ക് മാറുന്നതിൽനിന്ന് കർഷകരെ പിന്തിരിപ്പിക്കുന്നു.
കഴിഞ്ഞ പതിറ്റാണ്ടിനിടെ ഏകദേശം 70 ശതമാനത്തോളം വർധിച്ച നെല്ലിന്റെ മിനിമം താങ്ങുവിലയും കൃഷിക്കാവശ്യമായ വെള്ളം പന്പ് ചെയ്യാൻ കർഷകരെ സഹായിക്കുന്ന വൈദ്യുത സബ്സിഡികളും ഇതിൽപ്പെടുന്നു. ഈ നയം കർഷകരെ വെള്ളം കുറച്ച് ആവശ്യമുള്ള കൃഷിക്കു പകരം നെൽകൃഷിയിൽ തുടരാൻ പ്രേരിപ്പിക്കുന്നു.
ഈ സബ്സിഡികളിൽ പലതും ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ ഒരു ദേശീയ ആശങ്കയായിരുന്ന കഴിഞ്ഞ ദശകങ്ങളിൽ രൂപകല്പന ചെയ്തതാണ്. ഇതിപ്പോൾ വിള വൈവിധ്യവത്കരണത്തിനു തടസമായിരിക്കുന്നുവെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ലോകത്തിൽ ഏറ്റവുമധികം ജലക്ഷാമം നേരിടുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യ വിലയേറിയ ഭൂഗർഭജലം വൻതോതിൽ ഉപയോഗിക്കുന്നതിനായി കർഷകർക്കു പണം നൽകുന്നു എന്നതാണ് ഇതിന്റെ ആകെത്തുകയെന്ന് വാഷിംഗ്ടണിലെ ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ അവിനാഷ് കിഷോർ പറഞ്ഞു.
ലോകത്തെ മൊത്തം അരി കയറ്റുമതിയുടെ 40 ശതമാനവും ഇന്ത്യയിൽനിന്നാണ്. അതിൽ ഇന്ത്യയുടെ ഉത്പാദനത്തിൽ ഉണ്ടാകുന്ന ഏതൊരു മാറ്റവും ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണെന്ന് അവിനാഷ് കിഷോർ പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങൾക്ക് ആഹാരം നൽകാൻ ആവശ്യമായതിലും കൂടുതൽ അരി ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.
ഇന്ത്യയിലെ കർഷകർ ഉപരിതല, ഭൂഗർഭജലത്തെയാണ് ആശ്രയിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ നെല്ലുത്പാദിപ്പിക്കുന്ന പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ ഭൂഗർഭജലത്തെയാണ് ആശ്രയിക്കുന്നത്. ഈ സംസ്ഥാനങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന് ഇരകളാകുന്നു. മണ്‍സൂണ്‍ ദുർബലമായാൽ ഭൂഗർഭജലസ്രോതസുകൾ നിറയാതിരിക്കും.
ജല ചൂഷണവും അധികച്ചെലവും
കഴിഞ്ഞ രണ്ടു വർഷമായി ശക്തമായി മഴ ലഭിച്ചിട്ടുണ്ടെങ്കിലും കർഷകർ വൻതോതിൽ ജലം ഉൗറ്റിയെടുക്കുന്നതുമൂലം പഞ്ചാബിലെയും ഹരിയാനയിലെയും വലിയൊരു ഭാഗം ഭൂർഗർഭജലസ്രോതസുകളെയും ഇന്ത്യൻ സർക്കാർ അമിതമായി ചൂഷണം ചെയ്യപ്പെട്ടവ എന്നോ അല്ലെങ്കിൽ അപകടകരമായ അവസ്ഥയിലുള്ളതെന്നോ തരംതിരിച്ചിരിക്കുന്നു.
2024ലെയും 2025ലെയും കണക്കുകൾ പ്രകാരം ഈ രണ്ടു സംസ്ഥാനങ്ങളും ഭൂഗർഭജലസ്രോതസുകളിൽ സ്വാഭാവികമായി റീചാർജ് ചെയ്യപ്പെടുന്നതിനേക്കാൾ 35 ശതമാനം മുതൽ 57 ശതമാനം വരെ അധിക ജലം ഉൗറ്റിയെടുക്കുന്നു.
ഈ സാഹചര്യം പരിഹരിക്കാനായി 2023ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതിതീവ്രമായി ജലചൂഷണം നേരിടുന്ന മേഖലകളിൽ പുതിയ കുഴൽക്കിണറുകൾ കുഴിക്കുന്നത് നിരോധിച്ചു.
പുതിയ കുഴൽക്കിണറുകൾ കുഴിക്കാൻ അനുവാദമില്ലാത്തതിനാൽ നിലവിലുള്ള കിണറുകളിൽനിന്ന് താഴേക്കു പോയി ജലമെത്തിക്കാൻ കർഷകർക്കു നീളമുള്ള പൈപ്പുകളും ശക്തമായ മോട്ടോർ പന്പുകളും ഉപയോഗിക്കേണ്ടിയും വരുന്നു.
ഇന്ത്യയിൽ ഒരു കിലോഗ്രാം അരി ഉത്പാദിപ്പിക്കാൻ 3000 മുതൽ 4000 ലിറ്റർ വരെ ജലം ആവശ്യമാണെന്നും അത് ആഗോള ശരാശരിയേക്കാൾ 20 മുതൽ 60 ശതമാനം വരെ കൂടുതലാണെന്നും കാർഷിക സാന്പത്തിക ശാസ്ത്രജ്ഞൻ അശോക് ഗുലാത്തി പറഞ്ഞു.
നയങ്ങളിൽ മാറ്റം
നെല്ലിനുള്ള സബ്സിഡിയും ഭൂഗർഭജല ചൂഷണവും ഇല്ലാതാക്കാനുള്ള നയങ്ങൾ നടപ്പിലാക്കാനുള്ള ലക്ഷണങ്ങൾ കണ്ടുവരുന്നു. വെള്ളം കുറച്ച് ആവശ്യമുള്ള കൃഷിയിലേക്കു കടക്കാൻ ഹരിയാന സർക്കാർ സബ്സിഡികൾ വാഗ്ദാനം ചെയ്യുന്നു. മില്ലറ്റുകളുടെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ വാഗ്ദാനം ഒരു കൃഷിക്കാലത്തേക്കു മാത്രമാണ്. അതുകൊണ്ടുതന്നെ വലിയതോതിൽ കർഷകർക്കിടയിൽ ഇതിനു പ്രചാരം ലഭിച്ചില്ല.
നെൽക്കൃഷി ചെയ്യുന്ന ഓരോ ഹെക്ടറിനും വളം, വൈദ്യുതി സബ്സിഡിയായി പഞ്ചാബ് 39,000 രൂപയാണ് ചെലവാക്കുന്നത്. ഈ സബ്സിഡിയുടെ ഒരു ഭാഗമുപയോഗിച്ച് കുറഞ്ഞ അളവിൽ വെള്ളം ആവശ്യമുള്ള വിള ഉത്പാദനം പ്രോത്സാഹിക്കാൻ കഴിയുമെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. ഇത് കർഷകരുടെ വരുമാനം നിലനിർത്താനും സർക്കാരിന് സാന്പത്തിക ലാഭത്തിനും കാരണമാകും.
National
മന്ദ്സോർ: മധ്യപ്രദേശിൽ ഉള്ളിയുടെ പ്രതീകാത്മക സംസ്കാര ചടങ്ങുകൾ നടത്തി കർഷകർ. മധ്യപ്രദേശിലെ മന്ദ്സോർ ജില്ലയിലെ ഉള്ളി കർഷകരാണ് ഉള്ളി വില ക്രമാധീതമായി കുറഞ്ഞതിന് പിന്നാലെ പ്രതിഷേധമായി പ്രതീകാത്മക സംസ്കാര ചടങ്ങുകൾ നടത്തിയത്.
ഉത്പാദന ചെലവ് പോലും ലഭിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്ന് കർഷകർ പറയുന്നു. ഗ്രാമത്തിലെ ശ്മശാനത്തിന് സമീപം ബാൻഡ് വാദ്യങ്ങളോടെ പൂക്കൾകൊണ്ട് അലങ്കരിച്ച ശവപ്പെട്ടിയിലായിരുന്നു സംസ്കാര ചടങ്ങുകൾ.
കർഷകർക്ക് കിലോഗ്രാമിന് ഒരു രൂപ മുതൽ പത്ത് രൂപ വരെയാണ് നിലവിൽ ലഭിക്കുന്ന ഉയർന്ന വില. എന്നാൽ കൂടുതൽ പേർക്കും ഒരു രൂപ മുതൽ രണ്ട് രൂപ വരെയാണ് ലഭിക്കുന്നതെന്നും കർഷകർ വ്യക്തമാക്കി. ഉള്ളിക്ക് കയറ്റുമതി തീരുവ 25 ശതമാനമായി ഉയർത്തിയതും കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നിലവിലെ കൃഷി മന്ത്രിയാണെങ്കിലും, തീരുവ സംബന്ധിച്ച് നിരവധി നിവേദനങ്ങൾ നൽകിയിട്ടും കയറ്റുമതി തീരുവ കുറയ്ക്കാൻ തയാറായിട്ടില്ലെന്നും കർഷകർ കൂട്ടിച്ചേർത്തു. സർക്കാർ താങ്ങുവില നൽകി ഉള്ളി വാങ്ങണമെന്നാണ് കർഷകരുടെ ആവശ്യം.
Kerala
കൂത്തുപറമ്പ്: സംസ്ഥാനതലത്തിൽ മികച്ച മാതൃകാ ക്ഷീരകർഷകനെയും ചെറുകിട മാതൃകാ ക്ഷീര സംരംഭകനെയും വെറ്ററിനറി ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ (ഐവിഎ) പുരസ്കാരം നൽകി ആദരിക്കും.
കിടാരികളും പശുക്കളും ഉൾപ്പെടെ പത്തു പശുക്കളെ വരെ വളർത്തുന്ന മാതൃകാ ക്ഷീരകർഷകനെയും 11 മുതൽ 50 വരെ പശുക്കളെ വളർത്തുന്ന മാതൃകാ ക്ഷീരസംരംഭകനെയുമാണ് സംസ്ഥാനതല അംഗീകാരത്തിനായി പരിഗണിക്കുക. മാതൃക ക്ഷീരകർഷകന് ക്ഷീരരത്ന പുരസ്കാരവും മാതൃക ചെറുകിട ക്ഷീര സംരംഭകന് ക്ഷീരപ്രതിഭ പുരസ്കാരവും നൽകും. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
പുരസ്കാരങ്ങൾ ഡിസംബർ 27ന് തിരുവനന്തപുരത്ത് നടക്കുന്ന ഐവിഎ കേരളയുടെ വാർഷിക സമ്മേളനത്തിൽ സമ്മാനിക്കും. കർഷകർ പൂരിപ്പിച്ച അപേക്ഷകൾ സ്ഥലം വെറ്ററിനറി ഡോക്ടറുടെയോ അല്ലെങ്കിൽ ഫാമിന് ഉപദേശ നിർദേശങ്ങൾ നൽകുന്ന വെറ്ററിനറി ഡോക്ടറുടെയോ ശിപാർശയോടെ അയയ്ക്കണം.
അപേക്ഷകൾ ivaaward @ gmail.com എന്ന മെയിലിലേക്കാണ് അയയ്ക്കേണ്ടത്. അവാർഡിനായുള്ള അപേക്ഷയും നിയമാവലിയും www.ivakerala.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഡോ.വി.കെ.പി. മോഹൻകുമാർ, ജനറൽ സെക്രട്ടറി, ഐവിഎ കേരള, വെങ്ങാലിൽ, തിരുന്നാവായ, മലപ്പുറം ജില്ല, പിൻ-676301 എന്ന വിലാസത്തിലാണ് തപാൽ വഴി അയയ്ക്കേണ്ടത്. അപേക്ഷകൾ ഈ മാസം പത്തിനകം ലഭിക്കണം. വിശദവിവരങ്ങൾ , 9447443167, 9895213500, 9495187522, 9895928881 എന്നീ വാട്ട്സാപ്പ് നമ്പറുകളിലും ലഭിക്കും.
District News
ചങ്ങനാശേരി: ജനകീയാസൂത്രണ പദ്ധതി പ്രകാരം നഗരസഭ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ക്ക് വിവിധ പദ്ധതികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
1. എച്ച്ഡിപിഇ പോട്ടില്‍ പച്ചക്കറി കൃഷി വികസന പദ്ധതിക്കായി ഒരു വാര്‍ഡില്‍ നിന്നും 17 യൂണിറ്റിനു വരെ അപേക്ഷ സമര്‍പ്പിക്കാം. ഒരു യൂണിറ്റ് അഞ്ച് പോട്ടും പോട്ടിംഗ് മിക്ചറും പച്ചക്കറി തൈകളും അടങ്ങിയതാണ്. ഒരു അപേക്ഷകന് അഞ്ചു യൂണിറ്റിന് വരെ അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. ഒരു യുണിറ്റിന്റെ ഗുണഭോക്തൃ വിഹിതം 250 രൂപയാണ്.
2. മണ്‍ചട്ടിയില്‍ കുറ്റികുരുമുളക് തൈ വിതരണം. ഒരു വാര്‍ഡില്‍നിന്നും 12 യൂണിറ്റിന് വരെ അപേക്ഷ വയ്ക്കാവുന്നതാണ്. ഒരു യൂണിറ്റിന് അഞ്ചു മണ്‍ചട്ടിയും പോട്ടിംഗ് മിക്ചറും അഞ്ചു കുറ്റിക്കുരുമുളക് തൈയും അടങ്ങിയതാണ്. ഒരു അപേക്ഷകന് അഞ്ച് യൂണിറ്റിന് വരെ അര്‍ഹത ഉണ്ടായിരിക്കും. ഒരു യൂണിറ്റിന്റെ ഗുണഭോക്തൃവിഹിതം 313രൂപയാണ്.
3. നടീല്‍ വസ്തുക്കളുടെ വിത്ത് വിതരണം. ഒരു വാര്‍ഡില്‍ ഗുണഭോക്തൃ ലിസ്റ്റിലെ ആദ്യത്തെ ആറ് കര്‍ഷകര്‍ക്ക് അപേക്ഷ വയ്ക്കാവുന്നതാണ്. ഗുണഭോക്തൃ വിഹിതം അടക്കേണ്ടതില്ല.
4. തെങ്ങിന് തൈ, തെങ്ങിനു ജൈവവള വിതരണം. തൈ ഒന്നിന് 25 രൂപ ഗുണഭോക്തൃ വിഹിതം അടയ്ക്കണം. തെങ്ങിനു ജൈവവളത്തിന് ഒരു തെങ്ങിന് 75 ഗുണഭോക്തൃ വിഹിതം അടയ്ക്കണം.
അപേക്ഷയോടൊപ്പം വസ്തുവിന്റെ കരം അടച്ച രസീതിന്റെ പകര്‍പ്പ് നല്‍കേണ്ടതാണ്. ഗുണഭോക്തൃ ലിസ്റ്റ് കൃഷി ഭവനില്‍ ലഭ്യമാണ്. താത്പര്യമുള്ള ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ 15നു മുന്‍പ് അപേക്ഷ നല്‍കേണ്ടതാണ്.
District News
ചങ്ങനാശേരി: നിയോജകമണ്ഡലത്തിലെ പുഞ്ചകൃഷി ഒരുക്കം സംബന്ധിച്ച വിലയിരുത്തല്‍ യോഗത്തില്‍ ആശങ്കയുമായി പാടശേഖരസമിതി ഭാരവാഹികള്‍. പാടശേഖരങ്ങളുടെ ബണ്ടുകളുടെ ബലക്ഷയം, തകര്‍ന്ന ബണ്ടുകള്‍, പൊളിഞ്ഞ കല്‍ക്കെട്ടുകള്‍, പോളയും ചെളിയും തിങ്ങിയ തോടുകള്‍, പെരുമ്പുഴക്കടവിലെ ഓരുമുട്ട്, നക്രാല്‍ റോഡിലെ കലുങ്ക് തുടങ്ങിയവ സംബന്ധിച്ചാണ് കര്‍ഷകര്‍ ആശങ്കകള്‍ നിരത്തിയത്. വിത്തും വളവും കൊയ്തെടുത്ത നെല്ലുമായി സഞ്ചരിക്കാന്‍ സൗകര്യപ്രദമായ ഫാം റോഡുകളുടെ അപര്യാപ്തതയും യോഗത്തില്‍ ചര്‍ച്ചയായി.
നെല്‍കര്‍ഷക സമ്മേളനം മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് സംഘടിപ്പിച്ചത്. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗുണമേന്മയുള്ള നെല്‍വിത്തിന്റെ ലഭ്യത, പാടശേഖരങ്ങളിലെ നിലവിലെ സാഹചര്യം ഇവയെല്ലാം പരിശോധിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ക്കും കൃഷി ഓഫീസര്‍മാര്‍ക്കും ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍ദേശം നല്കി. പോള തിങ്ങി ഒഴുക്കു തടസപ്പെട്ട തോടുകള്‍ സംബന്ധിച്ച് അപേക്ഷ നല്കിയാല് പരിഹരിക്കുമെന്നും എംഎല്‍എ പറഞ്ഞു.
കോട്ടയം കൃഷി അസിസ്റ്റന്റ് എഡിഎ കവിത, മാടപ്പള്ളി എഡിഎ ഗൗരി, വിവിധ പഞ്ചായത്തുകളിലെയും മുന്‍സിപ്പാലിറ്റിയിലെയും കൃഷി ഓഫീസര്‍മാര്‍, വിവിധ പാടശേഖരങ്ങളുടെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പെരുമ്പുഴക്കടവ് പാലം,നക്രാല്‍ കലുങ്ക് ഭാഗങ്ങളിലെ മുട്ടുകള്‍ കൃഷിക്ക് പ്രതിസന്ധി
പെരുമ്പുഴക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡുകള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് പാലത്തിനു സമീപം തോട്ടില്‍ മുട്ടിട്ടാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. തോട്ടില്‍ മുട്ടിട്ടതിനെത്തുടര്ന്ന് ഒഴുക്ക് തടസപ്പെട്ടിട്ട് 15 വര്‍ഷം പിന്നിട്ടു.
മുട്ടിന്റെ ഇരുവശങ്ങളും തമ്മില്‍ രണ്ടടിയുടെ കയറ്റിയിറക്കമുണ്ട്. മുട്ടിനു താഴത്തെ കുഴലുകളില്‍ പോളയും ചെളിയും തിങ്ങി ഒഴുക്കു തടസപ്പെട്ടിരിക്കുകയാണ്. പൂവം പ്രദേശത്തെ തോടുകളിൽ മുഴുവന്‍ പോള തിങ്ങിയതിനാല്‍ മഴ പെയ്യുമ്പോള്‍ ജലനിരപ്പുയര്‍ന്ന് പാടശേഖരങ്ങളിലും വീടുകളിലും വെള്ളം കയറി കൃഷിനാശം സംഭവിക്കുന്നതും ജനജീവിതം ദുരിതമാകുന്നതും പതിവാണ്.
പുതുതായി നിര്‍മിച്ച നക്രാല്‍ റോഡിലെ കലുങ്കും ഒഴുക്ക് തടസത്തിനു കാരണമാണ്.
മുട്ടുകള്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന പാടശേഖരങ്ങള്‍
പായിപ്പാട് പഞ്ചായത്ത് 15-ാം വാര്‍ഡില്‍പ്പെടുന്ന കാപ്പോണപ്പുറം-500, ഊത്തക്കാട്ട്-കരിഞ്ചെമ്പ്-175, കൊല്ലത്ത്-ചാത്തങ്കരി-100, നന്നാട്ടുപറമ്പ്-90, ഉലക്കത്താനം-100 തുടങ്ങി ആയിരത്തോളം ഏക്കര്‍ പാടശേഖരങ്ങളിലെ കൃഷി ഏറെ പ്രതിസന്ധിയിലാണ്.
പെരുമ്പുഴക്കടവ് പാലത്തിന്റെ അപ്രോച്ചുകള്‍ ജനുവരിയില്‍ പൂര്‍ത്തിയാകും
പെരുമ്പുഴക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡുകള്‍ പൂര്‍ത്തിയാക്കി ജനുവരിയില്‍ തുറന്നു കൊടുക്കുന്നതോടെ പാലത്തിനടിയിലെ ഓരുമുട്ട് പൊളിച്ചുമാറ്റാനാകും. ഇതോടെ പാടശേഖരങ്ങളിലെ പ്രതിസന്ധി പരിഹരിക്കപ്പെടും. നിര്‍മാണനടപടികള്‍ നടന്നുവരികയാണ്.
ജോബ് മൈക്കിള്‍ എംഎല്എപെരുമ്പുഴക്കടവിലെ മുട്ട് വൃത്തിയാക്കി ഒഴുക്ക്തടസം പരിഹരിക്കണം
പെരുമ്പുഴക്കടവ് പാലത്തിനു സമീപത്തെ മുട്ടിന്റെ കുഴലുകള്‍ പോളയും പുല്ലും ചെളിയും തിങ്ങിനിറഞ്ഞ നിലയിലാണ്. ഇത് വൃത്തിയാക്കി ഒഴുക്കു തടസം അടിയന്തരമായി പരിഹരിക്കണം. കൃഷിയൊരുക്കം നടത്തുന്നതിനിടെ ഒന്നരയാഴ്ചയ്ക്കുള്ളിൽ കാപ്പോളപ്പുറത്ത് മൂന്നു മടവീഴ്ച നേരിട്ടു. ഇത് പരിഹരിക്കാന്‍ രണ്ടു ലക്ഷത്തോളം രൂപ ചെലവഴിക്കേണ്ടിവന്നു.
District News
കോട്ടയം: മികച്ച ലാഭമുണ്ടാക്കാൻ കഴിയുന്ന മേഖലയാണ് കൃഷിയെന്നും യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ കർഷകരെ റീബ്രാൻഡ് ചെയ്യണമെന്നും ദീപികയും കർഷകൻ മാസികയും ചേർന്നൊരുക്കിയ ഗ്രീൻ ടോക്ക് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പലപ്പോഴും മാറ്റത്തിനും പരീക്ഷണത്തിനും തയാറാകാതെ വരുന്പോഴാണ് കൃഷി നഷ്ടത്തിലേക്കു കൂപ്പുകുത്തുന്നത്. ഏതു കൃഷിയാണ് തെരഞ്ഞെടുക്കുന്നത് എന്നതു പ്രധാനമാണ്. പരന്പരാഗത കർഷകനിൽനിന്നു കർഷക സംരംഭകൻ എന്ന നിലയിലേക്കു മാറുന്നതാണ് ലാഭത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്.
വിപണിസാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്തി, നൂതന സാങ്കേതിക വിദ്യകൾ പരമാവധി ഉപയോഗിച്ചാണ് പുതുതലമുറയുടെ കൃഷി. കൃഷി ഒരു ഉദ്യോഗമായി കണ്ട് അധ്വാനിച്ചാൽ മാത്രമേ വിജയം ലഭിക്കൂ. പാർട്ട് ടൈം കൃഷി ലാഭകരമാകണമെന്നില്ല. വൈദഗ്ധ്യമുള്ള കർഷകത്തൊഴിലാളികൾക്കു നാട്ടിൽ മികച്ച വേതനമുണ്ടെന്നു ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
ഇനി ഹൈടെക്
കൃഷിയുടെ കാലം
പരന്പരാഗത കൃഷിക്കൊപ്പം ഹൈടെക് കൃഷിയും പ്രോത്സാഹിപ്പിക്കണം. അയൽ സംസ്ഥാനങ്ങളിലെയും വിദേശ രാജ്യങ്ങളിലെയും വിജയിച്ച കൃഷി മാതൃകകൾ സംസ്ഥാനത്തു നടപ്പിലാക്കണം. ഇതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രത്യേക പദ്ധതി രൂപീകരിക്കണം. ഏതു സീസണിലും കാർഷികോത്പന്നങ്ങൾക്കു മിനിമം വില ലഭിക്കാൻ കൂടുതൽ സംഭരണകേന്ദ്രങ്ങൾ സ്ഥാപിക്കണം.
വിള ഇൻഷ്വറൻസ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കണം. കാർഷിക സർവകലാശാലകളിൽനിന്ന് അഗ്രിക്കൾച്ചർ കോഴ്സുകൾ പൂർത്തിയാക്കിയവർ കൂടുതലായി പ്രാക്ടിക്കൽ കൃഷിയിലേക്ക് ഇറങ്ങുന്നതിനുള്ള വഴി തുറക്കണം. കർഷക ഉത്പാദക സംഘങ്ങൾ (എഫ്പിഒ) കൂടുതൽ കാര്യക്ഷമാക്കണം. കർഷകരെ നോളജ് ബാങ്കുകളാക്കി പ്രതിഫലം നൽകി അവരുടെ അറിവുകൾ പങ്കുവയ്ക്കപ്പെടുന്ന അവസ്ഥയുണ്ടാകണം. വിജയഗാഥകൾ പ്രചരിക്കുന്നതിനൊപ്പംതന്നെ കാർഷിക അറിവും പ്രചരിക്കപ്പെടാൻ ഇതിലൂടെ അവസരം ലഭിക്കുമെന്നും ചർച്ച വിലയിരുത്തി.
കൃഷിയിൽ വിദ്യാഭ്യാസ- പരിശീലനം, സ്റ്റാർട്ടപ്പുകൾക്ക് മൂലധന സഹായം, ഉത്പന്നവിപണന സൗകര്യം എന്നിവ ശക്തിപ്പെടുത്തണം. കാർഷിക സാങ്കേതികവിദ്യ, വിപണിബന്ധം, നൂതന ഉത്പാദനരീതി, അഗ്രോ-എന്റർപ്രൈസുകൾ തുടങ്ങിയ മേഖലയിൽ യുവാക്കളുടെ മുന്നേറ്റം സാധ്യമാണെന്നും ചർച്ചയിൽ ചൂണ്ടിക്കാട്ടി. കൃഷിയോടുള്ള ആകർഷണം വർധിപ്പിച്ച് കാർഷിക മേഖലയിൽ പുതിയ തലമുറയുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രീൻ ടോക്ക് സംഘടിപ്പിച്ചത്.
അപു ജോണ്‍ ജോസഫ് (കർഷക സംരംഭകൻ, കേരള കോണ്‍ഗ്രസ് ഉന്നതാധികാരസമിതി അംഗം), കെ.പി. പ്രശാന്ത് (കർഷകത്തൊഴിലാളി, സംസ്ഥാന സംസ്ഥാന സർക്കാർ ശ്രമശക്തി പുരസ്കാര ജേതാവ്), മനു മാത്യു (കർഷക സംരംഭകൻ) ജെഫിൻ കെ. അഗസ്റ്റിൻ (സമ്മിശ്ര കർഷകൻ), മാത്തുക്കുട്ടി ടോം (സമ്മിശ്ര കർഷകൻ), ടോം ഫിലിപ്പ് (ഫിലിപ്സ് നാച്ചുറൽ ബീ ഫാം, കുമളി), തോമസ് പി. മാണി (ദേശീയ ചെയർമാൻ യുഎഫ്പിഎ) എന്നിവർ ഗ്രീൻ ടോക്കിൽ പങ്കെടുത്തു.
District News
മൂവാറ്റുപുഴ: സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകരെയും വഞ്ചിച്ച പിണറായി സര്‍ക്കാരിനെ വരാന്‍പോകുന്ന തെരഞ്ഞെടുപ്പില്‍ കേരള ജനത തൂത്തെറിയുമെന്ന് കര്‍ഷകകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യൂസ്.
രക്ഷവേണം കര്ഷകന് എന്ന മുദ്രാവാക്യം ഉയര്‍ത്തി കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യൂസും, ജില്ലാ പ്രസിഡന്റ് കെ.ജെ. ജോസഫും നേതൃത്വം നല്കിയ വാഹനപ്രചാരണജാഥയ്ക്ക് മൂവാറ്റുപുഴ നല്കിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ജില്ലാപ്രസിഡന്റ് കെ.ജെ.ജോസഫ് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി കെ.എം. സലിം ഉദ്ഘാടനം ചെയ്തു.
Leader Page
1960ലെ ഭൂപതിവ് നിയമത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ വന്ന മിക്കവാറും ചട്ടങ്ങളിൽ പറഞ്ഞിരിക്കുന്നത് ഭൂമി പതിച്ചുകൊടുക്കുന്നത് കൃഷിക്കും വീട് വയ്ക്കാനുമായിട്ടാണ് എന്നാണ്. അന്നത്തെ സാഹചര്യത്തിൽ കൃഷിയായിരുന്നു മുഖ്യ ജീവനോപാധി, അതുകൊണ്ടുതന്നെ അത്തരം ഒരു നിബന്ധനയിൽ അസാധാരണത്വമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, കർഷകർക്ക് കൃഷി ചെയ്യണമെങ്കിൽ ആ സ്ഥലത്തു ജീവിക്കുകയും സാധാരണ മനുഷ്യരുടെ സാമൂഹിക, സാംസ്കാരിക സാമ്പത്തിക ജീവിതവുമായി ബന്ധപ്പെട്ട ബാങ്കുകൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ, പോസ്റ്റ് ഓഫീസുകൾ, പോലീസ് സ്റ്റേഷൻ, മറ്റു വാണിജ്യ സ്ഥാപനങ്ങൾ എന്നിവ കൂടിയേ തീരൂ എന്നത് പ്രത്യേകം എടുത്തുപറയേണ്ടാത്ത കാര്യമാണ്. അതുകൊണ്ടുതന്നെ കൃഷിക്കും വീടുവയ്ക്കാനും എന്ന് നിബന്ധനയോടുകൂടെ പതിച്ചു നൽകപ്പെട്ട ഭൂമിയിൽ കേരളത്തിൽ എല്ലാ ജില്ലകളിലും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങൾ ഉയരുകയും പഞ്ചായത്തും റവന്യു വകുപ്പും അത്തരം കെട്ടിടങ്ങൾക്കു പ്രത്യേകം ഫീസ് വാങ്ങുകയും ചെയ്തിരുന്നു.
അത്തരം വാണിജ്യകെട്ടിടങ്ങളിൽ യാതൊരു നിയമവിരുദ്ധതയും 1960 മുതൽ 2016 വരെയുള്ള 65 വർഷക്കാലം കേരളം ഭരിച്ചിരുന്ന ഒരു സർക്കാരുകളും കണ്ടിരുന്നില്ല. എന്നാൽ, 2016ൽ കേരള ഹൈക്കോടതിയിൽ വന്ന ഒരു കേസുമായി ബന്ധപ്പെട്ട് അന്നത്തെ പിണറായി വിജയൻ സർക്കാരാണ് ആദ്യമായി അത്തരം വാണിജ്യകെട്ടിടങ്ങൾ നിയമവിരുദ്ധമാണെന്ന വിചിത്ര വാദം ഉയർത്തിയതും അതിന്റെ അടിസ്ഥാനത്തിൽ അത്തരം കെട്ടിടങ്ങൾ ചട്ടവിരുദ്ധമായി കോടതി പ്രഖ്യാപിച്ചതും. അത്തരം കെട്ടിടങ്ങൾ നിയമവിരുദ്ധമാകാതിരിക്കണമെങ്കിൽ സർക്കാർ ചട്ടം മാറ്റണമെന്നും കേരള ഹൈക്കോടതി വിധിച്ചു.
2012ൽ കേരള ഭൂപതിവ് നിയമത്തിൽ കൊണ്ടുവന്ന സെക്ഷൻ 7 ഭേദഗതി പ്രകാരം, പ്രസ്തുത നിയമത്തിന്റെ കീഴിൽ കൊണ്ടുവന്നിട്ടുള്ള ഏതു ചട്ടവും മുൻകാലപ്രാബല്യത്തോടെ ഭേദഗതി ചെയ്യാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാക്കിയിട്ടുണ്ട്. ആ നിയമം ഉപയോഗിച്ചുകൊണ്ട് അത്തരം ചട്ടങ്ങളിൽ കൃഷിക്കും വീടിനും എന്നതിനൊപ്പം ‘മറ്റ് ആവശ്യങ്ങളും’ എന്നു മാത്രം കൂട്ടിച്ചേർത്തുകൊണ്ട് ഈ പ്രശ്നം പരിഹരിക്കുകയായിരുന്നു ഒരു ജനകീയ സർക്കാർ ചെയ്യേണ്ടത്. അതിനു പകരം, 1960ലെ നിയമംതന്നെ ഭേദഗതി ചെയ്ത്, പിഴ അടച്ചു മാത്രമേ അത്തരം കെട്ടിടങ്ങൾ ക്രമപ്പെടുത്താൻ പറ്റൂ എന്ന വ്യവസ്ഥ കൊണ്ടുവരുകയാണ് പിണറായി വിജയൻ സർക്കാർ ചെയ്തത്.
ഇത് ജനങ്ങളെ പിഴിയുന്നതിനും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും തോന്നുംപോലെ കൈക്കൂലി വാങ്ങുന്നതിനുള്ള സുവർണാവസരമാക്കി മാറ്റിയിരിക്കുന്നു. ഈ നിയമ ഭേദഗതി പ്രകാരം നിലവിലുള്ള കെട്ടിടങ്ങൾ മാത്രമേ സർക്കാർ നിശ്ചയിക്കുന്ന പിഴ അടച്ചു ക്രമപ്പെടുത്താൻ പറ്റൂ. അതായത്, ഇനി മുന്നോട്ട് അത്തരം ഭൂമികളിൽ യാതൊരുവിധ വാണിജ്യ കെട്ടിടങ്ങളും പണിയാൻ സാധ്യമല്ല.
താഴെ കൊടുത്തിരിക്കുന്ന 11 ചട്ടങ്ങൾ പ്രകാരം പതിച്ചുകിട്ടിയ മുഴുവൻ ഭൂമിയിലും ഇതുവരെ പണിത മുഴുവൻ വാണിജ്യകെട്ടിടങ്ങളും സർക്കാർ നിശ്ചയിക്കുന്ന തുക നൽകി ക്രമപ്പെടുത്തണം. ഇനി മുന്നോട്ട് അത്തരം ഭൂമിയിൽ യാതൊരുവിധ വാണിജ്യകെട്ടിടങ്ങളും പണിയുക സാധ്യവുമല്ല. കേരളത്തിൽ സർക്കാർ പതിച്ചുകൊടുത്തിരിക്കുന്ന 95 ശതമാനം ഭൂമിയും താഴെ കൊടുത്തിരിക്കുന്ന 11 ചട്ടങ്ങൾ പ്രകാരമാണ് പതിച്ചുകൊടുത്തിരിക്കുന്നത് എന്നറിയുമ്പോഴാണ് ഈ വിഷയത്തിന്റെ രൂക്ഷത മനസിലാവുന്നത്.
=കണ്ടുകൃഷി ലാൻഡ് അസൈൻമെന്റ് റൂൾസ് 1958
=സ്പെഷൽ റൂൾസ് ഫോർ റബർ കൾട്ടിവേഷൻ 1960
=ഭൂദാൻ അസൈൻമെന്റ് റൂൾസ് 1962
=കേരള ലാൻഡ് അസൈൻമെന്റ് റൂൾസ് 1964
=ഹൈറേഞ്ച് കോളനൈസേഷൻ സ്കീം 1968
=വയനാട് കോളനൈസേഷൻ സ്കീം റൂൾസ് 1969
=കൃഷിയോഗ്യമായ വനഭൂമി പതിച്ചുനൽകൽ റൂൾസ് 1970
=കോ-ഓപ്പറേറ്റീവ് കോളനൈസേഷൻ സ്കീം 1971
=കേരള ലാൻഡ് അസൈൻമെന്റ് (ഫോറസ്റ്റ് ലാൻഡ്) സ്പെഷൽ റൂൾസ് 1993
=മുനിസിപ്പൽ/ കോർപറേഷൻ മേഖലകളിൽ സ്ഥലം പതിച്ചുനൽകുന്നത്തിനുള്ള ചട്ടങ്ങൾ 1995
=സർക്കാർ ഭൂമി ഷെഡ്യുൾഡ് ട്രൈബൽസിനു നൽകാനുള്ള സ്പെഷൽ റൂൾ 2001
ഓരോ തരം കെട്ടിടങ്ങൾക്കും താഴെപ്പറയുന്ന പട്ടിക പ്രകാരം ആ വസ്തുവിന്റെ സർക്കാർ നിശ്ചയിച്ച ന്യായവിലയുടെ നിശ്ചിത ശതമാനമാണ് പിഴയായി അടയ്ക്കേണ്ടത്.
ഇത്തരം ചട്ടപ്രകാരം പതിച്ചുനൽകിയിട്ടുള്ള ഭൂമിയിൽ പുതിയ നിർമിതികൾ നടത്തുന്നതിന് അനുമതി ഇല്ല. വാണിജ്യ കെട്ടിടനിർമാണ നിരോധനം തുടരും. ഭാവിയിൽ ജീവനോപാധിക്കു വേണ്ടിയുള്ള കെട്ടിടങ്ങളാണെന്ന് സർക്കാരിന് ബോധ്യപ്പെടുന്ന പക്ഷം കെട്ടിടം നിർമിക്കാൻ അനുവദിക്കും.
ഇതിൽ ഏറ്റവും കൂടുതൽ അഴിമതിക്ക് സാധ്യതയുള്ള ഭാഗം വിദ്യഭ്യാസം, മതപരം, സാംസ്കാരികം, വിനോദം, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി രജിസ്റ്റർ ചെയ്ത സൊസൈറ്റി, രാഷ്ട്രീയ പാർട്ടികൾ, സർക്കാർ അംഗീകൃത സാമൂഹിക സംഘടന, സഹകരണ സംഘങ്ങൾ എന്നിവയുടെ കെട്ടിടങ്ങൾക്കു വെറും ഒരു ശതമാനം മാത്രമാണ് ഫീസ് എന്നതാണ്. സർക്കാർ അംഗീകൃത സാമൂഹിക സംഘടന, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി രജിസ്റ്റർ ചെയ്ത സൊസൈറ്റി എന്നിവയുടെ നിർവചനമൊക്കെ ഭരിക്കുന്ന സർക്കാരിന് തരാതരം പോലെ മാറ്റാവുന്നതായതുകൊണ്ടു സർക്കാരിന് വേണ്ടപ്പെട്ടവരുടെ കെട്ടിടങ്ങൾ ഒരു ശതമാനം മാത്രം വാങ്ങി ക്രമപ്പെടുത്തുകയും മറ്റുള്ളവരെ പിഴിയുകയും ചെയ്യുക എന്നതായിരിക്കും സംഭവിക്കുന്നത്.
താഴേത്തട്ടിൽ വൻ തോതിൽ അഴിമതിക്ക് അവസരം ഒരുക്കുന്നതോടൊപ്പംതന്നെ, കെടുകാര്യസ്ഥതകൊണ്ട് താറുമാറായിക്കിടക്കുന്ന സർക്കാർ ഖജനാവിലേക്കു തങ്ങളുടേതല്ലാത്ത കുറ്റത്തിന് നാട്ടുകാരെ പിഴിഞ്ഞ് പണം മുതൽ കൂട്ടുക എന്ന ലക്ഷ്യംകൂടി സർക്കാരിനുണ്ടെന്നു വേണം കരുതാൻ. ഉദാഹരണത്തിന്; തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം തരംമാറ്റത്തിനു കിട്ടിയ 1.5 ലക്ഷം അപേക്ഷകൾ പൂർത്തീകരിച്ചപ്പോൾ പിഴയായി സർക്കാർ വാങ്ങിയത് 15,00 കോടിയോളം രൂപയാണ്. ഇനിയും ലക്ഷക്കണക്കിന് അപേക്ഷകൾ ക്രമപ്പെടുത്താനുമുണ്ട്. അതിലും വലിയ രീതിയിലുള്ള കൊള്ളയാണ് സർക്കാർ 1960ലെ നിയമ ഭേദഗതികൊണ്ട് ഉദ്ദേശിക്കുന്നത് എന്നു വ്യക്തമാണ്.
പതിറ്റാണ്ടുകൾക്കു മുമ്പ് സർക്കാർ നൽകിയ പട്ടയത്തിന്റെ അടിസ്ഥാനത്തിൽ, പഞ്ചായത്തും റവന്യുവും അടക്കം എല്ലാ വിധ സർക്കാർ വകുപ്പുകളുടെയും അനുമതിയോടെ അവർ നിശ്ചയിച്ച ഫീസടച്ചു വാണിജ്യ കെട്ടിടങ്ങൾ പണിതത് ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസമുണ്ടായതുകൊണ്ടാണ്. ആ വിശ്വാസം കേവലം സാമ്പത്തികനേട്ടത്തിനുവേണ്ടി സർക്കാർ തകർക്കുന്നത് ഗുരുതരമായ സാമൂഹിക-സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും. ഇതിലെ ഏറ്റവും ക്രൂരമായ വശം ന്യായവിലയുടെ അടിസ്ഥാനത്തിലാണ് സർക്കാർ പിഴ നിശ്ചയിക്കുന്നത് എന്നതാണ്. കട്ടപ്പന പോലെയുള്ള ടൗണിൽ ന്യായവില സെന്റിന് 20 ലക്ഷത്തിനു മുകളിലാണ്. ഇത്രയും വലിയ ന്യായവില വന്നത് കട്ടപ്പന ടൗണിൽ വാണിജ്യകെട്ടിടങ്ങൾ ഉയർന്നതുകൊണ്ടാണ്. അങ്ങനെ വാണിജ്യകെട്ടിടങ്ങൾ വന്നതുകൊണ്ടു മാത്രം ഉയർന്ന ന്യായവിലപ്രകാരം പിഴ വാങ്ങി പോക്കറ്റിൽ ഇട്ടിട്ട്, വാണിജ്യകെട്ടിടങ്ങൾ എല്ലാം നിയമവിരുദ്ധമാണെന്നും ഇനി അത്തരം കെട്ടിടങ്ങൾ പണിയാൻ സാധ്യമല്ലെന്നും പറയുന്നത് എന്തു തരം നീതിയാണ്? കൃഷി മാത്രമേ പറ്റുകയുള്ളൂ എങ്കിൽ എങ്ങനെയാണ് ഇത്രയും ഉയർന്ന ന്യായവില അത്തരം ഭൂമികൾക്കു വന്നത്?
നിലവിൽ 11 ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയ ഭൂമികൾ ക്രമവത്കരിക്കണം എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, ഈ ഓരോ ചട്ടവും പ്രകാരം എത്ര ഏക്കർ ഭൂമി, ഏതൊക്കെ ജില്ലകളിൽ കൊടുത്തിട്ടുണ്ട് എന്നും ഇപ്പോൾ അവയുടെ അവകാശികൾ ആരൊക്കെ എന്നും എത്ര വാണിജ്യകെട്ടിടങ്ങൾ അത്തരം ഭൂമികളിൽ നിലവിലുണ്ട് എന്നും സർക്കാരിന്റെ കൈയിൽ കണക്കില്ല. 1961ൽ നിലവിൽ വന്ന റബർ കൾട്ടിവേഷൻ റൂൾ പ്രകാരം ധാരാളം സ്ഥലം കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, റാന്നി, കോന്നി, തൊടുപുഴ, മൂവാറ്റുപുഴ മേഖലകളിൽ നൽകിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി അടക്കമുള്ള ടൗണുകൾ പോലും നല്ലൊരു ശതമാനം റബർ കൾട്ടിവേഷൻ പട്ടയഭൂമിയിലാണുള്ളത്. അത്തരം കെട്ടിടങ്ങൾ മുഴുവൻ നിയമവിരുദ്ധമാവുകയും ക്രമപ്പെടുത്തേണ്ടിവരുകയും ചെയ്യും. അതുപോലെതന്നെ വയനാട് കോളനൈസേഷൻ സ്കീം പ്രകാരം പതിച്ചുനൽകിയ ഭൂമി സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ അടക്കമുണ്ട്. അതും ക്രമവത്കരിക്കണമെന്നാണ് സർക്കാർ പറയുന്നത്. ചുരുക്കം പറഞ്ഞാൽ, ഈ വിഷയം ഇടുക്കി ജില്ലയെ മാത്രം ബാധിക്കുന്ന ഒന്നല്ല; മറിച്ച്, കേരളത്തിൽ സർക്കാർ എവിടെയൊക്കെ ഭൂമി പതിച്ചുകൊടുത്തിട്ടുണ്ടോ അവിടെയൊക്കെ ബാധിക്കുന്ന പ്രശ്നമാണ്.
അതുകൊണ്ട് ഈ വിഷയത്തിൽ എത്രയും പെട്ടന്ന് നിയമ ഭേദഗതി റദ്ദാക്കി, മുൻകാല പ്രാബല്യത്തോടെ ചട്ട ഭേദഗതി ചെയ്തുകൊണ്ട് ഇതുവരെയുള്ള എല്ലാ കെട്ടിടങ്ങളും നിയമവിധേയമാക്കണം. കൂടാതെ, ഇനി മുന്നോട്ടും കെട്ടിടങ്ങൾ പണിയാനുള്ള അവകാശം ഭൂ ഉടമകളിൽ നിലനിർത്തിക്കൊണ്ട് ഈ പ്രശ്നം പരിഹരിക്കണം.
Editorial
അകിടുവീക്കം വന്ന കാലികളെപ്പോലെയായി സർക്കാരിന്റെ ക്ഷീരവികസന പദ്ധതികൾ.
കർഷകർക്കു കറന്നെടുക്കാൻ കാര്യമായി ഒന്നുമില്ല.
“കഞ്ഞി കുടിക്കാൻ വേറെ വക കിട്ടിയാൽ ഇനിയുള്ള നാലു പശുക്കളെക്കൂടി വിറ്റു ഞാൻ വേറെ പണി നോക്കും.” ഇടുക്കി നാരകക്കാനത്തെ ബോബി ജോസിന്റെ ഈ വാക്കുകളോടെയാണ് കേരളത്തിലെ ക്ഷീരകർഷകരുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചുള്ള ‘ക്ഷീണിക്കുന്ന ക്ഷീരജീവിതം’ പരന്പര ദീപിക തുടങ്ങിയത്. ഇന്നലെ അത് അവസാനിച്ചു.
പക്ഷേ, സർക്കാർ മനസു വച്ചാലല്ലാതെ ആ കർഷകരുടെ യാതനകൾ അവസാനിക്കില്ല. ഒന്നോർത്താൽ, ചെലവിനും അധ്വാനത്തിനുമനുസരിച്ച് പ്രതിഫലം കിട്ടാത്ത ആ മനുഷ്യരുടെ കണ്ണീരല്ലേ ഓരോ പ്രഭാതത്തിലും അധികാരികളും അധികൃതരുമുൾപ്പെടെ നാമെല്ലാം ഊതിയൂതി കുടിക്കുന്നത്?
മൂന്നു വർഷത്തെ പരിപാലത്തിനു മാത്രം 80,000 രൂപ ചെലവായ പശുവിനെ, രോഗം ബാധിച്ചു പാൽ കുറഞ്ഞതോടെ 23,000 രൂപയ്ക്കു വിൽക്കേണ്ടി വന്ന ബോബിയുടെ വാക്കുകളാണ് മുകളിൽ പറഞ്ഞത്. കഞ്ഞികുടിച്ചുപോകാവുന്ന ചെറിയവരുമാനവും കാലികളോടുള്ള ഇഷ്ടവുമാണ് ഈ രംഗത്ത് ബോബിയെപ്പോലെ ആയിരങ്ങളെ പിടിച്ചുനിർത്തുന്നത്.
പക്ഷേ, അതിനൊക്കെ ഒരു പരിധിയില്ലേ? കാലികൾക്കു രോഗം ബാധിച്ചാൽ വർഷങ്ങളുടെ അധ്വാനം ഉരുൾപൊട്ടലിലെന്നപോലെ കൺമുന്നിലൂടെ ഒലിച്ചുപോകും. രോഗമൊന്നും ഇല്ലെങ്കിലും കാര്യങ്ങൾ അത്ര പന്തിയല്ല. കടകളിൽ വിവിധ ബ്രാൻഡുകളിലുള്ള പാലിന് 56 മുതൽ 67ഉം അതിനു മുകളിലും വിലയുണ്ട്.
പക്ഷേ, പ്രാഥമിക സഹകരണസംഘങ്ങളിൽ പാൽ വിൽക്കുന്ന കർഷകനു കിട്ടുന്നത് 38-40 രൂപയാണ്. തങ്ങൾക്ക് 60-65 രൂപ വരെ ചെലവുണ്ടെന്നാണു ചെറുകിട കർഷകർ പറയുന്നത്. കേരള ക്ഷീരവിപണന ഫെഡറേഷന്റെ 2019ലെ കണക്കുവച്ചുപോലും ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാൻ 48.68 രൂപ ചെലവുണ്ട്. നഷ്ടം 15.01 രൂപ. ഇതു കണക്കാക്കിയതിനുശേഷമുള്ള ആറു വർഷത്തിനിടെ പുല്ലിനും കാലിത്തീറ്റയ്ക്കുമൊക്കെ വില വർധിച്ചു.
കാലിത്തീറ്റയ്ക്കു മാത്രം 10 രൂപയോളം വർധിച്ചു. പുല്ല്, വൈക്കോൽ, കൃത്രിമബീജസങ്കലനം, മരുന്ന്, ഡോക്ടർക്കുള്ള ഫീസ്... എല്ലാത്തിനും ചെലവേറി. അതിരാവിലെ നാട്ടിൻപുറത്തെ പാൽ സംഭരണ കേന്ദ്രങ്ങളിൽ പാലുമായെത്തുന്ന കർഷകരെ നോക്കൂ. കാലിവളർത്തൽ അത്രയ്ക്കങ്ങ് ഇഷ്ടപ്പെടുന്നവരെ ഒഴിവാക്കിയാൽ ജീവിക്കാൻ മറ്റു വരുമാനമുള്ള ഒരാളും അക്കൂട്ടത്തിലുണ്ടാകില്ല.
അത്രയധികം കാലികളില്ലെങ്കിൽ ക്ഷീര കർഷകർ ജോലിക്കാരെ വയ്ക്കുന്നതിനെക്കുറിച്ചു ചിന്തിക്കുക പോലുമില്ല. പുലർച്ചെ മൂന്നരയോടെ എഴുന്നേൽക്കുന്നവർക്കു പാതിരാവോളം തൊഴുത്തിൽനിന്നും പറന്പിൽനിന്നും കയറാൻ സമയമുണ്ടാകില്ല. ചാണകവും മൂത്രവുമൊക്കെ വളമായെടുക്കുകയോ വിൽക്കുകയോ ചെയ്യുന്നതിന്റെ വരുമാനമാണ് ലാഭമില്ലെങ്കിലും ഇതിൽതന്നെ തുടരാൻ പലരെയും പ്രേരിപ്പിക്കുന്നത്.
ഈ രംഗത്തേക്ക് ആവേശപൂർവമെത്തിയ യുവാക്കളുടെ പ്രതിനിധിയാണ് പത്തനംതിട്ട, കുറ്റൂരിലുള്ള അഭിജിത് എന്ന ബിരുദധാരി. 22 പശുക്കളെ വരെ വളർത്തി രാപകൾ അധ്വാനിച്ച അയാൾ ഈ തൊഴിലിൽതന്നെ തുടരാൻ ഏഴു വർഷം ശ്രമിച്ചു. ഒടുവിൽ, ഒരു രീതിയിലും മുന്നോട്ടുപോകാനാകാതെ തൊഴുത്ത് പൂട്ടിയപ്പോഴേക്കും ബാധ്യത ഒന്‍പതു ലക്ഷം! അതു തീർക്കാൻ വേറെ പണിക്കു പോകേണ്ടിവന്നു.
മൃഗസംരക്ഷണ വകുപ്പിന്റെ ഇക്കൊല്ലം പൂർത്തിയാക്കിയ ലൈവ് സ്റ്റോക്ക് കണക്കനുസരിച്ച് 2019നെ അപേക്ഷിച്ച് കാലികളുടെ എണ്ണം 32.15 ശതമാനം കുറഞ്ഞു. കാർഷികമേഖലയായ ഇടുക്കിയിൽ ഈ കുറവ് 42.05 ശതമാനമാണ്. അതിനർഥം ഈ പണി ഉപേക്ഷിക്കുന്ന കർഷകരുടെ എണ്ണവും വർധിച്ചു എന്നാണ്.
വിവിധ പദ്ധതികളും സബ്സിഡികളുമൊക്കെ നൽകുന്നുണ്ടെന്നാണ് സർക്കാർ പറയുന്നത്. പക്ഷേ, അതൊന്നും ഫലം കണ്ടിട്ടില്ലെന്നു സർക്കാരിനു മനസിലായിട്ടില്ല. കർഷകരിൽ വലിയൊരു പങ്ക് പറയുന്നത്, സബ്സിഡിയല്ല, പാലിന്റെ ഉത്പാദനച്ചെലവിന് ആനുപാതികമായുള്ള വില കിട്ടിയാൽ മതിയെന്നാണ്. ക്ഷീരവികസനവകുപ്പും മൃഗസംരക്ഷണവകുപ്പും ഇടവും വലവുംനിന്നിട്ടും കർഷകർക്ക് അധോഗതിയാണ്.
അകിടുവീക്കം വന്ന കാലികളെപ്പോലെയാണ് സർക്കാരിന്റെ ക്ഷീരവികസന പദ്ധതികൾ. കർഷകർക്കു കറന്നെടുക്കാൻ കാര്യമായി ഒന്നുമില്ല. നഷ്ടത്തിലായ മറ്റെല്ലാ കൃഷിക്കുമൊപ്പം തൊഴുത്തിൽ തളയ്ക്കപ്പെട്ട കുറച്ച് ഇരുകാലികൾകൂടിയേ ബാക്കിയുള്ളൂ. അവരുടെ നന്മ കേരളം കണികണ്ടുണരുന്പോൾ, സർക്കാരിന്റെ ഇടപെടലുണ്ടാകുമെന്നു സ്വപ്നം കണ്ട് ഉറങ്ങാതിരിക്കുകയാണ് ആ ക്ഷീരകർഷകർ. എല്ലാം ശരിയാകുമായിരിക്കാം.
Leader Page
ക്ഷീണിക്കുന്ന ക്ഷീര ജീവിതം
“നാട്ടുകാർ നല്ല പാൽ കുടിക്കേണ്ടെന്ന് അധികാരികൾ തീരുമാനിച്ചാൽ പിന്നെ, സ്ഥാപനം അടച്ചുപൂട്ടുകയല്ലാതെ ഞങ്ങൾക്കു മുന്നിൽ വേറെ വഴിയില്ല. പ്രളയകാലം മുതൽ കഴിഞ്ഞ ദിവസംവരെ അറുപതു കുടുംബങ്ങൾക്കു ശുദ്ധമായ പാൽ ലഭ്യമാക്കിവന്ന സ്ഥാപനം ഇനിയില്ല! ഞങ്ങൾ ഇതു നിർത്തുകയാണ്!”
എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിനടുത്ത് കരിങ്ങാംതുരുത്തിൽ പ്രവർത്തിച്ചിരുന്ന ആലങ്ങാട് കൊങ്ങോർപ്പിള്ളി റസിഡന്റ്സ് അസോസിയേഷൻ (കെകെആർഎ) ക്ഷീര സൊസൈറ്റിയുടെ പ്രസിഡന്റ് പോളി പുതുശേരി, ലീഗൽ മെട്രോളജി ഓഫീസറുടെ കാര്യാലയത്തിനു മുന്നിൽ നിന്ന് ഇതു പറയുന്പോൾ ആ വാക്കുകളിൽ നിരാശയും രോഷവും.
റസിഡന്റ്സ് അസോസിയേഷനിൽ ഉൾപ്പെട്ട കർഷകർ ഉത്പാദിപ്പിക്കുന്ന പാൽ ശേഖരിച്ച്, അര ലിറ്റർ പാക്കറ്റുകളിലാക്കിയാണു കെകെആർഎ ക്ഷീരസൊസൈറ്റിയിൽ വിതരണം ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം ലീഗൽ മെട്രോളജി അധികൃതരെത്തി സൊസൈറ്റി അടച്ചുപൂട്ടി. പാക്കറ്റിൽ എംആർപിയും പാക്കിംഗ് തീയതിയും രേഖപ്പെടുത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു നടപടി.
പ്രളയത്തിൽ പശുക്കളെ നഷ്ടമായ കർഷകർ ഒരുമിച്ചുകൂടി ഫാം തുടങ്ങിയെങ്കിലും മുന്നോട്ടു കൊണ്ടുപോകാനായില്ല. ഫാമിലെ പശുക്കളെ അസോസിയേഷനിലെ അംഗങ്ങൾ വാങ്ങി, സൊസൈറ്റി വഴി പാൽ വിതരണം ചെയ്തു.
പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപയോളം ഇതുവരെ ചെലവഴിച്ചെന്നു പോളി. ഒരു രൂപ പോലും ലാഭമില്ല. കിട്ടുന്നതു പാൽ അളക്കുന്ന കർഷകർക്കു മടക്കി നൽകും. പാൽ വിതരണ കേന്ദ്രത്തിന്റെ പ്രവർത്തനത്തിലൂടെ മൂന്നു ജീവനക്കാർക്കു വരുമാനവും കിട്ടിയിരുന്നു.
ഇപ്പോൾ നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അധികാരികൾ ഇതു നിർത്തിച്ചത്. അഞ്ചു വർഷത്തിലധികം പ്രവർത്തിച്ചപ്പോഴൊന്നും ഇത്തരമൊരു നിലപാട് അധികാരികളുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇപ്പോൾ ക്ഷീരകർഷകരോടും സൊസൈറ്റിയോടും അവരിങ്ങനെ ചെയ്യുന്നതെന്താണ്? ഇങ്ങനെയൊക്കെയാണു സമീപനമെങ്കിൽ എങ്ങനെ ക്ഷീരകർഷകരും അവരെ പിന്തുണയ്ക്കുന്നവരും പിടിച്ചുനിൽക്കും- പോളിയുടെ ചോദ്യം.
പ്രശ്നങ്ങൾ പലവഴി
പാലിനു സർക്കാർ സംവിധാനങ്ങളിൽനിന്നു ന്യായമായ വില കിട്ടാത്ത സാഹചര്യത്തിലാണ് വിവിധ കർഷക കൂട്ടായ്മകളുടെ നേതൃത്വത്തിൽ പ്രാദേശികമായ സംഭരണ, വിപണന സംവിധാനങ്ങൾ ആരംഭിച്ചത്. പലയിടത്തും ഇത് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ന്യായമായ വില കർഷകനും ഗുണമേന്മയുള്ള പാൽ ഉപഭോക്താക്കൾക്കും ഇത്തരം കൂട്ടായ്മകളിലൂടെ ലഭ്യമായി. എന്നാൽ, ചിലയിടങ്ങളിൽ നിയമത്തിന്റെ നൂലിഴകൾ പരിശോധിക്കാനെത്തുന്ന ഉദ്യോഗസ്ഥർ കർഷകവിരുദ്ധ നിലപാടാണു സ്വീകരിക്കുന്നതെന്നാണു പരാതി.
വ്യാധികൾ, ആധികൾ
കന്നുകാലികളുടെ ആരോഗ്യസുരക്ഷയ്ക്ക് ഇന്ന് സംവിധാനങ്ങളേറെയുണ്ടെങ്കിലും രോഗങ്ങൾക്കു കുറവില്ല. അന്യസംസ്ഥാനങ്ങളിൽനിന്നെത്തിക്കുന്ന കന്നുകാലികൾക്ക് വ്യത്യസ്തമായ കാലാവസ്ഥയെ അതിജീവിക്കാൻ സാധിക്കാതെവരുന്നത് പലവിധ രോഗങ്ങളിലേക്കും ഉത്പാദനക്കുറവിലേക്കും വഴിതെളിക്കും. കാലാവസ്ഥാ വ്യതിയാനങ്ങൾ പാലുത്പാദനത്തിൽ കുറവു വരുത്തുന്നുവെന്നു പഠനങ്ങൾ തെളിയിക്കുന്നു.
കാർഷിക മന്ത്രാലയത്തിന്റെ 2023-24ലെ കണക്കുകൾ പ്രകാരം ചർമമുഴ രോഗംകൊണ്ടു മാത്രം രാജ്യത്തെ പാലുത്പാദനത്തിൽ 12 ശതമാനത്തിന്റെ കുറവുണ്ടായെന്നു വ്യക്തമായിട്ടുണ്ട്. അകിടുവീക്കം മൂലം പ്രതിവർഷം രാജ്യത്തുണ്ടാകുന്ന നഷ്ടം 14,000 കോടി രൂപയിലധികമാണ്. കുളമ്പുരോഗം, കുരലടപ്പൻ എന്നീ സാംക്രമിക രോഗങ്ങൾ പശുക്കളിൽ പാലുത്പാദനം ഗണ്യമായി കുറയ്ക്കും. ക്ഷീരസന്നി, വന്ധ്യത, ത്വക് രോഗങ്ങൾ, പോഷകക്കുറവ് മുതലായവയും പാലുത്പാദനത്തിന്റെ അളവിനെ പ്രതികൂലമായി ബാധിക്കുന്നു. പാലിനു വില കൂട്ടുകയാണ് ക്ഷീരകർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തരമായി ചെയ്യേണ്ട കാര്യം. ഉടൻ വില കൂട്ടുമെന്നു പറഞ്ഞിട്ടെന്തായി? അതേക്കുറിച്ചു നാളെ.
തീറ്റയ്ക്കു തീവില
നഗരവത്കരണത്തിന്റെ സ്വഭാവങ്ങൾ ഗ്രാമീണ മേഖലകളിലേക്കുകൂടി വ്യാപകമായതു ക്ഷീരമേഖലയെയും ബാധിച്ചിട്ടുണ്ട്. കന്നുകാലികളെ അഴിച്ചുകെട്ടാനും തീറ്റ നൽകാനും പാടങ്ങളും പറന്പുകളും ഇല്ലാതായ സ്ഥിതി കർഷകരുടെ സങ്കടമാണ്.
പുല്ല് കിട്ടാതാകുന്പോൾ, വലിയ വിലയ്ക്കു കാലിത്തീറ്റ വാങ്ങി പശുവിനു കൊടുക്കേണ്ടിവരുന്നത് കർഷകന്റെ നടുവൊടിക്കുകയാണ്. കാലിത്തീറ്റകളുടെ വില 1,600 രൂപവരെയെത്തി. കെഎസ് കാലിത്തീറ്റയ്ക്ക് 1,600 രൂപയാണ് വില.
കേരള ഫീഡ്സ്-1,600, മിൽമ ഗോമതി-1,550. ഒരുകിലോ പരുത്തിപ്പിണ്ണാക്ക് കിട്ടാൻ 40-47 രൂപ നൽകണം. ഗോതമ്പുപൊടിക്ക് 30-35, വയ്ക്കോലിന് 30-35 (ഒരു തിരി) രൂപയും വേണം. കറവക്കാരുണ്ടെങ്കിൽ അവർക്കുകൂടി പണം നൽകുന്നതോടെ കർഷകന്റെ പോക്കറ്റ് കാലിയാവുന്ന സ്ഥിതി.
(തുടരും)
Leader Page
ക്ഷീണിക്കുന്ന ക്ഷീര ജീവിതം-3
2024-25 സാമ്പത്തികവര്‍ഷത്തില്‍ ക്ഷീരവികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിയുടെ (എംഎസ്ഡിപി) ഫയലുകള്‍ പരതിയാല്‍ അശ്വതി എന്നൊരു യുവ ക്ഷീരകര്‍ഷകയുടെ കണ്ണീര്‍പ്പാടുകള്‍ കാണാം. എംഎസ്ഡിപിയില്‍ ഉള്‍പ്പെട്ട സ്മാര്‍ട്ട് ഡയറി യൂണിറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷകരില്‍ അടൂര്‍ കടമ്പനാട് സ്വദേശിനി അശ്വതിയും ഉണ്ടായിരുന്നു.
പത്തു പശുക്കളും അവയുടെ പരിപാലനത്തിനുള്ള അനുബന്ധ സാമഗ്രികളും ലഭിക്കുന്ന യൂണിറ്റിനായിരുന്നു അപേക്ഷ. ക്ഷീരശ്രീ പോര്‍ട്ടലില്‍ നല്കിയ അപേക്ഷയും ജില്ലാ ക്ഷീരവികസന ഓഫീസറും പറക്കോട് ബ്ലോക്ക് ഓഫീസറും മറ്റ് ഉദ്യോഗസ്ഥരും പദ്ധതി നടപ്പാക്കുന്ന സ്ഥലത്തെത്തി നടത്തിയ പരിശോധനകളുടെ റിപ്പോര്‍ട്ടുകളും പരിഗണിച്ച് സബ്സിഡി അനുദിക്കാമെന്ന് അറിയിച്ചു. 11.60 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവു വരുന്നത്. ഇതില്‍ 4.60 ലക്ഷം എംഎസ്ഡിപി പദ്ധതി വഴി രണ്ടു മാസത്തിനുള്ളില്‍ സബ്സിഡിയായി ലഭിക്കുമെന്നായിരുന്നു അറിയിപ്പ്.
സബ്സിഡി തുക പദ്ധതിക്കായി വായ്പയെടുക്കുന്ന ബാങ്കിലേക്കാണ് സര്‍ക്കാര്‍ നല്‍കുക. വായ്പയെടുത്തും പലരില്‍നിന്നായി കടം വാങ്ങിയും കിട്ടിയ തുക ഉപയോഗിച്ച് അശ്വതി പത്തു പശുക്കളെയും കറവയന്ത്രം, പുല്ല് കട്ടര്‍, റബര്‍മാറ്റ് തുടങ്ങിയവയും വാങ്ങി. ഒപ്പം, ബയോഗ്യാസ് പ്ലാന്റും സ്ഥാപിച്ചു.
ഇതിനെല്ലാം ശേഷമാണ് സബ്സിഡി തുക ലഭിക്കില്ലെന്ന അറിയിപ്പു കിട്ടിയത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പദ്ധതിക്കായി വകയിരുത്തിയ പ്ലാന്‍ ഫണ്ട് ആ വര്‍ഷം വെട്ടിക്കുറച്ചതോടെ അശ്വതിക്കു ലഭിക്കേണ്ട സഹായം നിഷേധിക്കപ്പെട്ടു. ക്ഷീരവികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞതനുസരിച്ച് സ്മാര്‍ട്ട് ഡയറി ഫാം യൂണിറ്റ് ആരംഭിക്കുകയും വായ്പയെടുക്കുകയും ചെയ്തതാണ് അശ്വതി. കാര്യങ്ങള്‍ താളം തെറ്റിയപ്പോള്‍ വായ്പയുടെ തിരിച്ചടവും താറുമാറായി.
അതേസമയം, എംഎസ്ഡിപി പദ്ധതിയില്‍ അപേക്ഷിച്ചവര്‍ക്കുള്ള ബാങ്ക് ഇന്ററസ്റ്റ് സബ്വെന്‍ഷന്‍ സ്കീമില്‍ (ബിഐഎസ്എസ്) ഉള്‍പ്പെടുത്തി ബാങ്ക് വായ്പയുടെ പലിശ ധനസഹായമായി ലഭിക്കാന്‍ അശ്വതിക്ക് അവസരമൊരുക്കിയിട്ടുണ്ടെന്നാണ് ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
പദ്ധതികളേറെ, പക്ഷേ...
സംസ്ഥാനത്തു പാലുത്പാദനരംഗത്ത് സ്വയംപര്യാപ്തത നേടാനും ഉത്പാദനം വര്‍ധിപ്പിക്കാനും ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനും നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. ഇത് കര്‍ഷകര്‍ക്ക് എത്രമാത്രം ഗുണകരമാകുന്നുണ്ടെന്ന സംശയമാണ് ക്ഷീരമേഖലയിലുള്ളവര് ഉന്നയിക്കുന്നത്.
ഉത്പാദനച്ചെലവ് കൂടുന്നതും അതനുസരിച്ചു വരുമാനം ലഭിക്കാത്തതുമാണ് ക്ഷീരകര്‍ഷകര്‍ നേരിടുന്ന അടിസ്ഥാന പ്രശ്നം. കാലിത്തീറ്റ സബ്സിഡി, തീറ്റപ്പുല്‍കൃഷി വ്യാപനത്തിനുള്ള പദ്ധതികള്‍, ക്ഷീരകര്‍ഷക ക്ഷേമനിധി, ക്ഷീരസാന്ത്വനം, മില്‍ക്ക് ഷെഡ് വികസനം, പുല്‍കൃഷി വികസനം, ഡയറി ഫാം ഹൈജീന്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയ പദ്ധതികള്‍ ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്നുണ്ട്. 20 സെന്റിന് മുകളിലേക്കുള്ള പുല്‍കൃഷി, തരിശുഭൂമിയിലുള്ള പുല്‍കൃഷി, ചോളംകൃഷി, എന്നീ പദ്ധതികളും പുല്‍കൃഷിക്കു വേണ്ടിയിട്ടുള്ള യന്ത്രവത്കരണ ധനസഹായം, ജലസേചന ധനസഹായം എന്നിവയും ഉള്‍പ്പെടുന്നതാണ് പുല്‍കൃഷി വികസന പദ്ധതി.
ഡയറി ഫാമുകളുടെ ആധുനികവത്കരണവും യന്ത്രവത്കരണവും, കയര്‍ മത്സ്യബന്ധന മേഖലകള്‍ക്കായുള്ള പ്രത്യേക പുനരധിവാസ പദ്ധതി, 20 പശു യൂണിറ്റ്, 10 പശു യൂണിറ്റ്, അഞ്ചു പശു യൂണിറ്റ്, രണ്ടു പശു യൂണിറ്റ്, ഒരു പശു യൂണിറ്റ് എന്നീ പശു യൂണിറ്റ് പദ്ധതികള്‍, യുവജനങ്ങള്‍ക്കായി പത്തു പശു അടങ്ങുന്ന സ്മാര്‍ട്ട് ഡയറി ഫാം പദ്ധതി, മില്‍ക്കിംഗ് മെഷീന് വാങ്ങുന്നതിനു ധനസഹായം, തൊഴുത്ത് നിര്‍മാണ ധനസഹായം എന്നിവ ഉള്‍പ്പെടുന്ന മില്‍ക്ക് ഷെഡ് വികസന പദ്ധതികളും വകുപ്പിനു കീഴിലുണ്ട്.
സബ്സിഡി വേണ്ട, പാലിനു വില തരൂ
“ക്ഷീരകര്‍ഷകര്‍ക്കു സബ്സിഡി എന്ന പേരില്‍ പ്രഖ്യാപിക്കുന്നതു പലതും ഫലപ്രദമായി ലഭിക്കുന്നൊന്നുമില്ല. സബ്സിഡിയും പദ്ധതികളുമല്ല, കര്ഷകന് അവരുത്പാദിപ്പിക്കുന്ന പാലിനു ന്യായമായ വിലയാണു ലഭിക്കേണ്ടത്.” ഗള്‍ഫിലെ ജോലി മതിയാക്കി നാട്ടിലെത്തി 17 വര്‍ഷമായി കാലികളെ വളര്‍ത്തുന്ന കോട്ടയം കുറവിലങ്ങാട് വട്ടമുകളേല്‍ ബിജുമോന് തോമസിന്റേതാണു വാക്കുകള്‍. എംഎസ്ഡിപി ഉള്‍പ്പെടെ പല പദ്ധതികളുടെയും നേട്ടം പൂര്‍ണമായി കര്‍ഷകരിലേക്കെത്തുന്നില്ല.
കര്‍ഷകരെ ഈ മേഖലയില്‍ പിടിച്ചു നിര്‍ത്തണമെന്നും അവരുടെ ക്ഷേമം ഉറപ്പാക്കണമെന്നും ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥരുണ്ട്. അതില്ലാത്തവരും ഉദ്യോഗസ്ഥരുടെ കൂട്ടത്തിലുണ്ട്. പശുവിനെ വാങ്ങാതെ അവയ്ക്കുള്ള സബ്സിഡി തരപ്പെടുത്തിക്കൊടുക്കുന്ന സംഭവങ്ങള്‍ പോലും അറിയാം.
യഥാര്‍ഥത്തില്‍ പശുവിനെ വളര്‍ത്തുന്ന കര്ഷകന് അതിനുള്ള ചെലവിന് ആനുപാതികമായ വരുമാനം ലഭിക്കുകയാണ് പ്രധാനം. അറുപതു രൂപയോളം ഉല്പാദന ചെലവുണ്ടാകുമ്പോള്‍ 42 രൂപ കിട്ടിയാല്‍ എങ്ങനെ മുന്നോട്ടു പോകാനാകും.-ബിജുമോന് തോമസ് ചോദിക്കുന്നു.
120 കറവപ്പശുക്കളും 60 കിടാരികളുമായി 180 പശുക്കള്‍ ബിജുമോന്റെ ഫാമിലുണ്ട്. പ്രതിദിനം 1500 ലിറ്റര്‍ പാല് ലഭിക്കും. കോട്ടയം ജില്ലയില്‍ ഏറ്റവുമധികം പാല് അളക്കുന്ന കര്‍ഷകനുള്ള പുരസ്കാരമുള്‍പ്പടെ ക്ഷീരമേഖലയിലെ പ്രവര്‍ത്തന മികവിനു പലവട്ടം അംഗീകാരങ്ങള്‍ ബിജുമോനെ തേടിയെത്തിയിട്ടുണ്ട്.
ബിജുമോനെപ്പോലെ വലിയ തോതില്‍ പശുവളര്‍ത്തുന്ന നിരവധി പേര് സംസ്ഥാനത്തുണ്ട്. വലിയ ലാഭമുള്ള സംരംഭം എന്നതിനേക്കാള്‍ ഈ മേഖലയോടുള്ള ആഭിമുഖ്യമാണ് അവരെ മുന്നോട്ടു നയിക്കുന്നത്. അവര്‍ മുതല്‍ ഒന്നോ രണ്ടോ പശുവിനെ വളര്‍ത്തി ജീവിതം നിര്മിക്കുന്നവരെ വരെയും നിരാശപ്പെടുത്താതെ നിലനിര്‍ത്താന്‍ സര്‍ക്കാരിനും കാര്ഷികകേരളത്തിനും കരുതല്‍ വേണം. അതേക്കുറിച്ചു നാളെ.
സേവനം, രണ്ടു വകുപ്പില്‍
സംസ്ഥാനത്തു ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ ക്ഷീരവികസന വകുപ്പിനു പുറമേ മൃഗസംരക്ഷണ വകുപ്പും പ്രവര്‍ത്തിക്കുന്നുണ്ട്. പശുക്കളില്‍ കൃത്രിമ ബീജധാനം, കന്നുകാലികളുടെ ആരോഗ്യസംരക്ഷണം, ചികിത്സ തുടങ്ങിയ കാര്യങ്ങളിലാണ് മൃഗസംരക്ഷണ വകുപ്പ് പ്രധാനമായും ശ്രദ്ധിക്കുന്നത്.
പശുക്കളുടെ ചികിത്സയ്ക്കും കൃത്രിമ ബീജാധാന സൗകര്യങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി എല്ലാ പഞ്ചായത്തുകളിലും വെറ്ററിനറി ഡിസ്പെന്‍സറികളും ഹോസ്പിറ്റലുകളും പ്രവര്‍ത്തിക്കുന്നുണ്ട്. രാത്രികാലത്തെ അടിയന്തര വെറ്ററിനറി സേവനങ്ങള്‍ക്കായി ബ്ലോക്ക് തലങ്ങളില്‍ സൗജന്യ എമര്‍ജന്‍സി വെറ്ററിനറി സേവനവും മൃഗസംരക്ഷണ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്.
ക്ഷീരകര്‍ഷകര്‍ക്കായി ഇരുവകുപ്പുകളും വിവിധ പദ്ധതികള്‍ പ്രത്യേകം നടപ്പാക്കുന്നു. ക്ഷീരസാന്ത്വനം, ഗോസമൃദ്ധി തുടങ്ങിയ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ അവയില്‍ ചിലതാണ്. ചുരുങ്ങിയ പ്രീമിയത്തില്‍ ക്ഷീരകര്‍ഷകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സും നല്‍കുന്നുണ്ട്.
ക്ഷീരവികസന ഓഫീസര്‍, വെറ്ററിനറി ഡോക്ടര്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍, ഡെയറി ഫാം ഇന്‍സ്ട്രക്ടര്‍, ഡയറി പ്രൊമോട്ടര്‍, കാറ്റില്‍ കെയര്‍ വര്‍ക്കര്‍മാര്‍... ഇങ്ങനെ നീളുന്നു ക്ഷീരകര്‍ഷകര്‍ക്കു സേവനം ലഭ്യമാക്കാന്‍ ഓരോ പ്രദേശങ്ങളിലമുള്ള ഉദ്യോഗസ്ഥ നിര.
ഫോണെടുക്കുന്നില്ല സര്..!
തങ്ങള്‍ക്കായി പദ്ധതികളും ആനൂകൂല്യങ്ങളും പലതുണ്ടെങ്കിലും ഇവയുടെ പ്രയോജനം കൃത്യമായി ലഭിക്കുന്നില്ലെന്നു കര്‍ഷകര്‍ പരാതിപ്പെടുന്നു. മൃഗസംരക്ഷണ വകുപ്പില്‍ പല സമയത്തു വിളിച്ചാലും ഡോക്ടര്‍മാരുടെ സേവനം ലഭിക്കില്ല. ഫോണ്‍ നമ്പര്‍ തന്നിട്ടുണ്ടെങ്കിലും മിക്ക സമയത്തും ഫോണെടുക്കാന്‍ ആളില്ല. രാത്രികാലങ്ങളില്‍ മൃഗഡോക്ടറുടെ സേവനം ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
“രോഗം ബാധിച്ചതോ പ്രസവസമയമടുത്തതോ ആയ പശുക്കള്‍ക്കു ഭാഗ്യമുണ്ടെങ്കില്‍ മാത്രം രാത്രിയില്‍ ഡോക്ടറെ കിട്ടും, വരും...” തൃശൂര്‍ ജില്ലയിലെ ഒരു കര്ഷകന് പറഞ്ഞു.
(തുടരും)
Leader Page
ക്ഷീണിക്കുന്ന ക്ഷീര ജീവിതം -1
“കഞ്ഞി കുടിക്കാന്‍ വേറെ വക കിട്ടിയാല്‍ ഇനിയുള്ള നാലു പശുക്കളെക്കൂടി വിറ്റു ഞാൻ വേറെ പണി നോക്കും..!’’ഇടുക്കി നാരകക്കാനത്തെ ബോബി ജോസ് എന്ന കര്‍ഷകന്റെ ആത്മരോഷവും സങ്കടവും കലര്‍ന്ന വാക്കുകള്‍.
മക്കളിലൊന്നിനെപ്പോലെതന്നെ കരുതലോടും സ്നേഹത്തോടുംകൂടിയാണ് ബോബി ആ പശുവിനെയും വളര്‍ത്തിയത്. രാവിലെ 23 ലിറ്റര്‍ വരെ പാല് തന്ന പശുവാണ്. വൈകുന്നേരത്തേതു കൂടിയാകുമ്പോള്‍ 40 ലിറ്ററോളം പാല് കിട്ടിയിരുന്നു. കൃത്രിമ ബീജാ ധാനത്തിലെ (ആര്‍ട്ടിഫിഷല്‍ ഇന്സെമിനേഷന്) പ്രസവശേഷം കിട്ടിയത് എട്ടു ലിറ്റര്‍! അകിടുകള്‍ മൂന്നും പാല് ചുരത്താതായി. പശുവിന്റെ ആരോഗ്യവും പാലുത്പാദനശേഷിയും നന്നേ കുറഞ്ഞു.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡ് (കെഎല്‍ഡിബി) വഴി കൃത്രിമ ബീജാ ധാനം നടത്തിയ പശുവാണ്. അകിടുവീക്കം ഉള്‍പ്പെടെ പല രോഗങ്ങള്‍ പിടിമുറുക്കിയതും രോഗപ്രതിരോധശേഷി കുറഞ്ഞതും പ്രതിസന്ധിയായി. ഒടുവില്‍ കിട്ടിയത് മൂന്നു ലിറ്റര്‍ പാല്.
മൂന്നു വര്‍ഷത്തെ പരിപാലനത്തിന് 80,000 രൂപയോളം ചെലവിട്ട പശുവിനെ സങ്കടത്തോടെയെങ്കിലും ബോബി 28,000 രൂപയ്ക്കു വിറ്റു...!
“കഞ്ഞി കുടിക്കാന്‍ വേറെ വക കിട്ടിയാല്‍ ഇനിയുള്ള നാലു പശുക്കളെക്കൂടി വിറ്റു വേറെ പണി നോക്കും..!’’അന്പത്തിയേഴുകാരനായ ഈ കര്‍ഷകന്റെ പരിഭവം ഒരു വ്യക്തിയിലൊതുങ്ങുന്നതാവില്ല. ചെറുപ്പം മുതലേ കന്നുകാലികളെ വളര്‍ത്തിയത് അതില്‍നിന്ന് അതിശയിക്കുന്ന വരുമാനം കിട്ടിയിട്ടല്ല. ബോബിയുടെതന്നെ വാക്കുകളില്‍, കുടുംബത്തിനു കഞ്ഞികുടിച്ചുപോകാന്‍ പറ്റുന്ന നല്ലൊരു മാര്‍ഗം, കാലികളോടുള്ള ഇഷ്ടം... ഇതു തന്നെയാണ് അതില്‍ തുടരാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്.
പശുക്കളെ വളര്‍ത്തുന്നതിനു ഭാരിച്ച ചെലവ്, തീറ്റയ്ക്ക് അധികവില, പാലിന് ഉത്പാദന ച്ചെലവു പോലും കിട്ടാത്ത സ്ഥിതി, രോഗബാധ... പ്രതിസന്ധികള്‍ ഏറെയാണ്.
“ഈ പണി നഷ്ടത്തിന്റെ പണിയാണ്... കാലിവളര്‍ത്തലില്‍ ഇനിയിങ്ങനെ മുന്നോട്ടു പോകാന്‍ വയ്യ..!’’- ബോബി ആവലാതി മറച്ചുവയ്ക്കുന്നില്ല. ബോബി ഒരാളല്ല!
‘ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും കേളികളാടി’യതിനെക്കുറിച്ചുള്ള പഴയ സിനിമാഗാനത്തിലെ (സര്‍ഗം-യേശുദാസ്, കെ.എസ്. ചിത്ര) വരിപോലെ ഇപ്പോള്‍ അത്ര സന്തോഷകരമല്ല ഗോപരിപാലനം.
നാരകക്കാനത്തെ ബോബിയെന്ന ചെറുകിട കര്‍ഷകന്റെ കാലിത്തൊഴുത്തിലെ മാത്രമല്ല, കേരളത്തിലെ ഏതു ചെറുകിട കര്‍ഷകന്റെ ജീവിതത്തിലേക്കു യാത്ര നടത്തിയാലും സ്ഥിതി വ്യത്യസ്തമല്ല. കൃഷി പൊതുവേ നഷ്ടത്തിലാണെന്നു പറയേണ്ടിവരുന്ന പുതിയ കാലത്ത് കാലിവളര്‍ത്തലിനും പറയാന്‍ നഷ്ടക്കണക്കുകള്‍ മാത്രം. അപ്പോഴും മുന്‍തലമുറയില്‍ നിന്നു പകര്‍ന്നുകിട്ടിയ മനസിനിഷ്ടപ്പെട്ട പണിയെന്ന നിലയിലാണ് പലരും ഇതു തുടരുന്നത്.
നല്ല പാലില്‍ രാവിലെ വൃത്തിയായി ഒരു ചായ, അയല്പക്കങ്ങളിലും ചുറ്റുപാടുകളിലും മായം കലരാത്ത പാല് നല്‍കുന്നതിലെ സംതൃപ്തി. പശുവളര്‍ത്തലിനോടുള്ള പ്രിയത്തിന് കര്‍ഷകനു പറയാന്‍ ഇങ്ങനെയും ചില നാട്ടുവിശേഷങ്ങള്‍. കണികണ്ടുണരുന്ന നന്മയെന്ന പരസ്യവാചകവും കൊള്ളാം. അപ്പോഴും, ലാഭമില്ലെങ്കിലും നഷ്ടമില്ലാതെ ഈ പണി തുടരാനുള്ള സാഹചര്യം കേരളത്തിലുണ്ടോ?
ചെലവേറെ, വരവ് തുച്ഛം
സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നു 56 രൂപ നൽകി (നിലവിലെ വില) ഒരു ലിറ്റർ പാക്കറ്റ് പാല് വാങ്ങുമ്പോള്‍, അതുത്പാദിപ്പിക്കുന്ന ക്ഷീരകര്ഷകന് എത്ര രൂപ കിട്ടുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ശരാശരി 38-40 രൂപയാണ് പ്രാഥമിക സഹകരണ സംഘങ്ങളില്‍ പാല് നല്കുന്ന കര്‍ഷകനു കിട്ടുന്നത്. ഒരു ലിറ്റര്‍ പാല് ഉത്പാദിപ്പിക്കുന്നതിനു ചെലവെത്രയെന്ന്, ആ പാല് ചായയാക്കിയും ഫ്രീസ് ചെയ്തു നവപാനീയങ്ങളാക്കിയും ആസ്വദിച്ചു കുടിക്കുന്ന നാം ആലോചിച്ചിട്ടുണ്ടോ? 60-65 രൂപയാണ് ചെലവെന്ന് ചെറുകിട കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കില്‍ കര്‍ഷകനു നഷ്ടം 20 രൂപയ്ക്കു മുകളില്‍?
ഏതൊരുത്പന്നവും വിപണിയിലെത്തുമ്പോള്‍, ഉത്പാദനകേന്ദ്രത്തില്‍നിന്ന് ഉപഭോക്താവ് വരെയുള്ള തലങ്ങളിലെല്ലാം ലാഭം ഉറപ്പാക്കും. പക്ഷേ പാലിന്റെ കാര്യത്തില്‍ പശുവിനെ പരിപാലിച്ചു വളര്‍ത്തി കറന്നു വില്‍ക്കുന്ന കര്‍ഷകനു കിട്ടുന്നതും വിപണിവിലയും തമ്മില്‍ തെല്ലും പൊരുത്തമില്ല.
കര്‍ഷകര്‍ പറയുന്ന ചെലവിന്റെ കണക്കുകള്‍ തത്കാലം മാറ്റിവയ്ക്കാം. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പരിശോധിക്കാം. കേരള സംസ്ഥാന ക്ഷീരവിപണന ഫെഡറേഷന്റെ 2019 ലെ കണക്കുകള്‍ പ്രകാരം ഒരു ലിറ്റര്‍ പാല് ഉത്പാദിപ്പിക്കാനുള്ള ചെലവ് 48.68 രൂപയാണ്. ഈ കണക്കുപ്രകാരം കര്‍ഷകനു നഷ്ടം ലിറ്ററിന് 15.01 രൂപ. ആറു വര്‍ഷം മുമ്പാണ് ഫെഡറേഷന് ഇത്തരമൊരു ശാസ്ത്രീയ പഠനം തയാറാക്കിയത്. അന്ന് ഒരു കിലോ കാലിത്തീറ്റയ്ക്ക് 23.40 രൂപയാണ് വിലയെങ്കില്‍, അഞ്ചു വര്‍ഷത്തിനുശേഷം അത് 32 രൂപയാണ്. ഇതുള്‍പ്പെടെ ഇപ്പോഴത്തെ ഉത്പാദനച്ചെലവിന്റെയും നഷ്ടത്തിന്റെയും അനുപാതം സ്വാഭാവികമായി ഉയര്‍ന്നിട്ടുണ്ട്.
നഷ്ടം തന്നെ നഷ്ടം!
ക്ഷീരവിപണന ഫെഡറേഷന്റെ 2019ലെ കണക്കുകള്‍ പ്രകാരം സങ്കരയിനം പശുവിന്റെ ശരാശരി ഉത്പാദനക്ഷമത പ്രതിദിനം പത്തു ലിറ്ററാണ്. ഈയിനത്തിലുള്ള പശുവിനെ കിട്ടാന്‍ ശരാശരി വിപണി വില 60,000 രൂപ. സമീകൃത കാലിത്തീറ്റയുടെ വില കിലോഗ്രാമിന് 23.40 രൂപ. വൈക്കോലിന് കിലോയ്ക്ക് എട്ടു രൂപ. പച്ചപ്പുല്ലിനും കൊടുക്കണം മൂന്നു രൂപ.
കൃത്രിമ ബീജസങ്കലനത്തിനു പശു ഒന്നിന് 150 രൂപ നല്‍കണം. (ചിലയിടങ്ങളില്‍ അതില്‍ കൂടുതല്‍ ചെലവാണെന്നു കര്‍ഷകര്‍). വെറ്ററിനറി മരുന്നുകള്‍ക്കും ഡോക്ടര്‍മാരുടെ ഫീസിനത്തിലും ഒരു പശുവിന് പ്രതിവര്‍ഷം 3,000 രൂപയിലധികം ചെലവഴിക്കേണ്ടിവരും.
ഒരു ക്ഷീരകര്ഷകന് ഒരു ദിവസത്തെ പണിക്കൂലി 660 രൂപയാണെന്നാണ് ഫെഡറേഷന് പറയുന്നത്.
ഒരു പശുവിനായി ഒരു മണിക്കൂര്‍ മാറ്റിവയ്ക്കേണ്ടിവരുന്ന കര്ഷകന് ഈയിനത്തില്‍ പണിക്കൂലി കണക്കാക്കുന്നത് 82.50 രൂപ.
പാലൊഴുകും ഭാരതം
ഇന്ത്യയിൽ എട്ടു കോടിയോളം ക്ഷീരകർഷകരുണ്ടെന്നാണ് കേന്ദ്ര കാർഷിക മന്ത്രാലയത്തിന്റെ രേഖകൾ വ്യക്തമാക്കുന്നത്. ലോകത്താകെയുള്ള പാലുത്പാദനത്തിൽ 24.64 ശതമാനമാണ് ഇന്ത്യക്കുള്ളത്.
രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ആറു ശതമാനത്തിലധികം ക്ഷീരമേഖലയുടെ സംഭാവനയാണ്. രാജ്യത്തെ ആകെ കാർഷിക വരുമാനം പരിശോധിച്ചാൽ ക്ഷീരമേഖലയുടെ പങ്ക് 13-14 ശതമാനം വരും. രാജ്യത്തെ പാലിന്റെ പ്രതിശീർഷ ഉപഭോഗം പ്രതിദിനം 459 ഗ്രാമാണ്. എന്നാൽ ലോക ശരാശരി 322 ഗ്രാം മാത്രമാണുള്ളതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.കണക്കുകൾ ഇങ്ങനെയൊക്കെയായിട്ടും കേരളത്തിലെ ക്ഷീരകർഷകരുടെ ബാലൻസ് ഷീറ്റിൽ ചുരത്തുന്നതത്രയും സങ്കടങ്ങളാണ്.
കൃഷിയിൽ മാത്രമല്ല, ഏതു മേഖലയിലും ഉത്പാദനച്ചെലവിനേക്കാൾ താഴെയാണ് ഉത്പന്നവിലയെങ്കിൽ, ഉത്പാദകൻ പിന്മാറുകയോ പുതുവഴി തേടുകയോ ചെയ്യും. കേരളത്തിലെ ക്ഷീരകർഷക മേഖലയിലുമുണ്ട് അങ്ങനെ മടുത്തു പിന്മാറിയ ആയിരക്കണക്കിന് ക്ഷീരകർഷകർ. അതിന്റെ കണക്കുകൾ കാർഷിക കേരളത്തെ ആശങ്കപ്പെടുത്തുന്നതാണ്. അതേക്കുറിച്ചു നാളെ.
ഒരു ലിറ്റര്‍ പാല്- ചെലവുകള്‍ ഇങ്ങനെ
വര്‍ഷത്തില്‍ 305 ദിവസം കറവക്കാലവും 105 ദിവസം ഡ്രൈ പിരീഡും കണക്കാക്കി
ഉത്പാദനച്ചെലവ്
1. സമീകൃത കാലിത്തീറ്റ- 19.49 രൂപ
2. വൈക്കോല്‍- 4.30 രൂപ
3. പുല്ല്- 9.41 രൂപ
4. മൃഗചികിത്സ, ബീജസങ്കലന ചെലവുകള്‍- 1.08 രൂപ
5. പണിക്കൂലി- 2.21 രൂപ
6. പലിശച്ചെലവ്- 2.21 രൂപ
7. ഇന്‍ഷ്വറന്‍സ് പ്രീമിയം- 1.10 രൂപ
ആകെ ചെലവ് (ഒരു ലിറ്റര്‍ പാലിന്)- 48.68 രൂപ.
(തുടരും)
Leader Page
അശാസ്ത്രീയമായ വികസനവും നിർമാണപ്രവൃത്തികളുമാണ് വന്യജീവി ആക്രമണത്തിനു പ്രധാന കാരണമെന്ന് സംസ്ഥാന സർക്കാർ. സർക്കാർ പുറത്തിറക്കിയ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവും നിവാരണവും എന്ന നയസമീപന രേഖയുടെ കരടിലാണ് ഇക്കാര്യം പറയുന്നത്.
വന്യജീവികൾ കാടിറങ്ങുന്നതിന് വിചിത്രമായ കാരണങ്ങളാണ് വനംവകുപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്ന രേഖയിലുള്ളത്. വന്യജീവികളുടെ ആവാസവ്യവസ്ഥയിലേക്കു കന്നുകാലികൾ കടന്നുകയറി തീറ്റയ്ക്കുവേണ്ടി മത്സരം നടത്തുന്നത്, വനത്തിലൂടെയുള്ള റോഡുകൾ, വനാതിർത്തിയോട് ചേർന്നുള്ള ഭൂമിയിലെ കൃഷിരീതികൾ, വനഭൂമിയോട് ചേർന്നുകിടക്കുന്ന എസ്റ്റേറ്റുകളിലെ അടിക്കാടു വെട്ടാത്തത് എന്നിവ വന്യജീവി ആക്രമണത്തിനു കാരണമാണത്രേ.
വനാതിർത്തിയോടു ചേർന്നുള്ള കൃഷിഭൂമിയിൽ പോഷകസന്പുഷ്ടവും സ്വാദിഷ്ഠവും ജലസമൃദ്ധവുമായ വിളകൾ കൃഷിചെയ്തു മനുഷ്യർ നാട്ടിലേക്കു വന്യജീവികളെ ആകർഷിക്കുകയാണ്. മനുഷ്യരുടെ അധ്വാനത്തിൽ ആകൃഷ്ടരായി എത്തുന്ന വന്യജീവികൾ അവരെ ആക്രമിച്ചാൽ തെറ്റുപറയാൻ സാധിക്കില്ല. അതിനാൽ, മനുഷ്യർ വനാതിർത്തിയോടു ചേർന്നുള്ള കൃഷിഭൂമിയിൽ ആകർഷകവും ഫലസന്പുഷ്ടവുമായ കൃഷിരീതികൾ തുടരരുതെന്നും നിർദേശമുണ്ട്. ഉൾക്കാട്ടിൽ നിയന്ത്രിത കാട്ടുതീ പടരാത്തതിനാൽ പുല്ലുകൾ മുളയ്ക്കുന്നില്ല. അതിനാൽ നിയന്ത്രിത കാട്ടുതീ പടരുന്ന പുറംകാടുകളിലേക്കു വന്യജീവികൾ ഭക്ഷണം തേടിയെത്തുന്നു. ഇതിനു പരിഹാരമായി ഉൾക്കാട്ടിൽ നിയന്ത്രിത കാട്ടുതീക്കും ശിപാർശയുണ്ട്.
വന്യജീവികളുടെ എണ്ണം വർധിച്ചിട്ടില്ല
കേരളത്തിൽ മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്കു കാരണമാകുന്ന പ്രധാന വന്യജീവികൾ ആന, കാട്ടുപന്നി, കുരങ്ങ്, കടുവ, പുള്ളിപ്പുലി എന്നിവയാണ്. മ്ലാവ്, കാട്ടുപോത്ത്, പുള്ളിമാൻ എന്നിവ കൃഷിനാശം വരുത്തുന്നുണ്ട്. ജീവന് ഏറ്റവും ഭീഷണിയാകുന്നത് വിഷപ്പാന്പുകളാണ്. 2011 മുതൽ 2025 വരെ വന്യജീവി ആക്രമണത്തിൽ 1,508 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ കാട്ടാന-285, കാട്ടുപന്നി-70, കാട്ടുപോത്ത്-11, കടുവ-11, മറ്റുമൃഗങ്ങൾ-17 എന്നിങ്ങനെയാണ്. മറ്റു സംസ്ഥാനങ്ങൾ പാന്പുകടിയേറ്റ മരണം വന്യജീവി ആക്രമണമായി കണക്കാക്കുന്നില്ല. പ്രതിവർഷം സംസ്ഥാനത്തു രണ്ടായിരം പേർക്കു പാന്പുകടിയേൽക്കുന്നുണ്ട്. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പല പദ്ധതികൾ മൂലം മരണസംഖ്യ കുറയ്ക്കാൻ സാധിച്ചതായും രേഖയിൽ ചൂണ്ടിക്കാട്ടുന്നു.
വന്യജീവികളുടെ എണ്ണം വർധിച്ചെന്നത് സംശയവും തെറ്റായ ധാരണയുമാണ്. ശാസ്ത്രീയ പഠനത്തിലും നിരീക്ഷണത്തിലും കണക്കെടുപ്പിലും വന്യജീവികളുടെ എണ്ണം വർധിച്ചിട്ടില്ല. ചില പ്രദേശങ്ങളിൽ ചിലയിനം ജീവികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതാണ് സംഘർഷത്തിനു കാരണം. മാത്രമല്ല, ആധുനികകാലത്ത് വാർത്താവിനിമയമാർഗങ്ങൾ സജീവമായത് വന്യജീവി ആക്രമണം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാനും കാരണമായതായി സർക്കാർ കണ്ടെത്തൽ നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഭൂപ്രകൃതി അനുസരിച്ച് 12 ഭൂപ്രദേശങ്ങളായി വന്യജീവി ആക്രമണ ലഘൂകരണത്തിനുള്ള കർമപദ്ധതികൾ തയാറാക്കിവരുന്നതായും കരട് രേഖയിലുണ്ട്.
സമിതികൾ രൂപീകരിക്കും
മനുഷ്യ-വന്യജീവി സംഘർഷം നിയന്ത്രിക്കുന്നതിനും ലഘൂകരിക്കുന്നതിനും മന്ത്രിതല നിയന്ത്രണസമിതി, ഉദ്യോഗസ്ഥതല നിയന്ത്രണ സമിതി, ജില്ലാതല സമിതികൾ, പ്രാദേശിക സമിതി എന്നിവ രൂപീകരിക്കും. 75 നിയമസഭാ മണ്ഡലത്തിലെ 273 തദ്ദേശസ്ഥാപനങ്ങളിലാണ് വന്യജീവി ആക്രമണം രൂക്ഷമായുള്ളത്. തീവ്ര സംഘർഷബാധിതം, സംഘർഷബാധിതം എന്നിങ്ങനെ രണ്ടായി തദ്ദേശസ്ഥാപനങ്ങളെ തരംതിരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ദ്രുതപ്രതികരണം സാധ്യമാക്കുമെന്നും വന്യജീവി ആക്രമണത്തെ ലഘൂകരിക്കുന്നതിനുള്ള നാട്ടറിവും ആദിവാസ ഗോത്രവിഭാഗങ്ങളുടെ തനത് രീതിയും സ്വീകരിക്കുമെന്നും നയരേഖയിൽ പറയുന്നു. കൂടാതെ, സർക്കാർ നിലവിൽ സ്വീകരിച്ചുവരുന്ന രീതികൾ തുടരുകയും ചെയ്യും.
1972ലെ നിയമത്തിലെ ആറ് ഷെഡ്യൂളുകൾ ആദ്യ നാലിലും വന്യജീവി വിഭാഗങ്ങളായിരുന്നു. ഇതിനെ 2022ലെ നിയമത്തിൽ രണ്ട് ഷെഡ്യൂളുകളിൽ ആക്കി. 1972 നിയമത്തിലെ അഞ്ചാം ഷെഡ്യൂളിലെ വർമിൻ (ക്ഷുദ്ര ജീവി) വിഭാഗത്തെയും (വേട്ടയാടാൻ അനുവാദം) രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി. അതിനാൽ, പുതിയ നിയമപ്രകാരം ഒന്നാം ഷെഡ്യൂളിലെ മൃഗങ്ങളെ പിടികൂടണമെങ്കിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് ആവശ്യമാണ്. രണ്ടാം ഷെഡ്യൂളിലെ വന്യജീവികൾ മനുഷ്യന്റെ ജീവനോ സ്വത്തിനോ ഭീഷണിയാകുന്ന സാഹചര്യത്തിൽ പിടിക്കുന്നതിനോ ഇല്ലായ്മ ചെയ്യുന്നതിനോ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉത്തരവിടാം.
വകുപ്പിലെ 4(ബി), 4(ബി,ബി) പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ സബോഡിനേറ്റ് ഓഫീസർമാരായി വൈൽഡ് ലൈഫ് വാർഡനെയും ഓണററി വൈൽഡ് ലൈഫ് വാർഡനെയും നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 5(2) വകുപ്പ് പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമായ അധികാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിക്കും ഡെലിഗേറ്റ് ചെയ്തു നൽകിയിട്ടുണ്ട്. 2026 മേയ് 27 വരെ ഈ ഉത്തരവിന് പ്രാബല്യമുണ്ട്. എന്നിരുന്നാലും അപടകാരികളായ ജീവികളെ വേട്ടയാടാൻ കർഷകർക്ക് അനുമതി നൽകണമെന്നാണ് പൊതുജനാഭിപ്രായം. ഇതിനു കേന്ദ്രത്തിന്റെ അനുമതി ആവശ്യമായതിനാൽ തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് ഉത്തരവു മാതൃകയിൽ സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കണെന്നും ആവശ്യമുണ്ട്.
സോളാർഫെൻസിംഗ്, ഗോത്രഭേരി, പാന്പുപിടിത്തത്തിനുള്ള മിഷൻ സർപ്പ, പ്രൈമറി റെസ്പോണ്‍സ് ടീം, മിഷൻ സെന്ന, പുതിയ ഫോറസ്റ്റ് സ്റ്റേഷനുകൾ എന്നിവ സ്ഥാപിക്കുമെന്നും വന്യമൃഗങ്ങൾക്കു വനത്തിനുള്ളിൽ ഭക്ഷ്യ-ജല ലഭ്യതയ്ക്കുള്ള സംവിധാനം ഒരുക്കുമെന്നും നയരേഖയിൽ പറയുന്നു. എന്നിരുന്നാലും ചിലപ്രദേശങ്ങളിൽ മാത്രം വന്യജീവികൾ പെരുകുന്നത് നിയന്ത്രിക്കുന്നതിനുള്ള മാർഗം സ്വീകരിക്കണം. കരടു നയസമീപന രേഖ സംബന്ധിച്ച് 28 വരെ പൊതുജനങ്ങൾക്ക് അഭിപ്രായവും നിർദേശവും പങ്കുവയ്ക്കാം.
കർഷകരുടെ ആവശ്യങ്ങൾ
☛ വനവിസ്തൃതിക്കും വനത്തിൽ ലഭ്യമായ തീറ്റയ്ക്കും അനുസരിച്ചു വന്യമൃഗങ്ങളുടെ എണ്ണം ശാസ്ത്രീയമായി നിയന്ത്രിക്കുക.
☛ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 11.2 പ്രകാരം സ്വന്തം സുരക്ഷയ്ക്കായി വന്യജീവികളെ കൊല്ലുന്നതോ പരിക്കേൽപ്പിക്കുന്നതോ കുറ്റകരമല്ല എന്നു വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ ആനുകൂല്യം ഉപയോഗിച്ചുകൊണ്ട്, കേരളത്തിൽ വനത്തിനു വെളിയിൽ റവന്യു ഭൂമിയിൽ ഇറങ്ങി നാശനഷ്ടം ഉണ്ടാക്കുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നവർക്കെതിരേ കേസെടുക്കില്ല എന്നു സർക്കാർ നയപരമായ തീരുമാനം എടുക്കുക.
☛ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് കുറഞ്ഞത് 25 ലക്ഷം രൂപ ആശ്വാസധനം നൽകുക. മഹാരാഷ്ട്ര സർക്കാർ നിലവിൽ 25 ലക്ഷം രൂപ നഷ്ടപരിഹരം നൽകുന്നുണ്ട്. ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ഉത്തരവിൽ വ്യക്തതയില്ല എന്നു പറഞ്ഞുകൊണ്ട് നാലു മാസമായി വനംവകുപ്പ് നഷ്ടപരിഹാരം അനുവദിക്കുന്നതു തടഞ്ഞുവച്ചിരിക്കുകയാണ്. ഇതിന് എത്രയും വേഗം വ്യക്തത വരുത്തി അപേക്ഷ നൽകി 30 ദിവസത്തിനകം നഷ്ടപരിഹാരം നല്കാൻ വ്യവസ്ഥ ചെയ്യുക.
☛ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്കും പരിക്കേൽക്കുന്നവർക്കും മോട്ടോർ ആക്സിഡന്റ് നിയമത്തിൽ നിഷ്കർഷിച്ചിരിക്കുന്നതുപോലെ ഓരോ കേസും പ്രത്യേകമായി എടുത്തുകൊണ്ട് ഓരോരുത്തരുടെയും പ്രായം, ആശ്രയിച്ചു ജീവിക്കുന്നവരുടെ എണ്ണം തുടങ്ങിയ മാനദണ്ഡങ്ങൾ വച്ചുകൊണ്ട് ന്യായമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുകയും സമയബന്ധിതമായി നൽകുകയും ചെയ്യുക.
☛ വന്യമൃഗങ്ങൾ ഉണ്ടാക്കുന്ന വിളനാശത്തിന് ഇപ്പോൾ നൽകുന്ന തുച്ഛമായ ആശ്വാസധനം മാറ്റി, കൃഷിവകുപ്പിന്റെ എസ്റ്റിമേറ്റ് പ്രകാരം, ഓരോ വിളയ്ക്കും അവയി
Leader Page
അരി മുഖ്യ ആഹാരമായി ആളുകൾ ഉപയോഗിക്കുന്ന കേരളത്തിൽ പണ്ടൊക്കെ, എന്നു പറഞ്ഞാൽ ഏതാണ്ടൊരു പത്തറുപതു വർഷം മുന്‍പ്, ഇടയ്ക്കിടെ അരിക്ക് വലിയ ക്ഷാമവും വിലക്കയറ്റവും ഉണ്ടാവുക പതിവായിരുന്നു. അങ്ങനെ വിലക്കയറ്റം ഉണ്ടായാലും ഇപ്പോൾ ഉള്ളതുപോലെ കിലോയ്ക്ക് 50-60 രൂപ വരെ ഒന്നും വില ഉയരുകയില്ല. ഏറിയാൽ കിലോയ്ക്ക് നാലോ അഞ്ചോ രൂപ വരെ എത്തും. അത്രയേ ഉള്ളൂ എങ്കിലും അന്നത്തെ നിലയിൽ അതു വളരെ ഉയർന്ന വിലതന്നെ ആയിരുന്നു. അരിക്ക് അങ്ങനെ ഉണ്ടാകുന്ന വിലവർധന, വിദ്യാർഥികൾക്കു പഠിപ്പുമുടക്കു സമരവുമായി നിരത്തിലിറങ്ങുന്നതിനും സർക്കാർ ബസുകൾ തടയുന്നതിനും അക്കാലത്ത് ഒരു കാരണമാകാറുണ്ട്. സമരം ചെയ്യുന്ന വിദ്യാർഥികൾ ‘അരിയെവിടെ, തുണിയെവിടെ? പറയൂ പറയൂ സർക്കാരേ’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് നടക്കുകയും ചെയ്തിരുന്നു.
അരിക്ക് അന്നുണ്ടാകാറുള്ള വിലവർധനയും ക്ഷാമവും ഒക്കെ ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നത് റേഷൻകടകൾ വഴിയുള്ള അരിവിതരണത്തിലൂടെ ആയിരുന്നു. വളരെ കുറഞ്ഞ വിലയേ അന്ന് റേഷനരിക്ക് ഉണ്ടായിരുന്നുള്ളൂ. വീട്ടിലുള്ളവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് അരി നൽകിയിരുന്നത്. മുതിർന്ന ഒരാൾക്കു രണ്ട് യൂണിറ്റ് അരി കിട്ടും. കുട്ടികൾക്ക് ഒരു യൂണിറ്റും.
അങ്ങനെ ലഭിച്ചിരുന്ന റേഷനരിയുടെ ഗുണമേന്മയിൽ പലപ്പോഴും വലിയ വ്യത്യാസം കാണാറുണ്ടായിരുന്നു. ചിലപ്പോൾ നല്ല അരി ലഭിക്കും. എന്നാൽ, പലപ്പോഴും ലഭിക്കാറുള്ളത് മോശം അരിയാണ്. വിതരണത്തിനുള്ള അരി റേഷൻകടകളിൽ എത്തുന്പോൾ മുതൽ അതിന്റെ ഗുണമേന്മയെക്കുറിച്ച് ജനങ്ങൾ തിരക്കിക്കൊണ്ടിരിക്കും.
സർക്കാർ നൽകുന്ന റേഷനരിയുടെ ഗുണമേന്മയെക്കുറിച്ച് പലപ്പോഴും പത്രങ്ങളിൽ ചെറുതും വലുതുമായ വാർത്തകൾ വരാറുമുണ്ടായിരുന്നു. അത്തരം വാർത്തകളിൽ ഏറെയും അരിയുടെ മേന്മയെക്കുറിച്ചായിരുന്നു വിവരിക്കുന്നത്. അങ്ങനെയുള്ള വാർത്തകൾ പത്രത്തിൽ കണ്ട് അതു വിശ്വസിച്ച് ഉടനെതന്നെ അരി വാങ്ങണം എന്നു കരുതി പെട്ടെന്ന് കടയിൽ ചെന്ന് അരി വാങ്ങിയ പലർക്കും മോശം അരി കിട്ടാറുണ്ടായിരുന്നു. എന്നാൽ, കിട്ടിയ അരി മോശമായിരുന്നു എന്ന വസ്തുത അരി വാങ്ങിയ പലരും തിരിച്ചറിയുന്നതാവട്ടെ അത് പാകംചെയ്തു കഴിക്കാനായി പാത്രത്തിൽ മുന്പിലെത്തുന്പോൾ മാത്രമാണ് എന്നും അന്ന് ചിലർ പറഞ്ഞിരുന്നു. കിട്ടിയ അരിയുടെ ഗുണത്തെക്കുറിച്ചുള്ള പത്രവാർത്തയും അതിന്റെ യഥാർഥ ഗുണവും തമ്മിലുള്ള പൊരുത്തക്കേടിനെ സൂചിപ്പിച്ചുകൊണ്ട്.
“പത്രത്തിൽ കാണുന്പോൾ നെടിയരി, പാത്രത്തിൽ വരുന്പോൾ പൊടിയരി” എന്നുള്ള ഹാസ്യവരികൾ ജനങ്ങൾ അന്ന് ആലങ്കാരികമായി പാടുകയും ചെയ്തിരുന്നു.
ഭരണകർത്താക്കൾ ജനങ്ങൾക്കുവേണ്ടി ചെയ്യേണ്ട അത്യാവശ്യ കാര്യങ്ങൾ പോലും ഫലപ്രദമായി ചെയ്യാതെ, വാർത്തകളിലൂടെയും പരസ്യങ്ങളിലൂടെയും എല്ലാ കാര്യങ്ങളും വളരെ നന്നായി നടക്കുന്നതായി വരുത്തിത്തീർത്ത് സാധാരണ ജനങ്ങളെ വഞ്ചിക്കുന്നു - ഇതായിരുന്നു അന്ന് അവർ ലളിതമായി പാടിയ ആ ഹാസ്യ ഈരടിയുടെ ധ്വനി.
പണ്ടത്തെ ആ ഹാസ്യവരികൾക്ക് ഇക്കാലത്തും ഏറെ പ്രസക്തിയുണ്ട്. അക്കാലത്ത് സർക്കാർ വിതരണം ചെയ്തിരുന്ന റേഷനരിയുടെ ഇല്ലാത്ത മേന്മകളെക്കുറിച്ചു പത്രങ്ങളിലൂടെയും പരസ്യങ്ങളിലൂടെയും ഒക്കെ വാർത്തകൾ നൽകി ജനങ്ങളെ കബളിപ്പിച്ചിരുന്നു എങ്കിൽ ഇക്കാലത്ത് സർക്കാർ നടപ്പിലാക്കി, നടപ്പിലാക്കുന്നു, നടപ്പിലാക്കും എന്നൊക്കെ പ്രചരിപ്പിക്കപ്പെടുന്ന പല വാർത്തകളുടെ പിന്നിലും ഇത്തരം കബളിപ്പിക്കൽ സ്വഭാവം കാണാം.
സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ ഇപ്പോൾ സംസ്ഥാനത്തുണ്ട്. അവ പരിഹരിക്കുന്നതിനുള്ള ബാധ്യത ഭരണകൂടങ്ങൾക്കുള്ളതാണുതാനും. എന്നാൽ, അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഫലപ്രദമായ നടപടികൾ എടുക്കാതെ അവയെല്ലാം വളരെ നന്നായി പരിഹരിച്ചിരിക്കുന്നു, പരിഹരിക്കപ്പെടുന്നു, ഉടൻ പരിഹരിക്കപ്പെടും എന്നൊക്കെ വാർത്തകളിലൂടെയും പരസ്യങ്ങളിലൂടെയും പ്രചരിപ്പിക്കുകമാത്രം ചെയ്യുന്നതിലാണു ഭരണകൂടങ്ങൾ ഇന്ന് ഏറെ ശ്രദ്ധിക്കുന്നത്. ഇത്തരം പരസ്യങ്ങളുടെ കാര്യത്തിൽ ഖേദകരമായ മറ്റൊരു വസ്തുതകൂടി എടുത്തുപറയേണ്ടിയിരിക്കുന്നു. ചെയ്യാത്ത നല്ല കാര്യങ്ങൾ ചെയ്തു എന്നു വരുത്തിത്തീർക്കാൻവേണ്ടി ഉപയോഗിക്കുന്ന പരസ്യങ്ങളുടെ ചെലവുകൂടി ജനക്ഷേമത്തിന് എന്ന പേരിൽ ജനങ്ങളിൽനിന്ന് പിരിച്ചെടുക്കുന്ന നികുതിപ്പണത്തിൽനിന്ന് എടുക്കുന്നുണ്ട് എന്നുള്ളതാണ് ആ വസ്തുത.
ചില ഉദാഹരണങ്ങൾ
ഫലപ്രദമായി പരിഹരിക്കാതെ പരിഹരിച്ചവയായി പറഞ്ഞു പരത്തുന്ന എല്ലാ പ്രശ്നങ്ങളെക്കുറിച്ചും ഇവിടെ വിശദീകരിക്കാൻ കഴിയില്ലല്ലോ! അതിനാൽ ഉദാഹരണങ്ങളായി തെരുവുനായ്, വന്യമൃഗ പ്രശ്നങ്ങൾ എന്നിവ പരിഹരിച്ചിട്ടുള്ള രീതികളെക്കുറിച്ചുമാത്രം ഇവിടെ പറയുകയാണ്.
തെരുവുനായ പ്രശ്നം പരിഹരിക്കൽ
തെരുവുനായ്ക്കളുടെ പ്രശ്നം പരിഹരിക്കാൻവേണ്ടി ഭരണകൂടങ്ങൾ നടപ്പിലാക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളെക്കുറിച്ച് വിവിധ മാധ്യമങ്ങളിലൂടെ ധാരാളം വാർത്തകളും പരസ്യങ്ങളും വരുന്നുണ്ട്. തെരുവുനായ്ക്കളെ എല്ലാം വന്ധ്യംകരണം ചെയ്യും. അവയ്ക്ക് പാർക്കാൻ ആവശ്യമായ ആനിമൽ ഷെൽട്ടറുകൾ തുടങ്ങും. മാലിന്യ നിവാരണം നടത്തും. അനിമൽ ബർത്ത് കണ്ട്രോൾ (എബിസി) പ്രോഗ്രാം ഫലപ്രദമായി നടപ്പിലാക്കും. പഞ്ചായത്ത് മോണിറ്ററിംഗ് സമിതികൾ രൂപീകരിക്കും. എല്ലാ പഞ്ചായത്തുകളിലും ആവശ്യമായ ഫണ്ട് നീക്കിവയ്ക്കും. ആക്രമണത്തിനിരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകും. വാക്സിനേഷൻ സൗകര്യമുറപ്പാകും... ഇങ്ങനെ പോകുന്നു വാഗ്ദാന പെരുമഴ. എന്നാൽ, അക്കൂട്ടത്തിൽനിന്നു ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടുള്ളവ തീർത്തും വിരളമാണ്. അതിനാൽ ഫലത്തിൽ ഇപ്പോൾ തെരുവുനായ്ക്കളെ പേടിച്ച് ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി. കുട്ടികൾക്ക് നായ്പ്പേടി മൂലം വഴിയിൽകൂടി നടന്നുപോകാനോ സ്കൂൾമുറ്റത്തോ വീട്ടുമുറ്റത്തോ കളിക്കാനോ വെറുതെ നടക്കാൻതന്നെയോ പറ്റാത്ത സ്ഥിതിയായി.
ഒരു അങ്കണവാടിക്കുട്ടിയുടെ ആഗ്രഹം പരിഗണിച്ച് സംസ്ഥാനത്തെ എല്ലാ നഴ്സറി കുട്ടികൾക്കും അവർക്ക് നൽകുന്ന ഭക്ഷണത്തിൽ ബിരിയാണി കൂടി ഉൾപ്പെടുത്തുമെന്ന് കുട്ടികൾക്ക് ഒരു മന്ത്രി വാക്ക് കൊടുത്ത സംസ്ഥാനമാണിത്. ഇവിടത്തെ നഴ്സറി കുട്ടികൾക്ക് തെരുവുനായ്ക്കളെ പേടിക്കാതെ സ്കൂളിൽ പോകാനും ക്ലാസ് മുറികളിലും സ്കൂൾ മുറ്റത്തും നായ് ഭയം ഇല്ലാതെ കളികളിലും പഠനപ്രവർത്തനങ്ങളിലും ഏർപ്പെട്ട് അവരുടെ ശാരീരിക, മാനസിക ആരോഗ്യം വികസിപ്പിച്ചെടുക്കാനും പറ്റിയ സാഹചര്യം ഉണ്ടാക്കി കൊടുക്കണമെന്ന് ഒരു കുട്ടിയല്ല ആയിരക്കണക്കിന് കുട്ടികൾ ആഗ്രഹം പ്രകടിപ്പിച്ചാൽ അവരുടെ ആഗ്രഹം സാധിച്ചുകൊടുക്കുമോ എന്ന് നിരവധി ആളുകൾ ഇപ്പോൾ ചോദിക്കുന്നുണ്ട്.
വന്യമൃഗശല്യം തടയാൻ
വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിൽ പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി സർക്കാർ നടപ്പിലാക്കുമെന്നു പരസ്യപ്പെടുത്തിയിട്ടുള്ള പ്രവർത്തനങ്ങളിൽ ചിലത് നോക്കുക:
വന്യമൃഗങ്ങളിൽനിന്ന് മനുഷ്യരെയും കൃഷിയെയും സംരക്ഷിക്കുന്നതിനും വനാതിർത്തികൾ സുരക്ഷിതമാക്കുന്നതിനും മുഖ്യമന്ത്രി പ്രത്യേക താത്പര്യമെടുത്ത് സമഗ്രപദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കും. കാട്ടാന, കുരങ്ങ്, പന്നി എന്നിവയുടെ ആക്രമണങ്ങൾ ഫലപ്രദമായി തടയുന്നതിന് ആനമതിൽ, ആനക്കിടങ്ങ്, സോളാർ വേലി, സോളാർ തൂക്കുവേലി, ഇരുന്പുവേലി തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ നടപ്പിലാക്കും. വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ കൂടുതൽ ഫോറസ്റ്റ് സ്റ്റേഷനുകൾ തുടങ്ങും. ദ്രുതകർമസേനയെ നിയമിക്കും. വനംവകുപ്പ് ജീവനക്കാർക്ക് ആവശ്യമായ സുരക്ഷാസംവിധാനങ്ങളും വാഹനങ്ങളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വർധിപ്പിക്കും. തദ്ദേശസ്ഥാപന അധ്യക്ഷന്മാർക്ക് ഓണററി വൈൽഡ് ലൈഫ് വാർഡന്മാരുടെ അധികാരം നൽകും.
വന്യമൃഗശല്യം സാധ്യതയുള്ള പ്രദേശങ്ങളിൽ ഏർളി വാണിംഗ് സിസ്റ്റം, എസ്എംഎസ് അലർട്ട് സിസ്റ്റം എന്നിവ നടപ്പിലാക്കും. വന്യമൃഗ ആക്രമണം മൂലം ജീവൻ നഷ്ടപ്പെടുന്നവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും കൃഷിനാശം ഉണ്ടാകുന്നവർക്കും അർഹമായ നഷ്ടപരിഹാരം കാലതാമസമില്ലാതെ കൊടുക്കും. നായാട്ടു നടത്താൻ അനുമതിക്കായി കേന്ദ്രസർക്കാരിനെ സമീപിക്കും. ഇവ കൂടാതെ പാന്പുകടിയേറ്റുള്ള മരണം സംസ്ഥാനത്ത് അടുത്ത അഞ്ചുവർഷംകൊണ്ട് പൂർണമായും ഇല്ലാതാക്കും. അതിനുവേണ്ടി ‘പാന്പ് വിഷബാധ ജീവഹാനിരഹിത കേരളം’ എന്ന പദ്ധതി നടപ്പിലാക്കും. ഇവയിൽ ഏറെയും നടപ്പിലാക്കി, ബാക്കിയുള്ളത് വൈകാതെ നടപ്പിലാക്കും എന്നൊക്കെയാണ് പറയപ്പെടുന്നത്.
പരിപാടികളുടെ ഫലപ്രാപ്തി
ഇവിടെ പറഞ്ഞതുപോലെയുള്ള പരിപാടികൾ ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞാൽ തെരുവുനായ, വന്യമൃഗശല്യം എന്നിവ വലിയൊരളവുവരെ പരിഹരിക്കപ്പെടും. എന്നാൽ, ഇക്കാര്യങ്ങളൊക്കെ ആർജവത്തോടെ നടപ്പിലാക്കാതെ, പത്രങ്ങളിലും വാർത്താചാനലുകളിലും നിരത്തിയതുകൊണ്ടുമാത്രം പ്രശ്നം ഒട്ടും പരിഹരിക്കപ്പെടാൻ പോകുന്നില്ല. വർധിച്ചുകൊണ്ടിരിക്കുന്ന തെരുവുനായ, വന്യമൃഗ ആക്രമണങ്ങളെക്കുറിച്ചുള്ള വാർത്തകൾ കേൾക്കുകയും കാണുകയും ചെയ്യുന്പോൾ നടപ്പിലാക്കി, നടപ്പിലാക്കും എന്നൊക്കെ പറയുന്ന പരിപാടികൾ വെറും പരസ്യവാക്യങ്ങൾ മാത്രമായി നിലനിൽക്കുന്നല്ലേ ഉള്ളൂ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
District News
വയനാട് ജില്ലയിലെ പുൽപ്പള്ളി പഞ്ചായത്തിൽ കാട്ടാന ശല്യം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാട്ടാനക്കൂട്ടം ജനവാസ മേഖലകളിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. വാഴ, കവുങ്ങ്, നെല്ല്, ഇഞ്ചി തുടങ്ങിയ വിളകൾ പൂർണ്ണമായി നശിച്ചതായി കർഷകർ പറയുന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
രാത്രികാലങ്ങളിൽ വീടിന് പുറത്തിറങ്ങാൻ പോലും ഭയമാണെന്ന് പ്രദേശവാസികൾ പറയുന്നു. വനാതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള സൗരവേലികളും കിടങ്ങുകളും പലയിടത്തും തകർന്ന നിലയിലാണ്. ഇത് കാട്ടാനകൾക്ക് എളുപ്പത്തിൽ ജനവാസ മേഖലകളിലേക്ക് കടന്നുവരാൻ അവസരമൊരുക്കുന്നു. വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു.
നഷ്ടപ്പെട്ട വിളകൾക്ക് അടിയന്തര ധനസഹായം നൽകണമെന്നും, വന്യജീവി ശല്യം തടയാൻ ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് കർഷകർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ജനപ്രതിനിധികളും വിഷയത്തിൽ ഇടപെടണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.
District News
വയനാട്ടിൽ വന്യജീവി ആക്രമണം വീണ്ടും രൂക്ഷമാകുന്നു. മുത്തങ്ങയ്ക്ക് സമീപം വനമേഖലയോട് ചേർന്നുള്ള കൃഷിയിടത്തിൽ വെച്ച് കാട്ടാനയുടെ ആക്രമണത്തിൽ ഒരു കർഷകന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്കയാണ് ഈ സംഭവം ഉയർത്തുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി വയനാടിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടാന, കടുവ തുടങ്ങിയ വന്യജീവികളുടെ ആക്രമണം പതിവാവുകയാണ്. കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും വന്യമൃഗങ്ങൾ ഇറങ്ങുന്നത് ജനങ്ങളുടെ സ്വൈര്യജീവിതം തടസ്സപ്പെടുത്തുന്നു. വനംവകുപ്പിന്റെ ഭാഗത്തുനിന്ന് മതിയായ നടപടികളുണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വന്യജീവി ശല്യം തടയാൻ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിവിധ കർഷക സംഘടനകൾ സമരത്തിനൊരുങ്ങുകയാണ്. വനത്തിനുള്ളിൽ വന്യജീവികൾക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും ഉറപ്പാക്കണമെന്നും, അതിർത്തികളിൽ ഫെൻസിംഗ് ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തണമെന്നും അവർ ആവശ്യപ്പെടുന്നു.
Agriculture
സംസ്ഥാനത്ത് കാലവർഷം സജീവമായതോടെ കാർഷിക മേഖലയിൽ പ്രതീക്ഷയേറുന്നു. മഴയുടെ ലഭ്യത നെൽകൃഷിക്കും മറ്റ് പ്രധാന വിളകൾക്കും അനുഗ്രഹമാവുമെന്നാണ് കർഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ വർഷങ്ങളിലെ വരൾച്ചയും അപ്രതീക്ഷിത മഴയും ഉണ്ടാക്കിയ നഷ്ടങ്ങളിൽ നിന്ന് കരകയറാൻ ഈ വർഷത്തെ നല്ല മഴ സഹായിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കാർഷിക സമൂഹം.
എന്നിരുന്നാലും, തീവ്ര മഴയും വെള്ളപ്പൊക്ക സാധ്യതയും കർഷകരിൽ ആശങ്കയുണർത്തുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഉണ്ടാകാവുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടാൻ മുന്നൊരുക്കങ്ങൾ ആവശ്യമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വിള ഇൻഷുറൻസ് പദ്ധതികൾ ശക്തിപ്പെടുത്തുന്നതും, ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതും കർഷകർക്ക് ഏറെ സഹായകമാകും.
കാർഷിക വകുപ്പ് മഴക്കാല കൃഷിക്കുള്ള നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. മണ്ണ് സംരക്ഷണം, നീർവാർച്ച ഉറപ്പാക്കൽ, രോഗകീട നിയന്ത്രണം എന്നിവയിൽ കർഷകർ ശ്രദ്ധിക്കണമെന്ന് കൃഷി മന്ത്രി അറിയിച്ചു. പുതിയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയും പരമ്പരാഗത അറിവുകൾ ഉപയോഗിച്ചും ഈ വർഷത്തെ കാർഷിക വിളവ് വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.