International
ജനീവ: പശ്ചിമേഷ്യൻ സംഘർഷം ഇനിയും നീണ്ടാൽ ജൂണോടെ ലോകത്ത് 45 ദശലക്ഷം പേർ കടുത്ത പട്ടിണിയിലാകുമെന്ന് യുഎന്നിനു കീഴിലുള്ള വേൾഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നൽകി.
ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധംമൂലം പ്രധാന മാനുഷിക സഹായ പാതകൾ തടസപ്പെട്ടിരിക്കുകയാണെന്നും ലോകത്ത് കൂടുതൽ പ്രതിസന്ധി നേരിടുന്ന ചില കേന്ദ്രങ്ങളിലേക്കുള്ള ജീവൻരക്ഷാ ഷിപ്പ്മെന്റുകൾ വൈകുകയുമാണെന്നും ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ കാൾ സ്കാ പറഞ്ഞു.
ഭക്ഷ്യധാന്യ, ഇന്ധന വിലക്കയറ്റവും ഷിപ്പിംഗ് ചെലവിലെ വർധനവും പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Business
ന്യൂഡൽഹി: ആയിരക്കണക്കിനു മൈലുകൾക്കപ്പുറം നടക്കുന്ന ഒരു യുദ്ധം ഇന്ത്യൻ സാന്പത്തികമേഖലയെ വരിഞ്ഞുമുറുക്കുന്നതാണ് കാണുന്നത്.
എണ്ണ വില ഉയരുന്നതും കടുത്ത പെട്രോളിയം വാതകക്ഷമവും അടുക്കള മുതൽ ഫാക്ടറികൾ വരെ ഒരുപോലെ പ്രതിസന്ധിയിലാക്കുന്നു. ഇത് രാജ്യത്തിന്റെ സാന്പത്തിക വളർച്ചയെ പ്രതിസന്ധിയിലാക്കുകയും പണപ്പെരുപ്പത്തെക്കുറിച്ചുള്ള പുതിയ ആശങ്കകൾക്കു വഴിയൊരുക്കുകയും ചെയ്തിരിക്കുകയാണ്.
പശ്ചിമേഷ്യൻ സംഘർഷത്തിലൂടെ രൂപപ്പെടുന്ന പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുന്ന സാന്പത്തികവ്യവസ്ഥകളിലൊന്നാണ് ഇന്ത്യയുടേത്. ആവശ്യത്തിന്റെ 90 ശതമാനം അസംസ്കൃത എണ്ണയും ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിന്റെ പകുതിയോളവും ഇറക്കുമതി ചെയ്യുകയാണ്.
നിലവിൽ പശ്ചിമേഷ്യയിൽ രൂപപ്പെട്ടിരിക്കുന്ന സംഘർഷത്തെത്തുടർന്ന് ഇറാൻ് ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുകയാണ്. ഇതേത്തുടർന്ന് ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ പകുതിയും എൽപിജി ഇറക്കുമതിയുടെ നാലിൽ മൂന്നു ഭാഗവും തടസപ്പെട്ടിരിക്കുകയാണ്. ഇത് എണ്ണവില ബാരലിന് 100 ഡോളറിനു മുകളിലെത്തുന്നതിന് കാരണമായി.
ഇതിന്റെ പ്രത്യാഘാതങ്ങൾ പെട്ടെന്നുതന്നെ പ്രകടമാകാൻ തുടങ്ങി. പാചകവാതകക്ഷാമം വീടുകളെയും ഭക്ഷണശാലകളെയും ചെറുകിട വ്യവസായശാലകളെയും വരിഞ്ഞുമുറുക്കി. എൽപിജിയെ ആശ്രയിച്ചു പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ പൂർണമായും അടച്ചിടാൻ നിർബന്ധിതരായി. വളരെയകലെ നടക്കുന്ന ഒരു ഭൗമരാഷ്ട്രീയ സംഘർഷം ഇപ്പോൾ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിലേക്കും ലാഭനഷ്ടക്കണക്കുകളിലേക്കും പടർന്നിരിക്കുകയാണ്.
ഇന്ത്യ അമിതമായി ഇറക്കുമതി ഇന്ധനങ്ങളെ ആശ്രയിക്കുന്നത് രാജ്യത്തിന്റെ സാന്പത്തികവളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് ഗോൾഡ്മാൻ സാക്സ്, ഓസ്ട്രേലിയ ആൻഡ് ന്യൂസിലൻഡ് ബാങ്കിംഗ് ഗ്രൂപ്പ് (എഎൻസെഡ്), ഇൻഡ്സ്ഇൻഡ് ബാങ്ക് എന്നിവർ മുന്നറിയിപ്പ് നൽകി.
ഗോൾഡ്മാൻ 2026ലെ ഇന്ത്യയുടെ വളർച്ചാ പ്രവചനം 0.5 ശതമാനം കുറച്ച് 6.5 ശതമാനമാക്കി. ഏപ്രിൽ മുതൽ ആരംഭിക്കുന്ന സാന്പത്തികവർഷത്തിന്റെ വളർച്ചാ നിരക്ക് ഏഴു ശതമാനത്തിൽനിന്ന് 6.5 %- 6.8 % ശതമാനമായി കുറയുമെന്ന് എഎൻസെഡ് വിലയിരുത്തുന്നു.
ഇൻഡസ്ഇൻഡിന്റെ സാന്പത്തികവിദഗ്ധൻ ഗൗരവ് കപുറിന്റെ അഭിപ്രായത്തിൽ 30 ബേസിസ് പോയിന്റ് കുറവാണ് കണക്കാക്കുന്നത്. വളർച്ചാ പ്രവചനം ഏകദേശം 6.5 ശതമാനത്തിലെത്തുമെന്നാണ് വിലയിരുത്തുന്നത്. ജനങ്ങളുടെ ഉപഭോഗം കുറയുന്നത് സാന്പത്തിക വളർച്ചയുടെ തിരിച്ചുവരവിനെ ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
വ്യവസായ മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വളം, അലുമിനിയം വ്യവസായങ്ങൾ മുതൽ സെമികണ്ടക്ടർ നിർമാണത്തിന് ആവശ്യമായ ഹീലിയം വരെയുള്ള മേഖലകളെ ഗ്യാസ് റേഷനിംഗ് തടസപ്പെടുത്തുന്നു. ഇത് ദീർഘകാല സാന്പത്തിക മാന്ദ്യത്തിന്റെ പ്രതീതി ഉയർത്തുന്നു.
►വ്യവസായശാലകൾ അടച്ചുപൂട്ടലിൽ
എല്ലാ ഹീറ്റിംഗ് ഫർണസുകളും എൽപിജിയാണ് ഉപയോഗിക്കുന്നത്. വാതകക്ഷാമവും വ്യാവസായിക ആവശ്യങ്ങൾക്കുപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങളുംമൂലം വ്യാവസായശാലകൾ അടച്ചുപൂട്ടിയിരിക്കുകയാണ്. ഗുജറാത്തിലെ 98 ശതമാന എൻജിനിയറിംഗ് സ്ഥാപനങ്ങളും അടച്ചു. മഹാരാഷ്ട്രയിൽ പകുതിയോളം സ്ഥാപനങ്ങൾ പ്രവർത്തനം നിർത്തി. എൽപിജിയുടെ വിലവർധന ഇതിനെ ആശ്രയിച്ച് പ്രവർത്തിക്കുന്ന റെസ്റ്ററന്റുകൾ, നിർമാണ യൂണിറ്റുകൾ എന്നിവയുൾപ്പെടെയുള്ള മേഖലകളെ ബാധിക്കും.
►കയറ്റുമതിയും നിലച്ചു
ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഏകദേശം 20,000 കോടി ഡോളറിന്റെ (200 ബില്യണ്‍ ഡോളർ) കയറ്റുമതിയെ തടസങ്ങൾ ബാധിക്കുന്നത് ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് തിരിച്ചടിയുണ്ടാകാം. ഇത് കറന്റ് അക്കൗണ്ട് കമ്മി വർധിപ്പിക്കുകയും, നിലവിൽ ഒരു ഡോളറിന് 92.5 രൂപ എന്ന റിക്കാർഡ് താഴ്ചയ്ക്കടുത്ത് നിൽക്കുന്ന ഇന്ത്യൻ രൂപയ്ക്കു മേൽ കൂടുതൽ സമ്മർദം ചെലുത്തുകയും ചെയ്യും. കൂടാതെ, ഏകദേശം ഒരു കോടി ഇന്ത്യൻ തൊഴിലാളികൾ വർഷം തോറും 5,000 കോടി ഡോളറോളം (50 ബില്യണ്‍ ഡോളർ) നാട്ടിലേക്ക് അയയ്ക്കുന്നതിനാൽ ഈ മേഖല ഏറെ നിർണായകമാണ്.
പണപ്പെരുപ്പം വീണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്. ഇന്ധനവിലയിലുണ്ടാകുന്ന കുതിച്ചുചാട്ടം, വിലക്കയറ്റം നിയന്ത്രിക്കാനായി ആർബിഐ വർഷങ്ങളായി നടത്തിവരുന്ന ശ്രമങ്ങളെ ഇല്ലാതാക്കുമെന്ന് സാന്പത്തികവിദഗ്ധർ അഭിപ്രായപ്പെടുന്നു.
►സംഘർഷത്തിനു മുന്‍പ്
പശ്ചിമേഷ്യയിലെ സംഘർഷത്തിനു മുന്‍പ് ഇന്ത്യയുടെ സാന്പത്തിക മേഖലയെക്കുറിച്ചുള്ള പ്രവചനം അസാധാരണമാംവിധം സുസ്ഥിരമാണെന്നായിരുന്നു. വരാനിരിക്കുന്ന സാന്പത്തികവർഷത്തിൽ 7.3 ശതമാനം സാന്പത്തികവളർച്ചയാണ് സർക്കാർ പ്രവചിച്ചത്. അതുപോലെ പണപ്പെരുപ്പം സെപ്റ്റംബർ വരെയെങ്കിലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലക്ഷ്യമായ നാലു ശതമാനത്തിനടുത്തു നിൽക്കുമെന്നും പ്രതീക്ഷിച്ചു.
International
ദുബായ്: ഇറാനിൽനിന്ന് രാജ്യത്തിനുനേരേ അയച്ച ആറു ബാലിസ്റ്റിക് മിസൈലുകളും 21 ഡ്രോണുകളും ഇന്നലെ വ്യോമ പ്രതിരോധ സംവിധാനം തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇറാന്റെ ആക്രമണം ആരംഭിച്ചതിനുശേഷം രാജ്യത്തിന്റെ പ്രതിരോധ സംവിധാനം മൊത്തം 304 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂസ് മിസൈലുകളും 1,627 ഡ്രോണുകളും പ്രതിരോധിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം അബുദാബിയിലെ അൽ ബാഹിയ ജില്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മിസൈൽ വീണ് പലസ്തീൻ പൗരൻ മരിച്ചു. ഇതോടെ കഴിഞ്ഞ ഫെബ്രുവരി 28ന് ആരംഭിച്ച ആക്രമണങ്ങളിൽ രാജ്യത്ത് മരിച്ചവരുടെ എണ്ണം ഏഴായി. 145 പേർക്കു പരിക്കേൽക്കുകയും ചെയ്തതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
റിയാദിലും കിഴക്കൻ പ്രവിശ്യയിലും സൗദി അറേബ്യ ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ നീക്കങ്ങളെ പ്രതിരോധ സേന വിജയകരമായി തകർത്തു. ഇന്നലെ മാത്രം ഒന്‍പത് മണിക്കൂറിനിടെ എത്തിയ 64 ഡ്രോണുകൾ സൗദി വ്യോമസേന വെടിവച്ചിട്ടതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
രാജ്യത്തെ തന്ത്രപ്രധാനമായ ഊർജനിലയങ്ങളെ ലക്ഷ്യംവച്ചായിരുന്നു ഈ ആക്രമണങ്ങളെല്ലാം. പ്രത്യേകിച്ച് ഷൈബ എണ്ണപ്പാടത്തിനുനേരേ 70ലധികം ഡ്രോണുകൾ അയച്ചെങ്കിലും അവ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പുതന്നെ റുബ് അൽ ഖാലി മണലാരണ്യത്തിന് മുകളിൽ വച്ച് സൈന്യം വെടിവച്ചിട്ടു.
കൂടാതെ റിയാദിന് കിഴക്ക് ഖർജിലുള്ള അമീർ സുൽത്താൻ എയർബേസ്, കിഴക്കൻ പ്രവിശ്യയിലെ റാസ് തന്നൂറ റിഫൈനറി, റിയാദിലെ നയതന്ത്രപ്രതിനിധികളുടെ ക്വാർട്ടേഴ്സ്, യുഎസ് എംബസി എന്നിവിടങ്ങൾ ലക്ഷ്യമിട്ടു നടന്ന വിവിധ ആക്രമണശ്രമങ്ങളും പ്രതിരോധസേനയുടെ കരുത്തിൽ പരാജയപ്പെട്ടു.
ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ നടത്തുന്ന ആക്രമണങ്ങൾ സിവിലിയൻ പ്രദേശങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നുവെന്ന് ഖത്തർ ശൂറ കൗൺസിൽ ആരോപിച്ചു.
ആക്രമണങ്ങളിൽ 65 ശതമാനവും രാജ്യത്തെ ഊർജനിലയങ്ങളെയും സിവിലിയൻ കേന്ദ്രങ്ങളെയുമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും കൗൺസിൽ വിശദീകരിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ച ശൂറ കൗൺസിൽ, ഇത് ഖത്തറിന്റെ പരമാധികാരത്തിനുനേരേയുള്ള ലംഘനവും ദേശീയ സുരക്ഷ, പ്രദേശിക സമഗ്രത, ദേശീയ താത്പര്യങ്ങൾ എന്നിവയ്ക്കെതിരായ കടന്നുകയറ്റവുമാണെന്നും വ്യക്തമാക്കി.
ഇറാന്റെ ന്യായീകരണങ്ങളെ കൗൺസിൽ പൂർണമായും തള്ളിക്കളഞ്ഞു. ഇറാനുമായി ചർച്ചകൾക്ക് മുൻകൈയെടുത്ത രാജ്യമാണ് ഖത്തർ. ഇറാനും അന്താരാഷ്ട്ര സമൂഹവും തമ്മിലുള്ള സംഭാഷണങ്ങൾ സുഗമമാക്കുന്നതിന് ശ്രമങ്ങൾ നടത്തിയിട്ടുണ്ട് എന്നിരിക്കേ നല്ല അയൽപക്ക ബന്ധത്തിന് വിരുദ്ധമായി ഇറാൻ നടത്തുന്ന ആക്രമണങ്ങൾ വഞ്ചനാപരമാണെന്നും കൗൺസിൽ വ്യക്തമാക്കി.
International
ടെഹ്റാൻ: ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിൽ അമേരിക്ക ആക്രമണം നടത്തിയതോടെ മൂന്നാം ആഴ്ചയിലേക്കു കടന്ന പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലത്തിലേക്ക് കടക്കുകയാണ്. സാമ്പത്തിക നട്ടെല്ലായ ഖാർഗ് ദ്വീപിലെ ആക്രമണത്തിനു ശക്തമായ തിരിച്ചടി നൽകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
നോർത്തേൺ പേഴ്സ്യൻ ഗൾഫിൽ ഇറാൻ തീരത്തുനിന്ന് 28 കിലോമീറ്റർ അകലെയും ഹോർമുസ് കടലിടുക്കിന് 483 കിലോമീറ്റർ വടക്കുപടിഞ്ഞാറുമായാണ് ഖാർഗ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. സാന്പത്തികമായി തന്ത്രപ്രധാന മേഖലയായതിനാൽ ‘ഇറാന്റെ എണ്ണ സാമ്രാജ്യത്തിന്റെ മിടിക്കുന്ന ഹൃദയം’ എന്നും തന്ത്രപ്രധാന പ്രതിരോധകേന്ദ്രമായതിനാൽ ‘വിലക്കപ്പെട്ട ദ്വീപ്’ എന്നും ഈ ദ്വീപ് അറിയപ്പെടുന്നത്.
എട്ടു കിലോമീറ്റർ നീളവും നാലു കിലോമീറ്റർ വീതിയുമാണ് ദ്വീപിനുള്ളത്. 8000 ആളുകളാണ് ദ്വീപില്‍ താമസം. വലിയ കപ്പലുകൾക്ക് അടുക്കാൻ കഴിയുന്നത്ര ആഴമുള്ളതാണ് കടൽത്തീരം.
എണ്ണ ടാങ്കുകൾ, പൈപ്പ് ലൈനുകൾ, സൈനിക താവളങ്ങൾ എന്നിവയാൽ നിറഞ്ഞ ഈ ദ്വീപ് അതീവസുരക്ഷാ മേഖലയാണ്. ഇറാന്റെ ആകെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ ചെറിയ ദ്വീപ് വഴിയാണ്. വലിയ എണ്ണക്കപ്പലുകൾക്ക് അടുക്കാൻ കഴിയുന്ന ആഴക്കടൽ സൗകര്യം ഇവിടെയുണ്ട്. പ്രതിദിനം 70 ലക്ഷം ബാരൽ എണ്ണവരെ കൈകാര്യം ചെയ്യാൻ ടെർമിനലുകൾക്കു ശേഷിയുണ്ട്.
വലിയ എണ്ണപ്പാടങ്ങളിൽനിന്നുള്ള ക്രൂഡ് ഓയിൽ കടലിനടിയിലെ പൈപ്പുകൾ വഴി ഇവിടെ എത്തിച്ചാണു സംസ്കരിക്കുന്നതും വിദേശത്തേക്ക് അയയ്ക്കുന്നതും. യുദ്ധം തുടങ്ങിയ ഫെബ്രുവരി 28 മുതൽ കഴിഞ്ഞ ബുധനാഴ്ച വരെ പ്രതിദിനം 11 ലക്ഷം മുതൽ 15 ലക്ഷം വരെ ബാരൽ എണ്ണ ഇറാൻ ഇവിടെനിന്നു കയറ്റുമതി ചെയ്തിട്ടുണ്ട്.
ഇറാന്റെ ആക്രമണത്തെത്തുടർന്ന് ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസപ്പെടുകയും പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള എണ്ണനീക്കം നിലയ്ക്കുകയും ചെയ്തതു വലിയ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിൽ ഇറാന് മുന്നറിയിപ്പായാണു ഖാർഗ് ദ്വീപിലെ സൈനികകേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയത്.
അടുത്ത ഘട്ടമായി എണ്ണ ഉത്പാദനകേന്ദ്രങ്ങളെ ലക്ഷ്യമിടുമെന്നാണ് മുന്നറിയിപ്പ്. ഇറാന്റെ സാമ്പത്തിക, സൈനിക ഭദ്രത തകർക്കുക, ഭീഷണിയിലൂടെ ഹോർമുസിലെ ഗതാഗത പ്രതിസന്ധിയിൽ മാറ്റമുണ്ടാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആക്രമണം.
ഇറാന്റെ മുഖ്യവരുമാനമായ എണ്ണവ്യാപാരത്തെ തകർക്കാൻ ഈ ദ്വീപിനെ ലക്ഷ്യം വയ്ക്കുന്നതിലൂടെ കഴിയും. രാജ്യത്തെ ഇതു സാമ്പത്തികമായി തളർത്തും. അയൽരാജ്യങ്ങളുടെ നിരീക്ഷണത്തിന് ഇറാൻ ഈ ദ്വീപ് ഉപയോഗിക്കുന്നുണ്ട്. ഇറാന്റെ കുപ്രസിദ്ധമായ വിപ്ലവഗാർഡുകളാണ് ദ്വീപിന് കനത്ത സുരക്ഷയൊരുക്കുന്നത്.
പോർച്ചുഗീസുകാരും ഡെച്ചുകാരും മുന്‍പ് ഈ ദ്വീപിനായി പോരാടിയിട്ടുണ്ട്. 1980കളിലെ ഇറാൻ-ഇറാക്ക് യുദ്ധകാലത്ത് ഇറാക്ക് ഈ ദ്വീപ് ബോംബിട്ടു തകർക്കാൻ ശ്രമിച്ചിരുന്നു. പിന്നീട്, ദ്വീപിലെ സംവിധാനങ്ങൾ ഇറാൻ പുനർനിർമിക്കുകയായിരുന്നു.
International
ഇസ്ലാമാബാദ്: പശ്ചിമേഷ്യ സംഘർഷം മൂലം പാക്കിസ്ഥാൻ കൂടുതൽ പ്രതിസന്ധിയിലേക്ക്. സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം അഞ്ച് മുതൽ 30 ശതമാനം വരെ വെട്ടിക്കുറയ്ക്കുന്നു. ചെലവുചുരുക്കലിന്റെ ഭാഗമായുള്ള നടപടിക്ക് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അംഗീകാരം നൽകി.
യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം മൂലമുണ്ടായ ഇന്ധന പ്രതിസന്ധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനായി വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ് പുതിയ നടപടി. സർക്കാർ സംരംഭങ്ങളിലെയും സർക്കാർ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ശമ്പളത്തിൽ അഞ്ച് മുതൽ 30 ശതമാനം കുറവ് വരുത്താനാണ് തീരുമാനമായത്.
ഇന്ധന പ്രതിസന്ധി അതിരൂക്ഷമായതോടെ രണ്ട് മാസത്തിനുള്ളിൽ 60 ശതമാനം സർക്കാർ വാഹനങ്ങളും നിരത്തിൽനിന്നു പിൻവലിക്കും.
ഔദ്യോഗിക വാഹനങ്ങൾക്കുള്ള ഇന്ധന അലവൻസ് അടുത്ത രണ്ട് മാസത്തേക്ക് 50 ശതമാനം വെട്ടിക്കുറച്ചു. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ ഉപദേഷ്ടാക്കൾ, സ്പെഷൽ അസിസ്റ്റന്റുമാർ എന്നിവരുടെ അടുത്ത രണ്ട് മാസത്തെ ശമ്പളം തടയും. എംപിമാരുടെയും എംഎൽഎമാരുടെയും ശമ്പളം 25 ശതമാനം വെട്ടിക്കുറയ്ക്കുകയും ചെയ്യും.
രാജ്യാന്തര നാണയനിധിയുടെ (ഐഎംഎഫ്) നിർദേശപ്രകാരം പെട്രോളിന് ലിറ്ററിന് 55 രൂപ ഒറ്റയടിക്ക് കൂട്ടിയതും ജനങ്ങളെ വെട്ടിലാക്കി. പെട്രോൾ, ഡീസൽ വില കൂടിയതോടെ രാജ്യത്ത് അവശ്യവസ്തുക്കളുടെ വിലയും ജീവിതച്ചിലവും കുതിച്ചുകയറുകയാണ്.
International
ദുബായ്: രണ്ടാഴ്ച പിന്നിട്ട പശ്ചിമേഷ്യൻ യുദ്ധത്തിനു യാതൊരു ശമനവുമില്ല. ഇന്നലെ ഒമാനില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. പത്ത് ഇന്ത്യക്കാരടക്കം 11 പേര്‍ക്കു പരിക്കേറ്റു.
അല്‍-അവാഹി വ്യവസായ മേഖലയിലായിരുന്നു ആക്രമണം. മസ്കറ്റിനു സമീപം സോഹര്‍ നഗരത്തിലായിരുന്നു ആക്രമണമെന്ന് വിദേശകാര്യ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി (ഗള്‍ഫ് ഡിവിഷന്) അസീം മഹാജന് അറിയിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല.
ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനനയ്ക്കു ഗുരുതരമായി പരിക്കേറ്റെന്നും വികൃതമാക്കപ്പെട്ടെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. യുദ്ധത്തിന്റെ ആരംഭത്തിൽത്തന്നെ മുജ്തബയ്ക്ക് പരിക്കേറ്റെന്നാണ് ഇസ്രയേൽ സംശയിക്കുന്നത്.
വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യാഴാഴ്ച രാത്രി ഇറേനിയൻ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അരാഗ്ചിയുമായി ടെലിഫോണിൽ ചർച്ച നടത്തി. യുദ്ധം ആരംഭിച്ചശേഷം നാലാം തവണയാണ് ഇരുവരും ചർച്ച നടത്തിയത്.
ഹോർമുസ് കടലിടുക്കിലുള്ള 27 ചരക്കുകപ്പലുകളുടെ സുരക്ഷിതയാത്ര സംബന്ധിച്ച് ചർച്ച നടന്നു. ഹോര്‍മുസ് കടലിടുക്കിന്റെ പടിഞ്ഞാറ് ഇന്ത്യന്‍ പതാക വഹിക്കുന്ന 24 കപ്പലുകളും കിഴക്കുഭാഗത്ത് മൂന്നു കപ്പലുകളുമുണ്ട്.
വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറേനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.
ടെഹ്റാനിൽ ഇന്നലെ ഇസ്രയേൽ, അമേരിക്ക വിരുദ്ധ റാലിയുമായി ആയിരക്കണക്കിനു പേർ ഒത്തുചേർന്ന സ്ഥലത്ത് വൻ സ്ഫോടനമുണ്ടായി.
യുദ്ധം ആരംഭിച്ചശേഷം ഇറാനിൽ 15,000 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് അമേരിക്ക അറിയിച്ചു. ഇറാനിലേക്കും ലബനനിലേക്കും ഇസ്രയേൽ ആക്രമണം കടുപ്പിച്ചു.
ഗൾഫ് മേഖലയിലെ മറ്റു രാജ്യങ്ങളിലേക്കും ഇറാന്റെ ആക്രമണം തുടരുകയാണ്. ഇറാൻ തൊടുത്ത 50 ഡ്രോണുകൾ തകർത്തെന്ന് സൗദി അറേബ്യ അറിയിച്ചു. യുഎഇയിലേക്ക് ഏഴു മിസൈലുകളും 27 ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം.
തുർക്കിക്കു നേർക്ക് ഇറാൻ തൊടുത്ത ബാലിസ്റ്റിക് മിസൈൽ നാറ്റോ ഡിഫൻസസ് തകർത്തു. യുദ്ധം ആരംഭിച്ച ശേഷം മൂന്നാം തവണയാണ് നാറ്റോ സഖ്യരാജ്യമായ തുർക്കിക്കു നേർക്ക് ഇറാൻ ആക്രമണം നടത്തിയത്.
ലബനനിൽ ഇസ്രേലി ആക്രമണത്തിൽ ഇതുവരെ നൂറിലേറെ കുട്ടികൾ കൊല്ലപ്പെട്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ മരണം 773 ആണ്.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷവും ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതും രാജ്യാന്തരതലത്തിൽ ആശങ്ക സൃഷ്ടിച്ചിരിക്കെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നു കേന്ദ്രസർക്കാരിന്റെ വിശദീകരണം.
ഹോർമുസ് കടലിടുക്ക് ഇന്ത്യയുടെ ഊർജ വിതരണത്തിൽ നിർണായകമാണെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. ഊർജ സ്രോതസുകൾ വൈവിധ്യവത്കരിക്കാനും രാജ്യത്തിനു കഴിഞ്ഞതായി കേന്ദ്രസർക്കാർ അവകാശപ്പെട്ടു.
ജപ്പാൻ, യുകെ, ഈജിപ്ത്, തുർക്കി, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ പെട്രോളിനും വൈദ്യുതിക്കും മറ്റും വിലക്കയറ്റം നേരിട്ട് അവർ സാന്പത്തിക പ്രതിസന്ധികൾ നേരിടുന്പോഴും ഇന്ത്യ താരതമ്യേന സുരക്ഷിതമാണ്.
പരസ്പരപൂരകമായ ഇന്നത്തെ ലോകത്തിൽ ഒരു രാജ്യത്തിനും പൂർണമായും സ്വയംപര്യാപ്തരാകാൻ കഴിയില്ല. വികസിതരാജ്യങ്ങൾ വരെ ഇന്ധനത്തിനും സാങ്കേതികവിദ്യയ്ക്കും നിർണായക ധാതുക്കൾക്കും വേണ്ടി ആഗോള വിതരണ ശൃംഖലയെയാണ് ആശ്രയിക്കുന്നത്. അതിനാൽത്തന്നെ ഈ വിതരണശൃംഖലയിലെ ചെറിയൊരു തടസംപോലും എല്ലാവരെയും ഒരുപോലെ ബാധിക്കും.
വൈദ്യുതി ഉത്പാദനം ഇരട്ടിയായി
27 രാജ്യങ്ങളിൽനിന്നു മാത്രം എണ്ണ വാങ്ങിയിരുന്ന ഇന്ത്യ ഇന്ന് 40ലധികം രാജ്യങ്ങളിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഒരു പ്രത്യേക രാജ്യത്തോ മേഖലയിലോ പ്രശ്നങ്ങളുണ്ടായാൽ ഇന്ത്യയെ ബാധിക്കാതിരിക്കാൻ ഇതു സഹായിക്കുന്നു. രാജ്യത്തെ ആകെ വൈദ്യുതി ഉത്പാദനശേഷി 11 വർഷത്തിനിടെ ഇരട്ടിയാകുകയും ഇന്ന് 520 ജിഗാവാട്ട് പിന്നിടുകയും ചെയ്തു. ഇതിൽ പകുതിയിലധികവും സൗരോർജം, കാറ്റാടി യന്ത്രങ്ങൾ, ആണവോർജം തുടങ്ങിയ ഫോസിൽ ഇതര സ്രോതസുകളിൽനിന്നാണ്.
ഇതിന്റെ ഏറ്റവും പ്രത്യക്ഷമായ ഉദാഹരണമാണ് പിഎം സൂര്യഘർ മുഫ്ത് ബിജ്ലി യോജന. ഒരു കോടി വീടുകളിൽ റൂഫ്ടോപ്പ് സോളാർ പാനലുകൾ സ്ഥാപിക്കുന്നതിലൂടെ കുടുംബങ്ങൾക്ക് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കാൻ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നു. ഇതു സർക്കാരിന് വലിയ സാന്പത്തികലാഭമുണ്ടാക്കുന്നതിനൊപ്പം വിദേശ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.
പുനരുപയോഗിക്കാവുന്ന വൈദ്യുതി ഉത്പാദനത്തോടൊപ്പം തന്നെ ഇന്ത്യ അതിന്റെ മൊബിലിറ്റി മേഖലയെയും ഇലക്ട്രിക് വാഹനങ്ങളിലൂടെ (ഇവി) പരിവർത്തനം ചെയ്യുകയാണ്. 2014ൽ വെറും 2,600 ഇലക്ട്രിക് വാഹനങ്ങൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 2025ഓടെ അത് 16.71 ലക്ഷമായി ഉയർന്നു. ഗതാഗതമേഖലയിലെ എണ്ണ ഉപയോഗം കുറയ്ക്കാൻ ഇതു വലിയ രീതിയിൽ സഹായിക്കുന്നു.
കരുതൽശേഖരം ശക്തം
ഭൗമരാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലെ വിതരണതടസങ്ങളെ പ്രതിരോധിക്കുന്നതിനായി കഴിഞ്ഞ ദശകത്തിൽ ഇന്ത്യ അതിന്റെ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് (എസ്പിആർ) ശേഷി ശക്തിപ്പെടുത്തിയിട്ടുണ്ട്.
വിശാഖപട്ടണം, മംഗലാപുരം, പാടൂർ എന്നിവിടങ്ങളിലുള്ള അടിയന്തര എണ്ണ സംഭരണി വികസിപ്പിച്ചിട്ടുണ്ട്. ഇതിനാൽത്തന്നെ ഏകദേശം 74 ദിവസത്തേക്ക് ആവശ്യമായ എണ്ണ കരുതൽ ശേഖരത്തിലുണ്ട്.
Leader Page
‘എരിതീയില്‍ എണ്ണയൊഴിക്കുക’ എന്നൊരു പഴഞ്ചൊല്ലുണ്ട്. ആഗോള എണ്ണ, വാതക വിപണിയെ ആളിക്കത്തിക്കുന്നതാണ് പശ്ചിമേഷ്യയിലെ യുദ്ധം. എലിയെ കൊല്ലാന്‍ ഇല്ലം ചുടണോ, കണ്ണുണ്ടായാല്‍ പോരാ കാണണം, കണ്ടറിയാത്തവന്‍ കൊണ്ടറിയും, കൈയൂക്കുള്ളവന് കാര്യസ്ഥന്, കത്തുന്ന പുരയില്‍നിന്നു കഴുക്കോല് ഊരുക തുടങ്ങിയ പഴഞ്ചൊല്ലുകളും മലയാളിക്കു സുപരിചിതമാണ്. അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതോടെ തുടങ്ങിയ ആഗോള പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ പഴമൊഴികള്ക്കെല്ലാം സാംഗത്യമുണ്ട്.
ഇന്ത്യയില്‍ സാധാരണക്കാരെ-വരെ ബാധിക്കുന്ന പാചകവാതക ക്ഷാമവും ലക്ഷക്കണക്കിനു മലയാളികളുടെ ജീവശ്വാസമായ ഗള്‍ഫ് രാജ്യങ്ങളിലെ ആക്രമണങ്ങളും പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങളാണ്. കണ്ണൂരിലും കോട്ടയത്തും കൊല്ലത്തും അടക്കം കേരളത്തിലെ സാധാരണക്കാരന്റെ അടുക്കളയിലേക്കും തട്ടുകടകളിലേക്കും വരെ യുദ്ധത്തിന്റെ തീ പടരുകയാണ്. യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോഴേക്കും ലോകമെങ്ങും പ്രശ്നങ്ങളും പ്രതിസന്ധികളും ആശങ്കകളും കൂടുന്നതല്ലാതെ കുറയുന്നില്ല. ഉടനൊരു പരിഹാരം ദൃശ്യവുമല്ല.
► കുരുക്കു മുറുകുന്നു
പശ്ചിമേഷ്യയിലെയും ഗള്‍ഫിലെയും സംഘര്‍ഷം മൂലം ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള്‍ പലതാണ്. പെട്രോള്‍, പാചകവാതകം തുടങ്ങിയ ഊര്‍ജ പ്രതിസന്ധി; വിലക്കയറ്റം, രൂപയുടെ മൂല്യത്തകര്‍ച്ച, ഓഹരിവിപണികളിലെ ചാഞ്ചാട്ടം തുടങ്ങിയ സാമ്പത്തിക മേഖലയിലെ തകര്‍ച്ച; വ്യാപാര, ലോജിസ്റ്റിക് തടസങ്ങള്‍; പ്രവാസി സുരക്ഷയും ഇന്ത്യയിലേക്കുള്ള പണമയയ്ക്കലും നേരിടുന്ന വെല്ലുവിളികള്‍ എന്നിവ തുടങ്ങി രാജ്യം നേരിടുന്ന തന്ത്രപരവും നയതന്ത്രപരവുമായ വെല്ലുവിളികള്‍ വരെ പലതിലും കുരുക്കു മുറുകുകയാണ്.
ഇന്ത്യയുടെ നാലു ബില്യണ്‍ ഡോളര്‍ കയറ്റുമതി അപകടത്തിലാണ്.4,00,000 ടണ്‍ ബസുമതി അരി കുടുങ്ങിക്കിടക്കുന്നു. തേയില, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവയും തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നു. ഷിപ്പിംഗ് ലൈനുകള്‍ യുദ്ധസാധ്യതാ സര്‍ചാര്‍ജുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്കയ്ക്കു ചുറ്റുമുള്ള കപ്പലുകള്‍ കേപ് ഓഫ് ഗുഡ് ഹോപ്പ് വഴി തിരിച്ചുവിടുന്നതു ഗതാഗത സമയവും ചരക്കുനിരക്കും കൂട്ടും. ഫാര്‍മസ്യൂട്ടിക്കല്‍സിനും മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കും വില കൂടും. രാസവളങ്ങളുടെ ക്ഷാമവും പ്രതിസന്ധിയാകും. ആഗോള യൂറിയയുടെ മൂന്നിലൊന്ന് ഗള്ഫിലൂടെയാണു കടന്നുപോകുന്നത്.
► പ്രവാസികള്‍ ആശങ്കയില്‍
മലയാളികള്‍ അടക്കം ഗള്‍ഫ് മേഖലയിലുള്ള 90 ലക്ഷത്തിലധികം ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷയും ഭാവിയും ആശങ്കയിലും അപകടത്തിലുമാണ്. നാല് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായും രണ്ടു ഡസനിലധികം ഇന്ത്യക്കാര്‍ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പ്രവാസികള്‍ നാട്ടിലേക്കയയ്ക്കുന്ന പണത്തിന്റെ 38 ശതമാനം ഗള്‍ഫില്‍നിന്നാണ്. യുദ്ധം നീണ്ടാല്‍ പ്രവാസികളുടെ തൊഴില്‍നഷ്ടവും ഇന്ത്യയിലേക്കുള്ള പണത്തിന്റെ വരവില്‍ കുത്തനെ ഇടിവുമുണ്ടാകും.
കേരളത്തിലുള്‍പ്പെടെ ദശലക്ഷക്കണക്കിനു കുടുംബങ്ങളുടെ ഉപജീവനത്തെ ബാധിക്കും. രൂപയുടെ മൂല്യത്തകര്‍ച്ച സര്‍വകാല റിക്കാര്‍ഡിലാണ്. ഡോളറിന് 92.33 രൂപയിലേക്കാണു തകര്‍ന്നത്. ഓഹരിവിപണികളിലും തകര്‍ച്ച തുടങ്ങി. ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പോലുള്ള പദ്ധതികളും ഇറാനിലെ ഇന്ത്യയുടെ ചബഹാര്‍ തുറമുഖത്തിലെ പ്രവര്‍ത്തനങ്ങളും നിലച്ചേക്കും.
► കാലിയാകുന്ന സിലിണ്ടറുകള്‍
പാചകവാതക ക്ഷാമം സാധാരണക്കാരുടെ ജീവിതത്തെയാകെ പ്രതിസന്ധിയിലാക്കുകയാണ്. ആശങ്ക വേണ്ടെന്നും ഭീതി പരത്തരുതെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നതു ശരി. ഇതു പറയുമ്പോള്‍ത്തന്നെ, നിയന്ത്രണങ്ങളും ലഭ്യതക്കുറവും വിലകൂട്ടലും കണ്ടില്ലെന്നു നടിക്കാന്‍ സര്‍ക്കാരിനും കഴിയില്ല. കേരളത്തില്‍ 40 ശതമാനത്തിലേറെ ഹോട്ടലുകള്‍ പൂട്ടുകയോ, ഇന്നോ നാളെയോ പൂട്ടുന്ന സ്ഥിതിയിലാവുകയോ ചെയ്തെന്ന് ഹോട്ടലുടമകള്‍ പറയുന്നു. എറണാകുളത്തും കോഴിക്കോട്ടും പ്രശ്നം രൂക്ഷമാണ്. മറ്റിടങ്ങളിലും എല്‍പിജി സിലിണ്ടറുകളുടെ ലഭ്യതയില്‍ കുറവുണ്ട്. ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ, കോല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലും വാണിജ്യ സിലിണ്ടറുകള്‍ ആവശ്യത്തിനു കിട്ടാതായി. ഒരാഴ്ചയ്ക്കകം രാജ്യത്തെ 60 ശതമാനം ഹോട്ടലുകള്‍ അടയ്ക്കേണ്ടിവരുമെന്നാണു റിപ്പോര്‍ട്ട്.
കേരളത്തിലെ ഒരു കോടിയോളം വരുന്ന ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കളും ആശങ്കയിലാണ്. പാചകവാതക സിലിണ്ടറുകളുടെ ബുക്കിംഗ് 45 ദിവസത്തില്‍ ഒരിക്കല്‍ ആക്കിയതോടെ വീട്ടമ്മമാരുടെ ഉള്ളിലാണു തീ. നേരത്തെ 25 ദിവസമായിരുന്നു പരിധി. ആശുപത്രികള്‍, വൃദ്ധസദനങ്ങള്‍, ശിശുപരിപാലന കേന്ദ്രങ്ങള്‍, അനാഥാലയങ്ങള്‍, സ്കൂളുകള്‍, ജനകീയ അടുക്കളകള്‍, കാന്റീനുകള്‍, ഫാക്ടറികള്‍, ഐടി പാര്‍ക്ക് പോലുള്ള കേന്ദ്രങ്ങള്‍ എന്നിവ മുതല്‍ ശ്മശാനങ്ങള്‍ വരെ പാചക, പ്രകൃതി വാതകം കിട്ടിയില്ലെങ്കില്‍ പ്രതിസന്ധിയിലാകും.
► കരിഞ്ചന്ത, പൂഴ്ത്തിവയ്പ്
പാചകവാതക വിതരണം ഇന്ത്യയിലാകെ സ്തംഭനത്തിലേക്കു നീങ്ങുകയാണ്. കരിഞ്ചന്തയും പൂഴ്ത്തിവയ്പും വ്യാപകമാകും. വന്‍നഗരങ്ങളില്‍ വാണിജ്യ സിലിണ്ടറുകള്‍ 2,000 മുതല്‍ 3,000 രൂപ വരെ വിലയ്ക്കു നിയമവിരുദ്ധമായി വില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കാറുകള്‍, ഓട്ടോറിക്ഷകള്‍ തുടങ്ങിയവയുടെ സിലിണ്ടറിനും ക്ഷാമമുണ്ട്. എല്‍പിജി, പിഎന്‍ജി, ഡീസല്‍ തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിനു ചെറുകിട വ്യവസായ യൂണിറ്റുകളും പ്രതിസന്ധിയിലേക്കു നീങ്ങി. പൂനയില്‍ മാത്രം അരലക്ഷത്തോളം ചെറുകിട വ്യവസായങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്നു മഹാരാഷ്ട്രയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പുതിയ പ്രതിസന്ധിയെ നേരിടാന്‍ രാജ്യത്തെ ആഭ്യന്തര എല്‍പിജി ഉത്പാദനം 28 ശതമാനം കൂട്ടിയെന്നും ആശങ്ക വേണ്ടെന്നുമാണ് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി പാര്‍ലമെന്റില്‍ ഉറപ്പു നല്‍കിയത്. ദരിദ്ര, പിന്നാക്ക വിഭാഗങ്ങളുടെ 33 കോടി വീടുകളിലെ അടുക്കളയില്‍ പാചകവാതക ക്ഷാമം നേരിടേണ്ടി വരില്ലെന്നാണു കേന്ദ്രത്തിന്റെ മറ്റൊരു ഉറപ്പ്. എന്നാല്‍, കോടിക്കണക്കിനു സാധാരണ കുടുംബങ്ങള്‍ക്ക് അത്തരം ഉറപ്പുമില്ല.
► വിലകള്‍ കുതിച്ചുയരും
എല്‍പിജിയുടെ ഏകദേശം 62- 67 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. എല്‍പിജിയുടെയും (ദ്രവീകൃത പെട്രോളിയം വാതകം) അസംസ്കൃത എണ്ണയുടെയും (ക്രൂഡ് ഓയില്‍) 85-90 ശതമാനവും ഹോര്‍മുസ് കടലിടുക്കിലൂടെയാണു വരുന്നത്. ചരക്കുകപ്പലുകളുടെ നീക്കം തടസപ്പെട്ടതോടെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിനു മുകളിലേക്കു കയറി. എല്‍എന്‍ജിയുടെ (ദ്രവീകൃത പ്രകൃതിവാതകം) 55 ശതമാനം ഗതാഗതം ഗള്‍ഫ് വഴിയാണ്.
ഇന്ത്യയിലെ ഇന്ധനസംഭരണശേഷി രണ്ടു മാസത്തേക്കുപോലും തികയില്ല. എല്‍പിജി ശേഖരത്തിന് രണ്ടു ദിവസം മാത്രമേ ദേശീയ ഉപഭോഗം നിലനിര്‍ത്താന്‍ കഴിയൂ. എണ്ണവില പത്തു ശതമാനം കൂടിയാല്‍ പണപ്പെരുപ്പം ഒരു ശതമാനം കൂടുമെന്നാണു കണക്ക്. ജിഡിപി വളര്‍ച്ചയില്‍ 20-25 അടിസ്ഥാന പോയിന്റുകള്‍ (ബിപിഎസ്) കുറയും. ലോജിസ്റ്റിക് ചെലവുകള്‍ കൂടുന്നതോടെ വിമാനക്കൂലി, റോഡ്, റെയില്‍ യാത്രാച്ചെലവുകള്‍ മുതല്‍ വീട്ടുപകരണങ്ങളുടെയും അവശ്യസാധനങ്ങളുടെയും വരെ വില വര്‍ധിക്കും. ഭക്ഷണവിലയും കുതിച്ചുയരും.
► ഭീമാകാരമായ യുദ്ധച്ചെലവ്
ഇറാനെതിരേ തുടങ്ങിയ യുദ്ധത്തിന്റെ ആദ്യ ആറു ദിവസംമാത്രം 11.3 ബില്യണ്‍ ഡോളര്‍ (ഒരു ലക്ഷം കോടിയിലേറെ രൂപ) അമേരിക്കയ്ക്കു ചെലവായെന്നാണ് പെന്റഗണ്‍ വെളിപ്പെടുത്തിയത്. ചുരുങ്ങിയത് 50 ബില്യണ്‍ ഡോളറെങ്കിലും ഇനിയും ചെലവു പ്രതീക്ഷിക്കുന്നു. യുദ്ധ ഒരുക്കങ്ങള്‍ക്കായുള്ള ചെലവുകള്‍ കൂട്ടാതെയാണിത്. ഫെബ്രുവരി 28, മാര്‍ച്ച് ഒന്ന് തീയതികളില്‍ മാത്രം 5.6 ബില്യണ്‍ ഡോളറിന്റെ മിസൈലുകളും റോക്കറ്റുകളും വെടിക്കോപ്പുകളും ചെലവഴിച്ചുവെന്ന് അമേരിക്കന്‍ നിയമനിര്‍മാതാക്കളുമായി നടത്തിയ ബ്രീഫിംഗില്‍ പ്രതിരോധ വിദഗ്ധര്‍ വിശദീകരിച്ചതായി ന്യൂയോര്‍ക്ക് ടൈംസും വാഷിംഗ്ടണ്‍ പോസ്റ്റും പറയുന്നു.
അനേക വര്ഷങ്ങള്ക്കായി ശേഖരിച്ച പ്രധാന യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ചുകഴിഞ്ഞുവെന്നു ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ടിലുണ്ട്. ചെലവുകളേക്കാളേറെ മാരകമാകും അമേരിക്കയും ഇസ്രയേലും ഇറാനും ഗള്‍ഫ് രാജ്യങ്ങളും റഷ്യയും ചൈനയും ഇന്ത്യയും പാക്കിസ്ഥാനും അടക്കമുള്ളവര്‍ നേരിടുന്ന മറ്റു തിരിച്ചടികള്‍. യുക്രെയ്നില്‍ യുദ്ധം തുടങ്ങിയ റഷ്യക്കു നാലു വര്‍ഷം കഴിയുമ്പോഴും കാര്യമായൊന്നും നേടാനായില്ല. പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ ഇറാന് നശിക്കുമ്പോഴും അമേരിക്കയും ഇസ്രയേലും ഗള്‍ഫ് രാജ്യങ്ങളും തിരിച്ചടികളും നഷ്ടങ്ങളും നേരിടുകയാണ്. ഇറാന് യുദ്ധത്തിന്റെ പരോക്ഷ നേട്ടം റഷ്യക്കാണ്. റഷ്യന്‍ എണ്ണ വാങ്ങുന്നതിലെ വിലക്കു അമേരിക്കയ്ക്ക് മാറ്റേണ്ടിവന്നു.
► അരുത്, കൊടുംപാതകം!
പിഞ്ചുകുഞ്ഞുങ്ങളും വിദ്യാര്‍ഥികളും സ്ത്രീകളും അടക്കം നിരപരാധികളെ കൂട്ടക്കൊല ചെയ്യുമ്പോഴും മതവും വര്‍ഗീയതയും പഴയ ചരിത്രവും നിരത്തി ന്യായീകരണത്തിനു ശ്രമിക്കുന്നവരില്‍ മലയാളികള്‍ ഉണ്ടെന്നതാണു കഷ്ടം. ഭീകരതയും യുദ്ധങ്ങളും ആരു ചെയ്താലും എതിര്‍ക്കപ്പെടണം. പഴയ കാര്യം പറഞ്ഞു പുതിയ തെറ്റിനെ വെള്ളപൂശാനുള്ള ശ്രമം കൂടുതല്‍ ആപത്താണ്.
ന്യായീകരണങ്ങള്‍ എന്തായാലും യുദ്ധം മാനവികതയ്ക്കെതിരാണ്. ആയിരക്കണക്കിനു നിരപരാധികളെ കൊന്നൊടുക്കുന്ന, ഒരു പ്രശ്നത്തിനും ശാശ്വത പരിഹാരം ഉണ്ടാകാത്ത, ആരും ജയിക്കാത്ത, ആഗോള സമാധാനവും സുരക്ഷയും തകര്‍ക്കുന്ന യുദ്ധങ്ങള്‍ മനുഷ്യകുലത്തോടു ചെയ്യുന്ന പാതകമാണ്. പുതുതലമുറയ്ക്കായി സമാധാനവും സുരക്ഷയും ഉറപ്പാക്കാനായി കൈകോര്‍ക്കാം.
National
മുംബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഹോര്‍മുസ് കടലിടുക്ക് കടന്ന് ആദ്യ എണ്ണടാങ്കര്‍ ഇന്ത്യയിലെത്തി.
സൗദി അറേബ്യയില്‍ നിന്നുള്ള അസംസ്കൃത എണ്ണയുമായി ലൈബീരിയന്‍ കപ്പലായ ഷെന്‍ലോംഗ് ആണ് ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ മുംബൈ തുറമുഖത്ത് നങ്കൂരമിട്ടത്.
ബുധനാഴ്ച രാത്രിയിലോ വ്യാഴാഴ്ച പുലര്‍ച്ചെയോ കപ്പല്‍ ഹോര്‍മുസ് കടന്നുവെന്നാണ് റിപ്പോര്‍ട്ട്. സൗദി അറേബ്യയിലെ റാസ് തനുറ തുറമുഖത്ത് നിന്നു പുറപ്പെട്ട കപ്പലില്‍ 135,335 മെട്രിക് ടണ്‍ അസംസ്കൃത എണ്ണയാണുള്ളത്.
Kerala
കോട്ടയം: പശ്ചിമേഷ്യന്‍ യുദ്ധം കനക്കുന്നതിനിടയില്‍ നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കി ടാര്‍ വില കുതിച്ചുയരുന്നു. മാസത്തില്‍ രണ്ട് പ്രാവശ്യമാണ് ബിപിസിഎല്‍ ടാര്‍ വിലയില്‍ മാറ്റം വരുത്തുന്നത്.
ആദ്യമാറ്റം 1-15 വരെ തീയതികള്ക്കുള്ളിലും രണ്ടാമത്തേത് 15 മുതല്‍ 30നും ഇടയിലായിരിക്കും. എന്നാല്‍ ഈ മാസം ഒന്ന് മുതല്‍ അനിയന്ത്രിതമായ രീതിയിലാണ് ടാര്‍ വില വര്‍ധിക്കുന്നത്.
ഒന്നിനും 12നും ഇടയിലായി എണ്ണായിരത്തിലധികം രൂപയുടെ വര്‍ധനയാണ് ഒരു ടണ്‍ ടാറിന് വന്നിരിക്കുന്നത്. ഇന്നലെ മാത്രമുണ്ടായത് 3500 രൂപയുടെ വര്‍ധനയാണ്. ഒരു ടണ്ണിന് 73,000 രൂപയാണ് ഇപ്പോഴത്തെ വില. ഇത് കഴിഞ്ഞമാസം 15ന് 52,000 രൂപ മാത്രമായിരുന്നു.
ഇസ്രയേല്‍- ഇറാന് സംഘര്‍ഷത്തിന്റെ മറവിലാണ് കുത്തനെയുള്ള വില വര്‍ധന നടപ്പിലാക്കുന്നതെന്ന് പറയുമ്പോഴും ഇതിനു പിന്നില്‍ ഗൂഢതാത്പര്യങ്ങളുണ്ടെന്നാണ് ടാര്‍ എടുക്കുന്ന ആളുകള്‍ പറയുന്നത്.
ഇതുമൂലം കേരളത്തിലെയുള്പ്പെടെയുളള റോഡു നിര്‍മാണം സ്തംഭിച്ച നിലയിലാണ്. പെട്രോള്‍ വില പോലും വര്‍ധിക്കാത്ത സാഹചര്യത്തില്‍ ടാറിന്റെ വില ഉയരുന്നത് പരിശോധിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Leader Page
യുദ്ധം ജയിച്ചതായി ഡോണൾഡ് ട്രംപ് ബുധനാഴ്ച മൂന്നു തവണ പ്രസ്താവിച്ചു. എങ്കിലും കുറേ കാര്യങ്ങൾകൂടി ചെയ്യാനുള്ളതിനാൽ ഉടനേ യുദ്ധം നിർത്തില്ല എന്നും പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റിനും ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിനും നിർത്താവുന്ന നിലയിൽ യുദ്ധം എത്തിയിട്ടില്ല എന്നതാണു വസ്തുത. യുദ്ധം 13 ദിവസം പിന്നിടുമ്പോഴുള്ള അവസ്ഥ എന്താണെന്നു നോക്കാം.
ട്രംപ് പറയുന്നത് ഇറാന്റെ വ്യോമസേനയെ നിർവീര്യമാക്കി, നാവികസേനയെ കടലിൽ താഴ്ത്തി, ഇനി തകർക്കാനായി ഇറാന്റെ സേനയുടെ ഒന്നും ശേഷിക്കുന്നില്ല എന്നൊക്കെയാണ്. ഇറാന്റെ സൈനികശേഷി ഗണ്യമായി തകർത്തു എന്നതു ശരി.
പക്ഷേ, അവർക്ക് ദീർഘദൂര, മധ്യദൂര ബാലിസ്റ്റിക് മിസൈലുകൾ ധാരാളം ശേഷിക്കുന്നുണ്ട്. ഡ്രോണുകളും ധാരാളം. എല്ലാ ദിവസവും ഇസ്രയേലിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും തൊടുക്കുന്നുമുണ്ട്. ഇറാന്റെ കൂലിപ്പട എന്നു പറയാവുന്ന ലബനനിലെ ഹിസ്ബുള്ളകളുടെ കൈയിലും ഇവയൊക്കെ ഉണ്ട്.
കരയുദ്ധം പറ്റില്ല
ഹോർമുസിലൂടെ ചരക്കുനീക്കം സുഗമമായാലേ എണ്ണ, വാതക വിലകൾ താഴുകയും ലഭ്യത ഉറപ്പാകുകയും ചെയ്യൂ. സൈനികമായി ചരക്കുനീക്കം ഉറപ്പാക്കണമെങ്കിൽ ഇറാന്റെ തീരത്തു കയറണം. അതു വലിയ കരയുദ്ധത്തിലേക്കു നീങ്ങും. അതിനൊരുങ്ങിയല്ല ട്രംപ് ആക്രമണം തുടങ്ങിയത്. കപ്പലുകൾക്ക് അകമ്പടി ചിന്തിക്കുന്നതേയില്ലെന്നാണ് യുഎസ് ഊർജ സെക്രട്ടറി ഇന്നലെ പറഞ്ഞത്. അതിനു ശേഷം ക്രൂഡ് വില ഇന്നലെ രണ്ടാം വട്ടവും 100 ഡോളറിലേക്കു കയറി.
അന്ത്യം കാണാനില്ലാത്ത യുദ്ധം, കുതിച്ചുകയറുന്ന എണ്ണവില. ലോകത്തെ ഈ പതനത്തിൽ എത്തിച്ചതിന് ട്രംപും നെതന്യാഹുവും ഉത്തരം പറയേണ്ട നിലയിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്. സാധാരണ ഇത്തരം ഇടപെടലുകൾക്ക് നാറ്റോയിലെ സഖ്യകക്ഷികളെ കൂട്ടുപിടിക്കാറുണ്ടായിരുന്നു.
ഇത്തവണ അതുണ്ടായില്ല. നാറ്റോയോടുതന്നെ ട്രംപിനു മതിപ്പില്ല. മാത്രമല്ല, പെട്ടെന്ന് അടിച്ചു നേടുന്ന ഒരു വിജയം എന്തിനാ പങ്കുവയ്ക്കുന്നത് എന്നും അദ്ദേഹം കരുതിയിരിക്കാം. അതിനു പകരം നീണ്ട ദുരിതം തരുന്ന അന്തമില്ലാത്ത യുദ്ധത്തിന്റെ ചുമടു വഹിക്കാൻ കൂട്ടുകാരെ കിട്ടുകയുമില്ല.
അയൽക്കാരെ ശത്രുക്കളാക്കി
ഇപ്പോഴത്തെ സ്ഥിതി ചുരുക്കിപ്പറയാം. ഇറാൻ സൈനികമായി തകർന്നു. പക്ഷേ ഹോർമുസിന്റെ നിയന്ത്രണത്തിലൂടെ ശത്രുക്കളെയും മിത്രങ്ങളെയും ഇറാൻ ബന്ദികളാക്കി. എണ്ണ പ്രതിസന്ധി അവസാനിപ്പിക്കാതെ അമേരിക്കയ്ക്കും ഇസ്രയേലിനും പിന്മാറാൻ പറ്റില്ല. യൂറോപ്യൻ സഖ്യരാജ്യങ്ങൾ അടക്കമുള്ളവർ ഭയപ്പെടുന്ന കാര്യം യുദ്ധം തീരുകയും എണ്ണനീക്കം തുടങ്ങാതിരിക്കുകയും ചെയ്യുന്നതാണ്.
ഇറാന്റെ ആക്രമണത്തിൽ അമേരിക്കയുടെ ചില മിസൈൽവേധ സംവിധാനങ്ങളും റഡാറുകളും തകർന്നു. ഗൾഫ് രാജ്യങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ സുരക്ഷാകവചം വേണ്ടത്ര ഫലപ്രദമല്ല എന്ന വിമർശനത്തിന് ഇതു വഴിതെളിച്ചു.
ആണവപദ്ധതിയിൽ ഭയം
ഇപ്പോഴത്തെ നിലയിൽ യുദ്ധം നിർത്തിയാൽ ഇറാന്റെ ആണവ പദ്ധതി പുനരാരംഭിക്കും. മിസൈൽശേഷി വീണ്ടെടുക്കും. അയൽരാജ്യങ്ങളെല്ലാം അതു ഭയപ്പെടുന്നു. ആണവ, മിസൈൽ പദ്ധതികൾ പുനരാരംഭിക്കാത്ത വിധമാക്കിയിട്ടു വേണം യുഎസ് പിൻവാങ്ങാൻ എന്നതു സൗദിയുടെയും മറ്റും ആവശ്യമാണ്.
അതേസമയം, ഗൾഫ് മേഖലയിൽ ഇറാനോടുള്ള സമീപനം കടുത്തതായി മാറി. അമേരിക്കൻ താവളം ഉണ്ടെന്നു പറഞ്ഞു തങ്ങളെ ആക്രമിച്ചത് ആ രാജ്യങ്ങളെ വിരോധികളാക്കി. എണ്ണ, ടൂറിസം, വ്യവസായ മേഖലകൾക്കു നേരേ ആക്രമണം ഇന്നലെയും തുടർന്നു. ഐടിയും ടൂറിസവും ധനകാര്യ സേവനവും വളർച്ചയുടെ വഴിയാക്കാൻ ഒരുങ്ങിയ യുഎഇയുടെ കണക്കുകൂട്ടലുകൾ അപ്പാടെ തകർക്കുന്നതായി ഇറാന്റെ ആക്രമണം. എണ്ണ കയറ്റുമതി മുടങ്ങിയത് ആ രാജ്യങ്ങളുടെ വരുമാനവും കുറച്ചു. എണ്ണയുമായി പോകാൻ ചൈനീസ് കപ്പലുകളെ മാത്രമാണ് ഇറാൻ അനുവദിച്ചത്.
യുദ്ധം എണ്ണയിലേക്ക് മാറിയതു ലോകത്തിനു വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. രൂക്ഷമായ വിലക്കയറ്റവും മുരടിച്ച സാമ്പത്തികവളർച്ചയും ലോകത്തെ കാത്തിരിക്കുന്നു.
International
ദുബായ്: യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ 216 സ്ത്രീകളും 198 കുട്ടികളും കൊല്ലപ്പെട്ടു.
എട്ടു മാസം പ്രായമുള്ള കുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. മിനാബിലെ സ്കൂളിനു നേർക്കുണ്ടായ ആക്രമണത്തിൽ 168 സ്കൂൾ വിദ്യാർഥികൾ കൊല്ലപ്പെട്ടിരുന്നു.
ഇറാനിൽ 32 ലക്ഷം പേർ ആഭ്യന്തരമായി പലായനം ചെയ്തുവെന്നു യുഎൻ റെഫ്യൂജി ഏജൻസി അറിയിച്ചു. നഗരങളിൽ നിന്നും രാജ്യത്തിന്റെ ഗ്രാമീണ മേഖലകളിലേക്കുമാണു ജനം പലായനം ചെയ്തത്.
International
റോം: ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയും ഇസ്രയേലും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചെന്ന ഗുരുതര ആരോപണവുമായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി രംഗത്ത്.
ഇറാനിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിലാണ്, അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലൊന്നായ ഇറ്റാലിയൻ പ്രധാനമന്ത്രി ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത്.
അന്താരാഷ്ട്ര നിയമത്തിന്റെ പുറത്തുള്ള ഇടപെടലുകൾ ലോകത്ത് വർധിക്കുകയാണെന്നും ഇറാനെതിരേയുള്ള അമേരിക്കയുടെയും ഇസ്രയേലിന്റെയും ഇടപെടൽ അത്തരത്തിലുള്ളതാണെന്നുമാണ് മെലോണി അഭിപ്രായപ്പെട്ടത്.
ബുധനാഴ്ച ഇറ്റാലിയൻ സെനറ്റിനെ അഭിസംബോധന ചെയ്യവേയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
International
ദുബായ്: പതിനൊന്നു ദിവസം പിന്നിട്ട പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കണമെന്ന് അമേരിക്കയിൽ ആവശ്യമുയരുന്നതായി റിപ്പോർട്ട്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള തന്ത്രം ആവിഷ്കരിക്കാൻ ട്രംപിനോട് അദ്ദേഹത്തിന്റെ ഉപദേശകർ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.
യുദ്ധത്തിന് ലഭിക്കുന്ന പൊതുജന പിന്തുണ കുറയുന്നതും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഉണ്ടായേക്കാവുന്ന രാഷ്ട്രീയ തിരിച്ചടിയും ഭയന്നാണ് ഈ നീക്കം. ആവശ്യമുള്ള അത്രയും കാലം യുദ്ധം നീളുമെന്നു പറഞ്ഞ ട്രംപ് കഴിഞ്ഞദിവസം യുദ്ധത്തെ ഹ്രസ്വകാലത്തേക്കുള്ള നടപടിയെന്നാണു വിശേഷിപ്പിച്ചത്. യുദ്ധം തുടങ്ങിവച്ചത് അമേരിക്കയാണെന്നും അതു നിർത്തുന്നത് തങ്ങളാണെന്നുമാണ് ഇറാൻ പറയുന്നത്.
എണ്ണവിതരണം തടസപ്പെടുത്തിയാൽ കൂടുതൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഹോർമുസിലൂടെയുള്ള എണ്ണ വിതരണം തടയാൻ ശ്രമിച്ചാൽ ഇറാനുമേൽ നിലവിൽ നേരിടുന്നതിനേക്കാൾ കഠിനമായ പ്രത്യാക്രമണമുണ്ടാകുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
ഈ ഭീഷണികൾക്കെല്ലാം എന്നെന്നേക്കുമായി അന്ത്യം കുറിക്കുകയാണെന്നും അതിന്റെ ഫലമായി എണ്ണവിലയും വാതകവിലയും കുറയുമെന്നും ട്രംപ് പറഞ്ഞു. “ചില തിന്മകളിൽനിന്നു മുക്തി നേടുന്നതിനായി ഞങ്ങൾ പശ്ചിമേഷ്യയിലേക്കു പോയി. അത് ഹ്രസ്വകാലത്തേക്കുള്ളതായിരിക്കും”- ട്രംപ് കൂട്ടിച്ചേർത്തു.
Leader Page
ട്രംപ് തലയൂരാൻ ശ്രമിച്ചു. നിർത്തി എന്നു പറയാതെ യുദ്ധം അവസാനിപ്പിക്കാം എന്നു കരുതി. പക്ഷേ നടന്നില്ല. ഇറാൻ വെടിനിർത്താൻ തയാറായില്ല. അതുകൊണ്ട് പതിനൊന്നാം ദിവസവും യുദ്ധം തുടർന്നു.
യുദ്ധം പ്രതീക്ഷിച്ചതിലും നേരത്തേ തീരുമെന്നും എണ്ണവില ഉടനേ കുറയുമെന്നും ട്രംപ് പറഞ്ഞു. പക്ഷേ, യുദ്ധം തീരാൻ സാധ്യത കുറവായാണു കാണുന്നത്. സമ്പന്നരാജ്യങ്ങൾ തങ്ങളുടെ 120 കോടി വീപ്പ എണ്ണയുടെ ശേഖരം തുറന്നാൽ ഏതാനും ദിവസം മാത്രം വില കുറഞ്ഞുനിൽക്കും. യുദ്ധം തീർന്നില്ലെങ്കിൽ വീണ്ടും വില കുതിച്ചു കയറും.
യുദ്ധലക്ഷ്യങ്ങൾ
യുദ്ധത്തിൽ ട്രംപ് ലക്ഷ്യം വച്ചത് ഇതിനകം നേടിയോ എന്നു ചോദിച്ചാൽ ഏതു ലക്ഷ്യം എന്ന മറുചോദ്യം ഉണ്ടാകും.
ഡോണൾഡ് ട്രംപ് യുദ്ധത്തിനു രണ്ടു ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇറാനിൽ ഭരണമാറ്റം, ഇറന്റെ ആണവ-മിസൈൽ പദ്ധതികൾ നശിപ്പിച്ച് അവരിൽനിന്ന് അമേരിക്കയ്ക്കുള്ള ഭീഷണി ഇല്ലാതാക്കുക.
ഇസ്രയേലിലെ പ്രധാനമന്ത്രി നെതന്യാഹുവുമായി ചേർന്നാണു യുഎസ് പ്രസിഡന്റ് ട്രംപ് പൊതുശത്രുവിനെതിരേ യുദ്ധം നടത്തിയത്. ഇസ്രയേലിനെ ഇല്ലാതാക്കും എന്നു പ്രതിജ്ഞ എടുത്തിരുന്നതാണ് ഇറാനിലെ ഷിയാ മുസ്ലിം ഭരണകൂടം. അവരെ അപ്പാടെ തകർക്കുക എന്നതായിരുന്നു നെതന്യാഹുവിന്റെ ലക്ഷ്യം.
നേതാവ് മാറി, നയം മാറിയില്ല
യുദ്ധത്തിൽ തന്റെ ലക്ഷ്യം മുഴുവൻ സാധിച്ചതായി തിങ്കളാഴ്ച ട്രംപ് പറഞ്ഞില്ല. പത്തു ദിവസത്തെ യുദ്ധത്തിന്റെ തുടക്കത്തിൽതന്നെ ഭരണമാറ്റം നടന്നു. പരമോന്നത നേതാവ് അലി ഖമനയ് വധിക്കപ്പെട്ടു. നിരവധി ഉന്നതാധികാരികളും കൂടെ മരിച്ചു. പക്ഷേ, ഭരണം മാറിയില്ല. ഷിയാ ഇസ്ലാമിക പുരോഹിത നേതൃത്വം തന്നെ ഭരണം നിയന്ത്രിക്കുന്നു. മരിച്ച നേതാവിന്റെ പുത്രൻ മുജ്താബ പുതിയ പരമോന്നത നേതാവായി. സൈന്യത്തിന്റെയും ഭരണവിഭാഗങ്ങളുടെയും തലപ്പത്തും മാറ്റമില്ല.
മുജ്തബയെ താൻ അംഗീകരിക്കുന്നില്ല, അയാളെ വധിക്കും, വേറെ ആൾ വരും എന്നാണ് ട്രംപ് പറയുന്നത്. അതായത്, നിലവിലെ ഭരണസംവിധാനം തുടരുന്നതിനു ട്രംപ് എതിരല്ല. ആണവ, മിസൈൽ പദ്ധതികൾ വേണ്ടെന്നു വയ്ക്കുന്നവർ ആകണം, ഹോർമുസിൽ അമേരിക്കയ്ക്കു നിയന്ത്രണം കിട്ടണം. ഇത്രയും ചെയ്യുന്ന ആരെയും ട്രംപ് അംഗീകരിക്കും. വെനസ്വേലയിൽ അതാണു ചെയ്തത്.
ആക്രമണം തുടരുന്നു
യുദ്ധഗതിയെപ്പറ്റി ട്രംപ് അവകാശപ്പെടുന്നത് ഇങ്ങനെ: ഇറാന്റെ വ്യോമാക്രമണശേഷി (മിസൈലുകളും ഡ്രോണുകളും) ഇല്ലാതായി. വ്യോമപ്രതിരോധ ശേഷിയും തകർന്നു. നാവികസേനയുടെ 46 കപ്പലുകളും കടലിൽ മുക്കി. എങ്കിലും സമ്പൂർണ വിജയം ആയിട്ടില്ല. അതുകൂടി ഉടനേ സാധിക്കും. (പക്ഷേ, ഇന്നലെയും ഇറാനിൽനിന്നു മിസൈലുകളും ഡ്രോണുകളും ഇസ്രയേലിലും സൗദിയിലും എത്തി).
ഇറാൻ ഭരണകൂടത്തെ മാറ്റിയിട്ടു വന്നു കീഴടങ്ങിയാൽ മാത്രം വെടിനിർത്തൽ എന്നു പറഞ്ഞതിൽനിന്ന് ട്രംപ് പത്താം ദിവസം പൊടുന്നനെ പിന്മാറി. ആരും കീഴടങ്ങിയില്ല. ഷിയാ പൗരോഹിത്യം ഭരണം തുടരുന്നു. സൈനികശേഷി തകർത്തതു പുനരുദ്ധരിക്കാൻ പറ്റാത്തതല്ല.
ലോകം വിഷമത്തിലായ വിഷയം - ഹോർമുസിലുടെയുള്ള കപ്പൽ നീക്കം തടഞ്ഞത് - ഇനിയും പരിഹരിച്ചിട്ടില്ല.
ശക്തരായ വിമതർ ഇല്ല
യുദ്ധങ്ങൾ ഇല്ലാത്ത ലോകം വാഗ്ദാനം ചെയ്തു വോട്ട് നേടിയതാണു ട്രംപ്. ഇറാനിൽ അദ്ദേഹം പറഞ്ഞ നാലഞ്ച് ആഴ്ചത്തെ യുദ്ധംകൊണ്ട് ഉദ്ദേശിച്ച കാര്യങ്ങൾ നടക്കില്ല എന്നു വ്യക്തമായിരുന്നു. ശക്തമായ വിമതവിഭാഗമോ കരുത്തരായ പ്രതിപക്ഷ നേതാക്കളോ ഇറാനിൽ ഇല്ല. അത് ഉണ്ടാക്കിയെടുക്കലും എളുപ്പമല്ല. സദ്ദാം ഹുസൈന്റെ ഇറാകിനെതിരേ പത്തു വർഷം പോരടിച്ചു നിന്നവരാണ് ഇറാൻ ജനത. അവരെ സൈനികവും സാമ്പത്തികവുമായി തകർക്കാൻ പറ്റും. പക്ഷേ, കീഴടക്കാൻ എളുപ്പമല്ല. ബലമായ ഭരണമാറ്റത്തിനു കരയുദ്ധം നടത്തണം. അതിന്റെ രാഷ്ട്രീയവില ട്രംപിനു പോലും താങ്ങാവുന്നതല്ല.
ഈ സാഹചര്യത്തിൽ ഏറ്റവും വേഗം തലയൂരുന്നതാണു രാഷ്ട്രീയവിവേകം. ട്രംപ് അതു ചെയ്യാൻ ശ്രമിച്ചു. അതിനു നെതന്യാഹു ഒപ്പം നിൽക്കുന്നില്ല. ട്രംപിന്റെ പ്രസ്താവന വന്ന് 16 മണിക്കൂർ കഴിഞ്ഞും ഇസ്രയേൽ പ്രതികരിക്കാത്തത് അതുകൊണ്ടാണ്.
പക്ഷേ, തല ഊരിയതുകൊണ്ടു പ്രശ്നം തീരുന്നില്ല. ഇറാൻ ഇസ്രയേലിനോടും അമേരിക്കയോടും ശത്രുത തുടരും. പുതിയ ഭീകരഗ്രൂപ്പുകൾ ഉണ്ടാകും. ഒളിഞ്ഞും തെളിഞ്ഞും ആക്രമണങ്ങൾ പ്രതീക്ഷിക്കാം. അനുകൂലമായ ഒരു സാഹചര്യത്തിൽ ഇറാൻ ഒരുപകരം വീട്ടലിന് ഒരുങ്ങിയെന്നും വരാം.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെയും ഗൾഫിലെയും ഗുരുതര സംഘർഷങ്ങളും ഇന്ത്യ നേരിടുന്ന പ്രതിസന്ധിയും അടിയന്തരമായി ചർച്ച ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചതോടെ പാർലമെന്റ് നടപടികൾ സ്തംഭിച്ചു. ലോക്സഭയിൽ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദത്തിലെ ആദ്യദിനം പൂർണമായി സ്തംഭിച്ചു. രാജ്യസഭയിൽ പ്രതിപക്ഷം ഇറങ്ങിപ്പോയതിനാൽ ഭരണപക്ഷം മാത്രമായാണു സഭാ നടപടികൾ നടത്തിയത്.
പ്രതിപക്ഷ പ്രതിഷേധത്തെ ത്തുടർന്ന് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കെതിരേ പ്രതിപക്ഷം നൽകിയ അവിശ്വാസപ്രമേയത്തിൽ ഇന്നലെ ചർച്ച നടന്നില്ല. ഓം ബിർളയെ നീക്കം ചെയ്യുന്നതിനുളള പ്രമേയം ഇന്നലെ ചർച്ച ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. കോണ്‍ഗ്രസ് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, മുഹമ്മദ് ജാവേദ്, മല്ലു രവി എന്നിവരാണ് ഇതു സംബന്ധിച്ച പ്രമേയത്തിനു നോട്ടീസ് നൽകിയത്. പ്രതിപക്ഷത്തെ 118 എംപിമാർ സ്പീക്കർക്കെതിരായ പ്രമേയത്തിൽ ഒപ്പിട്ടിട്ടുണ്ട്. സ്പീക്കർക്കെതിരായ പ്രമേയത്തിൻമേൽ ഇന്നു ചർച്ച നടത്താൻ തയാറായേക്കുമെന്നു പ്രതിപക്ഷം സൂചിപ്പിച്ചു. ഇന്നു രാവിലെ ചേരുന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാകും അന്തിമ തീരുമാനം.
പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചു വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്നലെ ഇരുസഭകളിലും പ്രസ്താവന നടത്തി. സഭയുടെ നടുത്തളത്തിലിറങ്ങി പ്ലക്കാർഡുകളുമായുള്ള പ്രതിപക്ഷ എംപിമാരുടെ ബഹളത്തിനിടയിലായിരുന്നു പ്രസ്താവന. രാജ്യത്തെയും ലോകത്തെയും ബാധിച്ച ആശങ്കാജനകമായ സ്ഥിതിഗതികൾ സംബന്ധിച്ച് ഏകപക്ഷീയ പ്രസ്താവനയല്ല, പാർലമെന്റിൽ ചർച്ചയാണു വേണ്ടതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, ഇന്ത്യ സഖ്യം നേതാക്കൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ പാർലമെന്റിനു പുറത്തും അകത്തും പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചു.
പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുള്ള സ്ഥിതി ചർച്ച ചെയ്യണമെന്ന ആവശ്യവുമായി ഇന്നലെ രാവിലെ ലോക്സഭ സമ്മേളിച്ചയുടൻ പ്രതിപക്ഷം രംഗത്തെത്തി. എന്നാൽ, സഭയുടെ ചട്ടമനുസരിച്ച് സ്പീക്കർക്കെതിരേ പ്രതിപക്ഷം നൽകിയ അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കാമെന്നും മറ്റെല്ലാം പിന്നീടാകാമെന്നും സർക്കാരും ലോക്സഭാ സ്പീക്കറുടെ കസേരയിലുണ്ടായിരുന്ന പാനൽ ചെയർമാൻ ജഗദാംബിക പാലും പറഞ്ഞു. പശ്ചിമേഷ്യൻ പ്രശ്നം ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയം തള്ളുകയും ചെയ്തു. സ്പീക്കറെ നീക്കണമെന്ന പ്രമേയത്തിൽ തീരുമാനമാകുന്നതുവരെ ഓം ബിർള ലോക്സഭാ നടപടികളിൽനിന്നു കീഴ്വഴക്കമനുസരിച്ചു വിട്ടുനിൽക്കുകയാണെന്ന് ജഗദാംബിക അറിയിച്ചു. മൂന്നു തവണ നിർത്തിവച്ച ശേഷം ലോക്സഭ ഇന്നു ചേരാനായി പിരിഞ്ഞു.
രാജ്യത്തെ ആകെയും ലക്ഷക്കണക്കിനു പ്രവാസികളെയും ബാധിച്ച പശ്ചിമേഷ്യയിലെ സംഘർഷം അടിയന്തരമായി ചർച്ച ചെയ്യണമെന്ന് രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് ഖാർഗെ ആവശ്യപ്പെട്ടെങ്കിലും ചെയർമാൻ സി.പി. രാധാകൃഷ്ണൻ അനുവദിച്ചില്ല.
വിദേശകാര്യമന്ത്രിയെ പ്രസ്താവനയ്ക്കു ക്ഷണിച്ചതോടെ പ്രതിപക്ഷ എംപിമാർ ഒന്നടങ്കം മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ചു.
ബഹളത്തിനിടയിൽ മന്ത്രി ജയശങ്കർ പ്രസ്താവന വായിച്ചതോടെ, പ്രതിപക്ഷം വാക്കൗട്ട് നടത്തി. പ്രതിപക്ഷം അരാജകത്വം സൃഷ്ടിക്കുകയാണെന്നും ചട്ടപ്രകാരം സഭ നടത്താൻ അനുവദിക്കാത്തതു തെറ്റാണെന്നും കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, കിരണ്‍ റിജുജു, പിയൂഷ് ഗോയൽ തുടങ്ങിയവർ കുറ്റപ്പെടുത്തി.
Leader Page
യുദ്ധം എട്ടു ദിവസം പിന്നിട്ടു. ഇതിനകം നടന്ന കാര്യങ്ങൾ ചെറുതല്ല.
ഒന്ന്: ഇറാനിലെ പരമാധികാരി അലി ഖമനയ് വധിക്കപ്പെട്ടു. ഭരണ-സൈനിക നേതൃത്വങ്ങളിലെ നിരവധിപ്പേർ ഇല്ലായ്മ ചെയ്യപ്പെട്ടു.
രണ്ട്: നേതാവ് ഇല്ലാതായെങ്കിലും ഇറാൻ ശിഥിലമായില്ല. ഭരണകൂടമോ സൈന്യമോ അവയിലെ ഏതെങ്കിലും വിഭാഗമോ വിഘടിച്ചു മാറിയില്ല. യുദ്ധത്തിനു വേഗം അന്ത്യമുണ്ടാക്കാനുള്ള സാധ്യത കുറഞ്ഞു.
►കൂടുതൽ പാശ്ചാത്യവിരുദ്ധൻ◄
മൂന്ന്: അലി ഖമനയ്യുടെ കൂടുതൽ തീവ്ര പാശ്ചാത്യവിരുദ്ധനായ മകൻ മുജ്താബ ഖമനയ്യെ പരമോന്നത നേതാവായി ഇറാൻ തെരഞ്ഞെടുത്തു. ചർച്ചയോ കീഴടങ്ങലോ അജൻഡ ആക്കാതെയാണ് മുജ്താബയുടെ തുടക്കം. അദ്ദേഹത്തെ വകവരുത്തുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപും ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
നാല്: യുദ്ധം വ്യാപകമായിട്ടില്ല. ഇപ്പോഴും യുഎസ് -ഇസ്രേലി സഖ്യസേനയും ഇറാനും തമ്മിൽ മാത്രമാണ് യുദ്ധം. മറ്റു ഗൾഫ് രാജ്യങ്ങളും നാറ്റോ രാജ്യങ്ങളും പ്രതിരോധം മാത്രമേ നടത്തുന്നുള്ളൂ, ആക്രമിക്കുന്നില്ല. ഇസ്രയേലിനെതിരേ അറബിരാജ്യങ്ങൾ തിരിയുമെന്ന ചിലരുടെ പ്രതീക്ഷയും നടപ്പായില്ല. മറിച്ച്, ഇറാനെതിരേ അറബിരാജ്യങ്ങൾ ഒന്നിക്കുകയും ചെയ്തു. കുർദുകളെ യുദ്ധത്തിൽ കൂട്ടാനുള്ള യുഎസ് ശ്രമവും വിജയിച്ചില്ല.
അഞ്ച്: ഹോർമുസ് കടലിടുക്ക് വഴിയുള്ള ക്രൂഡ് ഓയിൽ കടത്ത് നിലച്ചു. ക്രൂഡ് ഓയിൽ വില 100 ഡോളറിനു മുകളിലെത്തി. വിലക്കയറ്റം ഒരു ചെറിയ കാര്യമാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതു വില വീണ്ടും കൂടാൻ വഴിതെളിച്ചു. റഷ്യൻ എണ്ണയ്ക്ക് ഉണ്ടായിരുന്ന ഉപരോധം മുഴുവൻ നീക്കി എണ്ണലഭ്യത കൂട്ടുമെന്ന് യുഎസ് പറഞ്ഞിട്ടുണ്ട്. സമ്പന്നരാജ്യങ്ങളുടെ ജി 7 (ഗ്രൂപ്പ് ഓഫ് സെവൻ) കൂട്ടായ്മ തങ്ങളുടെ എണ്ണറിസർവ് തുറക്കാൻ ഒരുങ്ങുന്നു. ഈ നീക്കം ക്രൂഡ് വില അൽപം താഴ്ത്തി.
ആറ്: എണ്ണസമ്പത്തോ അതിന്റെ സംവിധാനങ്ങളോ വ്യാപകമായി ആക്രമിക്കപ്പെടുന്നില്ല. സൗദിയിലും ബഹറിനിലും റിഫൈനറികൾ ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവങ്ങളായാണു കാണുന്നത്.
ഏഴ്: യുദ്ധത്തിനു വിമർശനം ഏറെയുണ്ടെങ്കിലും വലിയ ജനകീയ എതിർപ്പ് അമേരിക്കയിലോ ഇസ്രയേലിലോ ഗൾഫ് രാജ്യങ്ങളിലോ ഉയർന്നില്ല.
►യുക്രെയ്ന് ആശ്വാസം◄
എട്ട്: ഇറാൻ യുദ്ധം യുക്രെയ്ന് ആശ്വാസമായി. റഷ്യക്ക് ഏറ്റവുമധികം ഡ്രോണുകൾ നിർമിച്ചു നൽകിയിരുന്നത് ഇറാനാണ്. 57,000 ഇറേനിയൻ ഡ്രോണുകൾ നാലു കൊല്ലംകൊണ്ടു തങ്ങളുടെ നേരേ വന്നെന്നാണു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പറഞ്ഞത്. അതുകൊണ്ടാണ് യുഎസ് ആക്രമണത്തെ അദ്ദേഹം ആദ്യമേ സ്വാഗതം ചെയ്തത്.
ഇതെല്ലാം ഒന്നിലേക്കാണു വിരൽ ചൂണ്ടുന്നത്; നീണ്ട യുദ്ധത്തിലേക്ക്. അതു പല അപകടങ്ങൾ ഉൾക്കൊള്ളുന്നു. ഇറാന്റെ ആക്രമണങ്ങളിൽ അസഹ്യത പൂണ്ട് ഇറാനെ ആക്രമിക്കാൻ സൗദി അറേബ്യ അടക്കം ഗൾഫ് രാജ്യങ്ങൾ മുതിരാം. അതു യുദ്ധം അവസാനിപ്പിക്കുന്നതു കൂടുതൽ വിഷമകരമാക്കും.
►സൗദി- പാക് കരാർ◄
സൗദി അറേബ്യ യുദ്ധത്തിൽ ചേർന്നാൽ ഇന്ത്യ കൂടുതൽ വിഷമത്തിലാകും. പാക്കിസ്ഥാനുമായി സൗദി അറേബ്യക്ക് പരസ്പര സൈനികസഹായ ഉടമ്പടിയുണ്ട്; കഴിഞ്ഞ സെപ്റ്റംബറിൽ ഒപ്പുവച്ചത്. അതു പ്രകാരം പാക്കിസ്ഥാൻ സൗദിയുടെ ശത്രുവിനെതിരേ പ്രവർത്തിക്കണം. അതു പാക്കിസ്ഥാനിലെ ഷിയാ മുസ്ലിം ന്യൂനപക്ഷത്തെ അസ്വസ്ഥമാക്കാം. 24 കോടി പാക്കിസ്ഥാൻകാരിൽ നാലു കോടി ഷിയാകളാണ്. ആഭ്യന്തര കലാപം ഉണ്ടാകാം. താലിബാൻ നയിക്കുന്ന അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനുമായി യുദ്ധം തുടർന്നുവരുമ്പോഴാണ് ഇത്. ബലൂചിസ്ഥാനിലെ വിമതസേനയും പാക് ഭരണകൂടവും തമ്മിൽ പോരാട്ടത്തിലാണ്.
യുദ്ധത്തിൽ സൗദിയും മറ്റു ഗൾഫ് രാജ്യങ്ങളും ചേർന്നാൽ കൂടുതൽ വിനാശം വിതയ്ക്കുന്ന ആക്രമണങ്ങളുണ്ടാകും. എണ്ണസമ്പത്തും അതുമായി ബന്ധപ്പെട്ട സംവിധാനങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടു എന്നു വരാം. അതിന്റെ ദൂരവ്യാപക നഷ്ടം അചിന്ത്യമാണ്. എണ്ണവില ദീർഘകാലം ഉയർന്നുനിൽക്കും. ഗൾഫിൽ വലിയ തൊഴിൽനഷ്ടമുണ്ടാകും. ഒരു കോടിയോളം ഇന്ത്യക്കാർ പശ്ചിമേഷ്യയിൽ ജോലി ചെയ്യുന്നുണ്ട്. ഐടി, ധനകാര്യ, ടൂറിസം മേഖലകളിൽ ആ രാജ്യങ്ങളിലുണ്ടായ തൊഴിലവസരങ്ങൾ നഷ്ടമാകും.
International
റിയാദ്: ഇറാൻ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും അയൽരാജ്യങ്ങൾക്കെതിരേ ആക്രമണം തുടരുകയാണെന്നും സൗദി അറേബ്യ.
വിമാനത്താവളങ്ങൾക്കും എണ്ണ നിലയങ്ങൾക്കും നേരേയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര സുരക്ഷയ്ക്കു ഭീഷണിയാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
സൗദി അറേബ്യക്കും ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങൾക്കും മറ്റ് അറബ്-ഇസ്ലാമിക് സൗഹൃദ രാജ്യങ്ങൾക്കും നേരേ ഇറാൻ നടത്തുന്ന ആവർത്തിച്ചുള്ള ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു.
International
പാഫോസ് (സൈപ്രസ്): ഇറാൻ അടച്ചിട്ടിരിക്കുന്ന ഹോർമുസ് കടലിടുക്കിലൂടെ ഇന്ധനനീക്കം പുനരാരംഭിക്കാൻ ഫ്രാൻസും സഖ്യകക്ഷികളും പ്രതിരോധ ദൗത്യം തയാറാക്കി വരുന്നതായി ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ.
സൈപ്രസിനെതിരായ ഇറേനിയൻ ആക്രമണം യൂറോപ്പിനും ഫ്രാൻസിനും എതിരായ ആക്രമണമാണെന്നും മക്രോൺ വ്യക്തമാക്കി. സൈപ്രസിലെ തെക്കുപടിഞ്ഞാറൻ തീരദേശനഗരമായ പാഫോസിൽ പ്രാദേശിക സുരക്ഷയുമായി ബന്ധപ്പെട്ട സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഫ്രഞ്ച് പ്രസിഡന്റ്.
ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര വ്യാപാരത്തിനു മാത്രമല്ല വാതകത്തിന്റെയും എണ്ണയുടെയും നീക്കത്തിനും അത്യന്താപേക്ഷിതമാണ്. പാതയിലൂടെ ഗതാഗതം പുനരാരംഭിക്കാൻ യൂറോപ്യൻ, യൂറോപ്യൻ ഇതര രാജ്യങ്ങൾ ഒരുമിച്ചു പ്രവർത്തിക്കേണ്ടതുണ്ടെന്നും മക്രോൺ വ്യക്തമാക്കി.
സമ്മേളനത്തിൽ സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സ്, ഗ്രീക്ക് പ്രധാനമന്ത്രി കിറിയാക്കോസ് മിറ്റ്സോട്ടാകിസ് എന്നിവരും പങ്കെടുത്തു.
Business
മുംബൈ: ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുതിച്ചുചാട്ടം ഏഷ്യയിലെ മൂന്നാമത്തെ വലിയ സന്പദ്്വ്യവസ്ഥയായ ഇന്ത്യയുടെ വളർച്ചയെയും പണപ്പെരുപ്പത്തെയും ബാധിക്കുമെന്ന ആശങ്ക ശക്തമായതോടെ, ഇന്ത്യൻ ഓഹരി വിപണി ഇന്നലെ ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ തകർച്ച നേരിട്ടു. ഇതോടെ വിപണി ഏകദേശം ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ലോകത്തിലെതന്നെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രൂഡ് ഓയിൽ വില വർധിക്കുന്നത് വലിയൊരു വെല്ലുവിളിയാണ്. ഇത് പണപ്പെരുപ്പം ഉയരാൻ കാരണമാകുമെന്നു മാത്രമല്ല, യുഎസ് ഡോളറിനെതിരേ റിക്കാർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപയുടെ മൂല്യത്തിന്മേലുള്ള സമ്മർദം വർധിപ്പിക്കുകയും ചെയ്യും.
യുഎസ്- ഇസ്രയേൽ സഖ്യത്തിന്റെ ഇറാനെതിരേയുള്ള യുദ്ധം പത്താം ദിവസത്തേക്കു കടന്നിരിക്കുകയാണ്. ഇതോടെ എണ്ണവില കുതിച്ചുയർന്നു. 2022ലെ റഷ്യ-യുക്രെയ്ൻ യുദ്ധത്തിനു ശേഷം ആദ്യമായി എണ്ണ വില ബാരലിന് 100 ഡോളർ കടന്നു. പശ്ചിമേഷ്യയിൽ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടതും മധ്യേഷ്യയിലെ പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങൾ വിതരണം വെട്ടിക്കുറച്ചതുമാണ് വില വർധനയ്ക്കു കാരണമാകുന്നത്.
ഓഹരിവിപണികൾ കൂപ്പുകുത്തി
ഇന്ത്യയുടെ ഓഹരി സൂചികകളായ നിഫ്റ്റി 50, സെൻസെക്സ് എന്നിവയ്ക്ക് വലിയ തകർച്ചയാണ് ഇന്നലെയുണ്ടായത്. നിഫ്റ്റി 1.73 ശതമാനം ഇടിഞ്ഞ് 24,028.05 എന്ന 10 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ ക്ലോസ് ചെയ്തു.
വിപണിയിലെ ചാഞ്ചാട്ടം 21 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തുകയും ചെയ്തു. ബിഎസ്ഇ സെൻസെക്സ് 1.71 ശതമാനം താഴ്ന്ന് 77,566.16 എന്ന 11 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. പശ്ചിമേഷ്യയിലെ യുദ്ധം തുടങ്ങിയതിനുശേഷം പ്രധാന സൂചികകൾ ഏകദേശം 4.6 ശതമാനം ഇടിഞ്ഞു.
എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടം ആഗോളതലത്തിൽ പണപ്പെരുപ്പത്തിന് കാരണമാകുമെന്നും അത് പലിശനിരക്ക് വർധിപ്പിക്കാൻ ഇടയാക്കുമെന്നുമുള്ള ആശങ്കയെത്തുടർന്ന് മറ്റ് ഏഷ്യൻ ഓഹരി വിപണികളിലും വാൾസ്ട്രീറ്റ് ഫ്യൂച്ചേഴ്സിലും ഇടിവുണ്ടായി.
വിപണിയിൽ ആകെ തകർച്ച
പ്രധാനപ്പെട്ട 16 മേഖലകളിൽ 15 എണ്ണത്തിലും ഇടിവുണ്ടായി. സ്മോൾകാപ്, മിഡ്കാപ് സൂചികകൾ യഥാക്രമം 2.22%, 1.97% എന്നിങ്ങനെ നഷ്ടം രേഖപ്പെടുത്തി.
ബിഎസ്ഇ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂലധനം മുൻ സെഷനിലെ 450 ലക്ഷം കോടി രൂപയിൽനിന്ന് 441 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഒരൊറ്റ ട്രേഡിംഗ് സെഷനിൽ നിക്ഷേപകർക്ക് ഒന്‍പത് ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി.
രൂപയുടെ മൂല്യത്തകർച്ച
ഡോളറിനെതിരേ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ഇന്നലെ 53 പൈസയുടെ നഷ്ടത്തിൽ 92.35ലേക്കു കൂപ്പുകുത്തിയാണ് വിപണി ക്ലോസ് ചെയ്തത്. പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനാൽ അസംസ്കൃത എണ്ണ വില ഉയർന്നതിനെത്തുടർന്ന് ഡോളറിനുള്ള ആവശ്യകത വർധിച്ചതാണ് രൂപയുടെ ഇടിവിനു കാരണമായത്.
വിദേശ നിക്ഷേപകരുടെ ഇന്ത്യൻ വിപണിയിൽനിന്നുള്ള പിന്മാറ്റവും രൂപയ്ക്കു തിരിച്ചടിയാകുന്നു. എക്സ്ചേഞ്ച് കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് 21000 കോടി രൂപയുടെ നിക്ഷേപമാണ് പിൻവലിച്ചത്.
National
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ വരെ 52,360 പേര് ഗള്‍ഫില്‍നിന്ന് മടങ്ങിയെത്തിയതായി വ്യോമയാന മന്ത്രാലയം.
184 ഇന്ത്യന്‍ വിമാനങ്ങള്‍ക്കും 85 യുഎഇ വിമാനങ്ങള്‍ക്കും പുറമേ 11 ചാര്‍ട്ടേഡ് വിമാനങ്ങളും ഉപയോഗിച്ചായിരുന്നു അരലക്ഷത്തിലേറെ ആളുകളുടെ മടക്കമെന്നും അവര്‍ വ്യക്തമാക്കി.
International
വാഷിംഗ്ടൺ ഡിസി: കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ ഇറാൻ നാവികസേനയുടെ 42 കപ്പലുകൾ യുഎസ് സൈന്യം തകർത്തതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ വ്യോമസേനയുടെ ഭൂരിഭാഗവും ആശയവിനിമയ സംവിധാനങ്ങളും തകർത്തതായും ട്രംപ് അവകാശപ്പെട്ടു.
ഫ്ലോറിഡയിൽ ലാറ്റിൻ അമേരിക്കൻ നേതാക്കളുടെ ഷീൽഡ് ഓഫ് അമേരിക്ക ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്.
“ഇറാനിൽ ഞങ്ങൾ വളരെ നന്നായി പ്രവർത്തിക്കുന്നു, നിങ്ങൾക്കു ഫലം കാണാൻ കഴിയും. ഇത് അതിശയകരമാണ്. മൂന്നു ദിവസത്തിനുള്ളിൽ ഞങ്ങൾ 42 നാവിക കപ്പലുകൾ തകർത്തു. അവയിൽ ചിലതു വളരെ വലുതാണ്. അവർ ഒരു ആണവായുധത്തിന് വളരെ അടുത്തായിരുന്നു. കഴിഞ്ഞ ജൂണിൽ 12 ദിവസത്തെ യുദ്ധത്തിൽ അവരുടെ ആണവകേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തിയില്ലായിരുന്നെങ്കിൽ എട്ടു മാസം മുമ്പേ ഇറാൻ ആണവശേഷി കൈവരിക്കുമായിരുന്നു’’-ട്രംപ് പറഞ്ഞു.
അതേസമയം, ഇസ്രയേലും അമേരിക്കയും തുടർച്ചയായ എട്ടാം ദിവസവും ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം തുടരുകയാണ്. ഇന്നലെ ടെഹ്റാനിലെ ഖമനയ്യുടെ കൊട്ടാരത്തിനു സമീപമുള്ള തുരങ്കം തകർത്തതായി ഇസ്രേലി സേന അവകാശപ്പെട്ടു. അതിനിടെ ഇറാന്റെ പ്രതിരോധശേഷി കുറഞ്ഞുവരുന്നതായും സൈനികതലത്തിൽ ഏകോപനമില്ലെന്നും സൂചനകളുണ്ട്.
ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കയുടെ മൂന്നാമതൊരു വിമാനവാഹിനി കപ്പൽകൂടി പശ്ചിമേഷ്യ ലക്ഷ്യമാക്കി പുറപ്പെട്ടതായി റിപ്പോർട്ടുണ്ട്.
യുഎസ്എസ് ജോർജ് എച്ച്ഡബ്ല്യൂ ബുഷാണു പുറപ്പെട്ടത്. നിലവിൽ അമേരിക്കയുടെ യുഎസ്എസ് ജെറാൾഡ് എഫ് ഫോർഡ്, യുഎസ്എസ് ഏബ്രഹാം ലിങ്കൺ എന്നീ യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലുണ്ട്.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ഊർജ വിതരണ മേഖലയിലുണ്ടാക്കിയ ആഘാതം രാജ്യത്തെ അടുക്കളകളിലേക്കും വ്യാപിച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എണ്ണക്കന്പനികൾ ഊർജവില വർധിപ്പിച്ചതിനെത്തുടർന്ന് രാജ്യത്തെ എൽപിജി സിലിണ്ടറുകളുടെ വില കുത്തനേ കൂടി. 14.2 കിലോ ഭാരമുള്ള ഗാർഹിക പാചകവാതക എൽപിജിക്ക് 60 രൂപ വർധിച്ചപ്പോൾ വാണിജ്യ ആവശ്യത്തിനുള്ള എൽപിജിക്ക് 115 രൂപയുടെ വർധനയും വർധിപ്പിച്ചു.
കഴിഞ്ഞ 11 മാസത്തിനിടെ ഇതു രണ്ടാമത്തെ വിലവർധനയാണിത്. കഴിഞ്ഞ വർഷം ഏപ്രിലിൽ 50 രൂപ വർധിപ്പിച്ചതായിരുന്നു ഏറ്റവും ഒടുവിലത്തെ എൽപിജി വിലവർധന. പുതിയ നിരക്കുപ്രകാരം ഡൽഹിയിൽ 14.2 കിലോ ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 853 രൂപയിൽനിന്ന് 913 രൂപയായി ഉയർന്നു.
വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയാകട്ടെ 1768.50 രൂപയിൽനിന്ന് 1883 രൂപയായി. ഉജ്വല പദ്ധതിയുടെ രാജ്യത്തുടനീളമുള്ള ഗുണഭോക്താക്കൾക്ക് എൽപിജി വിലയിൽ മാറ്റമുണ്ടാകില്ല.
എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിലും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തിൽ ബുക്കിംഗുകളിൽ വലിയരീതിയിലുള്ള വർധനവ് ഉണ്ടായതിനു പിന്നാലെയാണ് ഇന്ത്യൻ ഓയിൽ കോർപറേഷനും ഭാരത് പെട്രോളിയവും ഗാർഹിക എൽപിജി റീഫില്ലുകൾക്ക് 21 ദിവസത്തെ നിയന്ത്രണം ഏർപ്പെടുത്തിയത്.
Leader Page
യുദ്ധം രണ്ടാമത്തെ ആഴ്ചയിലേക്കു കടന്നു. സമാധാനത്തിനായി സൗദി അറേബ്യയും തുർക്കിയും ചില രഹസ്യനീക്കങ്ങൾ നടത്തുന്നുണ്ട്. പക്ഷേ എങ്ങും എത്തിയിട്ടില്ല. യുദ്ധത്തിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിലച്ചതു ചെറിയ കാര്യമല്ല.
ലോകത്തിൽ കടലിലൂടെയുള്ള ക്രൂഡ് ഓയിലിന്റെയും ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും (എൽഎൻജി) 30-32 ശതമാനം ഹോർമുസ് കടലിടുക്കിലൂടെയാണു നീങ്ങുന്നത്. ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ ഇന്ധന ഇറക്കുമതിയിൽ പകുതി ഇതു വഴിയാണ്. ഇന്ത്യയുടെ എൽപിജി ഇറക്കുമതിയിൽ മുന്തിയ പങ്കും ഇതു വഴി തന്നെ. മൊത്തം ആഗോള ഇന്ധന ഉപയോഗം നോക്കിയാൽ അതിൽ 20-22 ശതമാനം ഈ കടലിടുക്കിലൂടെയാണ്. അതായത് ലോകത്തിന്റെ ഊർജ-ഇന്ധന സുരക്ഷയ്ക്ക് യുദ്ധം ഭീഷണി ആയിരിക്കുന്നു.
യുദ്ധം തീരാൻ സാധ്യത തെളിയാത്തതു ലോകമെങ്ങും ഇന്ധനവില ഉയർത്തി. ഒരാഴ്ച കൊണ്ടു ക്രൂഡ് ഓയിൽ വില ബ്രെന്റ് ഇനത്തിന് 28ഉം ഡബ്ള്യുടിഐ ഇനത്തിന് 36ഉം ശതമാനം ഉയർന്നു. 1983നു ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര വിലക്കയറ്റം. ബ്രെന്റ് വില ഫെബ്രുവരി 27ലെ 72.87 ഡോളറിൽ നിന്ന് മാർച്ച് ആറിന് 92.69 ഡോളറിൽ എത്തി. ഡബ്ള്യുടിഐ ഇനം വീപ്പയ്ക്ക് 90.90 ഡോളർ ആയി. യുഎഇയുടെ മർബൻ ക്രൂഡ് 103.20 ഡോളറിലാണ് എത്തിയത്. പ്രകൃതിവാതക വില യൂറോപ്പിൽ അറുപതും ഏഷ്യയിൽ അൻപതും ശതമാനംവരെ കുതിച്ചു.
ഇതു തുടക്കം മാത്രം
വില എത്രവരെ എത്തും എന്നു പ്രവചിക്കാൻപോലും വിദഗ്ധർക്കു മടിയാണ്. ഖത്തറിന്റെ ഊർജകാര്യ മന്ത്രി സാദ് അൽ കാബി പറഞ്ഞതു 150 ഡോളറിലേക്കു ബ്രെന്റ് ഇനം എത്താം എന്നാണ്. പക്ഷേ അവിടെ നിൽക്കണമെന്നില്ല. പണ്ടു ഹോർമുസ് അടഞ്ഞു കിടന്നപ്പോൾ മൂന്നിരട്ടി വരെയായി വില കൂടിയിട്ടുണ്ട്. ആ കണക്കിലാണെങ്കിൽ ക്രൂഡ് വില 200 ഡോളറിനു മുകളിൽ പോകണം.
ഇന്ത്യ പാചകവാതക വില ഏഴു ശതമാനം ഉയർത്തി. പാക്കിസ്ഥാനിൽ പെട്രോൾ വില 20 ശതമാനം കൂട്ടി ലിറ്ററിനു 321.17 പാക് രൂപ ആക്കി. അമേരിക്കയിൽ പല സംസ്ഥാനങ്ങളിലും ഒരാഴ്ച കൊണ്ടു 14 ശതമാനമാണു പെട്രോൾ വില കൂടിയത്. യുദ്ധത്തിനെതിരേ അമേരിക്കയിൽ ജനാഭിപ്രായം വളരുന്നതിനു പ്രധാന കാരണം ഇതാണ്.
ഹോർമുസ് അടഞ്ഞുകിടക്കുമ്പോൾ ലോകത്തിലെ ക്രൂഡ് ഓയിൽ ഉപയോഗത്തിന്റെ 20-22 ശതമാനവും എൽഎൻജിയുടെ 30-31 ശതമാനവും എൽപിജിയുടെ 18-20 ശതമാനവും വിപണിയിൽ എത്താതെ വരും. ഹോർമുസ് വഴിയുള്ളതു മുടങ്ങിയാൽ പകരം അത്രയും ഇന്ധനവും വാതകവും ഇപ്പോൾ കിട്ടാൻ വഴിയില്ല. ഭൂമിക്കടിയിൽ ഇവ വേണ്ടത്ര ഉണ്ടാകും. പക്ഷേ ഉൽപാദനശേഷി ഒരു മാസമോ ആറു മാസമോ കൊണ്ടു വർധിപ്പിക്കാൻ പറ്റില്ല. തുറമുഖശേഷി വർധിപ്പിക്കാനും കാലമെടുക്കും. അതായതു ഹോർമുസ് ഉപരോധം നീണ്ടാൽ ലോകം വലയും.
ക്രൂഡ് ഓയിൽ അഥവാ അസംസ്കൃത പെട്രോളിയത്തിൽനിന്നു പെട്രോളും ഡീസലും മാത്രമല്ല ഇന്ന് എടുക്കുന്നത്. പെയിന്റ്, ചായങ്ങൾ, പോളിഷ് എന്നിവയ്ക്കു വേണ്ട കെമിക്കലുകൾ, പാരഫിൻ, ബിറ്റുമിൻ (ടാർ), പോളിസ്റ്റർ നിർമാണത്തിനു വേണ്ട കെമിക്കലുകൾ തുടങ്ങിയവ കിട്ടുന്നു. പോളി എഥിലിൻ, പോളി പ്രൊപ്പിലിൻ, കൃത്രിമ റബർ, പിവിസി, പ്രൊപെയ്ൻ, ബ്യൂട്ടേൻ തുടങ്ങിയ ഒരു വലിയ നിര വ്യാവസായിക ഉത്പന്നങ്ങളും രാസവസ്തുക്കളും അതിൽനിന്ന് എടുക്കുന്നു.
പ്രകൃതിവാതകം ദ്രവീകൃതമാക്കാനുള്ള (എൽഎൻജി വിദ്യ കണ്ടുപിടിച്ചതോടെ അതിന്റെ തലവര മാറി. ഇന്ന് ഏറ്റവും സ്വീകാര്യതയുള്ള ഇന്ധനങ്ങളിൽ ഒന്നാണ് അത്. വൈദ്യുതി ഉത്പാദനത്തിനും രാസവള നിർമാണത്തിനും വാഹന ഗതാഗതത്തിനും (സിഎൻജി- കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് ) നഗരങ്ങളിലെ പാചകത്തിനും (പിഎൻജി- പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്) അതു വേണം.
പശ്ചിമേഷ്യയും മാറി
ക്രൂഡ് ഓയിൽ വിറ്റു പണം വാങ്ങി യൂറോപ്പിലും അമേരിക്കയിലുമുള്ള ചൂതാട്ടകേന്ദ്രങ്ങളിലും ഉല്ലാസ നഗരങ്ങളിലും ബീച്ചുകളിലും അടിച്ചു പൊളിച്ചിരുന്ന ഷേയ്ക്കുമാരുടെ കാലം കഴിഞ്ഞു. പശ്ചിമേഷ്യൻ രാജ്യങ്ങൾ ഇന്നു ക്രൂഡും വാതകവും മാത്രമല്ല കയറ്റുമതി ചെയ്യുന്നത്. പെട്രോൾ, ഡീസൽ, പെട്രോകെമിക്കലുകൾ, രാസവളങ്ങൾ, അലൂമിനിയം, സിറാമിക് ഉത്പന്നങ്ങൾ, പ്ലാസ്റ്റിക്കുകൾ, പോളിമറുകൾ തുടങ്ങിയവയുടെ കയറ്റുമതിയിൽ വലിയ സ്ഥാനമുണ്ട് പശ്ചിമേഷ്യക്ക്.
ലോകവിപണിയിലെ രാസവളത്തിന്റെ ഗണ്യമായൊരു ഭാഗം ഇന്ന് അവിടെ നിന്നാണ്. ആഗോള യൂറിയ കയറ്റുമതിയുടെ 33 ശതമാനവും ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി) കയറ്റുമതിയുടെ 20-23 ശതമാനവും പശ്ചിമേഷ്യയിൽ നിന്നാണ്. അലൂമിനിയത്തിന്റെ ആഗോള കയറ്റുമതിയുടെ 10 ശതമാനം ഈ രാജ്യങ്ങൾ നടത്തുന്നു.
ഹോർമുസ് അടഞ്ഞപ്പോൾ ഇവയുടെ കയറ്റുമതി മുടങ്ങി. കയറ്റുമതി ഒന്നുരണ്ടാഴ്ച മുടങ്ങിയാൽ ഉത്പാദനം നിർത്തേണ്ടി വരും. ഖത്തർ അടക്കം പലരും പ്രകൃതിവാതക ഉത്പാദനം നിർത്തി. കാരണം സൂക്ഷിക്കാൻ സൗകര്യം ഇല്ല. ഗണ്യമായ സ്റ്റോറേജ് സംവിധാനം ഉള്ള ക്രൂഡ് ഓയിലിന്റെ ഉത്പാദനവും കുറച്ചു വരികയാണ്. ഇറാഖ് കഴിഞ്ഞയാഴ്ച ഉത്പാദനം 15 ശതമാനം കുറച്ചു. കുവൈറ്റും ക്രൂഡ് ഉത്പാദനം കുറച്ചു. ഒപെക് രാജ്യങ്ങളിലെ ഉത്പാദനം പ്രതിദിനം 60 ലക്ഷം വീപ്പ കണ്ടു കുറച്ചു എന്നാണ് ശനിയാഴ്ച ഉള്ള കണക്ക്.
74 ദിവസത്തെ ക്രൂഡ്
ഇന്ത്യയടക്കം പല രാജ്യങ്ങളും വലിയ തോതിൽ ക്രൂഡ് ഓയിൽ വാങ്ങി ശേഖരിച്ചിട്ടുണ്ട്. 74 ദിവസം വേണ്ടത്ര ക്രൂഡ് ഉണ്ട് എന്നാണ് ഇന്ത്യ പറയുന്നത്. ഇത് എണ്ണ ടാങ്കറുകളിൽ വരുന്നതും റിഫൈനറികളിൽ ടാങ്കറുകളിലേക്ക് പകർത്താൻ സൂക്ഷിച്ചിരിക്കുന്നതും കൂടിയാണ്. പ്രായോഗികമായി നാലോ അഞ്ചോ ആഴ്ചത്തേക്കു വേണ്ടതു മാത്രമാകും റിസർവ്. മുന്നറിയിപ്പില്ലാതെ കപ്പൽച്ചാൽ അടച്ചപ്പോൾ സപ്ലൈ ശൃംഖല ഇടയ്ക്കു മുറിഞ്ഞതു പോലെയായി. അതു പരിഹരിച്ചു പഴയതുപോലെ ആക്കാൻ ഹോർമുസ് തുറന്ന് ആഴ്ചകൾ കഴിയണം.
അതിനിടെ രാഷ്ട്രീയ തിരിച്ചടി ഒഴിവാക്കാൻ ഗാർഹിക മേഖലയ്ക്കു വേണ്ട പാചക വാതകത്തിന്റെ ലഭ്യത കൂട്ടാനാണു ഗവണ്മെന്റ് ശ്രമിക്കുന്നത്. രണ്ടു കാര്യങ്ങളാണ് ഇതിനു ചെയ്യുന്നത്.
ഒന്ന്: മറ്റ് വ്യാവസായിക ഉത്പന്നങ്ങൾക്കു പകരം പാചകവാതക ഉത്പാദനം നടത്താൻ റിഫൈനറികൾക്കു നിർദേശം നൽകി.
രണ്ട്: ഉപയോഗം നിയന്ത്രിക്കാൻ വില കൂട്ടുകയും സിലിണ്ടർ മാറ്റത്തിന്റെ കാലാവധി നീട്ടുകയും ചെയ്തു. ഇന്ത്യക്ക് ആവശ്യമായ എൽപിജിയുടെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുകയാണ്. അതിൽ 90 ശതമാനം ഹോർമുസ് വഴിയായിരുന്നു. ഇത്രയും നഷ്ടം നികത്താൻ സാധാരണ നടപടികൾ കൊണ്ടു കഴിയില്ല. അടിയന്തരമായി മറ്റു രാജ്യങ്ങൾ സഹായിച്ചാലേ വിതരണം താറുമാറാകാതെ മുന്നോട്ടു പോകാൻ പറ്റൂ.
National
മുംബൈ: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് മുംബൈ, ഡൽഹി, ബംഗളൂരു, കോൽക്കത്ത രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്നായി ഇന്നലെ 140ലേറെ സർവീസുകൾ റദ്ദാക്കി.
വിമാനക്കന്പനികൾ പ്രവർത്തനം ഭാഗികമായി നിർത്തിവച്ചിരിക്കുകയാണ്. മധ്യേഷ്യയിലെ ചില വിമാനത്താവളങ്ങളിൽ നിന്ന് പരിമിതമായ സർവീസുകൾ ചില കന്പനികൾ നടത്തുന്നുണ്ട്.
മുംബൈ വിമാനത്താവളത്തിൽനിന്നു പുറപ്പെടേണ്ട 39 വിമാനങ്ങളും എത്തേണ്ട 34 വിമാനങ്ങളുമാണ് ഇന്നലെ റദ്ദാക്കിയത്. ബംഗളൂരുവിൽ റദ്ദാക്കിയതു പുറപ്പെടേണ്ട 15 എണ്ണം ഉൾപ്പെടെ 33 സർവീസുകളാണ്. ഡൽഹിയിൽനിന്ന് പുറപ്പെടേണ്ട 15 വിമാനങ്ങൾ ഉൾപ്പെടെ മൊത്തം 29 സർവീസുകളും ഇന്നലെ റദ്ദാക്കി.
Leader Page
ലോക പോലീസ് കളിക്കുന്ന അമേരിക്കയുടെ മുന്നില്‍ ഇന്ത്യയുടെ ആത്മാഭിമാനവും സ്വാതന്ത്ര്യവും അടിയറ വയ്ക്കുകയാണോ? ഇറാനില്‍ ആക്രമണത്തിനു തൊട്ടുമുമ്പായി ഇസ്രയേല്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം തെറ്റോ? ഇന്ത്യയുടെ സൗഹൃദരാജ്യമായ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെയും ഇറാനിലെ 168 സ്കൂള്‍ കുട്ടികളുടെയും കൊലപാതകത്തെ അപലപിക്കാതിരുന്നതു തെറ്റല്ലേ? ഖമനയ്യുടെ മരണത്തില്‍ അനുശോചിക്കാന്‍ പോലും ഇന്ത്യ വൈകിയത് എന്തിനാണ്?
റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ചതായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യയുടെ അന്തസിനും പരമാധികാരത്തിനും ആഘാതമായി. ഇന്ത്യപോലെയൊരു മഹാരാജ്യത്തിന് എണ്ണ വാങ്ങാന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ അനുമതി വേണമോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉത്തരം പറയേണ്ടത്.
► പുലിവാലായ യുദ്ധക്കപ്പല്‍
മധ്യേഷ്യയിലും ലക്ഷക്കണക്കിനു പ്രവാസി ഇന്ത്യക്കാരുള്ള യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ബഹറിന്‍, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലുമുള്ള സംഘര്‍ഷം ശമിക്കാതെ തുടരുമ്പോഴും ഇന്ത്യയുടെ നയതന്ത്ര നിലപാടുകള്‍ വിമര്‍ശിക്കപ്പെടുന്നു. ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തി മടങ്ങിയ ഇറാന്റെ ഐറിസ് ദേന എന്ന പടക്കപ്പല്‍ അമേരിക്ക തകര്‍ത്തപ്പോഴുള്ള ഇന്ത്യയുടെ മൗനവും വിവാദമായി.
ഇന്ത്യന്‍ സമുദ്രത്തില്‍ ശ്രീലങ്കയോട് അടുത്താണു സംഭവമുണ്ടായത്. സാങ്കേതികമായി കപ്പല്‍ ഇന്ത്യയുടെ സമുദ്രാതിര്‍ത്തി വിട്ടുവെന്നതായിരുന്നു ന്യായം. അമേരിക്കന്‍ അന്തര്‍വാഹിനിയുടെ ടോര്‍പിഡോ ആക്രമണത്തില്‍ മുങ്ങിയ ഇറാന്റെ യുദ്ധക്കപ്പലിലുണ്ടായിരുന്ന 180 പേരുടെ രക്ഷാദൗത്യത്തിനുപോലും ഇന്ത്യ വൈകിയെന്നതു നിഷ്പക്ഷരായവരെ നടുക്കി. ഇന്ത്യയുടെ അതിഥി ആയിരുന്നു ഇറാന്റെ ഈ യുദ്ധക്കപ്പല്‍.
► അമേരിക്കയെ തള്ളിയ ഇന്ദിര
1971ലെ ഇന്ത്യ-പാക്കിസ്ഥാന് യുദ്ധസമയത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ നാവികസേനയെ വിന്യസിച്ച് അമേരിക്കയെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെല്ലുവിളിച്ചതാണു ചരിത്രം. ഇന്ത്യക്കെതിരേ പാക്കിസ്ഥാനെ സഹായിക്കാനായി ആണവശക്തിയുള്ള വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എന്റര്‍പ്രൈസിന്റെ നേതൃത്വത്തില്‍ ഏഴാം കപ്പല്‍പ്പടയെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് അയച്ചതിനെയാണ് അന്ന് ഇന്ത്യ ധീരമായി വെല്ലുവിളിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സണിന്റെയും സുരക്ഷാ ഉപദേഷ്ടാവ് ഹെന്റി കിസിംഗറുടെയും സമ്മര്‍ദത്തിനു വഴങ്ങാതെ ബംഗ്ലാദേശിന്റെ വിമോചനം ഉറപ്പാക്കിയത് ഇന്ദിരയുടെ ധീരവും അചഞ്ചലവുമായ ദൃഢനിശ്ചയമാണ്.
ചൈനയുടെ യുയാന്‍ വാംഗ് 5 എന്ന കപ്പല്‍ 2022ല്‍ ശ്രീലങ്കന്‍ തുറമുഖത്തു നങ്കൂരമിടാന്‍ അനുവദിച്ചതിനെതിരേ മോദി സര്‍ക്കാര്‍ പ്രതിഷേധിച്ചിരുന്നു. ശ്രീലങ്കന്‍ തുറമുഖത്ത് ഏതു കപ്പലിന് അനുമതി കൊടുക്കണമെന്നതു സാങ്കേതികമായി ആ രാജ്യത്തിന്റെ മാത്രം അധികാരമാണ്. എങ്കിലും ഇന്ത്യ എതിര്‍ത്തു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണങ്ങള്‍ മുതല്‍ ഉപഗ്രഹം, റോക്കറ്റ് തുടങ്ങിയവയെല്ലാം നിരീക്ഷിക്കാന്‍ കഴിയുന്ന ചൈനയുടെ പുതുതലമുറ ബഹിരാകാശ ട്രാക്കിംഗ് ചാര കപ്പലുകളിലൊന്നായിരുന്നു യുയാന്‍ വാംഗ് 5 എന്നതായിരുന്നു പ്രശ്നം.
► മന്മോഹനും മാതൃകയായി
2003ലെ ഇറാക്കിലെ അമേരിക്കന്‍ അധിനിവേശത്തിനെതിരേ അമേരിക്കയില്‍ ചെന്നു സംസാരിക്കാന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് തയാറായതു ചരിത്രമാണ്. അമേരിക്കയുമായുള്ള ആണവകരാറിന്റെ ചര്‍ച്ചകള്‍ക്കായി അമേരിക്കയിലെത്തിയപ്പോഴായിരുന്നു പ്രതികരണം. അമേരിക്കയുടെ ഇറാക്ക് അധിനിവേശം “ഒരു തെറ്റായിരുന്നു” എന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നല്കിയ ഉത്തരം.
അമേരിക്കന്‍ അധിനിവേശത്തോട് വ്യക്തവും കൃത്യവുമായിരുന്നു അന്നത്തെ ഇന്ത്യയുടെ നിലപാട്. അമേരിക്കയുടെ ഇറാക്ക് ആക്രമണത്തോടുള്ള എതിര്‍പ്പിന് മന്മോഹന്റെ വാക്കുകളില്‍ മറയില്ലായിരുന്നു. എന്നിട്ടും ആണവോര്‍ജ കരാര്‍ നേടിയെടുക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. രാജ്യതാത്പര്യം നേടുമ്പോഴും ഇന്ത്യയുടെ നിലപാടില്‍ വെള്ളം ചേര്‍ക്കുകയോ, അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങുകയോ ചെയ്തില്ല.
► അനുശോചിക്കാനും വിറയലോ?
ഗള്‍ഫ് രാജ്യങ്ങളിലെ ഇറാന്റെ ആക്രമണങ്ങളെ ഇന്ത്യ വിമര്‍ശിച്ചു. എന്നാല്‍, അമേരിക്കയും ഇസ്രയേലും ഇറാനില്‍ നടത്തിയ ആക്രമണങ്ങളോട് ഇന്ത്യ മൗനം പാലിച്ചു. ഇറാന്റെ പരമോന്നത നേതാവ് അലി ഖമനയ്യുടെ കൊലപാതകത്തെ അപലപിക്കാനും തയാറായില്ല. ടെഹ്റാന് ആക്രമിക്കപ്പെട്ട ഫെബ്രുവരി 28നുതന്നെ ഖമനയ്യും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. പക്ഷേ 12 ദിവസം കഴിഞ്ഞാണ് ഇന്ത്യ അനുശോചനം രേഖപ്പെടുത്തിയത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡല്‍ഹിയിലെ ഇറാന് എംബസിയിലെത്തി അനുശോചനം ബുക്കിലെഴുതി.
അനുശോചിക്കാന്‍പോലും രണ്ടാഴ്ചയോളം വൈകിയതു പതിറ്റാണ്ടുകളായുള്ള വിദേശനയത്തിന്റെ കരുത്താണു ചോര്‍ത്തിയത്. ഖമനയ് കൊല്ലപ്പെട്ട ദിവസംതന്നെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇറേനിയന്‍ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായി സംസാരിച്ചിരുന്നു. എന്നാല്‍, യുഎസ്- ഇസ്രയേല്‍ ആക്രമണങ്ങളെ അപലപിക്കുകയോ, ഇറാന്റെ പരമോന്നത നേതാവിന്റെ വധം പരാമര്‍ശിക്കുകയോ ചെയ്തില്ല.
► സന്തുലിതമായി തുടരണം
ഇറാനെതിരേയുള്ള യുഎസ്-ഇസ്രയേല്‍ യുദ്ധത്തില്‍ നിശബ്ദമായി ഇന്ത്യ പക്ഷം ചേര്ന്നോയെന്നതാണു ചോദ്യം. ആഗോള സംഘര്‍ഷങ്ങളില്‍ പതിറ്റാണ്ടുകളായി ഇന്ത്യ തുടരുന്ന സന്തുലിത നിലപാടിലാണു മാറ്റം വരുത്തിയത്.
മധ്യേഷ്യയിലേക്കുള്ള ഇന്ത്യയുടെ കവാടമായി കണക്കാക്കപ്പെടുന്ന ഇറാനിലെ ചബഹാര്‍ തുറമുഖം വികസിപ്പിക്കുന്നതിന് ഇന്ത്യ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്ത്യയുടെ മൗനം നിഷ്പക്ഷതയ്ക്കു പകരം ഒഴിഞ്ഞുമാറലാണെന്ന സോണിയ ഗാന്ധിയുടെ ആരോപണം ശ്രദ്ധിക്കപ്പെട്ടത് ഇതിനാലാണ്. കേന്ദ്രസര്‍ക്കാരിന്റെ ധാര്‍മിക ഭീരുത്വം എന്ന് ജയ്റാം രമേശും ഇറാനോടുള്ള വഞ്ചനയെന്ന് പവന് ഖേരയും ആരോപിക്കുന്നു.
► സമയം പോലും പ്രധാനം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസമയത്തെ ഇസ്രയേല്‍ സന്ദര്‍ശനം എന്തിനായിരുന്നുവെന്ന ചോദ്യം ശേഷിക്കും. ഇറാനെ ആക്രമിക്കാന്‍ അമേരിക്കയും ഇസ്രയേലും പടക്കപ്പലുകള്‍ അടക്കം എല്ലാ സന്നാഹങ്ങളും ഒരുക്കിയെന്ന് ലോകം അറിഞ്ഞശേഷമായിരുന്നു ഇത്. ഇസ്രയേലിന്റെ പരമോന്നത ബഹുമതി നല്‍കാതെ, ഇന്നേവരെയില്ലാതിരുന്ന പാര്‍ലമെന്റിന്റെ മെഡല്‍ സമ്മാനിച്ചതും മോദിയുടെ പ്രതിച്ഛായയ്ക്ക് നല്ലതല്ല.
ഇറാനോടും ഇസ്രയേലിനോടും തന്ത്രപരമായ നല്ല ബന്ധമുള്ള ഇന്ത്യ, പെട്ടെന്ന് ഇസ്രയേല്‍-അമേരിക്ക അച്ചുതണ്ടിന്റെ ഭാഗമായെന്ന സംശയം ബലപ്പെടുത്താനാണ് മോദിയുടെ സന്ദര്‍ശനം വഴിവച്ചത്. വരികള്‍ക്കിടയില്‍ കാര്യം വ്യക്തമാണ്. എതിരാളികള്‍ക്കിടയിലുള്ള ബന്ധങ്ങള്‍ സന്തുലിതമാക്കാന്‍ ഇന്ത്യ ശ്രമിച്ച റഷ്യ-യുക്രെയ്ന് സംഘര്‍ഷത്തില്‍നിന്നു വ്യത്യസ്തമാണു പുതിയ നിലപാട്. മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം തെറ്റായ സമയത്താണെന്നും ഇന്ത്യയുടെ നിഷ്പക്ഷതയെ പൂര്‍ണമായും ഇല്ലാതാക്കിയെന്നുമാണ് മുന്‍ അംബാസഡര്‍ കെ.സി. സിംഗ് പറഞ്ഞത്. സമാനമായ അഭിപ്രായം മുന്‍ അംബാസഡര്‍ കെ.പി. ഫാബിയനും നടത്തി.
► ഇസ്രയേലിലേക്കൊരു ചായ്വ്?
ഇസ്രയേല്‍, ഇറാന് തുടങ്ങിയ സംഘര്‍ഷഭരിത രാജ്യങ്ങളുമായും ഗള്‍ഫ് രാജ്യങ്ങളുമായും സമാന്തര ബന്ധം നിലനിര്‍ത്തുന്നതാണു പതിറ്റാണ്ടുകളായുള്ള ഇന്ത്യയുടെ മിഡില്‍ ഈസ്റ്റ് വിദേശനയത്തിന്റെ മുഖമുദ്ര. നയവ്യതിയാനത്തില്‍ അമേരിക്കയുടെ സമ്മര്‍ദമുണ്ടെന്ന പ്രതിപക്ഷ ആരോപണം വിദേശകാര്യ വിദഗ്ധര്‍ പാടേ തള്ളുന്നില്ല.
പ്രധാനമന്ത്രി മോദിയുടെ കീഴില്‍, ഇന്ത്യയുടെ ഇസ്രയേല്‍ ബന്ധത്തിനു ലഭിച്ച പ്രോത്സാഹനം ശ്രദ്ധേയമാണ്. ഇസ്രയേലിന്റെ ആയുധ കയറ്റുമതിയുടെ 38 ശതമാനത്തിലധികം ഇന്ത്യയിലേക്കാണ്. ഇസ്രയേലിന്റെ ചാര നിരീക്ഷണ ഉപകരണങ്ങള്‍ വാങ്ങിയതും വിവാദമായിരുന്നു.
► ട്രംപിന്റെ കളിയില്‍ വീഴേണ്ടതില്ല
അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധത്തിലെ മാറ്റവും വിവാദമാണ്. പഹല്‍ഗാം ഭീകരാക്രമണത്തിനെതിരേ ഇന്ത്യ നടത്തിയ ഓപ്പറേഷന് സിന്ദൂര്‍ അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതും നടപ്പായതും ലോകം കണ്ടു. ഇന്ത്യ-പാക്കിസ്ഥാന് സംഘര്‍ഷം അവസാനിപ്പിച്ചതു താനാണെന്നു ട്രംപ് പലതവണ ആവര്‍ത്തിച്ചപ്പോഴും നേരിട്ടു തള്ളിപ്പറയാന്‍ ഇന്ത്യക്കായില്ല. അമേരിക്കയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിക്ക് ഉണ്ടായിരുന്ന കൂടിയ തീരുവ ഇളവു ചെയ്തതും അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ ഇറക്കുമതിക്കു കൂടിയ തീരുവ ഏര്‍പ്പെടുത്തിയതും ക്ഷീണമായി.
ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറില്‍ ചില കാര്‍ഷികോത്പന്നങ്ങളുടെ ഇറക്കുമതിക്ക് അനുമതി കൊടുത്തതും വിമര്‍ശനവിധേയമായി. വ്യാപാരക്കരാര്‍ ആവശ്യമാണെങ്കിലും അമേരിക്കയുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങുന്നുവെന്ന തോന്നല്‍പോലും അപകടമാണ്. തീരുവയും സമ്മര്‍ദതന്ത്രങ്ങളും അടക്കം എന്തും ആയുധമാക്കി ലോകം അടക്കിവാഴാമെന്ന ട്രംപിന്റെ അതിമോഹത്തിന് ഇന്ത്യപോലെ ശക്തമായൊരു രാജ്യം കീഴ്പ്പെടണമോയെന്നതാണു ചോദ്യം.
► സമാധാനം പരമപ്രധാനം
പ്രധാനമന്ത്രി മോദി പറഞ്ഞതുപോലെ, യുദ്ധം ഒന്നിനും പരിഹാരമല്ല. നിയമവാഴ്ചയും സംഭാഷണവും നയതന്ത്രവുമാണ് ആഗോള സമാധാനത്തിനു വേണ്ടത്. ഗള്‍ഫിലും മധ്യേഷ്യയിലും മലയാളികള്‍ അടക്കമുള്ള ലക്ഷക്കണക്കിനു പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുക ഇന്ത്യയുടെ ഉത്തരവാദിത്വമാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ലഘൂകരിക്കാനും സമാധാനത്തിനുമുള്ള ചര്‍ച്ചകള്‍ക്ക് ഇന്ത്യയും മുന്‍കൈയെടുക്കട്ടെ.