യുദ്ധം നിർണായകമായ അടുത്ത ഘട്ടത്തിലേക്കു കടന്നു. എണ്ണ-വാതക സംവിധാനങ്ങൾ ആക്രമിക്കപ്പെട്ടു. ആക്രമണം തുടർന്നാൽ മുച്ചൂടും നശിപ്പിക്കും എന്നു പരസ്പരഭീഷണിയും മുഴക്കി. യുദ്ധം 20 ദിവസം കഴിയുമ്പോൾ ആരാണു കണ്ണു ചിമ്മുക എന്നല്ല ലോകം കാത്തിരിക്കുന്നത്. ആരെങ്കിലും കണ്ണു ചിമ്മി വലിയ നാശം ഒഴിവാക്കുമോ എന്നാണ്.
ഇറാന്റെ തെക്കൻ പാഴ്സ് വാതകപാടത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണമാണു സ്ഥിതി വഷളാക്കിയത്. സൗദി അറേബ്യയിലും യുഎഇയിലും റിഫൈനറികളും ഖത്തറിൽ വാതകപാടവും ആക്രമിച്ച് ഇറാൻ തിരിച്ചടിച്ചു. ഇസ്രേലി ആക്രമണം താൻ അറിഞ്ഞു നടന്നതല്ലെന്നു പറഞ്ഞ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന് ഒരവസരം നൽകുകയാണു ചെയ്തത്.
ഇനി ഇറാൻ ഇന്ധനസംവിധാനങ്ങൾ ആക്രമിക്കുന്നില്ലെങ്കിൽ തിരിച്ചും ഇന്ധനമേഖലയെ ആക്രമിക്കില്ല എന്നാണ് ഓഫർ. ഇറാൻ പ്രതികരണം നൽകിയില്ല. സൗദിയുടെ ചെങ്കടൽ തീരത്തെ യാമ്പു റിഫൈനറി ആക്രമിക്കപ്പെട്ടത് അതിനുശേഷമാണ്. ഇറാൻ ഇനി ആക്രമിച്ചാൽ അവരുടെ എല്ലാ എണ്ണ-വാതക പാടങ്ങളും കത്തിക്കും എന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. ഇതോടെ ക്രൂഡ് ഓയിൽ, പ്രകൃതിവാതക വിലകൾ കുതിച്ചു കയറി. അതിനിടെ ഹോർമുസിലൂടെ കപ്പൽ കടത്തിവിടാൻ ഫീസ് ഏർപ്പെടുത്തുമെന്നും ഇറാൻ പ്രഖ്യാപിച്ചു.
►ട്രംപിന്റെ ഭീഷണി
ഇതാണു നില. ഇപ്പോൾ ലോകത്തിന്റെ ആശങ്ക ഇന്ധനത്തെപ്പറ്റിയാണ്. ഇന്ധനവില എങ്ങും കുതിച്ചുകയറുന്നു. ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ വീപ്പയ്ക്കു 119 ഡോളർ കടന്ന ശേഷം താഴ്ന്നു 115 ഡോളറിൽ നിൽക്കുന്നു. യുഎഇയുടെ മർബൻ ക്രൂഡ് 129 ഡോളറിൽ തൊട്ടു. ഇന്ത്യ വാങ്ങുന്ന പശ്ചിമേഷ്യൻ ക്രൂഡിന്റെ (ഇന്ത്യൻ ബാസ്കറ്റ്) വില ഒരു വീപ്പയ്ക്ക് 146.39 ഡോളർ കടന്നു. ഫെബ്രുവരിയിലെ ശരാശരി വിലയായ 69.01 ഡോളറിന്റെ ഇരട്ടിയിലധികം. ഫെബ്രുവരിയിൽ ബ്രെന്റ് ക്രൂഡിൽനിന്നു 12 ഡോളർ താഴ്ത്തി കിട്ടിയിരുന്ന റഷ്യൻ എണ്ണ ഇപ്പോൾ ബ്രെന്റിനേക്കാൾ അഞ്ചു ഡോളർ കൂടുതൽ നൽകിയാണ് വാങ്ങുന്നത്.
ട്രംപിന്റെ ഭീഷണി ഫലിക്കുകയും എണ്ണ-വാതക പാടങ്ങൾ പരസ്പരം ആക്രമിക്കാതിരിക്കുകയും ചെയ്താൽ വില കുറയാം. അല്ലെങ്കിൽ ഇനിയും കുതിക്കും. 120ലോ 130ലോ നിൽക്കാതെ 150 ഡോളറിനു മുകളിലോ 200ലോ ക്രൂഡ് ഓയിൽ വില എത്താം. അതാണു ലോകം ഭയപ്പെടുന്ന ഒരു വിഷയം.
►ഊർജക്ഷാമം അകലെയല്ല
തത്കാലം ക്രൂഡിനു ക്ഷാമമില്ല. ഹോർമുസിലെ സ്ഥിതി ഈ മാസം മാറിയില്ലെങ്കിലും ക്രൂഡ് ദൗർലഭ്യം വിഷയമാകില്ല. അതിനപ്പുറത്തേക്കു നീണ്ടാൽ കാര്യം മാറും. പ്രതിദിനം 10.26 കോടി ബാരൽ ക്രൂഡ് ഓയിലാണ് ആഗോള ഉപയോഗം. റിഫൈനറികളുമായി ബന്ധപ്പെട്ട് മൂന്നാഴ്ചത്തെ സ്റ്റോക്ക് (ക്രൂഡ് വരുന്ന കപ്പലിലും ഉത്പന്നം സൂക്ഷിക്കുന്ന ടാങ്കുകളിലുമായി) സാധാരണ ഉണ്ടാകും. ഇന്റർനാഷണൽ എനർജി ഏജൻസി (ഐഇഎ) യിലെ 32 രാജ്യങ്ങൾ 90 ദിവസത്തേക്കു വേണ്ട എണ്ണ സൂക്ഷിക്കണം. പുറമേ ഐഇഎ യുടെ സ്ട്രാറ്റജിക് റിസർവ് (120 കോടി വീപ്പ) ഉണ്ട്. എല്ലാംകൂടി ചേരുമ്പോൾ അഞ്ചോ ആറോ ആഴ്ച എണ്ണലഭ്യത തടസപ്പെട്ടാലും വലിയ കുഴപ്പമില്ല എന്നു പറയാം. യുദ്ധം നീണ്ടാൽ സാഹചര്യം ഗുരുതരമാകും. ലോകത്തിലെ ഊർജ ആവശ്യത്തിന്റെ 35 ശതമാനം നിറവേറ്റുന്നത് ക്രൂഡ് ഓയിൽ ആണ്.
പ്രകൃതിവാതകത്തിന്റെ കാര്യവും നിർണായകമാണ്. ആഗോള ഊർജ ആവശ്യത്തിന്റെ 24 ശതമാനം ഇപ്പോൾ ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) ഉപയോഗിച്ചാണു നിറവേറ്റുന്നത്. അതിന്റെ സ്റ്റോക്ക് തികച്ചും പരിമിതമാണ്. ഏതാനും ദിവസത്തെ സ്റ്റോക്ക് മാത്രമേ രാജ്യങ്ങൾക്ക് ഉള്ളൂ. ലഭ്യത കുറയുന്നത് വ്യവസായങ്ങളെ പ്രതിസന്ധിയിലാക്കും. പ്രകൃതിവാതകത്തിന്റെ യൂറോപ്പിലെ വില യുദ്ധം തുടങ്ങിയ ശേഷം ഇരട്ടിച്ചു. ഇതു നീണ്ടുനിന്നാൽ ഘനവ്യവസായങ്ങൾ മുതൽ ഇലക്ട്രോണിക് അസംബ്ലിംഗ് വരെയുള്ളവ പ്രതിസന്ധിയിലാകും.
►മാന്ദ്യത്തിലേക്കുള്ള വഴി
വില പതിവിലധികം വർധിക്കുമ്പോൾ കയറ്റം നിയന്ത്രിക്കാൻ കേന്ദ്രബാങ്കുകൾ പലിശ കൂട്ടും. അതാണ് അവയ്ക്കു ചെയ്യാൻ പറ്റുന്ന കാര്യം. പലിശ കൂടുമ്പോൾ വ്യവസായങ്ങൾക്കു മൂലധനം കിട്ടാൻ പ്രയാസമാകും. ഉയർന്ന പലിശയ്ക്ക് പണം വായ്പയെടുത്ത് കാര്യങ്ങൾ ചെയ്യുമ്പോൾ ഉത്പന്നത്തിനു വില കൂട്ടണം. അപ്പോൾ വിൽപന കുറയും. പുതിയ പദ്ധതികൾ തുടങ്ങാൻ ബാങ്കുകളും മറ്റും നൽകുന്ന ദീർഘകാല വായ്പയ്ക്കും പലിശ കൂടും. അത്രയും നൽകി മൂലധനനിക്ഷേപം നടത്തുന്നതു ലാഭകരമല്ലാതെ വരും. പുതിയ നിക്ഷേപവും ഉള്ളവയുടെ നടത്തിപ്പും ബുദ്ധിമുട്ടാകുമ്പാേൾ വ്യവസായരംഗം മാന്ദ്യത്തിലാകും. പുതിയ തൊഴിൽ ഉണ്ടാകില്ല. എന്നു മാത്രമല്ല, വിൽപനക്കുറവു മൂലം ജോലിക്കാരെ പിരിച്ചുവിടുകയും ചെയ്യും.
പലിശ കൂടുമ്പോൾ ജനങ്ങൾ വായ്പയെടുത്തു പാർപ്പിടം വാങ്ങുന്നതും പണിയുന്നതും വാഹനം വാങ്ങുന്നതും കുറയും. അതും വ്യവസായങ്ങളെ മാന്ദ്യത്തിലാക്കും.
മുൻപത്തെ പശ്ചിമേഷ്യൻ യുദ്ധങ്ങൾ ഒന്നോ രണ്ടോ രാജ്യങ്ങളിൽ ഒതുങ്ങിനിന്നവയാണ്. ഇത്തവണ അങ്ങനെയല്ല. പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളും യുദ്ധത്തിനു നടുവിലാണ്. എല്ലാ രാജ്യങ്ങളുടെയും എണ്ണ, വാതക കയറ്റുമതി കുറഞ്ഞു. ഇറക്കുമതിയും കുറഞ്ഞു. ആഗോള വാണിജ്യത്തിലെ ഗണ്യമായ ഒരു ഭാഗമാണ് ഇങ്ങനെ മൂന്നാഴ്ചയായി മുടങ്ങിക്കിടക്കുന്നത്.
ബോംബുകളും മിസൈലുകളും വഴി ആ രാജ്യങ്ങളിൽ തകരുന്ന ഭൗതിക സംവിധാനങ്ങൾ കുറവല്ല. ടൂറിസത്തിലും മറ്റും വരുന്ന നഷ്ടം വേറെ. യുദ്ധം നീളുംതോറും ഗൾഫ് മാത്രമല്ല ഗൾഫുമായി ബന്ധപ്പെട്ട രാജ്യങ്ങളും ദുരിതത്തിലാകും.
ഓഹരിയും സ്വർണവും ഇടിയുന്നു
വിലക്കയറ്റവും മാന്ദ്യവും വരുന്നതിന്റെ ഭീതിയിലാണ് ഓഹരിക്കമ്പോളങ്ങൾ. ഇന്ത്യയിലടക്കം ഏഷ്യൻ രാജ്യങ്ങളിലെ വിപണികൾ യുദ്ധം തുടങ്ങിയശേഷം ശരാശരി 10 ശതമാനം ഇടിഞ്ഞു. ഇന്ത്യൻ വിപണിയിലെ ഓഹരികളുടെ മൊത്തം വില 43 ലക്ഷം കോടി രൂപ കണ്ടാണ് ഇടിഞ്ഞത്.
ഓഹരികൾ മാത്രമല്ല, സ്വർണവും വെള്ളിയും ഒക്കെ ഇടിഞ്ഞു. ജനുവരി മൂന്നാം വാരത്തിൽ 5600 ഡോളറിനു തൊട്ടടുത്ത് എത്തിയ ഒരൗൺസ് സ്വർണത്തിന് ഇന്നലെ വില 4600 ഡോളർ. 17.5 ശതമാനം ഇടിവ്. സമീപകാലത്തു സ്വർണത്തിലും മറ്റും നിക്ഷേപിച്ചവർക്കു കിട്ടിയ ഇരുട്ടടിയായി യുദ്ധം.
►രൂപയും താഴോട്ട്
ഇതോടൊപ്പം രൂപയുടെ മൂല്യവും ഇടിയുന്നു. ഇന്ത്യയുടെ അടവുശിഷ്ടനിലയെ(Balance of Payments)പ്പറ്റി വലിയ ആശങ്ക വിപണിയിൽ ഉയരുന്നതാണു രൂപയെ താഴ്ത്തുന്ന വിഷയം. ക്രൂഡ് ഓയിൽ, പ്രകൃതിവാതക, പാചകവാതക, രാസവള വിലകൾ കുതിച്ചുകയറുന്നതു മൂലം വാണിജ്യകമ്മി നിയന്ത്രണാതീതമാകും. മറ്റു കാരണങ്ങളിൽ കയറ്റുമതി കുറഞ്ഞുവന്നപ്പോഴാണു യുദ്ധം വന്നത്. യുദ്ധം മൂലം കയറ്റുമതിയുടെ 17 ശതമാനം നടക്കുന്ന ഗൾഫ് മേഖലയിലേക്കുള്ള കയറ്റുമതിക്കു വലിയ തടസം നേരിട്ടു. അതു കമ്മി കൂട്ടും.
മുൻ വർഷങ്ങളിൽ ധാരാളമായി കിട്ടിയിരുന്ന മൂലധനവരവ് ഉപയോഗിച്ച് വാണിജ്യകമ്മിയെ മറികടക്കുമായിരുന്നു. ഇപ്പോൾ മൂലധനവരവ് ഇടിഞ്ഞു, ഓഹരികളിൽനിന്നു വിദേശ നിക്ഷേപകർ വിറ്റു മാറുന്നതു മൂലം കൂടുതൽ ഡോളർ പുറത്തേക്കു കൊടുക്കേണ്ടിവരുന്നു. ഗൾഫ് മേഖലയിലെ തൊഴിൽനഷ്ടം പ്രവാസികളിൽനിന്നുള്ള വരവ് കുറയ്ക്കുന്നു. ഇതെല്ലാം അടവുശിഷ്ടനിലയിൽ വലിയ കമ്മി വരുത്തും. അതാണു രൂപയെ നിരന്തരം താഴ്ത്തുന്നത്. യുദ്ധം നീണ്ടാൽ മാർച്ചിൽ തന്നെ ഡോളർ 95 രൂപ കടക്കും എന്നാണ് വിലയിരുത്തൽ.
Tags : Recession high prices Crude Oil Hormuz Iran Trump West Asia Conflict Middle East war