ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ഊർജ വിതരണ മേഖലയിലുണ്ടാക്കിയ ആഘാതം രാജ്യത്തെ അടുക്കളകളിലേക്കും വ്യാപിച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എണ്ണക്കന്പനികൾ ഊർജവില വർധിപ്പിച്ചതിനെത്തുടർന്ന് രാജ്യത്തെ എൽപിജി സിലിണ്ടറുകളുടെ വില കുത്തനേ കൂടി. 14.2 കിലോ ഭാരമുള്ള ഗാർഹിക പാചകവാതക എൽപിജിക്ക് 60 രൂപ വർധിച്ചപ്പോൾ വാണിജ്യ ആവശ്യത്തിനുള്ള എൽപിജിക്ക് 115 രൂപയുടെ വർധനയും വർധിപ്പിച്ചു.
കഴിഞ്ഞ 11 മാസത്തിനിടെ ഇതു രണ്ടാമത്തെ വിലവർധനയാണിത്. കഴിഞ്ഞ വർഷം ഏപ്രിലിൽ 50 രൂപ വർധിപ്പിച്ചതായിരുന്നു ഏറ്റവും ഒടുവിലത്തെ എൽപിജി വിലവർധന. പുതിയ നിരക്കുപ്രകാരം ഡൽഹിയിൽ 14.2 കിലോ ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 853 രൂപയിൽനിന്ന് 913 രൂപയായി ഉയർന്നു.
വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയാകട്ടെ 1768.50 രൂപയിൽനിന്ന് 1883 രൂപയായി. ഉജ്വല പദ്ധതിയുടെ രാജ്യത്തുടനീളമുള്ള ഗുണഭോക്താക്കൾക്ക് എൽപിജി വിലയിൽ മാറ്റമുണ്ടാകില്ല.
എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിലും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തിൽ ബുക്കിംഗുകളിൽ വലിയരീതിയിലുള്ള വർധനവ് ഉണ്ടായതിനു പിന്നാലെയാണ് ഇന്ത്യൻ ഓയിൽ കോർപറേഷനും ഭാരത് പെട്രോളിയവും ഗാർഹിക എൽപിജി റീഫില്ലുകൾക്ക് 21 ദിവസത്തെ നിയന്ത്രണം ഏർപ്പെടുത്തിയത്.
Tags : Cooking gas price hike West Asia Conflict Middle East War lpg cylinder