യുദ്ധം രണ്ടാമത്തെ ആഴ്ചയിലേക്കു കടന്നു. സമാധാനത്തിനായി സൗദി അറേബ്യയും തുർക്കിയും ചില രഹസ്യനീക്കങ്ങൾ നടത്തുന്നുണ്ട്. പക്ഷേ എങ്ങും എത്തിയിട്ടില്ല. യുദ്ധത്തിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിലച്ചതു ചെറിയ കാര്യമല്ല.
ലോകത്തിൽ കടലിലൂടെയുള്ള ക്രൂഡ് ഓയിലിന്റെയും ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും (എൽഎൻജി) 30-32 ശതമാനം ഹോർമുസ് കടലിടുക്കിലൂടെയാണു നീങ്ങുന്നത്. ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ ഇന്ധന ഇറക്കുമതിയിൽ പകുതി ഇതു വഴിയാണ്. ഇന്ത്യയുടെ എൽപിജി ഇറക്കുമതിയിൽ മുന്തിയ പങ്കും ഇതു വഴി തന്നെ. മൊത്തം ആഗോള ഇന്ധന ഉപയോഗം നോക്കിയാൽ അതിൽ 20-22 ശതമാനം ഈ കടലിടുക്കിലൂടെയാണ്. അതായത് ലോകത്തിന്റെ ഊർജ-ഇന്ധന സുരക്ഷയ്ക്ക് യുദ്ധം ഭീഷണി ആയിരിക്കുന്നു.
യുദ്ധം തീരാൻ സാധ്യത തെളിയാത്തതു ലോകമെങ്ങും ഇന്ധനവില ഉയർത്തി. ഒരാഴ്ച കൊണ്ടു ക്രൂഡ് ഓയിൽ വില ബ്രെന്റ് ഇനത്തിന് 28ഉം ഡബ്ള്യുടിഐ ഇനത്തിന് 36ഉം ശതമാനം ഉയർന്നു. 1983നു ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര വിലക്കയറ്റം. ബ്രെന്റ് വില ഫെബ്രുവരി 27ലെ 72.87 ഡോളറിൽ നിന്ന് മാർച്ച് ആറിന് 92.69 ഡോളറിൽ എത്തി. ഡബ്ള്യുടിഐ ഇനം വീപ്പയ്ക്ക് 90.90 ഡോളർ ആയി. യുഎഇയുടെ മർബൻ ക്രൂഡ് 103.20 ഡോളറിലാണ് എത്തിയത്. പ്രകൃതിവാതക വില യൂറോപ്പിൽ അറുപതും ഏഷ്യയിൽ അൻപതും ശതമാനംവരെ കുതിച്ചു.
ഇതു തുടക്കം മാത്രം
വില എത്രവരെ എത്തും എന്നു പ്രവചിക്കാൻപോലും വിദഗ്ധർക്കു മടിയാണ്. ഖത്തറിന്റെ ഊർജകാര്യ മന്ത്രി സാദ് അൽ കാബി പറഞ്ഞതു 150 ഡോളറിലേക്കു ബ്രെന്റ് ഇനം എത്താം എന്നാണ്. പക്ഷേ അവിടെ നിൽക്കണമെന്നില്ല. പണ്ടു ഹോർമുസ് അടഞ്ഞു കിടന്നപ്പോൾ മൂന്നിരട്ടി വരെയായി വില കൂടിയിട്ടുണ്ട്. ആ കണക്കിലാണെങ്കിൽ ക്രൂഡ് വില 200 ഡോളറിനു മുകളിൽ പോകണം.
ഇന്ത്യ പാചകവാതക വില ഏഴു ശതമാനം ഉയർത്തി. പാക്കിസ്ഥാനിൽ പെട്രോൾ വില 20 ശതമാനം കൂട്ടി ലിറ്ററിനു 321.17 പാക് രൂപ ആക്കി. അമേരിക്കയിൽ പല സംസ്ഥാനങ്ങളിലും ഒരാഴ്ച കൊണ്ടു 14 ശതമാനമാണു പെട്രോൾ വില കൂടിയത്. യുദ്ധത്തിനെതിരേ അമേരിക്കയിൽ ജനാഭിപ്രായം വളരുന്നതിനു പ്രധാന കാരണം ഇതാണ്.
ഹോർമുസ് അടഞ്ഞുകിടക്കുമ്പോൾ ലോകത്തിലെ ക്രൂഡ് ഓയിൽ ഉപയോഗത്തിന്റെ 20-22 ശതമാനവും എൽഎൻജിയുടെ 30-31 ശതമാനവും എൽപിജിയുടെ 18-20 ശതമാനവും വിപണിയിൽ എത്താതെ വരും. ഹോർമുസ് വഴിയുള്ളതു മുടങ്ങിയാൽ പകരം അത്രയും ഇന്ധനവും വാതകവും ഇപ്പോൾ കിട്ടാൻ വഴിയില്ല. ഭൂമിക്കടിയിൽ ഇവ വേണ്ടത്ര ഉണ്ടാകും. പക്ഷേ ഉൽപാദനശേഷി ഒരു മാസമോ ആറു മാസമോ കൊണ്ടു വർധിപ്പിക്കാൻ പറ്റില്ല. തുറമുഖശേഷി വർധിപ്പിക്കാനും കാലമെടുക്കും. അതായതു ഹോർമുസ് ഉപരോധം നീണ്ടാൽ ലോകം വലയും.
ക്രൂഡ് ഓയിൽ അഥവാ അസംസ്കൃത പെട്രോളിയത്തിൽനിന്നു പെട്രോളും ഡീസലും മാത്രമല്ല ഇന്ന് എടുക്കുന്നത്. പെയിന്റ്, ചായങ്ങൾ, പോളിഷ് എന്നിവയ്ക്കു വേണ്ട കെമിക്കലുകൾ, പാരഫിൻ, ബിറ്റുമിൻ (ടാർ), പോളിസ്റ്റർ നിർമാണത്തിനു വേണ്ട കെമിക്കലുകൾ തുടങ്ങിയവ കിട്ടുന്നു. പോളി എഥിലിൻ, പോളി പ്രൊപ്പിലിൻ, കൃത്രിമ റബർ, പിവിസി, പ്രൊപെയ്ൻ, ബ്യൂട്ടേൻ തുടങ്ങിയ ഒരു വലിയ നിര വ്യാവസായിക ഉത്പന്നങ്ങളും രാസവസ്തുക്കളും അതിൽനിന്ന് എടുക്കുന്നു.
പ്രകൃതിവാതകം ദ്രവീകൃതമാക്കാനുള്ള (എൽഎൻജി വിദ്യ കണ്ടുപിടിച്ചതോടെ അതിന്റെ തലവര മാറി. ഇന്ന് ഏറ്റവും സ്വീകാര്യതയുള്ള ഇന്ധനങ്ങളിൽ ഒന്നാണ് അത്. വൈദ്യുതി ഉത്പാദനത്തിനും രാസവള നിർമാണത്തിനും വാഹന ഗതാഗതത്തിനും (സിഎൻജി- കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് ) നഗരങ്ങളിലെ പാചകത്തിനും (പിഎൻജി- പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്) അതു വേണം.
പശ്ചിമേഷ്യയും മാറി
ക്രൂഡ് ഓയിൽ വിറ്റു പണം വാങ്ങി യൂറോപ്പിലും അമേരിക്കയിലുമുള്ള ചൂതാട്ടകേന്ദ്രങ്ങളിലും ഉല്ലാസ നഗരങ്ങളിലും ബീച്ചുകളിലും അടിച്ചു പൊളിച്ചിരുന്ന ഷേയ്ക്കുമാരുടെ കാലം കഴിഞ്ഞു. പശ്ചിമേഷ്യൻ രാജ്യങ്ങൾ ഇന്നു ക്രൂഡും വാതകവും മാത്രമല്ല കയറ്റുമതി ചെയ്യുന്നത്. പെട്രോൾ, ഡീസൽ, പെട്രോകെമിക്കലുകൾ, രാസവളങ്ങൾ, അലൂമിനിയം, സിറാമിക് ഉത്പന്നങ്ങൾ, പ്ലാസ്റ്റിക്കുകൾ, പോളിമറുകൾ തുടങ്ങിയവയുടെ കയറ്റുമതിയിൽ വലിയ സ്ഥാനമുണ്ട് പശ്ചിമേഷ്യക്ക്.
ലോകവിപണിയിലെ രാസവളത്തിന്റെ ഗണ്യമായൊരു ഭാഗം ഇന്ന് അവിടെ നിന്നാണ്. ആഗോള യൂറിയ കയറ്റുമതിയുടെ 33 ശതമാനവും ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി) കയറ്റുമതിയുടെ 20-23 ശതമാനവും പശ്ചിമേഷ്യയിൽ നിന്നാണ്. അലൂമിനിയത്തിന്റെ ആഗോള കയറ്റുമതിയുടെ 10 ശതമാനം ഈ രാജ്യങ്ങൾ നടത്തുന്നു.
ഹോർമുസ് അടഞ്ഞപ്പോൾ ഇവയുടെ കയറ്റുമതി മുടങ്ങി. കയറ്റുമതി ഒന്നുരണ്ടാഴ്ച മുടങ്ങിയാൽ ഉത്പാദനം നിർത്തേണ്ടി വരും. ഖത്തർ അടക്കം പലരും പ്രകൃതിവാതക ഉത്പാദനം നിർത്തി. കാരണം സൂക്ഷിക്കാൻ സൗകര്യം ഇല്ല. ഗണ്യമായ സ്റ്റോറേജ് സംവിധാനം ഉള്ള ക്രൂഡ് ഓയിലിന്റെ ഉത്പാദനവും കുറച്ചു വരികയാണ്. ഇറാഖ് കഴിഞ്ഞയാഴ്ച ഉത്പാദനം 15 ശതമാനം കുറച്ചു. കുവൈറ്റും ക്രൂഡ് ഉത്പാദനം കുറച്ചു. ഒപെക് രാജ്യങ്ങളിലെ ഉത്പാദനം പ്രതിദിനം 60 ലക്ഷം വീപ്പ കണ്ടു കുറച്ചു എന്നാണ് ശനിയാഴ്ച ഉള്ള കണക്ക്.
74 ദിവസത്തെ ക്രൂഡ്
ഇന്ത്യയടക്കം പല രാജ്യങ്ങളും വലിയ തോതിൽ ക്രൂഡ് ഓയിൽ വാങ്ങി ശേഖരിച്ചിട്ടുണ്ട്. 74 ദിവസം വേണ്ടത്ര ക്രൂഡ് ഉണ്ട് എന്നാണ് ഇന്ത്യ പറയുന്നത്. ഇത് എണ്ണ ടാങ്കറുകളിൽ വരുന്നതും റിഫൈനറികളിൽ ടാങ്കറുകളിലേക്ക് പകർത്താൻ സൂക്ഷിച്ചിരിക്കുന്നതും കൂടിയാണ്. പ്രായോഗികമായി നാലോ അഞ്ചോ ആഴ്ചത്തേക്കു വേണ്ടതു മാത്രമാകും റിസർവ്. മുന്നറിയിപ്പില്ലാതെ കപ്പൽച്ചാൽ അടച്ചപ്പോൾ സപ്ലൈ ശൃംഖല ഇടയ്ക്കു മുറിഞ്ഞതു പോലെയായി. അതു പരിഹരിച്ചു പഴയതുപോലെ ആക്കാൻ ഹോർമുസ് തുറന്ന് ആഴ്ചകൾ കഴിയണം.
അതിനിടെ രാഷ്ട്രീയ തിരിച്ചടി ഒഴിവാക്കാൻ ഗാർഹിക മേഖലയ്ക്കു വേണ്ട പാചക വാതകത്തിന്റെ ലഭ്യത കൂട്ടാനാണു ഗവണ്മെന്റ് ശ്രമിക്കുന്നത്. രണ്ടു കാര്യങ്ങളാണ് ഇതിനു ചെയ്യുന്നത്.
ഒന്ന്: മറ്റ് വ്യാവസായിക ഉത്പന്നങ്ങൾക്കു പകരം പാചകവാതക ഉത്പാദനം നടത്താൻ റിഫൈനറികൾക്കു നിർദേശം നൽകി.
രണ്ട്: ഉപയോഗം നിയന്ത്രിക്കാൻ വില കൂട്ടുകയും സിലിണ്ടർ മാറ്റത്തിന്റെ കാലാവധി നീട്ടുകയും ചെയ്തു. ഇന്ത്യക്ക് ആവശ്യമായ എൽപിജിയുടെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുകയാണ്. അതിൽ 90 ശതമാനം ഹോർമുസ് വഴിയായിരുന്നു. ഇത്രയും നഷ്ടം നികത്താൻ സാധാരണ നടപടികൾ കൊണ്ടു കഴിയില്ല. അടിയന്തരമായി മറ്റു രാജ്യങ്ങൾ സഹായിച്ചാലേ വിതരണം താറുമാറാകാതെ മുന്നോട്ടു പോകാൻ പറ്റൂ.
വാഹനങ്ങളുടെ ഇന്ധനവില മാത്രമല്ല കൂടുന്നത്. ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി), പാചകവാതകം (എൽപിജി), പെട്രോ കെമിക്കലുകൾ, കൃത്രിമ റബർ, പിവിസി, പോളി എഥിലിൻ, പോളി പ്രൊപ്പിലിൻ, യൂറിയയും പൊട്ടാഷും ഡൈ അമാണിയം ഫോസ്ഫേറ്റും അടക്കം രാസവളങ്ങൾ, അലൂമിനിയം തുടങ്ങിയവയുടെയെല്ലാം വില ഉയരുന്നു.
പശ്ചിമേഷ്യ ഇന്നു പഴയ പശ്ചിമേഷ്യ അല്ല. 1979-80, 1990-91 വർഷങ്ങളിലാണ് ഇതിനു മുൻപ് ഹോർമുസ് അടഞ്ഞു കിടന്നിട്ടുള്ളത്. അപ്പോഴെല്ലാം ക്രൂഡ് ഓയിൽ വില പല മടങ്ങ് വർധിച്ചു. 1979 ആദ്യം 13 ഡോളർ ആയിരുന്ന ക്രൂഡ് വില പിറ്റേ വർഷം ഫെബ്രുവരിയിൽ 40 ഡോളറിൽ എത്തി. 1990-91-ൽ എണ്ണവില 15 ഡോളറിൽ നിന്നു 46 ഡോളറിലേക്കു കുതിച്ചു. അതായത് ഒരാഴ്ച കൊണ്ടു കണ്ട വിലക്കയറ്റം ഒരു സൂചന മാത്രമായി കണ്ടാൽ മതി.