ഗൂഗിൾ വോയിസ് സെർച്ച്
ആൻഡ്രോയിഡ് ഫോണുകളിലെ ഗൂഗിൾ ഹോംസ്ക്രീൻ വിജറ്റിലുള്ള വോയിസ് സെർച്ച് ഇന്റർഫേസ് പൂർണമായും പരിഷ്കരിക്കാൻ ഒരുങ്ങി ഗൂഗിൾ. വോയിസ് സെർച്ചിൽ വരാനിരിക്കുന്ന പുതിയ മാറ്റങ്ങളിലൂടെ ഗൂഗിളിന്റെ അത്യാധുനിക എഐ സെർച്ച് ടൂളുകൾ ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും.
നിലവിൽ ഗൂഗിൾ സെർച്ച് വിജറ്റിലെ മൈക്ക് ബട്ടൺ ശബ്ദം ഉപയോഗിച്ച് തിരച്ചിൽ നടത്താൻ മാത്രമാണ് സഹായിക്കുന്നത്. എന്നാൽ പുതിയ അപ്ഡേറ്റ് വരുന്നതോടെ, ഒരു ടൂൾബാർ വഴി വിവിധ ഫീച്ചറുകളിലേക്ക് എളുപ്പത്തിൽ മാറാൻ സാധിക്കും.
വോയിസ് സെർച്ച് തുറക്കുമ്പോൾ താഴെയായി വരുന്ന സ്വൈപ്പ് ചെയ്യാവുന്ന ടൂൾബാർ വഴി സാധാരണ സെർച്ച്, എഐ മോഡ്, സെർച്ച് ലൈവ്, സോങ് സെർച്ച് എന്നീ നാല് ഫീച്ചറുകളിലേക്ക് എളുപ്പത്തിൽ മാറാം. ഉപഭോക്താവ് അവസാനം ഉപയോഗിച്ച മോഡ് ഏതാണോ, അടുത്ത തവണ മൈക്ക് ബട്ടൺ അമർത്തുമ്പോൾ ആ മോഡ് തന്നെ ഡിഫോൾട്ടായി തുറന്നുവരുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.
സാധാരണ സെർച്ചിനായി ലൈവ് ടൈപ്പിംഗോട് കൂടിയ പുതിയ ഫോർ-ബാർ വേവ്ഫോം പരീക്ഷിക്കുന്നുണ്ട്. എഐ മോഡ് ടാബിൽ, നിങ്ങളുടെ ചോദ്യം പൂർത്തിയാക്കാനുള്ള ഒരു ആരോ ബട്ടണും, ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്ന സ്റ്റോപ്പ് ബട്ടണും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗൂഗിൾ ലെൻസിലെ ഓപ്ഷനുകൾക്ക് സമാനമായ രൂപകൽപ്പനയാണ് ഈ പുതിയ ടൂൾബാറിനും നൽകിയിരിക്കുന്നത്.നിലവിൽ ഗൂഗിൾ ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പിൽ പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണ് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളത്. ബീറ്റാ ഉപഭോക്താക്കളിൽ എല്ലാവർക്കും ഇത് ലഭ്യമായിട്ടില്ല.
ഈ പുതിയ ഡിസൈൻ എന്ന് മുതൽ സാധാരണ ഉപഭോക്താക്കളിലേക്ക് എത്തും എന്നതിനെക്കുറിച്ച് ഗൂഗിൾ ഔദ്യോഗികമായി വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. എങ്കിലും പരീക്ഷണം പൂർത്തിയാകുന്നതോടെ നിങ്ങളുടെ ഫോണിന്റെ ഹോംസ്ക്രീനിലെ മൈക്ക് ബട്ടൺ വഴി ഗൂഗിളിന്റെ മുഴുവൻ എഐ സേവനങ്ങളും വിരൽത്തുമ്പിൽ ലഭ്യമാകും.
Tags : technology google googlevoicesearch artificialinteligence searchtools