വീഡിയോയിൽ നിന്നുമുള്ള ചിത്രം
ജോലിത്തിരക്കും മണിക്കൂറുകളോളമുള്ള ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗവും സൃഷ്ടിച്ച കഴുത്തുവേദനയ്ക്ക് പരിഹാരം കാണാൻ ജപ്പാനിൽ നിന്ന് വൻ തുക മുടക്കി പ്രത്യേക തലയിണ സ്വന്തമാക്കിയിരിക്കുകയാണ് വിപൻദീപ് കൗർ എന്ന ഇന്ത്യൻ ചാർട്ടേഡ് അക്കൗണ്ടന്റ്.
ഏതാണ്ട് 40,000 രൂപ ചെലവഴിച്ചാണ് സ്വന്തം ശരീരപ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ തുന്നിയെടുത്ത ഈ തലയിണ ഇവർ വാങ്ങിയത്. ജപ്പാനിലെ നിഹോൺബാഷിയിൽ സ്ഥിതി ചെയ്യുന്ന, നാല് നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള 'നിഷികാവ' എന്ന പ്രമുഖ കിടക്ക നിർമ്മാതാക്കളിൽ നിന്നാണ് ഈ അപൂർവ തലയിണ വിപൻദീപ് വാങ്ങിയത്.
ഉപഭോക്താക്കളുടെ കഴുത്തിന്റെ ഘടന, ഉറങ്ങുന്ന ശൈലി, ഇഷ്ടപ്പെടുന്ന തുണിത്തരം എന്നിവ വിദഗ്ദ്ധമായി പരിശോധിച്ച ശേഷമാണ് ഇവിടെ തലയിണകൾ നിർമ്മിച്ചു നൽകുന്നത്. കഴുത്തിന് കൃത്യമായ താങ്ങും ആശ്വാസവും നൽകുന്നതിനായി ബിഞ്ചോതൻ ചാർക്കോൾ ബീഡ്സുകളാണ് ഇതിനുള്ളിൽ ഉപയോഗിച്ചിരിക്കുന്നത്.
തനിക്കായി പ്രത്യേകമായി ഇത് തയ്യാറാക്കുന്നതിന്റെ ദൃശ്യങ്ങൾ ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുമുണ്ട്. പ്രായം കൂടുന്തോറും ഉറക്കം കുറഞ്ഞു വരുന്നുണ്ടെന്നും ലാപ്ടോപ്പിനും ഫോണിനും മുന്നിൽ കഴിച്ചുകൂട്ടുന്ന സമയം കഴുത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചുവെന്നും വിപൻദീപ് വ്യക്തമാക്കുന്നു.
അതുകൊണ്ടുതന്നെ നല്ലൊരു ഉറക്കത്തിനായി മുടക്കുന്ന ഈ വലിയ തുക വെറുമൊരു ആഡംബരമല്ല, മറിച്ച് സ്വന്തം ആരോഗ്യത്തിന് വേണ്ടിയുള്ള മികച്ച നിക്ഷേപമാണെന്നാണ് ഇവരുടെ നിലപാട്. സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഭവത്തിൽ സമ്മിശ്രമായ അഭിപ്രായങ്ങളാണ് ഉയരുന്നത്.
ആരോഗ്യകരമായ ഉറക്കത്തിനായി ഇത്രയും തുക ചെലവഴിക്കുന്നത് തികച്ചും ന്യായമാണെന്ന് ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുമ്പോൾ, തലയിണയ്ക്കായി ഇത്രയധികം പണം മുടക്കുന്നത് അമിത ചെലവാണെന്നാണ് മറ്റു ചിലരുടെ വാദം.
വീട്ടിലെത്തിയാൽ മൊബൈൽ ഫോൺ മാറ്റി വെക്കുന്ന ശീലം വളർത്തിയെടുത്താൽ സൗജന്യമായി പരിഹരിക്കാവുന്ന പ്രശ്നത്തിന് എന്തിനാണ് ഇത്രയും തുക പാഴാക്കുന്നതെന്ന് ചോദിച്ചവരും കുറവല്ല.
Tags : JapanTravel Pillow CustomPillow Nishikawa SleepHealth NeckPainRelief