ഓസ്ട്രേലിയയിൽ താമസിക്കുന്ന ഇന്ത്യൻ യുവതിക്ക് ഒരു സാധാരണ കുളി വരുത്തിവെച്ചത് വൻ സാമ്പത്തിക നഷ്ടം. കുളിമുറിയിൽ നിന്ന് ഉയർന്ന നീരാവി അപ്പാർട്ട്മെന്റിലെ ഫയർ അലാറം പ്രവർത്തിപ്പിച്ചതിനെ തുടർന്ന് 1,800 ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 1.3 ലക്ഷം രൂപ) പിഴയടക്കേണ്ടി വന്ന അനുഭവമാണ് 'സോറാന്റംവാമിക' എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെ യുവതി പങ്കുവെച്ചത്.
കുളിക്കാനിറങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും കെട്ടിടത്തിൽ ഫയർ അലാറം മുഴങ്ങുകയായിരുന്നു. തുടക്കത്തിൽ ഇതൊരു മുൻകരുതൽ പരിശോധന മാത്രമാണെന്ന് കരുതിയെങ്കിലും, താമസക്കാരെ ഒഴിപ്പിക്കാൻ എത്തിയ ബിൽഡിംഗ് മാനേജർ എത്തിയതോടെയാണ് അലാറം ഉയർന്നത് തന്റെ മുറിയിൽ നിന്നാണെന്ന് യുവതി തിരിച്ചറിഞ്ഞത്.
കുളിക്കുന്നതിനിടെ ബാത്ത്റൂമിലെ എക്സോസ്റ്റ് ഫാൻ പ്രവർത്തിപ്പിക്കാതിരുന്നതാണ് ആവി പുറത്തേക്ക് പടരാനും അലാറം അടിക്കാനും കാരണമായത്. വാഷ്റൂമിന് തൊട്ടുവെളിയിൽ തന്നെ ഇത്രയും സെൻസിറ്റീവ് ആയ ഡിറ്റക്ടർ വെച്ചതിനെയും യുവതി ചോദ്യം ചെയ്യുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഈ വീഡിയോ വൻ ചർച്ചകൾക്കാണ് വഴിതെളിച്ചത്. എക്സോസ്റ്റ് ഫാൻ ഉപയോഗിക്കാതിരുന്നതാണ് പ്രശ്നത്തിന് കാരണമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിച്ചപ്പോൾ, വെറും നീരാവി തട്ടുമ്പോഴേക്ക് പ്രവർത്തിക്കുന്ന രീതിയിൽ അലാറം സ്ഥാപിച്ചതിലെ പോരായ്മയെയാണ് മറ്റുള്ളവർ വിമർശിച്ചത്.
വിദേശ രാജ്യങ്ങളിൽ താമസിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയൊരു അശ്രദ്ധ പോലും വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്.
Tags : AustraliaNews ViralNews IndianExpat FireAlarm ShowerMistake