ഇന്ത്യ സന്ദർശിക്കുന്ന വിദേശികൾക്ക് ഭക്ഷണത്തിനും യാത്രകൾക്കും ഉയർന്ന നിരക്ക് ഈടാക്കാറുണ്ടെന്ന പ്രചാരണങ്ങൾക്കിടയിൽ, വേറിട്ടൊരു അനുഭവകഥ പങ്കുവെച്ച് ശ്രദ്ധ നേടുകയാണ് ജെയ്ൻ എന്ന വിദേശവനിത.
വിദേശിയായതുകൊണ്ട് പലപ്പോഴും തന്നിൽ നിന്ന് കുറഞ്ഞ തുക മാത്രമാണ് വാങ്ങിയിട്ടുള്ളതെന്നും, പലയിടങ്ങളിൽ നിന്നും സൗജന്യമായി ഭക്ഷണം പോലും ലഭിച്ചിട്ടുണ്ടെന്നും അവർ തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വ്യക്തമാക്കുന്നു.
ടൂറിസ്റ്റുകൾക്ക് ഉയർന്ന നിരക്ക് നൽകേണ്ടി വരാറുണ്ടെന്ന വാദങ്ങളിൽ ഭാഗികമായി സത്യമുണ്ടെന്ന് സമ്മതിക്കുമ്പോഴും, ഇന്ത്യൻ ജനത കാണിക്കുന്ന സ്നേഹവും കരുതലുമാണ് തനിക്ക് കൂടുതൽ അനുഭവപ്പെട്ടിട്ടുള്ളതെന്ന് ജെയ്ൻ ചൂണ്ടിക്കാണിക്കുന്നു.
താൻ പതിവായി പോകുന്ന കടയിലെ ചായക്കടക്കാരൻ, രാജ്യത്തെ ഒരു അതിഥിയായി കണ്ട് തന്നിൽ നിന്ന് പലപ്പോഴും കുറഞ്ഞ തുക മാത്രമാണ് ഈടാക്കിയിരുന്നത്.
കൂടാതെ "ഇന്ത്യയിലേക്ക് സ്വാഗതം" എന്നുപറഞ്ഞ് വിവിധ റെസ്റ്റോറന്റുകളിൽ നിന്ന് സൗജന്യമായി മധുരപലഹാരങ്ങളും ഉപഹാരങ്ങളും ലഭിച്ച അനുഭവങ്ങളും അവർ പങ്കുവെച്ചു.
ഇന്ത്യക്കാരുടെ ആതിഥ്യമര്യാദ വെറുമൊരു ചായക്കടയിലോ റെസ്റ്റോറന്റിലോ മാത്രം ഒതുങ്ങുന്നതല്ലെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. അപരിചിതരായ ആളുകൾ പോലും സ്വന്തം വീടുകളിലേക്ക് ഭക്ഷണത്തിനായി ക്ഷണിക്കുകയും, കുടുംബവിവാഹങ്ങളിൽ പങ്കെടുപ്പിക്കുകയും, താമസിക്കാൻ ഇടം നൽകുകയും ചെയ്തിട്ടുണ്ട്.
ആദ്യമായി ഇന്ത്യയിലെത്തിയപ്പോൾ ഭൂരിഭാഗം സമയവും പ്രാദേശിക കുടുംബങ്ങൾക്കൊപ്പമാണ് കഴിഞ്ഞതെന്നും, മറ്റ് നഗരങ്ങളിലേക്ക് യാത്ര തിരിക്കുമ്പോൾ അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുക്കലേക്ക് സഹായങ്ങൾക്കായി വഴിതിരിച്ചുവിട്ടിരുന്നുവെന്നും അവർ ഓർത്തെടുക്കുന്നു.
ഇത്രയും ആഴത്തിലുള്ള ആതിഥ്യമര്യാദയും സ്നേഹവും നൽകുന്ന മറ്റൊരു രാജ്യം കാണാൻ കഴിയില്ലെന്നാണ് ജെയ്നിന്റെ പക്ഷം. യാത്രകൾക്കിടയിൽ ചെറിയ രീതിയിലുള്ള അധിക തുക കൊടുക്കേണ്ടി വന്നാലും, അതിനേക്കാൾ എത്രയോ മടങ്ങാണ് ഇവിടെ നിന്ന് ലഭിക്കുന്ന സ്നേഹവും പരിഗണനയുമെന്ന് അവർ വ്യക്തമാക്കുന്നു.
സോഷ്യൽ മീഡിയയിൽ വൻ പ്രചാരം നേടിയ ഈ വീഡിയോയ്ക്ക് താഴെ നിരവധിയാളുകളാണ് പിന്തുണയുമായെത്തിയത്. അതിഥികളെ ദൈവത്തെപ്പോലെ കാണുന്ന 'അതിഥി ദേവോ ഭവ' എന്ന സംസ്കാരമാണ് ഇതിന് കാരണമെന്ന് ഒരു വിഭാഗം കുറിച്ചപ്പോൾ, ഓട്ടോ ഡ്രൈവർമാർ കൂടുതൽ ചാർജ് ഈടാക്കുന്നത് വിദേശികളോട് മാത്രമല്ലെന്നും സാധാരണക്കാരായ ഇന്ത്യക്കാർക്കും ആ അനുഭവം ഉണ്ടാകാറുണ്ടെന്നും മറ്റു ചിലർ കമന്റുകളിലൂടെ വ്യക്തമാക്കി.
Tags : IndiaTravel AtithiDevoBhava IndianHospitality IncredibleIndia TravelDiaries