റെയിൽവേ സ്റ്റേഷനിൽ വോക്കറിന്റെ സഹായത്തോടെ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ച ഭിന്നശേഷിക്കാരനായ യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. താനെ ജില്ലയിലെ അംബർനാഥ് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് വലിയ രീതിയിൽ പ്രചരിക്കുന്നത്. ട്രെയിൻ വരുന്നതിന് തൊട്ടുമുമ്പ് മറ്റ് യാത്രക്കാർ ഇടപെട്ടാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.
പ്ലാറ്റ്ഫോമിൽ നിന്നിറങ്ങിയ യുവാവ് വോക്കറിന്റെ സഹായത്തോടെ പാളത്തിലൂടെ നടന്നുപോകുന്നതാണ് വിഡിയോയുടെ തുടക്കത്തിലുള്ളത്. രണ്ട് റെയിൽവേ ട്രാക്കുകൾ കടന്ന് മറുഭാഗത്തെ പ്ലാറ്റ്ഫോമിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റു യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. പാളത്തിൽ കയറാൻ പാടുപെടുന്ന യുവാവിനെ സഹായിക്കാനായി യാത്രക്കാർ ഉടൻ തന്നെ ഓടിയെത്തുകയും പ്ലാറ്റ്ഫോമിലേക്ക് വലിച്ചുകയറ്റുകയും ചെയ്യുകയായിരുന്നു. യുവാവിനെ രക്ഷപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ആ വഴിയിലൂടെ ട്രെയിൻ കടന്നുപോകുന്നതും വിഡിയോയിൽ കാണാം.
അംബർനാഥ് റെയിൽവേ സ്റ്റേഷനിൽ ഭിന്നശേഷിക്കാർക്കായുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് ഈ സംഭവത്തിലേക്ക് നയിച്ചതെന്ന ആക്ഷേപവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സ്റ്റേഷനിൽ എസ്കലേറ്ററോ ലിഫ്റ്റോ ഇല്ലാത്തതിനാൽ ദുരിതത്തിലാകുന്ന യാത്രികരുടെ അവസ്ഥ വിഡിയോയ്ക്ക് താഴെ പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. റെയിൽവേ പാളങ്ങൾ മുറിച്ചുകടക്കുന്നത് നിയമവിരുദ്ധവും ജീവന് ഭീഷണിയുമാണെങ്കിലും സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യക്കുറവ് ഇത്തരം അപകടകരമായ സാഹചര്യങ്ങൾക്ക് കാരണമാകുന്നുവെന്നാണ് പ്രധാന വിമർശനം. അനധികൃതമായി ട്രാക്ക് മുറിച്ചുകടക്കുന്നത് ഇന്ത്യൻ റെയിൽവേ നിയമപ്രകാരം ശിക്ഷാർഹവുമാണ്.
Tags : RailwayTrack Walker RailwayStation