സമൂഹത്തിന്‍റെ മുൻവിധികൾക്കും ആഡംബര മോഹങ്ങൾക്കുമപ്പുറം താൻ ചെയ്യുന്ന ജോലിയോടുള്ള ആദരവ് പ്രകടിപ്പിച്ച് ചൈനയിലെ ഒരു യുവാവ് നടത്തിയ വിവാഹയാത്രയാണ് ഇപ്പോൾ ലോകമെങ്ങും ചർച്ചയാകുന്നത്.
ചൈനയിലെ അൻഹുയി പ്രവിശ്യയിൽ നിന്നുള്ള പാൻ ഹാവോനാൻ എന്ന 30 കാരനാണ് തന്‍റെ വിവാഹദിനം അവിസ്മരണീയമാക്കാൻ വ്യത്യസ്തമായൊരു വഴി തിരഞ്ഞെടുത്തത്.
സാധാരണയായി പൂക്കളാൽ അലങ്കരിച്ച വിലകൂടിയ കാറുകൾക്ക് പകരം, തന്‍റെ ഉപജീവനമാർഗമായ ഒൻപത് സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് ലോറികളിലാണ് പാൻ വധുവിനെ തേടിയെത്തിയത്.
ഫിലിം എഡിറ്റിംഗിൽ ബിരുദധാരിയായ പാൻ, സ്വന്തമായി തുടങ്ങിയ സ്റ്റാർട്ടപ്പ് പരാജയപ്പെട്ടതിനെത്തുടർന്നാണ് 2023-ൽ പിതാവിന്‍റെ ശുചീകരണ ബിസിനസിലേക്ക് ചുവടുവെക്കുന്നത്.
മലിനജല സംസ്‌കരണ മേഖലയിൽ രണ്ട് പതിറ്റാണ്ടിലേറെ പരിചയമുള്ള പിതാവിനെ സഹായിക്കാൻ പാൻ തീരുമാനിച്ചപ്പോൾ, ഈ തൊഴിലിന്‍റെ പ്രയാസങ്ങൾ കണക്കിലെടുത്ത് മാതാപിതാക്കൾ ആദ്യം നിരുത്സാഹപ്പെടുത്തിയിരുന്നു.
എന്നാൽ ഏത് ജോലിയും അന്തസുള്ളതാണെന്ന പാനിന്‍റെ ഉറച്ച നിലപാടുകൾക്ക് മുന്നിൽ അവർക്ക് വഴങ്ങേണ്ടി വന്നു. മാർച്ച് 28-ന് നടന്ന വിവാഹത്തിനായി രണ്ട് സ്വന്തം ലോറികളും സഹപ്രവർത്തകരുടെ ഏഴ് വാഹനങ്ങളുമാണ് പാൻ അണിനിരത്തിയത്.
അഴുക്കുചാലുകൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഈ വണ്ടികൾ കഴുകി വൃത്തിയാക്കി ചുവന്ന പൂക്കളാൽ അലങ്കരിച്ചപ്പോൾ അവ ഒരു ആഡംബര വാഹനത്തേക്കാൾ തിളക്കമുള്ളതായി മാറി.
പാനിന്‍റെ ഈ വേറിട്ട ആഗ്രഹത്തിന് വധു ലി യാക്കിംഗിന്‍റെ പൂർണ പിന്തുണയുമുണ്ടായിരുന്നു. കഠിനാധ്വാനത്തിലൂടെ സത്യസന്ധമായി പണം സമ്പാദിക്കുന്ന തന്‍റെ പങ്കാളിയുടെ ജോലിയെ ലി ഏറെ അഭിമാനത്തോടെയാണ് കാണുന്നത്.
ജോലിയിൽ അഴുക്ക് പുരളുന്നുണ്ടെങ്കിലും അതിൽ നിന്നുള്ള വരുമാനം മാന്യമാണെന്നും സാമ്പത്തികമായി ഈ മേഖല സുരക്ഷിതമാണെന്നും പാൻ ആത്മവിശ്വാസത്തോടെ പറയുന്നു. സമൂഹമാധ്യമങ്ങളിൽ പടർന്ന ഈ വാർത്തയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
തൊഴിലിന്‍റെ മഹത്വം ഉയർത്തിപ്പിടിച്ച പാനിനെയും അദ്ദേഹത്തിന് കരുത്തായി കൂടെ നിന്ന ലിയെയും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. ആഡംബരങ്ങളേക്കാൾ പ്രധാനം ചെയ്യുന്ന ജോലിയോടുള്ള സത്യസന്ധതയാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ വിവാഹഘോഷയാത്ര.
Tags : DignityOfLabor InspirationalWedding ChinaNews UnconventionalWedding ViralStory