കണ്ണൂർ: കേരളത്തിൽ ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭത്തിൽ 265 ശതമാനം വർധനവുണ്ടായതായി മന്ത്രി പി. രാജീവ്. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡ് വൈവിധ്യവത്കരണത്തിന്റെ ഭാഗമായി മാങ്ങാട്ടുപറമ്പിൽ ആരംഭിച്ച രണ്ടാമത്തെ പെട്രോൾ പമ്പ്, കുപ്പിവെള്ള ബ്രാൻഡായ ഡിഎം വാട്ടർ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കേന്ദ്രത്തിന്റെ പൊതുമേഖലാ നയത്തിൽനിന്ന് വ്യത്യസ്തമാണ് കേരളത്തിന്റേത്. കേന്ദ്രത്തിന്റേതായിരുന്ന എച്ച്എൻഎൽ ഏറ്റെടുത്ത് പുതിയ കമ്പനി കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ് ആരംഭിച്ചു.
22 പത്രങ്ങളാണ് നിലവിൽ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ് ഉത്പാദിപ്പിക്കുന്ന ന്യൂസ് പ്രിന്റ് ഉപയോഗിച്ച് അച്ചടിച്ച് ഇന്ത്യയിൽ പുറത്തിറക്കുന്നത്. ഇതൊരു ചരിത്രനേട്ടമാണ്. എന്നാൽ ന്യൂസ് പ്രിന്റ് മാത്രമായി മുന്നോട്ടുപോകാനാകില്ല. ഭാവി പാക്കിംഗ് പേപ്പറിലാണ്. അതിലേക്ക് മാറാനാണ് ഡിപിആർ.
നഷ്ടത്തിലായിരുന്ന കെസിസിപിഎൽ ഇപ്പോൾ 80 ലക്ഷം ലാഭം കൈവരിച്ചതിനെ മന്ത്രി അഭിനന്ദിച്ചു. കെസിസിപിഎൽ ലാഭത്തിലാകാൻ വൈവിധ്യവത്കരണമാണ്. അത് പമ്പിൽ മാത്രം നിൽക്കരുത്. പമ്പ് നടത്താൻ പൊതുമേഖലാ സ്ഥാപനം വേണ്ട. ഇന്നിപ്പോൾ കുടിവെള്ളം ലോഞ്ച് ചെയ്യുകയാണ്. ഒരു വർഷം 1,48,000 കോടി രൂപയുടെ ചരക്കുകൾ പുറത്തുനിന്ന് കൊണ്ടുവന്ന് കേരളത്തിൽ വിൽക്കു മ്പോൾ അതിൽ 260 കോടി രൂപ മലയാളി ചെലവഴിക്കുന്നത് കുപ്പിവെള്ളം വാങ്ങിക്കാനാണ്. അതിനാൽ കുപ്പിവെള്ളം മാതൃകയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത് മന്ത്രി പറഞ്ഞു.
സ്റ്റാർട്ടപ്പ് മിഷന്റെ സഹായത്തോടെ കെസിസിപിഎൽ നടത്തി വരുന്ന ഐടി ഇൻകുബേഷൻ സെന്ററായ മൈസോൺ ഐടി ഇൻകുബേഷൻ സെന്ററിൽ കണ്ണൂർ ഗവ. എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികൾക്കായി ഒരുക്കിയ സ്റ്റുഡന്റ് ഇന്ററാക്ഷൻ സെന്ററും മൈസോൺ നാലാം വാർഷികാഘോഷവും മന്ത്രി ഉദ്ഘാടനം ചെയ്തു.
എം. വിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ മുഖ്യാതി ഥിയായി. കേരള ബിപിസിഎൽ സംസ്ഥാന മേധാവി (റീട്ടെയിൽ) ഡി. കണ്ണാബിരാൻ പദ്ധതി വിശദീകരിച്ചു. കെസിസിപിഎൽ ചെയർമാൻ ടി.വി. രാജേഷ്, പി.പി. ഷാജിർ, പി. മുകുന്ദൻ, ടി.ടി .ബാലകൃഷ്ണൻ, ബിപിസിഎൽ ടെറിട്ടറി മാനേജർ ജയദീപ് സുഭാഷ് പൊട്ഡാർ, ധനകാര്യ ഡയറക്ടർ എസ്.എസ്. ശ്രീരാജ്, വ്യവസായ വകുപ്പ് ഡയറക്ടർ ഒ.ജെ. സമീർകുമാർ, കെസിസിപിഎൽ എംഡി ആനക്കൈ ബാലകൃഷ്ണൻ, ഡയറക്ടർ പി.കെ. ഹരിദാസ്, എന്നിവർ പ്രസംഗിച്ചു.
ഇതോടനുബന്ധിച്ച് രാവിലെ നടന്ന ഐടി അധിഷ്ഠിത സെമിനാർ കെഎസ്ഐടിഎൽ, കെ ഫോൺ എംഡി ഡോ. സന്തോഷ് ബാബു, കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക എന്നിവർ ക്ലാസെടുത്തു.
മൈസോൺ ചെയർമാൻ ശീലൻ സഗുണൻ, കണ്ണൂർ ഗവ. എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. വി.ഒ. രജനി, കണ്ണൂർ സർവകലാശാല ഐടി സെൽ കോ -ഓർഡിനേറ്റർ ഡോ. ആർ.കെ. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.