തൃശൂർ: തിരുഹൃദയ റോമൻ കാത്തലിക് ലത്തീൻ പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെ ചരിത്ര പ്രസിദ്ധമായ ഉൗട്ടുതിരുനാൾ 13ന് ആഘോഷിക്കുമെന്ന് റെക്ടർ ജോസഫ് ജോഷി മുട്ടിക്കൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ 9.30 ന് കോട്ടപ്പുറം രൂപത ബിഷപ് എമരിറ്റസ് ഡോ. ജോസഫ് കാരിക്കശേരിക്കു സ്വീകരണം നല്കും. തുടർന്ന് ഊട്ടുസദ്യ ആശീർവാദം അദ്ദേഹം നിർവഹിക്കും. 10.30 ന് ആഘോഷമായ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിക്കും നേതൃത്വം നൽകും. ദിവ്യബലി മധ്യേ ഫാ. ജിനു പള്ളിപ്പാട്ട് വചന സന്ദേശം നൽകും. അന്നു രാവിലെ മുതൽ രാത്രി വരെ വിവിധ റീത്തുകളിൽ ദിവ്യബലി അർപ്പിക്കും. രാവിലെ 6.30, 8.30, 10.30 ഉച്ചയ്ക്ക് ഒന്ന്, മൂന്ന്, 4.30, ആറ്, ഏഴ്, എട്ട് എന്നിങ്ങനെ കുർബാന, നൊവേന, ആരാധന ഉണ്ടായിരിക്കും. രാവിലെ മുതൽ രാത്രി വരെ ആയിരക്കണക്കിനു പേർക്ക് ഒരുമിച്ച് ഊട്ടുസദ്യ കഴിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ലക്ഷക്കണക്കിനു വിശ്വാസികൾ പങ്കെടുക്കുന്ന ഊട്ടുതിരുനാളിന് വിജയൻ പാവറട്ടിയുടെ നേതൃത്വത്തിൽ 50 ഓളം പാചക വിദഗ്ദരാണു സദ്യ ഒരുക്കുന്നത്.
ഊട്ടുതിരുനാളിനോടനുബന്ധിച്ചുള്ള നവനാൾ അഞ്ചു മുതൽ ആരംഭിക്കും. ഇൗ ദിനങ്ങളിൽ രാവിലെ 6.30, 10.30 ഉച്ചതിരിഞ്ഞ് 1.30, രാത്രി ഏഴിനും കുർബാന, നൊവേന, ആരാധന ഉണ്ടായിരിക്കും. വിവിധ റീത്തുകളിലും കുർബാന ഉണ്ടായിരിക്കും. ആറിനു രാവിലെ 10.15ന് വരാപ്പുഴ രൂപത ആർച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ കൊടിയേറ്റും. അന്നു രാവിലെ 6.30, 8.30, 10.30, ഉച്ചതിരിഞ്ഞ് മൂന്ന്, 4.30, ഏഴ് എന്നിങ്ങനെ കുർബാന, നൊവേന, ആരാധന ഉണ്ടായിരിക്കും. ഫാ. വിപിൻ ചൂതംപറന്പിൽ വചനപ്രഘോഷണം നടത്തും. തുടർന്ന് സൗഖ്യദായകമായ നേർച്ചക്കഞ്ഞി ഉണ്ടായിരിക്കും. മതസൗഹാർദ സന്ദേശമുണർത്തി വിവിധ കലാപരിപാടികളും അരങ്ങേറും.
11ന് തിരുഹൃദയ തിരുനാൾ ദിനത്തിൽ രാവിലെ 6.30, 8.30 നും വൈകിട്ട് 5:30, രാത്രി ഏഴിനും ദിവ്യബലി, നൊവേന, ആരാധന ഉണ്ടായിരിക്കും. 8.30 ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് റവ. ഡോ. ആന്റണി അറക്കൽ നേതൃത്വം വഹിക്കും. ഫാ. ജോസ് തോമസ് വചനപ്രഘോഷണം നടത്തും. പത്തിന് നേർച്ചപ്പായസം ആശീർവാദം നടക്കും.
12ന് വൈകിട്ട് നാലിന് പ്രസുദേന്തി വാഴ്ച. 4.30നുള്ള ദിവ്യബലിക്ക് പ്രശസ്ത ധ്യാനഗുരു ഫാ. നെൽസൺ ജോബ് ഒസിഡി നേതൃത്വം നൽകും. ഫാ. ഡോ. ജോഷി മയ്യാറ്റിൽ വചന സന്ദേശം നല്കും. നാനാജാതി മതസ്ഥരായ ആയിരക്കണക്കിനു പ്രസുദേന്തിമാരാണ് ഈ വർഷമുള്ളത്.
നവനാൾ ദിനങ്ങളിലും തിരുനാൾ ദിനങ്ങളിലും വിശുദ്ധന്റെ പൊൻനാവ് എടുത്തുവയ്ക്കാനുള്ള നേർച്ച, തീർഥാടന ദേവാലയത്തിൽ മുട്ടിലിഴഞ്ഞ് നേർച്ച, അടിമ സമർപ്പണം, മെഴുകുതിരി പ്രാർഥനകൾ, രൂപം തൊട്ട് വണങ്ങൾ സൗകര്യങ്ങൾ ഉണ്ടായിരിക്കും. പത്രസമ്മേളനത്തിൽ സഹവികാരി ആൻസ് പല്ലിശേരി, കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റോയി മൺപുരയ്ക്കൽ, തിരുനാൾ ജനറൽ കൺവീനർ ആഗസ്റ്റിൻ തേങ്ങാപുരയ്ക്കൽ, പബ്ലിസിറ്റി കൺവീനർ പി.വി. വില്ലിംഗ്ടൺ എന്നിവർ പങ്കെടുത്തു.