സാന്പത്തിക സമ്മർദത്തിൽ സാധാരണക്കാരെല്ലാം പ്രയാസപ്പെടുന്നു: രാഹുൽ
Friday, June 6, 2025 2:33 AM IST
ന്യൂഡൽഹി: സാധാരണക്കാരായ എല്ലാ ഇന്ത്യക്കാരും സാന്പത്തിക പ്രയാസത്തിലാണെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
രാജ്യം അഭിമുഖീകരിക്കുന്ന സാന്പത്തികസമ്മർദം വ്യക്തമാക്കാൻ കണക്കുകൾ പങ്കുവച്ചാണ് രാഹുൽ സമൂഹമാധ്യമമായ എക്സിൽ വിഷയം ചൂണ്ടിക്കാട്ടിയത്.
വാഹനങ്ങളുടെയും മൊബൈൽ ഫോണുകളുടെയും വില്പനയിലെ ഇടിവ് വ്യക്തമാക്കി കേന്ദ്രസർക്കാരിനെയും രാഹുൽ വിമർശിച്ചു.
കഴിഞ്ഞ ഒരു വർഷത്തിൽ ഇരുചക്രവാഹനങ്ങളുടെ വില്പന 17 ശതമാനവും കാറുകളുടെ വില്പന 8.6 ശതമാനവും കുറഞ്ഞെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. മൊബൈൽ വ്യാപാരം ഏഴു ശതമാനത്തോളമാണു കുറഞ്ഞത്.
മറുവശത്ത് ചെലവുകളും കടങ്ങളും വർധിച്ചുവരികയാണ്. വീട്ടുവാടകയും ആഭ്യന്തര പണപ്പെരുപ്പവും വിദ്യാഭ്യാസവുമടക്കമുള്ള മിക്കതിന്റെയും ചെലവ് വർധിച്ചുകൊണ്ടിരിക്കുകയാണെന്നും സ്ഥിതിവിവര കണക്കുകൾ കള്ളം പറയില്ലെന്നും രാഹുൽ പറഞ്ഞു.
ശരിയായ ചോദ്യങ്ങൾ ചോദിക്കുന്ന, സ്ഥിതിഗതികൾ മനസിലാക്കുന്ന, ഉത്തരവാദിത്വത്തോടെ പ്രതികരിക്കുന്ന, ദൈനംദിനജീവിതത്തിന്റെ യാഥാർഥ്യമുൾക്കൊള്ളുന്ന രാഷ്ട്രീയമാണു നമുക്കു വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
എല്ലാ ഇന്ത്യക്കാർക്കുവേണ്ടിയും പ്രവർത്തിക്കുന്ന ഒരു സർക്കാരാണ് നമുക്ക് ആവശ്യമെന്നും തെരഞ്ഞെടുക്കപ്പെട്ട ചില മുതലാളിമാർക്കുവേണ്ടി മാത്രമായിരിക്കരുതെന്നും രാഹുൽ കൂട്ടിച്ചേർത്തു.