ആനന്ദ് (ഗുജറാത്ത്): ലോകം അത്യാധുനിക സാങ്കേതിവിദ്യകളെ കൈനീട്ടി സ്വീകരിക്കുന്ന ആ കാലത്ത് ഇന്ത്യയിൽ പാലിന്റെയും പാലുത്പന്നങ്ങളുടെയും നിർമാണ ഭീമന്മാരായ അമൂൽ സരളാബെൻ എന്ന പേരിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഡിജിറ്റൽ അസിസ്റ്റന്റിനെ അവതരിപ്പിച്ചു.
താഴെത്തട്ടിലുള്ള ക്ഷീരകർഷകരുടെ പ്രവർത്തനങ്ങളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഇതോടെ ഗുജറാത്തിലെ ആയിരക്കണക്കിനു ഗ്രാമങ്ങളിലുള്ള കർഷകർക്ക് ഏതു സമയത്തും സഹായത്തിനു സമീപിക്കാവുന്ന ഒരു പുതിയ സഹായിയെ ലഭിക്കും.
24 മണിക്കൂറും സേവനം
അമൂലിന്റെ ഓട്ടോമാറ്റിക് മിൽക് കളക്ഷൻ സിസ്റ്റം (എഎംസിഎസ്), പശുദാൻ അപ്ലിക്കേഷൻ എന്നിവയുമായി സംയോജിപ്പിച്ചാണ് സരളാബെൻ പ്രവർത്തിക്കുന്നത്. കന്നുകാലികളുടെ ആരോഗ്യം, കുത്തിവയ്പ് വിവരങ്ങൾ, ചികിത്സ, തീറ്റക്രമം, പ്രജനനം എന്നിവയെക്കുറിച്ചുള്ള മാർഗനിർദേശങ്ങൾ ഇത് കർഷകർക്കു നല്കും. കൂടാതെ ക്ഷീരകർഷകർക്കുള്ള സർക്കാർ പദ്ധതികളെക്കുറിച്ചും സബ്സിഡികളെക്കുറിച്ചുമുള്ള വിവരങ്ങളും എഐ അസിസ്റ്റന്റ് നൽകും.
കർഷകർക്ക് അമൂൽ ഫാർമർ മൊബൈൽ ആപ്ലിക്കേഷനിലൂടെ സേവനം ലഭിക്കും. ഇതികംതന്നെ ഈ ആപ്പ് 10 ലക്ഷത്തിലധികം ഉപഭോക്താക്കൾ ഡൗണ്ലോഡ് ചെയ്തു. സ്മാർട്ട്ഫോണ് ഇല്ലാത്തവർക്കും ലാൻഡ്ഫോണ് ഉപയോഗിക്കുന്നവർക്കും വോയിസ് കോൾ വഴി സേവനം പ്രയോജനപ്പെടുത്താം. ഗുജറാത്തി ഭാഷയാണ് പ്രധാനമായും ഉപയോഗിക്കുന്നതിനാൽ കർഷകർക്ക് ആശയമവിനിമയം അനായാസമാകും.
അമൂൽ എഐയുടെ സേവനം ഗുജറാത്തിലുടനീളമുള്ള 18500ലേറെയുള്ള ഗ്രാമങ്ങളിലെ ഏകദേശം 36 ലക്ഷം ക്ഷീരോത്പാദകർക്കു ലഭിക്കുമെന്നാണ് കരുതുന്നത്. ഈ കർഷർ ദിവസേന 350 ലക്ഷം ലിറ്ററിലേറെ പാലാണ് വിതരണം ചെയ്യുന്നത്.
ഇന്ത്യയിലെ ഏറ്റവും വിപുലമായ സഹകരണ ഐടി ഇക്കോസിസ്റ്റങ്ങളിലൊന്നിലാണ് ഈ എഐ പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തിരിക്കുന്നത്. അമൂലിന്റെ ഡിജിറ്റൽ സംവിധാനം കൈകാര്യം ചെയ്യുന്ന വിവരശേഖരത്തിൽ പ്രതിവർഷം 1200 കോടിയിലധികം ലിറ്റർ പാൽ സംഭരണ ഇടപാടുകൾ. 1200 ഡോക്ടർമാർ വഴി മൂന്നു കോടിയിലധികം കന്നുകാലികൾക്കു നൽകുന്ന ലക്ഷക്കണക്കിനു ചികിത്സകൾ, ഓരോ വർഷവും നടത്തുന്ന ഏകദേശം 70 ലക്ഷം കൃത്രിമ ബീജസങ്കലനങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നു.
Tags : Amul AI assistant Indian milk dairy Saralaben dairy farmers grassroots