പരവൂര്‍: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ഡിജിറ്റല്‍ ബാങ്കിംഗ് ആപ്പായ യോനോ ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുതിയ സൈബര്‍ തട്ടിപ്പ് സജീവമാകുന്നു. ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ യോനോ ആപ്പ് ബ്ലോക്ക് ചെയ്യപ്പെടുമെന്ന തരത്തില്‍ പ്രചരിക്കുന്ന വൈറല്‍ സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ അറിയിച്ചു.
പഴ്സണല്‍ ഡാറ്റ ചോര്‍ത്താനുള്ള തട്ടിപ്പുകാരുടെ നീക്കമാണിതെന്ന് ഫാക്ട് ചെക്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായും അധികൃതര്‍ സൂചിപ്പിച്ചു.
തട്ടിപ്പിന്റെ രീതി ഇങ്ങനെ:
ആധാര്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി ഒരു പ്രത്യേക എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാനാണ് സന്ദേശത്തില്‍ ആവശ്യപ്പെടുന്നത്. ഇത് ചെയ്തില്ലെങ്കില്‍ ബാങ്കിംഗ് സേവനങ്ങള്‍ നിയന്ത്രിക്കുമെന്നും സന്ദേശം ഭീഷണിപ്പെടുത്തുന്നു. എന്നാല്‍ ഇത്തരം ഫയലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതുവഴി ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താനും ബാങ്ക് അക്കൗണ്ട് കൈക്കലാക്കാനുമാണ് തട്ടിപ്പുകാര്‍ ശ്രമിക്കുന്നത്.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി എസ്ബിഐ ഒരിക്കലും ഉപയോക്താക്കളോട് എപികെ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാനോ ആധാര്‍ വിവരങ്ങള്‍ ലിങ്ക് വഴിയോ ഫോണിലൂടെയോ പങ്കുവയ്ക്കാനോ ആവശ്യപ്പെടില്ല. അപരിചിതമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതും സ്ഥിരീകരിക്കാത്ത ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതും ഒഴിവാക്കണമെന്ന് ബാങ്ക് നിര്‍ദേശിച്ചു. ബാങ്കിംഗ് അപ്ഡേറ്റുകള്‍ക്കായി എപ്പോഴും ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റോ പ്ലേസ്റ്റോറില്‍ നിന്നുള്ള യോനോ ആപ്പോ മാത്രം ഉപയോഗിക്കുക.
ഉപഭോക്താക്കള്‍ക്ക് ഇത്തരത്തില്‍ സംശയാസ്പദമായ സന്ദേശങ്ങളോ ഇമെയിലുകളോ ലഭിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ [email protected] എന്ന വിലാസത്തില്‍ ബാങ്കിനെ അറിയിക്കണം. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുന്നതും സൈബര്‍ ശുചിത്വം പാലിക്കുന്നതും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ അത്യന്താപേക്ഷിതമാണന്ന് ഈ രംഗത്ത വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു.
Tags : New scam active targeting SBI YONO users