ഐടി കമ്പനിയായ ഒറാക്കിൾ, ഇന്ത്യയിൽ ഏകദേശം 12,000 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്.അടുത്ത ഒരു മാസത്തിനുള്ളിൽ മറ്റൊരു ഘട്ടം പിരിച്ചുവിടൽ കൂടി ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.യു.എസ് ആസ്ഥാനമായുള്ള ഐടി കമ്പനിയായ ഒറാക്കിൾ ആഗോളതലത്തിൽ ഏകദേശം 30,000 ജീവനക്കാരെയാണ് ഒഴിവാക്കിയത്.
ഇന്ത്യയിലാകെ 30,000 ജീവനക്കാരുള്ള ഒറാക്കിളിൽ നിലവിൽ നടന്ന പിരിച്ചുവിടലിന് പിന്നാലെ മറ്റൊരു വൻതോതിലുള്ള പിരിച്ചുവിടൽ കൂടി വരാനിരിക്കുകയാണെന്ന് കമ്പനിയിലെ എച്ച്ആർ വിഭാഗത്തിൽ നിന്നുള്ളവരടക്കം വ്യക്തമാക്കി. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ചില തസ്തികകൾ ഒഴിവാക്കേണ്ടി വന്നതായാണ് കമ്പനി ജീവനക്കാർക്ക് അയച്ച ഇമെയിലിൽ വ്യക്തമാക്കുന്നത്.
ഇന്ത്യയിൽ ഒരു വർഷത്തെ സേവനം പൂർത്തിയാക്കിയ ഓരോ ജീവനക്കാരനും 15 ദിവസത്തെ ശമ്പളം കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനുപുറമെ, ജോലിയിൽ നിന്ന് പിരിച്ചുവിടുന്ന തീയതി വരെയുള്ള ഒരു മാസത്തെ കുടിശ്ശിക ശമ്പളം, ലീവ് എൻകാഷ്മെന്റ്, യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള ഗ്രാറ്റുവിറ്റി, ഒരു മാസത്തെ നോട്ടീസ് പിരീഡ് ശമ്പളം എന്നിവയും ലഭിക്കും. ഒറാക്കിൾ രണ്ട് മാസത്തെ ശമ്പളം അധികമായി നൽകാനും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ, സ്വമേധയായും സൗഹാർദ്ദപരമായും കമ്പനിയിൽ നിന്ന് രാജിവെക്കുന്നവർക്ക് മാത്രമാണ് ഈ സെവറൻസ് പാക്കേജ് കന്പനി ലഭ്യമാക്കുക.