ജെറുസലേം: ഇസ്ലാമിക റിപബ്ലിക്കായ ഇറാനെ ഒരിക്കലും ആണവായുധം നിർമിക്കാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കയും ഇറാനുമായി കരാർ ഉണ്ടായാലും ഇല്ലെങ്കിലും ആണവായുധം ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് നെതന്യാഹു പറഞ്ഞു.
ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിൽ നിന്നുള്ള ആണവ ഭീഷണി വിജയകരമായി ഇല്ലാതാക്കിയെന്നും ഇതിലൂടെ ഇസ്രയേൽ എന്ന രാജ്യത്തെ സമ്പൂർണ നാശത്തിൽ നിന്ന് രക്ഷിക്കാൻ സാധിച്ചെന്നും നെതന്യാഹു അവകാശപ്പെട്ടു.
യുദ്ധം അവസാനിച്ചേക്കുമെന്ന സൂചനകളെത്തുടർന്ന് സ്വന്തം സർക്കാരിനുള്ളിൽ നിന്നും രാജ്യത്തിനകത്തു നിന്നും കടുത്ത വിമർശനങ്ങൾ നേരിടുന്ന പശ്ചാത്തലത്തിലാണ് നെതന്യാഹു പ്രതിരോധവുമായി രംഗത്തെത്തിയത്.
ഇറാന്റെ ആണവ സ്വപ്നങ്ങളെ തടയുക എന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദൗത്യമാണെന്ന് നെതന്യാഹു വ്യക്തിമാക്കി. താൻ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
Tags : Benjamin Netanyahu iran usa israel