ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെഴ്സിഡസ് ബെൻസ് ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ തങ്ങളുടെ പുതിയ തലമുറ സെഡാൻ മെഴ്സിഡസ് ബെൻസ് സിഎൽഎ ഇലക്ട്രിക് അവതരിപ്പിച്ചു.
ഭാവിയിലെ ഇലക്ട്രിക് വാഹനങ്ങൾ എങ്ങനെയായിരിക്കണം എന്നതിന് മെഴ്സിഡസ് നൽകുന്ന കൃത്യമായ മറുപടിയാണ് സിഎൽഎ ഇലക്ട്രിക്. രൂപകൽപ്പനയിലെ പുതുമകളും ഡ്രൈവിംഗ് അനുഭവത്തിലെ മികവും ഇതിനെ മറ്റ് ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് വേറിട്ടു നിർത്തുന്നു. മെഴ്സിഡസിന്റെ പുതിയ എംഎംഎ പ്ലാറ്റ്ഫോമിലാണ് വാഹനം നിർമിച്ചിരിക്കുന്നത്.
ഭാവിയിലേക്കൊരു കാഴ്ച
അത്യാധുനികമായ എയ്റോഡൈനാമിക് ഡിസൈനാണ് വാഹനത്തിന്റെ പുറംമോടിയിൽ കാണാൻ കഴിയുക. ഇതിന്റെ ഡ്രാഗ് കോയ്ഫിഷ്യന്റ് വെറും 0.21 ആണ്. ഇത് കാറ്റിന്റെ പ്രതിരോധം കുറയ്ക്കാനും അതുവഴി കൂടുതൽ റേഞ്ച് കൈവരിക്കാനും സഹായിക്കുന്നു. മുന്നിലെ ഗ്രില്ലിന് പകരം നക്ഷത്രങ്ങൾ കോർത്തിണക്കിയ ക്ലോസ്ഡ് പാനലും അതിനോട് ചേർന്നു നിൽക്കുന്ന സ്റ്റാർ ആകൃതിയിലുള്ള എൽഇഡി ഹെഡ്ലാന്പുകളും വാഹനത്തിന് ഒരു ഡിജിറ്റൽ മുഖഭാവം നൽകുന്നുണ്ട്.
വശങ്ങളിൽനിന്ന് നോക്കുന്പോൾ കൂപ്പെ ശൈലിയിലുള്ള മേൽക്കൂരയും ഫ്ലഷ് ഡോർ ഹാൻഡിലുകളും സിഎൽഎ ഇലക്ട്രിക്കിന്റെ സ്പോർട്ടി ലുക്ക് വർധിപ്പിക്കുന്നു. 18 ഇഞ്ച് അലോയ് വീലുകൾ വാഹനത്തിന് മികച്ച റോഡ് പ്രെസൻസ് നൽകുന്നുണ്ട്.
പിൻഭാഗത്തെ ടെയിൽ ലാന്പുകളും മുന്നിലെ ഡിസൈനിനോട് നീതി പുലർത്തുന്ന രീതിയിൽ നക്ഷത്ര ആകൃതിയിലുള്ള ലൈറ്റിംഗ് സിഗ്നേച്ചറുകൾ ഉൾപ്പെടുത്തിയാണ് നിർമിച്ചിരിക്കുന്നത്. ഇന്ത്യയിലെ റോഡുകൾക്ക് അനുയോജ്യമായ രീതിയിൽ ഗ്രൗണ്ട് ക്ലിയറൻസും സസ്പെൻഷനും ക്രമീകരിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
ഡിജിറ്റൽ വിസ്മയം
ഡാഷ്ബോർഡിലുടനീളം വ്യാപിച്ചു കിടക്കുന്ന എംബക്സ് സൂപ്പർ സ്ക്രീൻ ആണ് ക്യാബിനുള്ളിലെ പ്രധാന ആകർഷണം. ഇതിൽ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 14 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉൾപ്പെടുന്നു. പനോരമിക് ഗ്ലാസ് റൂഫ് കാബിനുള്ളിൽ കൂടുതൽ വിശാലത തോന്നിപ്പിക്കുന്നു. നിരവധി കളർ ഓപ്ഷനുകളോടുകൂടിയ ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റം ഇന്റീരിയറിന് ഭംഗി നൽകുന്നു. കൂടാതെ സുഖകരമായ യാത്രയ്ക്കായി ശബ്ദരഹിതമായ കാബിൻ, മികച്ച ലെഗ്റൂം, ക്ലൈമറ്റ് കണ്ട്രോൾ സിസ്റ്റം തുടങ്ങിയവ സിഎൽഎ ഇലക്ട്രിക്കിന്റെ പ്രത്യേകതകളിൽപ്പെടും.
സുരക്ഷ & ഫീച്ചർ
സുരക്ഷയുടെ കാര്യത്തിൽ മെഴ്സിഡസ് ഒരിക്കലും വിട്ടുവീഴ്ച ചെയ്യാറില്ല. സിഎൽഎ ഇലക്ട്രിക്കിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ഉൾപ്പെടുത്തിയിട്ടുണ്ട്. ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, 360 ഡിഗ്രി കാമറ, ഏഴ് എയർബാഗുകൾ എന്നിവ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നു. ഡ്രൈവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്ന സെൻസറുകളും ഇതിലുണ്ട്.
ഫീച്ചറുകളുടെ കാര്യത്തിൽ ഈ വാഹനം ഏറെ മുന്നിലാണ്. ബോണറ്റിനടിയിൽ ചെറിയ ലഗേജുകൾ വയ്ക്കാനായി 101 ലിറ്റർ സ്റ്റോറേജ് സ്പേസ്, സ്മാർട്ട്ഫോണ് ഇന്റഗ്രേഷൻ, നാവിഗേഷൻ സിസ്റ്റം, ഡിജിറ്റൽ കീ, വയർലെസ് ചാർജിംഗ്, ഓവർ-ദി-എയർ അപ്ഡേറ്റുകൾ, സ്മാർട്ട് കണക്ടിവിറ്റി, വോയ്സ് അസിസ്റ്റന്റ്, ബെർമെസ്റ്റർ 3ഡി സൗണ്ട് സിസ്റ്റം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
എൻജിനും പെർഫോമൻസും
ഇലക്ട്രിക് മോട്ടോറിന്റെ കരുത്തിലേക്ക് വരുന്പോൾ അത്ഭുതകരമായ പെർഫോമൻസാണ് മെഴ്സിഡസ് വാഗ്ദാനം ചെയ്യുന്നത്. രണ്ട് തരം ബാറ്ററികളാണ് ഇതിൽ ലഭ്യമാകുന്നത്. കൂടുതൽ ദൂരം സഞ്ചരിക്കാൻ സഹായിക്കുന്ന എൻഎംസി ബാറ്ററികളും സാന്പത്തികമായി ലാഭകരമായ എൽഎഫ്പി ബാറ്ററികളും.
250+ വേരിയന്റിൽ 85 കിലോവാട്ട് ബാറ്ററി പായ്ക്കാണുള്ളത്. ഇത് 272 ബിഎച്ച്പി കരുത്തും 335 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. നിശ്ചലാവസ്ഥയിൽനിന്ന് നൂറ് കിലോമീറ്റർ വേഗതയിലേക്ക് 6.7 സെക്കൻഡിനുള്ളിൽ കുതിക്കാൻ വാഹനത്തിന് സാധിക്കും. റിയർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് ഓപ്ഷനുകൾ സിഎൽഎ ഇലക്ട്രിക്കിൽ ലഭ്യമാണ്.
റേഞ്ചിന്റെ കാര്യത്തിൽ ഒറ്റചാർജിൽ 792 കിലോമീറ്ററാണ് കന്പനി അവകാശപ്പെടുന്നത്. ഇതിലെ 800 വോൾട്ട് ഫാസ്റ്റ് ചാർജിംഗ് സംവിധാനം വഴി 15-20 മിനിറ്റ് ചാർജ് ചെയ്താൽ 400 കിലോമീറ്റർ ഓടാനുള്ള ഉൗർജം ലഭിക്കും.
മൂന്ന് വേരിയന്റുകളിലായാണ് സിഎൽഎ ഇലക്ട്രിക് ലഭ്യമാകുക. ഇന്ത്യൻ വിപണിയിൽ 55 ലക്ഷം മുതൽ 64 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില. ലക്ഷ്വറി ഇലക്ട്രിക് സെഡാൻ സെഗ്മെന്റിൽ പ്രധാനമായും ടെസ്ല മോഡൽ 3, ബിഎംഡബ്ല്യു ഐ 4, ബിവൈഡി സീൽ എന്നിവയോടാണ് സിഎൽഎ ഇലക്ട്രിക് മത്സരിക്കുന്നത്.