പ്രതീകാത്മക ചിത്രം
റാന്നി: റാന്നി നിയോജകമണ്ഡലത്തിൽ നിർമാണത്തിലിരിക്കുന്ന കുടിവെള്ള പദ്ധതികൾ എത്രയും വേഗം പൂർത്തീകരിക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം. മന്ത്രി മോൻസ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനമുണ്ടായത്.
അപകടാവസ്ഥയിലുള്ള ശബരിമല അപ്പാച്ചിമേട്, നീലിമല ടോപ്പ്, നീലിമല ബോട്ടം എന്നിവിടങ്ങളിലെ വാട്ടർ ടാങ്കുകൾ തീർഥാടനകാലത്തിനു മുന്പായി പുനർനിർമിക്കുന്നതിന് 3.86 കോടി രൂപ മന്ത്രി അനുവദിച്ചു. ശബരിമല തീർഥാടകർക്ക് ആവശ്യമായ കുടിവെള്ള സംവിധാനങ്ങൾ പോലും അവതാളത്തിലായിരിക്കുകയാണെന്ന് പഴകുളം മധു എംഎൽഎ യോഗത്തിൽ ചൂണ്ടിക്കാട്ടിയതിനേത്തുടർന്നാണ് മന്ത്രി അടിയന്തരമായി തുക അനുവദിക്കാൻ ചീഫ് എൻജിനിയർക്ക് നിർദേശം നൽകിയത്.
റാന്നി പഴവങ്ങാടി, മല്ലപ്പള്ളി, കോട്ടാങ്ങൽ, പെരുമ്പാറ തുടങ്ങി നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഹൈദരാബാദ് ആസ്ഥാനമായ സ്ട്രെഫ കമ്പനി ഏറ്റെടുത്ത് മുടങ്ങിക്കിടക്കുന്ന എല്ലാ കുടിവെള്ള പദ്ധതികളുടെയും പുരോഗതി ചീഫ് എൻജിനിയറുടെ സാന്നിധ്യത്തിൽ കരാറുകാരനെ വിളിച്ചുവരുത്തി വിശദമായി പരിശോധിക്കാനും മന്ത്രി നിർദേശം നൽകി.
വടശേരിക്കര, വെച്ചൂച്ചിറ പഞ്ചായത്തുകൾക്ക് മണിയാർ സംഭരണിയിൽനിന്ന് ജലം ലഭ്യമാക്കുന്നതിനുള്ള സാധ്യത പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. വടശേരിക്കരയിൽ നിലവിലുള്ള പമ്പ് ഹൗസിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്താനും നിർദേശം നൽകിയിട്ടുണ്ട്.
കേന്ദ്രസഹായത്തോടെ 2024-ൽ പൂർത്തീകരിക്കേണ്ടിയിരുന്ന ചെറുകോൽ - നാരങ്ങാനം, കൊറ്റനാട് - അങ്ങാടി കുടിവെള്ള പദ്ധതികൾ നടപ്പാക്കുന്നതിന് കഴിഞ്ഞ പത്ത് വർഷമായി കാര്യമായ ഒരുശ്രമവും ഉണ്ടായിട്ടില്ലെന്ന് മന്ത്രി യോഗത്തിൽ അറിയിച്ചു.
കോട്ടാങ്ങൽ കുന്നാലോണി, പെരുനാട്, അട്ടത്തോട്, മഞ്ഞത്തോട് തുടങ്ങിയ പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. പതിറ്റാണ്ടുകൾക്ക് മുമ്പ് സ്ഥാപിച്ച ചെറിയ വ്യാസമുള്ള പൈപ്പുകൾ ഉപയോഗിക്കുന്നതിനാൽ മലമ്പാറ സ്കീമിലെ ടാങ്കിൽ വെള്ളം എത്തിക്കാൻ 18 മണിക്കൂർ വരെ എടുക്കുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൈപ്പ് വാങ്ങി നൽകിയിട്ടും സ്ട്രെഫ കമ്പനിയുടെ അനാസ്ഥ മൂലം പ്രവൃത്തി മുന്നോട്ടുപോകുന്നില്ല.
സ്ട്രെഫ കമ്പനി ടെൻഡർ ഏറ്റെടുത്ത പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പടുമ്പോൾ ചീഫ് സെക്രട്ടറി തലത്തിലുള്ള ചിലർ കമ്പനിക്ക് അനുകൂലമായി ഇടപെടുന്നതായി എംഎൽഎ ആരോപിച്ചു. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ ആവശ്യമായ ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എഴുമറ്റൂർ കുടിവെള്ള പദ്ധതി: സ്ഥലമെടുപ്പ് തർക്കം ഉടൻ പരിഹരിക്കും
ഏഴുമറ്റൂർ കുടിവെള്ള പദ്ധതിയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കം അടിയന്തരമായി പരിഹരിക്കണമെന്ന് പഴകുളം മധു എംഎൽഎ ആവശ്യപ്പെട്ടു. നിലവിലെ തർക്കം പരിഹരിക്കാൻ കഴിയാത്ത പക്ഷം എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് നിർദേശിക്കുന്ന കുറഞ്ഞ ചെലവിൽ കൂടുതൽ പ്രയോജനപ്രദമായ സ്ഥലം ഏറ്റെടുക്കണമെന്ന നിർദേശവും മന്ത്രി അംഗീകരിച്ചു. ഇതുസംബന്ധിച്ച് ഉടൻ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഏകദേശം 300 കോടി രൂപയുടെ ഈ പദ്ധതി സ്വകാര്യ വ്യക്തിയുടെ തർക്കത്തെത്തുടർന്ന് വർഷങ്ങളായി വൈകുകയാണെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. സ്ഥലമെടുപ്പിനായി 8.5 കോടി രൂപ വാട്ടർ അഥോറിറ്റി റവന്യു വകുപ്പിൽ കെട്ടിവച്ചിട്ട് വർഷങ്ങളായെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള സ്ഥലത്തിനു പകരം ഏകദേശം 2.5 കോടി രൂപ ചെലവിൽ അതിനേക്കാൾ അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകാൻ തയാറാണെന്ന് കോയിപ്രം ബ്ലോക്ക് പഞ്ചായ്ത് പ്രസിഡന്റ് രാമചന്ദ്രൻ നായരും എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽ പൈക്കരയും യോഗത്തിൽ അറിയിച്ചു.
വൻ തുകയ്ക്ക് ഭൂമി വിട്ടുനൽകുന്നതിന് പുറമെ നിലം നികത്താൻ അനുമതി നൽകണമെന്ന ഭൂവുടമയുടെ ആവശ്യം അംഗീകരിക്കരുതെന്നും സ്വകാര്യ വ്യക്തിയുടെ സമ്മർദത്തിന് വഴങ്ങി 300 കോടിയുടെ ജനോപകാരപ്രദമായ പദ്ധതി നഷ്ടപ്പെടാൻ അനുവദിക്കാനാകില്ലെന്നും എംഎൽഎ വ്യക്തമാക്കി.
പെരുന്തേനരുവി ഡാമിലെ മണൽ നീക്കം ചെയ്യും
വെച്ചൂച്ചിറയിലും കൊല്ലമുളയിലും നിലവിലുള്ള കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി പെരുന്തേനരുവി ഡാമിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നൽകി.
കുടിവെള്ള പദ്ധതികളുടെ പുരോഗതി സെപ്റ്റംബർ അവസാനത്തോടെ വീണ്ടും അവലോകനം ചെയ്യാനും തീരുമാനിച്ചു. റാന്നിയിലെയും ശബരിമലയിലെയും കുടിവെള്ളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി പമ്പയിൽ പ്രത്യേക യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
അവലോകന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ. രാമചന്ദ്രൻ നായർ (കോയിപ്രം), സോണിയ മനോജ് (റാന്നി) തുടങ്ങിയവരും വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീദേവി, അനിൽ പൈക്കര, അജീന നജീബ്, സുരഷ് കുഴിവേലി, സുരേഷ് അങ്ങാടി, ശശികല രാജശേഖരൻ, ഉഷ കേശവൻ, ഗിരിജ മധു, സുനിൽകുമാർ, പ്രമോദ് മന്ദമരുതി, രമാദേവി, ബിന്ദു സജി , ചീഫ് എൻജിനിയർ അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.