ഇരിങ്ങാലക്കുട: ആളൂരിൽ പോലീസ് ജീപ്പിടിച്ച് മരണമടഞ്ഞ വിദ്യാർഥിയുടെ കുടുംബത്തിനും ഗുരുതരമായി പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെ ചികിത്സാചെലവുകൾക്കായും സർക്കാർ അടിയന്തരമായി സാന്പത്തികസഹായം നൽകണമെന്നു മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷാണ് ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.
നഗരസഭാപരിധിയിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ നീളുന്നതിൽ യോഗത്തിൽ വീണ്ടും വിമർശനമുയർന്നു. നാലന്പലദർശനം ആരംഭിക്കുന്നതിനുമുന്പ് റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നു കേന്ദ്രമന്ത്രിയുടെ പ്രതിനിധി കൃപേഷ് ചെമ്മണ്ട അവശ്യപ്പെട്ടു. പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള റോഡുകൾ വരെ തകർന്നുകിടക്കുകയാണെന്ന് സിപിഐ പ്രതിനിധിയും നഗരസഭ കൗണ്‍സിലറുമായ കെ.എസ്. പ്രസാദ് ചൂണ്ടിക്കാട്ടി. ടെൻഡറുകൾ എറ്റെടുക്കാൻ ആരുമില്ലാത്ത അവസ്ഥയാണെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. പ്രവൃത്തി ഏറ്റെടുപ്പിക്കാൻ നിരന്തരശ്രമം ഉണ്ടാകേണ്ടതുണ്ടെന്നും റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നും ബ്ലോക്ക് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ ആവശ്യപ്പെട്ടു.
കാറളം പഞ്ചായത്തിലെ പൂർത്തീകരിക്കാതെ കിടക്കുന്ന ഫ്ളാറ്റ് സമുച്ചയനിർമാണം വീണ്ടും ചർച്ചയിൽ ഉയർന്നു.
പോട്ട മൂന്നുപീടിക റോഡിൽ വല്ലക്കുന്നിൽ റോഡിന്റെ ഇരുവശവും കാടുപിടിച്ചുകിടക്കുകയാണെന്ന് ആളൂർ പഞ്ചായത്ത് പ്രസിഡന്റ് റോസിലി പൗലോസ് പറഞ്ഞു. എടതിരിഞ്ഞിയിൽ അപകടാവസ്ഥയിലായ വാട്ടർ ടാങ്ക് പൊളിച്ചുനീക്കി കൂടുതൽ സംഭരണശേഷിയുള്ള ടാങ്ക് സ്ഥാപിക്കണമെന്നു പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണനും ആവശ്യപ്പെട്ടു. യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു.
Tags :