നീലേശ്വരം: മാർക്കറ്റ് ജംഗ്ഷനിൽ ദേശീയപാതാ നവീകരണത്തോടനുബന്ധിച്ച് നിർമിച്ച അടിപ്പാതയുടെ കോൺക്രീറ്റ് ഭിത്തിയിലെ വിള്ളലുകൾ സിമന്റ് പൂശി അടച്ചു. അടിപ്പാതയുടെ ഭിത്തിയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ട കാര്യം കഴിഞ്ഞദിവസം ദീപിക അടക്കമുള്ള പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ദേശീയപാത അധികൃതരോ സാങ്കേതിക വിദഗ്ധരോ പരിശോധനയ്ക്കെത്തുന്നതിനു മുമ്പാണ് കരാർ കമ്പനിയായ മേഘ എൻജിനിയറിംഗിലെ തൊഴിലാളികളെത്തി വിള്ളലുകൾ സിമന്റ് പൂശി അടച്ചത്.
പുഴയോടും ചതുപ്പുനിലങ്ങളോടും ചേർന്നുകിടക്കുന്ന ഉറപ്പുകുറഞ്ഞ മണ്ണിൽ കൃത്യമായ അടിത്തറ ഉറപ്പിക്കാതെ നിർമാണം നടത്തിയതാണ് വിള്ളലുകൾ പ്രത്യക്ഷപ്പെടാൻ കാരണമായതെന്നാണ് നിഗമനം.
വിള്ളലുകൾ സിമന്റ് പൂശി അടച്ചതുകൊണ്ട് പ്രശ്നം മറച്ചുപിടിക്കാമെന്നല്ലാതെ പരിഹരിക്കാനാവില്ലെന്നും മതിയായ ഉറപ്പില്ലെങ്കിൽ ഇതിനു മുകളിലൂടെ വാഹനങ്ങൾ കടത്തിവിടുമ്പോൾ അടിപ്പാത തകരാൻപോലും സാധ്യതയുണ്ടെന്നും സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിനു പകരം മണ്ണിൽ കൃത്യമായ പൈലിംഗ് നടത്തി കോൺക്രീറ്റ് തൂണുകൾ നിർമിച്ച് അവയ്ക്കു മുകളിൽ മേൽപാലം തന്നെ നിർമിക്കണമെന്നാണ് നഗരസഭയും നാട്ടുകാരും ചേർന്ന് രൂപീകരിച്ച കർമസമിതിയുടെ ആവശ്യം.
Tags : nattu vishesham Cracks in the wall footpath