അമ്പലപ്പുഴ: വാഹനമിടിച്ച് കൊല്ലാൻ ശ്രമിക്കുന്നതിനിടെ ഗുരുതര പരിക്കേറ്റ യുവാവിന്റെ മൊഴി മാസങ്ങൾ കഴിഞ്ഞിട്ടും പോലീസ് രേഖപ്പെടുത്തിയില്ലെന്നാരോപിച്ച് ഡിജിപിക്ക് പരാതി. തകഴി കുന്നുമ്മ രതീഷ് ഭവനത്തിൽ ശോഭനയുടെ മകൻ രതീഷിനെയാണ് വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
മാർച്ച് 23ന് അമ്പലപ്പുഴ-തിരുവല്ല റോഡിൽ തകഴി പെട്രോൾ പമ്പിന് സമീപമായിരുന്നു സംഭവം. നടന്നു വന്ന രതീഷിനെ മുൻവൈരാഗ്യത്തെത്തുടർന്ന് പതിനൊന്നോളം പേർ തടഞ്ഞുവച്ച് മർദിക്കുകയും താഴെ വീണ രതീഷിന്റെ ദേഹത്ത് KL 05 K 8816 എന്ന നമ്പരിലുള്ള ജീപ്പ് കയറ്റുകയുമായിരുന്നു. പരിക്കേറ്റ രതീഷിനെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
ഇടതുകാലിന്റെ ഇടുപ്പു ഭാഗത്തെ അസ്ഥിയും വാരിയെല്ലുകളും പൊട്ടിയ രതീഷ് പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മെഡിക്കൽ കോളജാശുപത്രിയിലെത്തി അമ്പലപ്പുഴ മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിരുന്നു. ഇവിടെവച്ച് മാതാവ് ശോഭനയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു.എന്നാൽ ഡിസ് ചാർജായി വീട്ടിലെത്തി ആഴ്ചകൾ പിന്നിട്ടിട്ടും തന്റെ മൊഴി പോലീസ് രേഖപ്പെടുത്തി യില്ലെന്ന് രതീഷ് പറയുന്നു.
കൊലപാതകശ്രമമായിട്ടും വാഹനാപകടത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.അപകട ദിവസം സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പോലീസ് തകഴി സ്വദേശി ഗണപതി, അപ്പു എന്നിവരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും അന്നു തന്നെ വിട്ടയച്ചു. ശരത് ശിവാനന്ദൻ, അരുൺ, അക്ഷയ്, കണ്ടാലറിയാവുന്ന മറ്റ് അഞ്ചു പേർ എന്നിവരാണ് കേസിലെ പ്രതികളെന്ന് ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു.കൊലപാതക ശ്രമത്തിന് എല്ലാ തെളിവും സാക്ഷികളുമുണ്ടായിട്ടും പ്രതികളെ രക്ഷപെടുത്തുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും പരാതിയിൽ പറയുന്നു.
Tags : Nattuvishesham Local Desk Attempt to kill Complaint filed with DGP