നിലമ്പൂർ കെഎസ് ആർടിസി മാനേജ്മെന്റ് കമ്മിറ്റിയിൽനിന്ന്.
നിലമ്പൂര്‍: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് നെല്ലിക്കുത്ത് നെടുംങ്കയം, മുണ്ടേരി എന്നിവിടങ്ങളില്‍നിന്ന് അടിയന്തരമായി കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കാന്‍ തീരുമാനം. നിലമ്പൂര്‍ ഡിപ്പോയില്‍ മുന്‍പുണ്ടായിരുന്ന 52 സര്‍വീസുകള്‍ 32 ആയി കുറഞ്ഞതിന്റെ കാരണങ്ങള്‍ പഠിച്ച് പരിഹരിക്കാനും ജീവനക്കാരുടെ കുറവുണ്ടെങ്കില്‍ അടിയന്തര ക്രമീകരണങ്ങള്‍ ഒരുക്കാനും തീരുമാനമായി. ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ പ്രഥമ യോഗത്തിലാണിത്.
ആര്യാടന് ഷൗക്കത്ത് എംഎല്‍എയുടെ അധ്യക്ഷതയിലായിരുന്നു യോഗം. യാത്രക്കാരായ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഡിപ്പോ തലത്തില്‍ ആരംഭിക്കുന്നതിനും ഡിപ്പോയില്‍ കുടുംബശ്രീ കാന്റീന് തുടങ്ങുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാനും മുന്‍കൈയെടുക്കണമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ് ആവശ്യപ്പെട്ടു.
കാളികാവ് ,കരുവാരകുണ്ട് ,മേലാറ്റൂര്‍ വഴി കൂടുതല്‍ സര്‍വീസ് ആരംഭിക്കണമെന്നും പ്രിയദര്‍ശിനി ബസുകള്‍ ഈ റൂട്ടില്‍ ഉല്‍പ്പെടുത്തണമെന്നും ആര്‍ജെഡി പ്രതിനിധി മാനുവല്‍ കുട്ടി മണിമല ആവശ്യമുന്നയിച്ചു. പ്രധാന ഷെഡ്യൂളുകള്‍ ലിസ്റ്റ് ചെയ്ത് മെറിറ്റ് അടിസ്ഥനത്തില്‍ പുനഃസ്ഥാപിച്ച് സര്‍വീസുകള്‍ വര്‍ധിപ്പിക്കാനും സ്ത്രീ സൗഹൃദ സ്റ്റേഷനാക്കി മാറ്റാനും നടപടി സ്വീകരിക്കണമെന്ന് മുസ്ലീം ലീഗ് പ്രതിനിധി കെ.ടി. കുഞ്ഞാന് ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്തംഗം പി. വിജയലക്ഷ്മി, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എം.കെ. ബാലക്ഷ്ണന്‍, പ്രതീഷ് ബാബു, എം.പി മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.
അടുത്തമാസം ആദ്യം ഡിപ്പോ സന്ദര്‍ശിക്കുന്ന മന്ത്രിക്ക് നല്‍കുന്നതിനായി ആവശ്യമായിട്ടുള്ള എല്ലാ അടിയന്തര പ്രവൃത്തികളുടെയും വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് തയാറാക്കാന്‍ യോഗം ഡിപ്പോ മാനേജര്‍ക്ക് നിര്‍ദേശം നല്കി.