ദേശീയപാത 66 കയ്പമംഗലത്ത് ഇന്നലെ നടന്ന സംയുക്ത പരിശോധനയിൽനിന്ന്.
കയ്പമംഗലം: ദേശീയപാത 66ൽ അപകടങ്ങൾക്കും ഗതാഗത തടസങ്ങൾക്കും കാരണം കരാർ വ്യവസ്ഥകൾ പാലിക്കാത്തതെന്നു റിപ്പോർട്ട്. പനന്പിക്കുന്നിലുണ്ടായ അപകടത്തിനു പിന്നാലെ തീരദേശ വികസന സമിതി എംഎൽഎയ്ക്കും പഞ്ചായത്തു പ്രസിഡന്റിനും സമർപ്പിച്ച റിപ്പോർട്ടിലാണ് പിഴവുകൾ എണ്ണിപ്പറയുന്നത്.
സർവീസ് റോഡുകൾ, ബദൽ റോഡുകൾ, ഗതാഗതം വഴിതിരിച്ചുവിടൽ, സിഗ്നലുകൾ, മുന്നറിയിപ്പ് ബോർഡുകൾ, ബാരിക്കേഡുകൾ, ലൈറ്റിംഗ്, റോഡ് അടയാളപ്പെടുത്തൽ എന്നിവ കരാറുകാരന്റെ ഉത്തരവാദിത്തമാണ്. ഇവ ഫലപ്രദമായി നടപ്പാക്കാത്തതും സാങ്കേതിക മേൽനോട്ടം ഉറപ്പാക്കാത്തതുമാണു പ്രശ്നങ്ങൾക്കു കാരണം.
സർവീസ് റോഡുകളുടെ പരിപാലനം, വെള്ളക്കെട്ട് ഒഴിവാക്കൽ എന്നിവയിലെ വീഴ്ചകൾ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിക്കണം. കരാറുകാരുടെയും ഉപകരാറുകാരുടെയും സാങ്കേതിക യോഗ്യത, ജീവനക്കാരുടെ പരിശീലനം, ഗുണനിലവാര നിയന്ത്രണം എന്നിവയും വിലയിരുത്തണം. പിഡബ്ല്യൂഡി, മോട്ടോർ വാഹന വകുപ്പ്, എൻഎച്ച്എഐ, തദ്ദേശസ്ഥാപനങ്ങൾ എന്നിവ സംയുക്തമായി കരാർ വ്യവസ്ഥകളും നിർമാണ നിലവാരവും പരിശോധിക്കണം.
ലംഘനം കണ്ടെത്തിയാൽ ഉത്തരവാദിത്വം നിശ്ചയിച്ചു സമയപരിധിക്കുള്ളിൽ പരിഹാര നടപടി സ്വീകരിക്കണം.പിഡബ്ല്യൂഡി, മോട്ടോർ വാഹന വകുപ്പ്, എൻഎച്ച്എഐ, തദ്ദേശസ്ഥാപനം, കരാർ കന്പനി, കണ്സൾട്ടൻസി എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സംയുക്ത റോഡ് സുരക്ഷാ ദൗത്യസംഘം രൂപീകരിക്കണം. സംഘം അപകടസാധ്യതയുള്ള സ്ഥലങ്ങൾ നിരന്തരം പരിശോധിക്കണം.
ഏഴു ദിവസത്തിനകം സംയുക്ത സ്ഥലപരിശോധന നടത്തി വീഴ്ചകൾ പരിഹരിക്കണം. 30 ദിവസത്തിനകം നടപടി പുരോഗതി റിപ്പോർട്ട് സമർപ്പിക്കണം. ദേശീയപാത വികസനത്തെ എതിർക്കലല്ല ലക്ഷ്യമെന്നും കരാർ വ്യവസ്ഥകളും നിർമാണനിലവാരവും പാലിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയാണു വികസനം പൂർത്തിയാക്കേണ്ടതെന്നും കെ.കെ. വത്സരാജ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ എന്നിവർക്കു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കരാർ കമ്പനിയുടേത് വലിയ അനാസ്ഥയെന്ന്
സംയുക്ത പരിശോധനാ സംഘം
കയ്പമംഗലം: പനമ്പിക്കുന്നിൽ എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിനുപിന്നാലെ ദേശീയപാത 66ൽ സംയുക്ത പരിശോധനയുമായി സർക്കാർ. മോട്ടോർ വാഹന വകുപ്പ്, പൊലിസ്, നാഷണൽ ഹൈവേ അഥോറിറ്റി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരെയെല്ലാം ഉൾപ്പെടുത്തി റോഡ് സുരക്ഷാ വിദഗ്ധൻ ഉപേന്ദ്രനാഥിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കയ്പമംഗലം ദേശീയപാത 66ൽ അപകടം സംഭവിച്ച ഭാഗത്ത് ഇന്നലെ ഉച്ചയോടെയാണ് സംഘം എത്തിയത്. നിർമാണ കന്പനിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ സംഘം പരിശോധിച്ചറിഞ്ഞു. സൂചനകൾക്കായുള്ള ചുവപ്പ്, മഞ്ഞ റിഫ്ലക്ടർ സ്റ്റിക്കറുകൾപോലും ഗുണനിലവാരം കുറഞ്ഞവയാണ് കന്പനി ഉപയോഗിച്ചിരിക്കുന്നത്. പലതും ദൂരെനിന്ന് കാണാൻ കഴിയാത്തവയാണ്. ദേശീയപാതയിലെ സൂചനാ ബോർഡുകൾ കൃത്യമാക്കുക, റിഫ്ലക്ടറുകൾ ആവശ്യമായ സ്ഥലങ്ങളിൽ സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങളടക്കം ഉൾപ്പെടുത്തിയാകും സംഘം കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുക.
ദേശീയപാതയിൽ കൊടുങ്ങല്ലൂർ കോട്ടപ്പുറം മുതൽ ചേറ്റുവ വരെയായിരുന്നു പരിശോധന. ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി പ്രതിനിധികളും പൊതുപ്രവർത്തകരും വിവരങ്ങൾ നൽകാൻ എത്തിയിരുന്നു.അനാസ്ഥകളാണ് അപകടങ്ങൾക്കു കാരണമെന്നും കാര്യങ്ങൾ ദേശീയപാത അധികൃതരെയും കരാർ കമ്പനി ഉദ്യോഗസ്ഥരെയും കൃത്യസമയത്ത് അറിയിച്ചാലും യാതൊരു നടപടികളും ഉണ്ടാകാറില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ പറഞ്ഞു.
അത്യാവശ്യകാര്യം പറയാൻ വിളിച്ചാൽപോലും ശിവാലയ കരാർ കമ്പനി പ്രതിനിധി ഫോൺ എടുക്കാറില്ലെന്നും പ്രസിഡന്റ് ആരോപിച്ചു. കയ്പമംഗലം പൊലിസ് നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ കരാർ കമ്പനി ജീവനക്കാർ തയാറാകുന്നില്ലെന്ന ആരോപണവും ശക്തമാണ്.
കുടിവെള്ള വിഷയത്തിൽ പഞ്ചായത്തിന്റെ ആവശ്യത്തിന് മറുപടി പറയാതെ എൻഎച്ച്എഐ- കരാർ കമ്പനി ഉദ്യോഗസ്ഥർ സ്ഥലത്തുനിന്നു പോയത് പ്രതിഷേധത്തിനിടയാക്കി.
Tags : NattuVishasham DistrictNews