കളമശേരി: കണ്ടെയ്നര്‍ റോഡില്‍നിന്ന് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലേക്ക് എലിവേറ്റഡ് ഹൈവേ പദ്ധതിയുമായി കളമശേരി നഗരസഭ. കളമശേരി ഭാഗത്ത് കണ്ടെയ്നർ റോഡില്‍നിന്ന് നിലവിലെ റെയില്‍വേ റോഡ്, തുമ്പുങ്കൽ തോട് പാടശേരം, എന്‍എഡി റോഡ് ക്രോസ് ചെയ്ത് നോര്‍ത്ത് പള്ളിലാംകര വഴി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ എത്തുന്ന നിലയിലാണ് എലിവേറ്റഡ് ഹൈവേ വിഭാവനം ചെയ്തിരിക്കുന്നത്. 2.35 കിലോമീറ്റര്‍ ദൂരം വരുന്ന പദ്ധതിക്ക് നഗരസഭാ കൗണ്‍സില്‍ യോഗം അംഗീകാരം നല്കി.
നഗരസഭയുടെ 7, 8 വാര്‍ഡുകളിലൂടെ 45 മീറ്റര്‍ റോഡ് നിര്‍മിച്ചാല്‍ 40 ഓളം വീടുകള്‍ നഷ്ടമാകും. അതിനാല്‍ എലിവേറ്റഡ് ഹൈവേയാണ് ഉചിതമായ പരിഹാരമെന്ന് കൗണ്‍സിലില്‍ അഭിപ്രായമുണ്ടായി. പദ്ധതി വരുന്നതോടെ കളമശേരിയിലെയും എച്ച്എംടി ജംഗ്ഷനിലെയും ഗതാഗതക്കുരുക്ക് ഒഴിവാകും. മാത്രമല്ല അദാനി ലോജിസ്റ്റിക് പോലുള്ള വന്‍കിട വ്യവസായങ്ങള്‍ വരുന്നതിനാൽ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്കിനും പരിഹാരമാകുമെന്നും നഗരസഭയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ നഗരസഭാ ചെയർപേഴ്സൺ ജമാല്‍ മണക്കാടന് പറഞ്ഞു.
നഗരസഭാ പ്രദേശത്തെ ഗ്രീന്‍ സോണ്‍ ഒഴിവാക്കാന്‍ രൂപരേഖ തയാറാക്കുന്നതിനും കൗണ്‍സില്‍ അംഗീകാരം നല്കി. നിലവിലെ പ്ലാനില്‍ 40 ശതമാനത്തോളം വീടുകള്‍ ഗ്രീന്‍ സോണില്പ്പെട്ടവയാണ്. അതിനാൽ 1998 ലെ ഗ്രീന്‍ സോണുമായി ബന്ധപ്പെട്ട പ്ലാനില്‍ മാറ്റം വരുത്തി നഗരസഭ ഭേദഗതി തയാറാക്കി ജില്ലാ പ്ലാനിംഗ് ബോര്‍ഡിന്റെ അനുമതിയോടെ സര്‍ക്കാരിന് ശിപാശ ചെയ്യാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചതായും ചെയര്‍പേഴ്സൺ പറഞ്ഞു.
ഗ്രീന്‍ സോണില്‍ 45 മീറ്റര്‍ ഉള്ളില്‍ മാത്രമേ വീട് നിർമിക്കാൻ കഴിയൂ. പരാതിയുള്ളവര്‍ക്ക് 24നകം പരാതിപ്പെടാനുള്ള അവസരമുണ്ട്. ഇതില്‍ നാട്ടുകാര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ചെയര്മാന് പറഞ്ഞു.