കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ മന്ത്രി ടി. സിദ്ദിഖ് സംസാരിക്കുന്നു.
പത്തനംതിട്ട: പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തുക കൂട്ടിയതായി സർക്കാർ അവകാശപ്പെടുന്പോഴും ഒരു സെന്റ് നെല്ല് കൃഷി നഷ്ടപ്പെട്ട കർഷകനു ലഭിക്കുന്നത് 68 രൂപയാണ്. കഴിഞ്ഞ പത്തു വർഷത്തിനിടെ നഷ്ടപരിഹാരം ലഭിച്ചത് നാമമാത്രമാണ്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷമാണ് 25 ശതമാനം വർധനയുണ്ടായത്. ഇപ്പോഴും പല കാർഷിക വിളകളുടെയും ഉത്പാദനച്ചെലവുമായി താരതമ്യപ്പെടുത്തുന്പോൾ തുക തുച്ഛമാണെന്ന് ഇന്നലെ പ്രളയബാധിത മേഖലകളിലെത്തിയ മന്ത്രി ടി. സിദ്ദിഖിനോടു കർഷകർ പരാതിപ്പെട്ടു.
മുന്തിയ ഇനം വാഴകളിൽ നിന്നും ലഭിക്കുന്ന ഒരു കുലയ്ക്ക് 30 മുതൽ 40 കിലോ വരെ ഭാരം വരും. നാടൻ ഏത്തക്കായ്ക്ക് 60 മുതൽ 80 വരെ കമ്പോളവിലയുണ്ട്. കുറഞ്ഞ വില നോക്കിയാലും 1800 രൂപ ഒരു കുലയ്ക്ക് ലഭിക്കും. പക്ഷേ പ്രകൃതി ദുരന്ത നഷ്ടപരിഹാരമായി ഒരു കുലച്ച വാഴയ്ക്ക് ലഭിക്കുന്നത്100 രൂപയും കുലയ്ക്കാത്ത വാഴയ്ക്ക് 75 രൂപയും മാത്രമാണ്. ചേന, കാച്ചിൽ, ചേമ്പ്, കപ്പ തുടങ്ങിയ കിഴങ്ങുവർങ്ങളുടെയും നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന് കർഷകർ ചൂണ്ടിക്കാട്ടി.
ഭൂരിഭാഗം കർഷകരും കൃഷിഭൂമി പാട്ടത്തിനെടുത്താണ് ചെയ്യുന്നത് പാട്ട കൃഷിക്കാർക്ക് കൃത്യമായ രേഖകൾ ലഭിക്കാത്തതിനാൽ ഇൻഷ്വറൻസ് ചെയ്യാൻ കഴിയുകയുമില്ല. ഇക്കാര്യങ്ങൾ കൃഷിവകുപ്പിന്റെ ശ്രദ്ധയിലുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നൽകി.
മോട്ടോറുകൾ തകർന്നത് പുനഃസ്ഥാപിക്കും
പ്രളയക്കെടുതിയിൽ മോട്ടോറുകളും തറകളും നശിച്ച കർഷകർക്ക് അവ പുനർനിർമിക്കുന്നതിന് സഹായം നൽകണമെന്ന കർഷകരുടെ ആവശ്യം അനുകൂലമായി പരിഗണിക്കുമെന്ന് ഇന്നലെ തിരുവല്ലയിലെ പ്രളയബാധിത മേഖലകൾ സന്ദർശിച്ച മന്ത്രി ടി. സിദ്ദിഖ് ഉറപ്പു നൽകി. ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകൾ നൽകാൻ കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കാർഷികാവശ്യത്തിനു വാങ്ങിയ ട്രാക്ടറുകൾ, ടില്ലറുകൾ തുടങ്ങിയ കാർഷികോപകരണങ്ങൾ പലയിടത്തും തുരുന്പെടുത്ത് കിടക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തേടിയിട്ടുണ്ട്. തരിശ് ഭൂമി കണ്ടെത്തി ഡിജിറ്റലൈസ് ചെയ്യും. അവിടെ കൃഷി ആരംഭിക്കും. വന്യമൃഗ ശല്യം നേരിടുന്നതിന് വനംവകുപ്പുമായി ചേർന്ന് കോഴിക്കോട്ട് കോൺക്ലേവ് നടത്തും. മൃഗങ്ങളെ അകറ്റാനുള്ള ലേസർ ലൈറ്റ്, ശബ്ദം തുടങ്ങിയ നൂതന സംവിധാനങ്ങളക്കുറിച്ച് കോൺക്ലേവ് ചർച്ച ചെയ്യം.
സ്കൂളുകളിൽ കതിർ ക്ലബ്
സ്കൂളുകളിൽ കൃഷി വകുപ്പിന്റെ കതിർ ക്ലബ് പദ്ധതി ആരംഭിക്കും. ആദ്യഘട്ടമായി 500 സ്കൂളുകളിൽ നടപ്പാക്കും. ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറി സ്കൂളിൽതന്നെ കൃഷി ചെയ്യും. കൃഷിയിൽ ഏർപ്പെടുന്ന കുട്ടികൾക്ക് വെയിറ്റേജ് മാർക്ക് നൽകും. സ്കൂളിലും വീട്ടിലും കൃഷി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.