ചേര്‍ത്തല: കളരിപ്പയറ്റിലെ ഏറ്റവും അപകടകരമായ ഉറുമിവീശലില് നാലുവയസുകാരന്റെ അത്ഭുതപ്രകടനം. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 12-ാം വാര്‍ഡ് വലിയവീട്ടില്‍ അനില്‍ പ്രശാന്ത്-ജീതു ദമ്പതികളുടെ മകനായ സെലസ്റ്റീനോ വര്‍ഗീസാണ് നാല് റിക്കാർഡുകൾ സ്വന്തം പേരിൽ കുറിച്ചത്. പട്ടണക്കാട് സെന്റ് ജോസഫ്സ് സ്കൂളില്‍ എല്‍കെജി വിദ്യാര്‍ഥിയാണ്.
കളരിപ്പയറ്റില്‍ ഉറുമി വിഭാഗത്തില്‍ 30 സെക്കന്‍ഡില്‍ 93 തവണ വീശിയ സെലസ്റ്റീനോ ഏഷ്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടംപിടിച്ചു. പിന്നാലെ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇന്ത്യന്‍ ബുക്സ് ഓഫ് സ്കൂള്‍ റിക്കാര്‍ഡ്സിലും കേരള ബുക്ക് ഓഫ് റിക്കാര്‍ഡ്സിലും സെലസ്റ്റീനോ സ്ഥാനം നേടി.
12 വയസില്‍ താഴെയുള്ളവര്‍ അനായാസം ഉറുമി വീശുന്നത് അപൂര്‍വമാണെന്ന് മേഖലയിലുള്ളവര്‍ പറയുന്നg. ആലപ്പുഴ തത്തംപള്ളിയിലെ കളരിപ്പയറ്റ് അക്കാഡമിയില്‍ ചേര്‍ന്ന സെലസ്റ്റിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ് ഉറുമി അഭ്യസിപ്പിച്ചത് പരിശീലകൻ യേശുദാസ് ജസ്റ്റിനാണ്. മൂന്നാം വയസിലാണ് പരിശീലനം തുടങ്ങിയത്. കളരിപ്പയറ്റ് ആചാര്യന് കോമളന് ഗുരുവിന്റെ പ്രോത്സാഹനം കൂടിയായപ്പോള്‍ ഉറുമിവീശലില് സെലസ്റ്റിനോ കത്തിക്കയറി.
ആയോധനകലകൾക്കൊപ്പം മോഡലിംഗിലും ഈ കുഞ്ഞുമിടുക്കന് തിളങ്ങുകയാണ്. മോഡലിംഗ് രംഗത്ത് പ്രശസ്തനും ഇന്റര്‍നാഷണല്‍ ട്രെയിനറുമായ അതുല്‍ സുരേഷിന്റെ കീഴിലാണ് പരിശീലനം. സഹോദരന് അഡ്രിയാനോ വര്‍ഗീസ് കളരി സംസ്ഥാന ചാമ്പ്യനാണ്.
Tags : Nattuvishesham Local Desk Four records at the age of four