അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിന്റെ നടത്തിപ്പിനും വികസനത്തിനുമായി സമഗ്ര മാസ്റ്റർ പ്ലാൻ വേണമെന്ന് കെ.സി. വേണുഗോപാൽ എംപി. മാസ്റ്റർ പ്ലാനിന് വിധേയമായി വികസന പദ്ധതികളും പ്രവർത്തന പരിപാടികളും ഭരണസംവിധാനവും പുനഃക്രമീകരിക്കാനാണ് ആലോചന.
കെ.സി. വേണുഗോപാൽ എംപി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് മെഡിക്കൽ കോളജിന്റെ ദൈനംദിന നടത്തിപ്പും ദീർഘകാല വികസനവുമടക്കം സമഗ്രമായ മാസ്റ്റർപ്ലാനിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കാനുള്ള നിർദേശങ്ങൾ സർക്കാരിനു മുന്നിൽ സമർപ്പിക്കാൻ തീരുമാനമെടുത്തത്.
വിശദ ചർച്ചകൾക്കായി ആരോഗ്യമന്ത്രി കെ. മുരളീധരൻ ആലപ്പുഴ മെഡിക്കൽ കോളജിലെത്തും. ജൂലൈ രണ്ടാം വാരം ആരോഗ്യമന്ത്രിയും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരും ആലപ്പുഴയിൽ വിശദമായ യോഗം ചേരുമെന്നും മന്ത്രിയുമായി ഫോണിൽ ചർച്ച നടത്തിയശേഷം എംപി അറിയിച്ചു.