പ്രതീകാത്മക ചിത്രം
ഇരിങ്ങാലക്കുട: പരിമിതികളെ മറികടന്ന് ഉല്ലാസയാത്രകളിൽ വിജയക്കുതിപ്പ് തുടരുകയാണ് ഇരിങ്ങാലക്കുട കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റർ. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ സംഘടിപ്പിച്ച ഉല്ലാസയാത്രകളിൽ സംസ്ഥാനതലത്തിൽ ഇരിങ്ങാലക്കുടയ്ക്കു രണ്ടാംസ്ഥാനമാണ്. ലക്ഷ്യമിട്ട വരുമാനത്തിന്റെ 147.13 ശതമാനം കൈവരിച്ചാണ് നേട്ടം സ്വന്തമാക്കിയത്. 149.70 ശതമാനം വരുമാനം നേടിയ ചേർത്തലയാണ് ഒന്നാംസ്ഥാനത്ത്. കാഞ്ഞങ്ങാട് മൂന്നാമതായി.
ആവശ്യത്തിനു ജീവനക്കാരില്ലാതിരുന്നിട്ടും യാത്രക്കാരുടെ താത്പര്യം കണക്കിലെടുത്ത് ഓഗസ്റ്റിലെ അവധിദിനങ്ങളിൽ നടത്തിയ ഉല്ലാസയാത്രകളാണ് ഇരിങ്ങാലക്കുട കെഎസ്ആർടിസിക്കു നേട്ടമായത്. 17 യാത്രകളിൽനിന്നായി 7,35,670 രൂപയുടെ അധികവരുമാനം ലഭിച്ചു. അഞ്ചുലക്ഷം രൂപയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ലക്ഷ്യത്തേക്കാൾ ഏറെ ഉയർന്ന വരുമാനം നേടിയതു വൻനേട്ടമായി.
സെപ്റ്റംബറിലും നിരവധി വിനോദയാത്രകളാണ് ഇരിങ്ങാലക്കുടയിൽനിന്ന് ഒരുങ്ങുന്നത്. ഇതിൽ ഏറെ ശ്രദ്ധേയം ഹൈദരാബാദ് ഉല്ലാസയാത്രയാണ്. 25നു രാവിലെ ഏഴിന് ഇരിങ്ങാലക്കുടയിൽനിന്നു പുറപ്പെട്ട് 29നു രാത്രി ഒന്പതിനു തിരിച്ചെത്തും. യാത്ര, താമസം, പ്രവേശനഫീസ്, ഭക്ഷണം എന്നിവ ഉൾപ്പടെ ഒരാൾക്ക് 16,480 രൂപയാണു നിരക്ക്. ഹൈദരാബാദിലെ നെഹ്റു സുവോളജിക്കൽ പാർക്ക്, റാമോജി ഫിലിം സിറ്റി ഉൾപ്പടെ 12 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളാണു സന്ദർശിക്കുക. ഇതിനുപുറമേ നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്ന മൂന്നാറിലെ ചൊക്രമുടി, ആറൻമുള പാർഥസാരഥിക്ഷേത്രദർശനവും വള്ളസദ്യയും, മലക്കപ്പാറ, ഗുരുവായൂർ, കേരളപഴനി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രകളും ഇരിങ്ങാലക്കുട കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്.
Tags : NattuVishesham DistrictNews