വാടാനപ്പിള്ളിയിൽ ഓടിക്കൊണ്ടിരിക്കെ ടയർ പൊട്ടിത്തെറിച്ച സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്.
വാടാനപ്പിള്ളി: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു. യാത്രക്കാർ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. എറണാംകുളം - ഗുരുവായൂർ റൂട്ടിലോടുന്ന വലിയപറമ്പിൽ ബസിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 2.10 ഓടെ വാടാനപ്പിള്ളി ചിലങ്ക സെന്ററിലെ പെട്രോൾ പമ്പിനു തെക്കുഭാഗത്തുവച്ചായിരുന്നു സംഭവം. ഓടിക്കൊണ്ടിരിക്കുമ്പോൾ റോഡിന്റെ നടുഭാഗത്തുവച്ചാണ് വലിയ ശബ്ദത്തിൽ ബസിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടിത്തെറിച്ചത്.
ബസ് റോഡിൽ ഉരസി 15 മീറ്ററോളം അകലെയാണുനിന്നത്. മറിയാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ടയർ തെറിച്ചുപോയി. ബസിന്റെ അടിഭാഗത്തുനിന്ന് പുക വരുന്നതുകണ്ട് തളിക്കുളത്തുനിന്ന് ബസിൽ കയറിയ വീട്ടമ്മ ബസ് ജീവനക്കാരോടു പറഞ്ഞെങ്കിലും ഗൗനിക്കാതിരുന്നതാണ് ടയർ പൊട്ടിത്തെറിയിലേക്കു നയിച്ചത്. വലിയ ശബ്ദത്തിൽ ടയർ പൊട്ടിതെറിച്ചതോടെ യാത്രക്കാർ ഭയന്നു. ആർക്കും പരിക്കില്ല. രാത്രിയിലും ബസിന്റെ നടുറോഡിലെ കിടപ്പ് അപകട ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
Tags : NattuVishesham DistrictNews