പുഴയ്ക്കൽപാലം മുതൽ കൈപ്പറന്പ് നൈൽ ആശുപത്രിവരെയുള്ള റോഡിൽ വാഹനമിടിച്ചുതകർന്ന വിളക്കുകാലുകളിൽ ചിലത്.
കൈപ്പറന്പ്: തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ വടക്കാഞ്ചേരി മണ്ഡലപരിധിയിലുള്ള പുഴയ്ക്കൽപാലം മുതൽ കൈപ്പറന്പ് നൈൽ ആശുപത്രിവരെ റോഡിൽ കോടികൾ ചെലവിട്ടു സ്ഥാപിച്ച വഴിവിളക്കുകൾ നോക്കുകുത്തി. വർഷങ്ങൾ പിന്നിട്ടിട്ടും പ്രകാശിച്ചിട്ടില്ലെന്നു മാത്രമല്ല, രാത്രിയിൽ വിളക്കുകാലുകളിൽ വാഹനങ്ങൾ ഇടിച്ചുണ്ടാകുന്ന അപകടങ്ങളും ഗതാഗതക്കുരുക്കും മാത്രമാണു ബാക്കി. രാഷ്ട്രീയപ്പാർട്ടികളുടെ കൊടിതോരണങ്ങൾ കെട്ടാനുള്ള സ്ഥലമായി പോസ്റ്റുകൾ മാറി.
അത്യാനുധികരീതിയിൽ നിർമിച്ച മീഡിയനുകൾക്കു നടുവിലാണു നൂറുകണക്കിനു വിളക്കുകാലുകൾ സ്ഥാപിച്ചത്. എതിരേ വരുന്ന വാഹനങ്ങളുടെ വെളിച്ചത്തിൽ കണ്ണഞ്ചി ദിശതെറ്റിയാണു മിക്ക വാഹനങ്ങളും പോസ്റ്റുകളിൽ ഇടിക്കുന്നത്. ജീവൻ പൊലിയുന്നവരുടെയും പരിക്കേൽക്കുന്നവരുടെയും എണ്ണം അനുദിനം വർധിച്ചിട്ടിട്ടും വെളിച്ചമെത്തിക്കാൻ മാത്രം നടപടിയില്ല.
വാഹനമിടിച്ച് ഒടിയുന്ന തൂണുകൾ ആദ്യകാലത്ത് ഉടനടി മാറ്റിയെങ്കിലും ബില്ലു മാറുന്നതു വൈകിയതോടെ അതുമില്ലാതായി. ഒടിഞ്ഞുതൂങ്ങി റോഡിനു കുറുകെനിൽക്കുന്ന തൂണുകൾ മീഡിയനിലേക്ക് ഒതുക്കിവയ്ക്കേണ്ട ബാധ്യത നാട്ടുകാർക്കും യാത്രക്കാർക്കുമായി. പഞ്ചായത്തും വടക്കാഞ്ചേരി എംഎൽഎയും പരസ്പരം പഴിചാരുന്നതൊഴിച്ചാൽ നടപടിയില്ല.
വൈദ്യുതി എത്തിച്ചശേഷമുള്ള പരിപാലനം ഏറ്റെടുക്കാനാണു നിർദേശമെന്നാണു പഞ്ചായത്ത് അധികൃതർ പറയുന്നത്. എന്നാൽ, എന്നു പ്രകാശിപ്പിക്കും എന്ന ചോദ്യത്തിനു കൃത്യമായ മറുപടിയില്ല.
Tags : NattuVishesham DistrictNews