തിരുവല്ല: കഴിഞ്ഞ ആറു ദിവസമായി കനത്ത പ്രളയത്താൽ ഒറ്റപ്പെട്ടു കഴിയുന്ന കാക്കത്തുരുത്ത് നിവാസികൾക്ക് ഭക്ഷണസാധനങ്ങളുമായി കുടുംബശ്രീ പ്രവർത്തകരെത്തി.
തിരുവല്ല നഗരസഭ വെസ്റ്റ് കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ അനു വി. ജോൺ, വൈസ് ചെയർപേഴ്സൺ ഉഷാ മനോഹരൻ, സിഡിഎസ് അംഗം റഹ്മത്ത് ബീവി, നഗരസഭാ കൗൺസിലർ ആശാ സജീവ് എന്നിവരാണ് കുട്ടികൾക്കടക്കമുള്ള ഭക്ഷണ സാധനങ്ങളുമായെത്തിയത്. മുളകൊണ്ടു നിർമിച്ച ചങ്ങാടങ്ങൾ മാത്രമായിരുന്നു കഴിഞ്ഞ ദിവസം വരെ ഇവിടേക്കുള്ള യാത്രാമാർഗം. ജനങ്ങൾ പ്രതിഷേധമുയർത്തിയതിനേ തുടർന്ന് റവന്യു വകുപ്പ് വെള്ളിയാഴ്ച ഫൈബർ വള്ളം അനുവദിച്ചിരുന്നു. ഈ വള്ളത്തിലാണ് കുടുംബശ്രീ പ്രവർത്തകർ വെള്ളം നിറഞ്ഞ വഴിയിലൂടെ ഒറ്റപ്പെട്ട തുരുത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഭക്ഷണ സാധനങ്ങളുമായി ശനിയാഴ്ച എത്തിയത്.
51 കുടുംബങ്ങാണ് ഒറ്റപ്പെട്ട തുരത്തിലുള്ള അങ്കണവാടിയിലെ ക്യാമ്പിൽ കഴിഞ്ഞിരുന്നത്. തിരുവല്ല നഗരസഭാ ഓഫീസിൽ കഴിഞ്ഞ ഒരാഴ്ചയായി കുടുംബശ്രീയുടെ കളക്ഷൻ സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഇതിലൂടെ സമാഹരിച്ച ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും പച്ചക്കറികളുമെല്ലാം ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചിരുന്നു.
Tags : nattu vishesham Kudumbashree brings relief to the isolated