കുറവിലങ്ങാട്: മാൻവെട്ടം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി (മാഫ്കോ)യുടെ കുറവിലങ്ങാട് ഔട്ട്ലെറ്റ് ഉദ്ഘാടനം 15ന് നടക്കുമെന്ന് ചെയർമാൻ സി.എം. ജോർജ്, സിഇഒ വീണാ സോജൻ പോൾ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
15നു 11.30ന് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം നിർവഹിക്കും. മുത്തിയമ്മ കോംപ്ലക്സിൽ പ്രവർത്തനം ആരംഭിക്കുന്ന ഔട്ട്ലെറ്റ് ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരി ആശീർവദിക്കും. മാഫ്കോ രക്ഷാധികാരി ഫാ. ഡോ. തോമസ് കക്കാട്ടുതടത്തിൽ അധ്യക്ഷത വഹിക്കും. സ്ഥാപക ഡയറക്ടർ ഫാ. ഡോ. സൈറസ് വേലംപറമ്പിൽ ദീപം തെളിക്കും. പഞ്ചായത്ത് പ്രസിഡന്റ് സിബി മാണി ആദ്യ വില്പന നിർവഹിക്കും.
മാൻവെട്ടം ഇടവകയുടെ നേതൃത്വത്തിൽ അഞ്ചുവർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച കർഷക ശക്തീകരണ മൂല്യവർധിത ഉത്പന്ന നിർമാണ പ്രസ്ഥാനമാണ് രണ്ടാമത് ഔട്ട്ലെറ്റ് ആരംഭിക്കുന്നതെന്ന് ഭരണസമിതി അംഗങ്ങളായ സാലിമ്മ ജോളി, വി.ജെ. പീറ്റർ, ബെന്നി കുര്യൻ, ഷൈനി പ്രവീൺ എന്നിവർ പറഞ്ഞു
നബാർഡിന് കീഴിലുള്ള കമ്പനിയായി ഇന്ന് കാർഷിക മേഖലയിൽ വലിയ മുന്നേറ്റമാണ് മാഫ്കോ നടത്തുന്നത്. ഉയർന്ന വില നൽകി കർഷകരിൽനിന്ന് ഉത്പന്നങ്ങൾ വാങ്ങുന്നു എന്നതിനൊപ്പം ഗുണമേന്മയുള്ള മൂല്യവർധിത ഉത്പന്നമാക്കി വിപണിയിലിറക്കുന്നുവെന്നത് ഏറെ പ്രത്യേകതയാണ്.
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി, കൃഷിവകുപ്പ്, പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി എന്നിവയുടെ പിന്തുണയും മാൻവെട്ടം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിക്കുണ്ട്.
750 അംഗങ്ങളും 70 ലക്ഷം രൂപ ഓഹരി മൂലധനവും 60 ലക്ഷത്തോളം രൂപയുടെ വിലയുള്ള യന്ത്രങ്ങളും ഇന്ന് ഈ കർഷക കൂട്ടായ്മയ്ക്ക് സ്വന്തമായുണ്ട്.