തിരൂർ പറവണ്ണ ജിഎംയുപി സ്കൂളിൽ ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ നിർവഹിക്കുന്നു.
മലപ്പുറം: പഠിച്ച വിദ്യാലയം കാണാൻ വിദ്യാഭ്യാസ മന്ത്രിയെത്തി. പറവണ്ണ സ്കൂളിൽ സ്വീകരണം നൽകി. വെട്ടം ഗ്രാമപഞ്ചായത്തിൽ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പറവണ്ണ ജിഎം യുപി സ്കൂളിൽ പഠിച്ച കേരളത്തിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ വിദ്യാലയത്തിലെ പൂർവ വിദ്യാർഥി എൻ. ഷംസുദീന് സ്കൂളിൽ വൻ സ്വീകരണമാണ് ഒരുക്കിയത്.
കുട്ടികളിലെ തൊഴിൽ നൈപുണി വികസിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സ്കൂളിന്റെ വികസനത്തിനു വേണ്ടിയുള്ള പദ്ധതികൾ നടപ്പാക്കുമെന്നും മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
കുറുക്കോളി മൊയ്തീൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എൽഎസ്എസ് വിജയികൾ, എസ്എസ്എൽസി ഉന്നത വിജയം നേടിയ വിദ്യാർഥികൾ, സ്കൂളിലെ മികച്ച വിദ്യാർഥികൾ, സ്കൂളിലെ പൂർവവിദ്യാർഥിയും ചിത്രകാരനുമായ കെ.പി. വാഹിദ് എന്നിവരെ മന്ത്രി അനുമോദിച്ചു.
ക്രിയേറ്റീവ് കോർണറുമായി ബന്ധപ്പെട്ട പദ്ധതി വിശദീകരണം എസ്എസ്കെ ഡിപിഒ എം.ഡി. മഹേഷ് നിർവഹിച്ചു. തുടർന്ന് വിദ്യാലയം തയാറാക്കിയ സകൂൾ അക്കാഡമിക് കലണ്ടറിന്റെ പ്രകാശനം ശബ്ന കുളങ്ങരവീട്ടിലും തനത് പദ്ധതിയായ അക്ഷര മധുരം പ്ലസിന്റെ മൊഡ്യൂൾ വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.സക്കീനയും അക്കാഡമിക മാസ്റ്റർപ്ലാന്റെ പ്രകാശനം വെട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചാളക്കപ്പറന്പിലും നിർവഹിച്ചു.
സ്കൂൾ പ്രധാനാധ്യാപകൻ വി. അബ്ദുസിയാദ്, വെട്ടം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് വി.പി.നുസൈബാനു, തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെന്പർ പി. സിദീഖ്, മലപ്പുറം ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ.പി. രാജേഷ്, തിരൂർ എഇഒ ആർ.പി. ബാബുരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Malappuram