മഞ്ചേരിയിൽ നടന്ന ദേശീയ ലോക് അദാലത്തിൽ പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് എ.വി. മൃദുല പരാതികൾ കേൾക്കുന്നു.
മഞ്ചേരി: ജില്ലാ നിയമസേവന അഥോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ ജില്ലയിൽ നടന്ന ദേശീയ ലോക് അദാലത്തിൽ 1000 കേസുകൾ ഒത്തുതീർപ്പാക്കി. ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളിൽ കെട്ടിക്കിടന്നതും പിഴയൊടുക്കി തീർക്കാവുന്നതുമായ കേസുകൾ, വാഹനാപകട നഷ്ടപരിഹാര കേസുകൾ, ബാങ്കിടപാടുകൾ സംബന്ധിച്ചത്, സിവിൽ കേസുകൾ, ഇലക്ട്രിസിറ്റി ഒപികൾ, മറ്റ് വിവിധ കേസുകൾ ഉൾപ്പെടെയുള്ള ഏഴ് കോടി രൂപയുടെ വ്യവഹാരങ്ങളാണ് തീർപ്പാക്കിയത്.
പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർപേഴ്സണുമായ എ.വി. മൃദുല, ജില്ലാ നിയമ സേവന അഥോറിറ്റി സെക്രട്ടറിയും സീനിയർ ഡിവിഷൻ സിവിൽ ജഡ്ജുമായ എം. ഷാബിർ ഇബ്രാഹിം എന്നിവർ അദാലത്തിന് നേതൃത്വം നൽകി.
ജില്ലാ ജഡ്ജിമാരായ ടി.ജി. വർഗീസ്, എസ്. ശ്രീജിത്ത്, എം.പി. ഷൈജൽ, ടി.ബി. ഫസീല, സബ് ജഡ്ജ് ബി. എസ്. സജിനി, മുൻസിഫുമാരായ എൽ. ഉഷ, സി. സാനു, റിട്ട. ജില്ലാ ജഡ്ജി രമേശ് ഭായ് എന്നിവർ പരാതികളിൽ തീർപ്പു കൽപ്പിച്ചു.
Tags : Local News Nattuvishesham Malappuram