നെന്മാറ: പഞ്ചായത്തിലെ വക്കാവ് മാലിന്യ സംസ്കരണ യൂണിറ്റിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നത് പ്രദേശവാസികൾക്കു വലിയ ദുരിതമായി മാറുന്നു.
ശേഖരിച്ച മാലിന്യങ്ങൾ സമയബന്ധിതമായി വേർതിരിച്ചും സംസ്കരിച്ചും നീക്കംചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ യൂണിറ്റിന്റെ വിവിധ ഭാഗങ്ങളിലും പരിസര പ്രദേശങ്ങളിലുമായി പ്ലാസ്റ്റിക് ചാക്കുകളും ഉപയോഗശൂന്യമായ മാലിന്യക്കൂമ്പാരങ്ങളും നിറഞ്ഞുകിടക്കുകയാണ്. കാലവർഷം അടുത്തെത്തുന്ന സാഹചര്യത്തിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്ന ആശങ്കയിലാണു നാട്ടുകാർ. മഴപെയ്യുമ്പോൾ മാലിന്യങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം കൊതുക് വർധനവിനും ദുർഗന്ധ വ്യാപനത്തിനും കാരണമാകുമെന്നു പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. ഇതിനകം തന്നെ പലർക്കും ശ്വാസതടസം, ചുമ, അലർജി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുന്നതായും പരാതിയുണ്ട്.
മാലിന്യക്കൂമ്പാരങ്ങളിൽ നിന്നുയരുന്ന ദുർഗന്ധം കാരണം സമീപവാസികൾക്കു വീടുകളിൽ കഴിയുന്നതു പോലും ബുദ്ധിമുട്ടായിരിക്കുകയാണ്. രാത്രികാലങ്ങളിൽ തെരുവുനായശല്യവും വർധിച്ചിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു.
പ്ലാസ്റ്റിക് മാലിന്യങ്ങൾ കാറ്റിൽപറന്ന് സമീപത്തെ കൃഷിയിടങ്ങളിലേക്കും ജലസ്രോതസുകളിലേക്കും എത്തുന്നതും ആശങ്ക ഉയർത്തുന്നുണ്ട്.മഴക്കാലം ശക്തമാകുന്നതിന് മുമ്പ് അടിയന്തരമായി മാലിന്യങ്ങൾ നീക്കം ചെയ്ത് യൂണിറ്റിലെ സംസ്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മാലിന്യ സംസ്കരണ യൂണിറ്റിൽ വേണ്ടത്ര ജീവനക്കാരെയും യന്ത്രസഹായവും ഉറപ്പാക്കണമെന്നും ആവശ്യങ്ങൾ ഉയരുന്നുണ്ട്. പ്രദേശത്തെ ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ച് ബന്ധപ്പെട്ട അധികൃതർ ഉടൻ ഇടപെടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്തിനും ആരോഗ്യ വകുപ്പിനും പരാതി നൽകിയിട്ടുണ്ട്.