ചെങ്ങന്നൂർ: പെരിയാർ കടുവ സങ്കേതത്തിൽ അപൂർവയിനം മത്സ്യത്തെ ശാസ്ത്രജ്ഞർ കണ്ടെത്തി. ഈച്ചത്തലക്കണ്ട ഇൻകോഗ്നിറ്റ എന്നാണ് ഈ പുതിയ മത്സ്യത്തിന് പേരിട്ടിരിക്കുന്നത്. പെരിയാർ കടുവ സങ്കേതത്തിൽ മാത്രം കാണപ്പെടുന്ന ഒൻപതാമത്തെ മത്സ്യയിനമാണ് ഇത്. അന്താരാഷ്ട്ര ശാസ്ത്ര ജേർണലായ സിസ്റ്റമാറ്റിക്സ് ആൻഡ് ബയോഡൈവേഴ്സിറ്റിയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കാലാവസ്ഥാ പ്രതിസന്ധിയും ആവാസവ്യവസ്ഥയുടെ തകർച്ചയും ഈ അപൂർവ മത്സ്യങ്ങളുടെ നിലനിൽപ്പിന് വെല്ലുവിളിയാണ്. ഫലപ്രദമായ ഇടപെടലിലൂടെ ഇവയുടെ സംരക്ഷണം അടിയന്തരമായി ഉറപ്പാക്കണമെന്നാണ് ഗവേഷകർ പറയുന്നത്.
ഗവേഷണത്തിനു പിന്നിൽ മലയാളി തിളക്കം
കേരള സർവകലാശാലയിലെ ഗവേഷകയും പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളജ് അധ്യാപികയുമായ ശ്വേത ചന്ദ്ര, കുഫോസിലെ അധ്യാപകൻ ഡോ. രാജീവ് രാഘവൻ, റയാൻ ബാബു, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് അധ്യാപകൻ ഡോ. അഭിലാഷ് രവിമോഹനൻ, ജർമനിയിലെ സെൻകെൻബെർഗ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഡോ. റാൽഫ് ബ്രിറ്റ്സ്, ഡൽഹി ശിവ് നാടാർ സർവകലാശാലയിലെ ഡോ. നീലേഷ് ദഹനുകർ എന്നിവരടങ്ങിയ അന്താരാഷ്ട്ര ഗവേഷക സംഘമാണ് ഈ കണ്ടെത്തലിനു പിന്നിൽ.
Tags : Nattuvishesham Local Desk Rare fish found Periyar Kaduwa Sanctuary