ചേനപ്പാടി ടൗണിനു സമീപം പുത്തൻപുരയ്കൽ ശാന്തമ്മയുടെ പുരയിടത്തിന് സമീപത്തുനിന്നും മൂർഖൻ പാമ്പിനെ വനം വകുപ്പിന്റെ സ്നേക് റെസ്ക്യൂ ടീം പിടികൂടിയപ്പോൾ.
എരുമേലി: ചൂട് കൂടിയതോടെ പാമ്പുകൾ മാളത്തിൽ നിന്നും പുറത്തിറങ്ങി ജനവാസ മേഖലയിൽ ചുറ്റിത്തിരിയുകയാണ്. ആറ് മൂർഖൻ പാമ്പുകളെയാണ് അടുത്ത ദിവസങ്ങളിലായി എരുമേലി പരിസരങ്ങളിൽ നിന്നു പിടികൂടിയത്. ഇതിനിടെ എരുമേലിക്കടുത്ത് നെടുംകാവുവയലിൽ 13 വയസുകാരന് പാമ്പ് കടിയേൽക്കുകയും ചെയ്തു.
കുട്ടിയെ എരുമേലി സർക്കാർ ആശുപത്രിയിൽ ആന്റിവെനം നൽകി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു തുടർ ചികിത്സയും നൽകിതോടെ സുഖം പ്രാപിച്ചു. പൊതുപ്രവർത്തകൻ എം.എം. ബാബുവിന്റെ വീടിന്റെ മുറ്റത്തുനിന്നും എരുമേലി ടൗണിൽ സ്വകാര്യ മെഡിക്കൽ ലാബിന്റെ സമീപത്തു നിന്നും കനകപ്പലത്ത് ആൾതാമസം ഇല്ലാത്ത വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം മൂർഖൻ പാമ്പുകളെ പിടികൂടിയിരുന്നു.
ചേനപ്പാടി ടൗണിൽ കുരിശടിക്ക് മുകൾഭാഗത്ത് പുത്തൻപുരയ്ക്കൽ ശാന്തമ്മയുടെ പുരയിടത്തിന് സമീപത്തുനിന്ന് സ്നേക് റെസ്ക്യൂ ടീം മൂർഖനെ പിടിച്ചതാണ് ഒടുവിലത്തെ സംഭവം. കരിങ്കല്ലുമ്മുഴിയിൽ കോഴികളെയും താറാവുകളെയും കൂട്ടിൽ കയറി കൊന്ന പെരുമ്പാമ്പിനെയും സ്നേക് റെസ്ക്യൂ ടീം പിടികൂടിയിരുന്നു.
ചൂട് കൂടിയതിനാൽ വരും ദിവസങ്ങളിലും പാമ്പുകളുടെ ശല്യമുണ്ടാകുമെന്നും ആളുകൾ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Tags : Snake nattuvishesham local news