ബാല്യസ്പന്ദനം പദ്ധതി ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഉദ്ഘാടനം ചെയ്യുന്നു.
കാസര്‍ഗോഡ്: അങ്കണവാടി കുട്ടികള്‍ക്കായുള്ള ആരോഗ്യപരിശോധനാ പദ്ധതിയായ ബാല്യസ്പന്ദനം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. വനിതാ ശിശുവികസന വകുപ്പും ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായാണ് ബാല്യസ്പന്ദനം പദ്ധതി നടപ്പാക്കുന്നത്.
ജില്ലയിലെ 1348 അങ്കണവാടികളിലൂടെ സേവനം ലഭിച്ചുവരുന്ന മുഴുവന്‍ കുട്ടികള്‍ക്കും സമയബന്ധിതമായി ആരോഗ്യ പരിശോധന ഉറപ്പാക്കുകയും ആവശ്യമായ സാഹചര്യങ്ങളില്‍ തുടര്‍ചികിത്സയും നിരീക്ഷണവും ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഈ ത്രൈമാസ ആരോഗ്യ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ബാല്യസ്പന്ദനം പദ്ധതിയിലൂടെ കുട്ടികളുടെ വളര്‍ച്ചയും ആരോഗ്യനിലയും നിരന്തരം നിരീക്ഷിക്കുക, വളര്‍ച്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തുക. ആവശ്യമായ സാഹചര്യങ്ങളില്‍ സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുക, തുടര്‍ചികിത്സയും നിരീക്ഷണവും ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. ചെങ്കള സദ്ഭാവന ഹാളില്‍ നടന്ന ജില്ലാതല പരിപാടി ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വസന്തന് അജക്കോട് അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ ഇക്ബാല്‍ ചേരൂര്‍, ഷുക്കർ ചെര്‍ക്കള, അംഗങ്ങളായ ഹാരിസ് തായല്‍, ഹമീദ് നെക്രാജെ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ടി. രേഖ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ധന്യ ദയാനന്ദന്, ജില്ലാതല ഐസിഡിഎസ് സെല്‍ പ്രോഗ്രാം ഓഫിസര്‍ എ.കെ. ജംലറാണി, കാസര്‍ഗോഡ് അഡീഷണല്‍ വികസന പദ്ധതി ഓഫിസര്‍ സി.കെ. ശ്രീലത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗോപിനാഥന് എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews