കന്യകമറിയത്തിന്റെ പിറവിത്തിരുനാളിനോടനുബന്ധിച്ചു നടന്ന പ്രദക്ഷിണം.
രാജകുമാരി: പ്രസിദ്ധ മരിയൻ തീർഥാടന കേന്ദ്രമായ രാജകുമാരി ദൈവമാത പളളിയിൽ നടന്നുവന്നിരുന്ന എട്ടുനോമ്പാചരണത്തിനും പരിശുദ്ധ അമ്മയുടെ പിറവിത്തിരുനാളിനും സമാപനമായി. അമ്മയുടെ അനുഗ്രഹം തേടി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് രാജകുമാരിയിലേക്ക് ഒഴുകിയെത്തിയത്.
എട്ടു ദിവസങ്ങളിലായി നടന്നുവന്ന തിരുനാളിലെ വിവിധ ദിവസങ്ങളിൽ ഘോരക്പൂർ രൂപത മെത്രാൻ മാർ മാത്യു നെല്ലിക്കുന്നേൽ , തൃശൂർ അതിരൂപത മെത്രാൻ മാർ ആൻഡ്രൂസ് താഴത്ത്, ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ, വിജയപുരം രൂപത സഹായ മെത്രാൻ മാർ ജസ്റ്റിൻ മഠത്തിൽപറമ്പിൽ തുടങ്ങിയവർ തിരുനാൾ തിരുക്കർമങ്ങളിൽ പങ്കെടുത്തു.
മലങ്കര റീത്തിലും ലത്തീൻ റീത്തിലും തമിഴ് റീത്തിലുമുളള കുർബാനകൾ വിവിധ ദിവസങ്ങളിലായി നടന്നു. അഞ്ചിന് രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയിൽനിന്നു രാജകുമാരി ദൈവമാത പള്ളിയിലേക്ക് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ നടന്ന ആറാമത് ഇടുക്കി രൂപത മരിയൻ തീർഥാടനം ഭക്തി സാന്ദ്രമായിരുന്നു.
വിവിധ ഇടവകകളിൽനിന്നായി ആയിരക്കണക്കിന് മരിയൻ ഭക്തർ തീർഥാടനയാത്രയിൽ പങ്കെടുത്തു. പ്രധാന ദിനമായ ഇന്നലെ ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ കുർബാനയർപ്പിച്ചു സന്ദേശവും നൽകി. പ്രസുദേന്തി വാഴ്ച, പ്രദക്ഷിണം എന്നിവയ്ക്കുശേഷം സമാപനാശീർവാദത്തോടെ തിരുനാൾ സമാപിച്ചു.
15ന് എട്ടാമിടം തിരുനാൾ നടക്കും. തിരുനാൾ ആഘോഷങ്ങൾക്ക് വികാരി മോൺ. ജോസ് നരിതൂക്കിൽ, സഹവികാരിമാരായ ഫാ. ജോബി മാതാളിക്കുന്നേൽ, ഫാ. ജെയിൻ മാട്ടേൽ തുടങ്ങിയവർ നേതൃത്വം നൽകി.
രാജാക്കാട്: പഴയവിടുതി സെന്റ് മേരീസ് സുനോറോ യാക്കോബായ സുറിയാനി പള്ളിയിൽ നടന്നു വന്ന എട്ടുനോമ്പാചരണം സമാപിച്ചു. ഇന്നലെ യാക്കോബ് മോർ അന്തോണിയോസിന്റെ മുഖ്യകാർമികത്വത്തിലും ഫാ. എൽദോമോൻ നടപ്പേൽ, ഫാ. സാജൻ കൊട്ടാരത്തിൽ, ഫാ. എബിൻ കാരിയേലിൽ, ഫാ ജോം ജോർജ് എന്നിവരുടെ സഹകർമികത്വത്തിലും വിശുദ്ധ അഞ്ചിന്മേൽ കുർബാനയും തുടർന്ന് പ്രദക്ഷിണവും നേർച്ചസദ്യയും നടന്നു. ഇടവക വികാരി ഫാ. എൽദോസ് മേനോത്തുമാലിൽ പെരുന്നാളിന് നേതൃത്വം നൽകി.
Tags : NattuVishasham DistrictNews