പ്രതീകാത്മക ചിത്രം
സ്വതന്ത്ര അന്വേഷണം വേണമെന്ന് ആം ആദ്മി പാർട്ടി
പാലക്കാട്: മലന്പുഴ 100 ഫീറ്റ് റോഡിൽ അമൃത് പദ്ധതിയുടെ ഭാഗമായി നിർമിച്ച സൈക്കിൾ ട്രാക്ക് ഫുട്പാത്ത് പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക ഒൗദ്യോഗിക ഫയൽ കാണാനില്ലെന്ന് പാലക്കാട് നഗരസഭ സെക്രട്ടറി മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോർട്ടൽ വഴി ഒൗദ്യോഗികമായി അറിയിച്ച സാഹചര്യത്തിൽ ഫയൽ നഷ്ടമായ സംഭവത്തിൽ സ്വതന്ത്ര അന്വേഷണം നടത്തി ഉത്തരവാദികളെ കണ്ടെത്തണമെന്ന് ആം ആദ്മി പാർട്ടി നേതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പദ്ധതിക്ക് 2017 സെപ്റ്റംബർ 27ന് ഭരണാനുമതി ലഭിച്ചിരുന്നു. കേന്ദ്രം-സംസ്ഥാനം-നഗരസഭ എന്നിങ്ങനെ 50:30:20 അനുപാതത്തിൽ ധനസഹായം ലഭിക്കുന്ന അമൃത്പദ്ധതിയുടെ ഭാഗമായി 6.27 കോടി ചെലവിൽ സൈക്കിൾ ട്രാക്ക് നിർമാണം നടപ്പാക്കാനായിരുന്നു തീരുമാനം. 2019 ജൂലൈ 2ന് നിർമാണം ആരംഭിച്ച പദ്ധതിയുടെ പൂർത്തീകരണ തിയതി 2020 ഒക്ടോബർ 3 ആയിരുന്നു. കോവിഡ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ പദ്ധതി വൈകിയതായി നഗരസഭ രേഖകളിൽ പറയുന്നു.
എന്നാൽ പിന്നീട് ലഭിച്ച ഒൗദ്യോഗിക വിവരാവകാശ രേഖകൾ പ്രകാരം പ്രവൃത്തി പൂർത്തിയായ ശേഷമാണ് ക്യൂബ് ടെസ്റ്റ് നടത്തിയത്.
പദ്ധതിയുടെ ഡിഫക്റ്റ് ലയബിലിറ്റി കാലാവധി മൂന്ന് വർഷമായിരുന്നു. എന്നിട്ടും ഇന്ന് വരെ സൈക്കിൾ ട്രാക്കും ഫുട്പാത്തും പലഭാഗങ്ങളിലും പൊട്ടിപൊളിഞ്ഞ് അശാസ്ത്രീയമായ നിലയിൽ കിടക്കുകയാണ്. പ്രവൃത്തി പൂർത്തിയായതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പദ്ധതി ഇതുവരെ ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടില്ല. കൂടാതെ കരാറുകാരനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടി ല്ലെന്നും ഒൗദ്യോഗിക മറുപടികളിൽ വ്യക്തമാക്കുന്നു.
ഈ സാഹചര്യത്തിലാണ് പദ്ധതിയിലെ ക്രമക്കേടുകൾ സംബന്ധിച്ച് ഈ വർഷം ഫെബ്രുവരി 6ന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ പരാതി നൽകിയത്. തുടർന്ന് മാർച്ച് 5ന് കൂടുതൽ രേഖകളും തെളിവുകളും ഉൾപ്പെടുത്തി അനുബന്ധ പരാതിയും സമർപ്പിച്ചു. വിജിലൻസ് അന്വേഷണം ഇപ്പോഴും തുടരുകയാണ്.
വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അതേ പദ്ധതിയുടെ ഒൗദ്യോഗിക ഫയൽതന്നെ കാണാനില്ലെന്ന് നഗരസഭ അറിയിച്ചിരിക്കുന്നത്. ഭരണാനുമതി, എസ്റ്റിമേറ്റ്, ടെൻഡർ രേഖകൾ, കരാർ, മെഷർമെന്റ് ബുക്ക്, ബില്ലുകൾ, പേയ്മെന്റ് വിവരങ്ങൾ, പരിശോധനാ റിപ്പോർട്ടുകൾ, ഗുണനിലവാര പരിശോധനാ രേഖകൾ തുടങ്ങിയ നിർണായക രേഖകൾ ഉൾക്കൊള്ളേണ്ട് ഫയൽ നഷ്ടപ്പെട്ടതായി ഒൗദ്യോഗികമായി സമ്മതിച്ചിരിക്കുന്നത് അതീവ ഗൗരവമേറിയ വിഷയമാണ്.
ഫയൽ നഷ്ടമായ സംഭവത്തിൽ സ്വതന്ത്ര അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പരാതിക്കാരനായ ആപ് പാലക്കാട് ജില്ലാ പ്രസിഡൻറ് ടി. വേണുഗോപാൽ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ഉദയൻ സുകുമാരൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം സാബു അകമല എന്നിവരും പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews Vigilance investigation